Friday, July 29, 2011

മുഖ്യമന്ത്രി നിശ്ചയിച്ച ചെയര്‍മാനെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് മാറ്റി

പ്രസ് അക്കാദമിയുടെ പുതിയ ചെയര്‍മാനായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കൂടിയാലോചിച്ച് തീരുമാനിച്ചയാളെ മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ട് മാറ്റി. എസ് ആര്‍ ശക്തിധരന്‍ ചെയര്‍മാന്‍സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്റെ നിയമനമാണ് കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചത്. സിപിഐ എമ്മിനെതിരെ നിരന്തരം കോളമെഴുതുന്ന രാജേന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്കരനും വിശ്വസ്തനുമാണെങ്കിലും മാറാട് കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കുകയും ലേഖനമെഴുതുകയും ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം മാറാട്ട് ഹിന്ദുവര്‍ഗീയവാദികള്‍ മറ്റുവിഭാഗങ്ങള്‍ക്ക് ഊരുവിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട്ടെ ചില പത്രപ്രവര്‍ത്തകര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിനുവേണ്ടി സ്വയം മധ്യസ്ഥരായി ഇറങ്ങി. അന്ന് താന്‍ സ്വകാര്യമായി പറഞ്ഞ ചില കാര്യങ്ങള്‍ രാജേന്ദ്രന്‍ പിന്നീട് പരസ്യമാക്കിയെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം നിയമിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ സി ജോസഫ് കഴിഞ്ഞദിവസം രാജേന്ദ്രനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അതേ ഫോണില്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദനമറിയിക്കുകയുംചെയ്തു. ഇതറിഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി ശക്തമായ എതിര്‍പ്പുമായി തടയിടുകയായിരുന്നു.

മാതൃഭൂമി മാനേജ്മെന്റിലെ തമ്മിലടിയും പ്രസ് അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍ മറനീക്കി പുറത്തുവന്നു. എംഡി എം പി വിരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രനുമാണ് രണ്ട് പക്ഷത്തുനിന്ന് തങ്ങളുടെ നോമിനികള്‍ക്കായി ചരടുവലിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മനോരമയ്ക്കായിരുന്നു പ്രസ് അക്കാദമി ചെയര്‍മാന്‍പദവി. വീരേന്ദ്രകുമാര്‍ ഇത്തവണ യുഡിഎഫിനൊപ്പമായതിനാല്‍ ചെയര്‍മാന്‍ പദവി മാതൃഭൂമിയ്ക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. തിരുവനന്തപുരം ബ്യൂറോ ചീഫ് ജി ശേഖരന്‍നായരുടെ പേരാണ് വീരേന്ദ്രകുമാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ , വീരന്റെ പാര്‍ടിയുടെ നോമിനിയാണെങ്കില്‍ ശേഖരന്‍നായരെ നിയമിച്ചോളൂ എന്നും അതല്ല, മാതൃഭൂമിയുടെ നോമിനിയാണെങ്കില്‍ ആളെ തങ്ങള്‍ നിശ്ചയിക്കുമെന്നും പി വി ചന്ദ്രനും കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റ സഹോദരന്‍ പി വി ഗംഗാധരനും അറിയിച്ചു. ഡെപ്യൂട്ടി എഡിറ്റര്‍ വി രാജഗോപാലിന്റെ പേരാണ് ഇവര്‍ നിര്‍ദേശിച്ചത്. മാതൃഭൂമിയിലെ തര്‍ക്കം മൂത്തപ്പോള്‍ വീക്ഷണത്തിലെ പ്രസന്നകുമാറിനെ നിയോഗിക്കുന്നതിന് ആലോചിച്ചിരുന്നു. ഇതിനിടെയാണ് മാതൃഭൂമിയില്‍നിന്നും രാജേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നത്. ഇതും വെട്ടിയതോടെ മാതൃഭൂമിയില്‍നിന്നുതന്നെ മറ്റ് ചിലര്‍ കൂടി രംഗത്തുണ്ട്. ഇവരും വീരന്‍ -ചന്ദ്രന്‍ പക്ഷങ്ങളായി ചരടുവലി തുടരുകയാണ്.

deshabhimani 290711

1 comment:

  1. പ്രസ് അക്കാദമിയുടെ പുതിയ ചെയര്‍മാനായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കൂടിയാലോചിച്ച് തീരുമാനിച്ചയാളെ മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ട് മാറ്റി. എസ് ആര്‍ ശക്തിധരന്‍ ചെയര്‍മാന്‍സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്റെ നിയമനമാണ് കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചത്. സിപിഐ എമ്മിനെതിരെ നിരന്തരം കോളമെഴുതുന്ന രാജേന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്കരനും വിശ്വസ്തനുമാണെങ്കിലും മാറാട് കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കുകയും ലേഖനമെഴുതുകയും ചെയ്തിരുന്നു.

    ReplyDelete