Friday, July 29, 2011

കാതോലിക്കേറ്റ് കോളേജിലെ പൊലീസ് തേര്‍വാഴ്ചയില്‍ വ്യാപകപ്രതിഷേധം

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജില്‍ അതിക്രമിച്ച് കയറി പൊലീസ് നടത്തിയ തേര്‍വാഴ്ചയില്‍ വന്‍ പ്രതിഷേധം. പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ പ്രിന്‍സിപ്പല്‍ അറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് കാമ്പസില്‍ കയറിയത്. പത്തനംതിട്ട സിഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്സംഘം പെണ്‍കുട്ടികളെയടക്കം നിരവധി വിദ്യാര്‍ഥികളെ തല്ലി. പരിക്കേറ്റ 30ഓളം പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്വത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കാമ്പസില്‍ പ്രകടനം നടത്തിയ പേരിലാണ് എസ്എഫ്ഐ - കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറയുടെ നിര്‍ദേശപ്രകാരമായിരുന്നു സംഭവം. പൊലീസ് കാമ്പസില്‍നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു പ്രകോപനവുമില്ലാതെ തല്ലിയത്. ഭീതിയില്‍ നാലുപാടും ചിതറിയോടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് പൊലീസ് അടിച്ചു. പെണ്‍കുട്ടികളെയും മര്‍ദിച്ചു. ചില പൊലീസുകാര്‍ ക്ലാസ് മുറികളിലും വനിത വിശ്രമ മുറിയിലും കയറി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായും പറയുന്നു. മാനേജ്മെന്റ് അധികൃതരുടെയും അധ്യാപകരുടെയും കണ്‍മുമ്പിലാണ് സംഭവം.

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ജയകൃഷ്ണന് ഭീകരമായി മര്‍ദനമേറ്റു. യൂണിറ്റ് പ്രസിഡന്റ് അനീഷ്കുമാര്‍ , പ്രവര്‍ത്തകരായ എസ് അഭിരാം, അഖില്‍രാജ്, മുകേഷ് മുരളി, ഫൈസല്‍ , ടൈറ്റസ്, കെഎസ്യു പ്രവര്‍ത്തകരായ അന്‍സര്‍ മുഹമ്മദ്, ശ്രീനാഥ്, ഷിജു, നിതിന്‍ തുടങ്ങിയവരും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ , ജില്ലാ സെക്രട്ടറിയറ്റംഗം ടികെജി നായര്‍ , പത്തനംതിട്ട ഏരിയ സെക്രട്ടറി വി കെ പുരുഷോത്തമന്‍പിള്ള, അമൃതം ഗോകുലന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ്, ജുബിന്‍ പി ജോര്‍ജ്, അന്‍സില്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. കാമ്പസില്‍ സംഘര്‍ഷാവസ്ഥയെന്ന് പ്രചരിപ്പിച്ച് സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നില്‍ . പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതടക്കം കാമ്പസില്‍ കയറി അതിക്രമം നടത്താന്‍ പൊലീസിനെ അനുവദിച്ചത് അന്വേഷിക്കണമെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നടന്ന സമരത്തില്‍ കോളേജ് ഓഫീസ് ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. സംഭവത്തില്‍ 15 പേരെ സസ്പെന്റ് ചെയ്തു.

കെഎസ്യു നേതാവിന്റെ ഡിഗ്രി പുനഃപ്രവേശനം വിവാദമാകുന്നു

ശാസ്താംകോട്ട: കെഎസ്യു ജില്ലാ പ്രസിഡന്റ് അരുണ്‍ രാജിന്റെ ഡിഗ്രി പുനഃപ്രവേശനം വിവാദമാകുന്നു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് 28കാരനായ അരുണ്‍രാജ്. 2001-2005ല്‍ ഇയാള്‍ കോളേജിലെ ബികോം വിദ്യാര്‍ഥിയായിരുന്നു. കോളേജിലെ കെഎസ്യുവിന്റെ സംഘടനാശേഷി ഉയര്‍ത്താനാണ് ഇയാളെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ ഏറ്റവും പ്രായംചെന്ന ഡിഗ്രി വിദ്യാര്‍ഥിയും അരുണ്‍രാജ് തന്നെ. 28 വയസ് കഴിഞ്ഞവര്‍ക്ക് മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ നല്‍കരുത് എന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം മറികടന്നാണ് ഇയാള്‍ക്ക് പ്രിന്‍സിപ്പല്‍ അഡ്മിഷന്‍ നല്‍കിയത്.

deshabhimani 290711

2 comments:

  1. കാതോലിക്കേറ്റ് കോളേജില്‍ അതിക്രമിച്ച് കയറി പൊലീസ് നടത്തിയ തേര്‍വാഴ്ചയില്‍ വന്‍ പ്രതിഷേധം. പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ പ്രിന്‍സിപ്പല്‍ അറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് കാമ്പസില്‍ കയറിയത്. പത്തനംതിട്ട സിഐ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ്സംഘം പെണ്‍കുട്ടികളെയടക്കം നിരവധി വിദ്യാര്‍ഥികളെ തല്ലി. പരിക്കേറ്റ 30ഓളം പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്വത്വരഹിതമായ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

    ReplyDelete
  2. well done police.. never ever allow students to strike for no reason. you dont need politics in school/college.. go study in school/college. dont waste your valuable time for filling up leaders pocket.

    ReplyDelete