Sunday, July 31, 2011

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കി; ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇല്ലാതാകുന്നു

കാസര്‍കോട്:  കേന്ദ്ര സര്‍ക്കാര്‍  ഫണ്ട് നിര്‍ത്തലാക്കിയത് ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനംകൂടി ലക്ഷ്യമിട്ട് ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് (ഭിന്നതല പഠനകേന്ദ്രം) മരണമണിയാകുന്നു.   അഞ്ചുമാസമായി ഈ അധ്യാപകര്‍ക്ക് ശമ്പളമോ സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള മറ്റുചെലവുകളോ നല്‍കുന്നില്ല. 
സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ 1997-ല്‍ നടപ്പാക്കിയ പദ്ധതിയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരിലുള്ള ഭിന്നതല പഠനകേന്ദ്രങ്ങള്‍ (എം ജി എല്‍ സി).
കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തെത്തുടര്‍ന്ന് സര്‍വശിക്ഷ അഭിയാന്് ഇത്തരം പദ്ധതികളുടെ നിയന്ത്രണം ഇല്ലാതാവുകയാണ്. എം ജി എല്‍ സിയെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം സ്‌കൂളുകളാക്കി മാറ്റണമെന്നതാണ് പുതിയ വിദ്യാഭ്യാസ നയങ്ങളുടെ കാതല്‍.

ഇതോടെ 14 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകാധ്യാപക വിദ്യാലയമെന്ന സങ്കല്‍പം തന്നെ ഇല്ലാതാകും. സ്‌കൂളുകള്‍ തീരെയില്ലാത്ത ആദിവാസി മേഖലകളിലും മലയോരമേഖലകളിലും തീരദേശങ്ങളിലുമാണ് ഭിന്നതല പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 432 ഭിന്നതല പഠനകേന്ദ്രങ്ങളിലായി 14000ത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 96 ശതമാനവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.

സംസ്ഥാന സര്‍ക്കാരും ഏകാധ്യാപക വിദ്യാലയം നിലനിര്‍ത്താന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം ഭിന്നതല പഠനകേന്ദ്രങ്ങളെ സ്‌കൂളുകളാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞവര്‍ഷം അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞിരുന്നെങ്കിലും  അത് പ്രായോഗികമായി നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നു കണ്ടെത്തുകയായിരുന്നു. ഇന്‍സ്ട്രക്ടര്‍മാരുടെ ജോലി സ്ഥിരത, സ്‌കൂളുകളുടെ ഭൗതിക സൗകര്യം, അധ്യാപകരുടെ എണ്ണം, കുട്ടികളുടെ ലഭ്യത ഇവയെല്ലാം  പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ ആ ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തില്ല.

അതിനാല്‍ ഏകാധ്യാപക സ്‌കൂള്‍ നിലനിര്‍ത്തി, ശമ്പള വര്‍ധനവ് ഉണ്ടാക്കണമെന്നായിരുന്നു എം ജി എല്‍ സി ഇന്‍സ്ട്രക്ടര്‍മാരുടെ സംഘടനയായ ആള്‍ട്ടര്‍നേട്ടീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യമെന്ന് സംസ്ഥാന സെക്രട്ടറി ശാലിനി 'ജനയുഗ'ത്തോട് പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് ഏകാധ്യാപക സ്‌കുള്‍ അധ്യാപകര്‍ കഴിഞ്ഞ 19മുതല്‍ അനിശ്ചിതകാല സമരത്തിലാണ്.

അധ്യാപകരുടെ കാര്യത്തില്‍ മാത്രമല്ല, ഇവിടങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഒരു തീരുമാനവുമില്ല.  ഒന്നുമുതല്‍ നാലുവരെക്ലാസുകളിലുള്ള കുട്ടികളെ ഒന്നിച്ചിരുത്തി, പുസ്തകങ്ങള്‍ക്കു പകരം കാര്‍ഡ് സമ്പ്രദായം വഴിയാണ് പഠനം നടത്തുന്നത്. ഒരു അധ്യാപകനാണ് എല്ലാകാര്യങ്ങളും കൈകാര്യംചെയ്യുന്നത്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ഭിന്നതല പഠനകേന്ദ്രങ്ങളുള്ളത് ആന്ധ്രയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് ഇടുക്കി ജില്ലയിലാണ്- 92.  മലപ്പുറം-76, വയനാട്-55, പാലക്കാട്-33, കാസര്‍കോട്-58, തൃശൂര്‍-മൂന്ന്, കൊല്ലം-ഏഴ്, തിരുവന്തപുരം-30, എറണാകുളം-27, പത്തനംതിട്ട-12, കണ്ണൂര്‍-22,കോഴിക്കോട്-18 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രങ്ങളില്ല.

433 കേന്ദ്രങ്ങളിലായി ഇന്‍സ്ട്രക്ടര്‍മാരും അത്രതന്നെ ഹെല്‍പര്‍മാരുമുണ്ട്. ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ശമ്പളവും കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും  കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്നാണ് ലഭിച്ചിരുന്നത്. ഉച്ചക്കഞ്ഞിക്കും ഹെല്‍പര്‍മാര്‍ക്കുമുള്ള ഫണ്ട് സംസ്ഥാനസര്‍ക്കാരാണ് നല്‍കിവരുന്നത്.

1997-ല്‍ നല്‍കിവന്ന മൂവായിരം രൂപതന്നെയാണ് ഇപ്പോഴും ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രതിമാസവേതനം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും അതിനനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും പുതിയ നീക്കം ഈമേഖലയില്‍ ജോലിചെയ്യുന്നവരുടെയും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെയും ഭാവി ദുരിതത്തിലാക്കും. 
(നാരായണന്‍ കരിച്ചേരി)

janayugom 310711

1 comment:

  1. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയത് ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനംകൂടി ലക്ഷ്യമിട്ട് ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് (ഭിന്നതല പഠനകേന്ദ്രം) മരണമണിയാകുന്നു. അഞ്ചുമാസമായി ഈ അധ്യാപകര്‍ക്ക് ശമ്പളമോ സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള മറ്റുചെലവുകളോ നല്‍കുന്നില്ല.
    സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ 1997-ല്‍ നടപ്പാക്കിയ പദ്ധതിയാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്ന പേരിലുള്ള ഭിന്നതല പഠനകേന്ദ്രങ്ങള്‍ (എം ജി എല്‍ സി).
    കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തെത്തുടര്‍ന്ന് സര്‍വശിക്ഷ അഭിയാന്് ഇത്തരം പദ്ധതികളുടെ നിയന്ത്രണം ഇല്ലാതാവുകയാണ്. എം ജി എല്‍ സിയെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം സ്‌കൂളുകളാക്കി മാറ്റണമെന്നതാണ് പുതിയ വിദ്യാഭ്യാസ നയങ്ങളുടെ കാതല്‍.

    ReplyDelete