Sunday, July 31, 2011

യുഡിഎഫില്‍ പരക്കെ അതൃപ്തി: അക്കാദമി അധ്യക്ഷ നിയമനങ്ങളും വിവാദം

മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം അക്കാദമി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും അതൃപ്തി പടരുന്നു. കെപിസിസി നല്‍കിയ ലിസ്റ്റ് വെട്ടി സ്വന്തക്കാരെ അധ്യക്ഷപദവിയില്‍ മന്ത്രിമാര്‍ തിരുകി കയറ്റിയെന്നാണ് കോണ്‍ഗ്രസിലുയരുന്ന ആരോപണം. യുഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായി, തങ്ങളുമായി ആലോചിക്കാതെ നടത്തിയ നിയമനങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. നിയമനകാര്യത്തില്‍ ഘടകകക്ഷികളുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ,ആലോചന നടക്കുംമുമ്പ് അക്കാദമികളുടെ അധ്യക്ഷന്മാരെ മന്ത്രിമാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ അധ്യക്ഷന്മാരെയും ഇത്തരത്തില്‍ പ്രഖ്യാപിച്ചതോടെ മുന്നണിക്കുള്ളില്‍ അതൃപ്തി രൂക്ഷമായി.

സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെപിസിസി നല്‍കിയത് ഡോ. വയലാ വാസുദേവന്‍ പിള്ളയുടെ പേരായിരുന്നു. എന്നാല്‍ , പാര്‍ടി നിര്‍ദേശം മറികടന്ന് സൂര്യകൃഷ്ണമൂര്‍ത്തിയുടെ പേര് മന്ത്രി കെ സി ജോസഫ് പ്രഖ്യാപിച്ചു. ലളിതകലാഅക്കാദമിയിലേക്ക് കാട്ടൂര്‍ നാരായണപിള്ളയുടെയും കാനായി കുഞ്ഞിരാമന്റെയും പേരുകളാണ് കെപിസിസി നല്‍കിയത്. രണ്ടു പേരെയും ഒഴിവാക്കി കെ എ ഫ്രാന്‍സിസിനെ മന്ത്രി പ്രഖ്യാപിച്ചു. ഇതിനെതിരെ കാട്ടൂര്‍ നാരായണപിള്ള പരസ്യമായി രംഗത്തെത്തി. അദ്ദേഹത്തിനു നല്‍കിയ വൈസ് ചെയര്‍മാന്‍ വാഗ്ദാനം നിഷേധിച്ചേക്കുമെന്നും സൂചനയുണ്ട്. എം ജി എസ് നാരായണനെ തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറലാക്കിയതിലും പ്രതിഷേധമുണ്ട്. സാഹിത്യഅക്കാദമിയിലേക്ക് നിര്‍ദേശിച്ച ഡോ. ജോര്‍ജ് ഓണക്കൂറിനെ ഒഴിവാക്കിയതും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍ പി രാജേന്ദ്രനെ നിശ്ചയിച്ച മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് തടഞ്ഞിരുന്നു. ഈ നിയമനത്തില്‍ മാതൃഭൂമി എം ഡി വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രനും തമ്മിലുള്ള തര്‍ക്കവും രാജേന്ദ്രന് വിനയായി. അതിനിടെ ചലച്ചിത്ര അക്കാദമിയില്‍ വര്‍ക്കിങ് ചെയര്‍മാനെ നിയമിക്കാനുള്ള വകുപ്പുമന്ത്രിയുടെ നീക്കത്തിനെതിരെ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. വിയോജിപ്പ് പ്രിയദര്‍ശന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി വ്യക്തമാക്കി.

നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും അഴിമതി : ഡിസിസി നേതൃയോഗത്തില്‍ വാക്കേറ്റം

ആലപ്പുഴ: ജില്ലയില്‍ പൊലീസ്, എക്സൈസ് അടക്കമുള്ള മുഴുവന്‍ വകുപ്പുകളിലെയും നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും വന്‍അഴിമതി നടന്നെന്നാരോപിച്ച് ശനിയാഴ്ച ചേര്‍ന്ന ഡിസിസി നേതൃയോഗത്തില്‍ വാക്കേറ്റം. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാനുള്ള നീക്കവും എഗ്രൂപ്പ് ശക്തമാക്കി. അടുത്ത ദിവസം യോഗം ചേരാനും എഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. യോഗം അറിയിച്ചില്ലെന്ന് ആരോപിച്ച് ഡിസിസി നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് രംഗത്തുവന്നു.

ജില്ലയിലെ പൊലീസ് വകുപ്പിലെ അടക്കം പല നിയമനവും സ്ഥലംമാറ്റവും ചില ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്ന് മൂന്നാം ഗ്രൂപ്പ് നേതാവ് ആരോപിച്ചതോടെയാണ് വാക്കേറ്റം തുടങ്ങിയത്. ഡിസിസി നേതൃത്വം അറിയാതെയാണ് നിയമനവും സ്ഥലംമാറ്റവും നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് എ ഗ്രൂപ്പില്‍ നിന്ന് തടസവാദമുയര്‍ന്നതോടെ തര്‍ക്കമായി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡിസിസി പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണ് ആരോപണങ്ങള്‍ മൂന്നാംഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചതെന്നും എ ഗ്രൂപ്പിലെ ഒരംഗം ചൂണ്ടിക്കാട്ടി. വാക്കേറ്റത്തെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെ അറിയിക്കാതെ നേതൃയോഗം ചേര്‍ന്ന് ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് എ ഗ്രൂപ്പ്് നേതാക്കള്‍ ആരോപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ മറയ്ക്കാനാണ് ആരോപണവുമായി മൂന്നാംഗ്രൂപ്പ് രംഗത്തുവന്നതെന്ന് ഇവര്‍ പറഞ്ഞു. കായംകുളത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസില്‍ കയറാന്‍ പറ്റാത്ത ചില നേതാക്കളാണ് ആരോപണത്തിനു പിന്നിലെന്നും ഇവര്‍ പറയുന്നു. കായംകുളം കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് അന്വേഷണവിധേയനായ നേതാവാണ് യോഗത്തില്‍ ആരോപണം ഉയര്‍ത്തിയതെന്നും എ ഗ്രൂപ്പ് ആരോപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ദയനീയ തോല്‍വിയുണ്ടായ ജില്ലകളില്‍ ഡിസിസി നേതൃത്വത്തെ മാറ്റാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിസിസി നേതൃത്വത്തെ മാറ്റണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എം മുരളിയെ ഡിസിസി പ്രസിഡന്റാക്കാനാണ് എ ഗ്രൂപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഇതു മനസിലാക്കി മുരളിയെ ഒതുക്കാന്‍ ജില്ലയില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ പിന്തുണയോടെയാണ് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടുന്ന മൂന്നാം ഗ്രൂപ്പിന്റെ നീക്കം.

കോഴഞ്ചേരിയില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് സൈമണ്‍ ചാരക്കുന്നേല്‍ വിളിച്ച മണ്ഡലം കമ്മിറ്റി ഔദ്യോഗികമല്ലെന്നും ആരും പങ്കെടുക്കരുതെന്നും കാട്ടി ഡിസിസി അംഗം കമ്മിറ്റി അംഗങ്ങളെ തടഞ്ഞു. ആന്റോ ആന്റണി എംപിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ച യോഗം ഇതോടെ ഏഴു പേരില്‍ ഒതുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്് തൊള്ളായിരക്കുഴി ബില്‍ഡിങ്ങിലാണ് മണ്ഡലം കമ്മിറ്റി വിളിച്ചിരുന്നത്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റും കെട്ടിടം ഉടമയും, കെപിസിസി അംഗവും ഉള്‍പ്പെടെയാണ് ഏഴു പേര്‍ പങ്കെടുത്തത്. യോഗത്തില്‍ ആരും പങ്കെടുക്കരുതെന്നും യോഗം അനൗദ്യോഗികമാണെന്നും ഡിസിസി അംഗം ജെറി മാത്യു സാം ടെലിഫോണിലൂടെ പറഞ്ഞതായാണ് അറിയുന്നത്. എ വിഭാഗം നയിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് മുതല്‍ പ്രശ്നങ്ങള്‍ സംഘട്ടനത്തിന്റെ വക്കില്‍ എത്തിയിരുന്നു. ഇതിനിടയില്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍ ചാരക്കുന്നേല്‍ തനിക്ക് ഇഷ്ടമില്ലാത്തവരോട് കമ്മിറ്റിക്കാര്യം പറഞ്ഞില്ല എന്ന ആരോപണവും സജീവമാണ്.

deshabhimani 310711

1 comment:

  1. മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം അക്കാദമി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും അതൃപ്തി പടരുന്നു. കെപിസിസി നല്‍കിയ ലിസ്റ്റ് വെട്ടി സ്വന്തക്കാരെ അധ്യക്ഷപദവിയില്‍ മന്ത്രിമാര്‍ തിരുകി കയറ്റിയെന്നാണ് കോണ്‍ഗ്രസിലുയരുന്ന ആരോപണം. യുഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായി, തങ്ങളുമായി ആലോചിക്കാതെ നടത്തിയ നിയമനങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. നിയമനകാര്യത്തില്‍ ഘടകകക്ഷികളുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ,ആലോചന നടക്കുംമുമ്പ് അക്കാദമികളുടെ അധ്യക്ഷന്മാരെ മന്ത്രിമാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ അധ്യക്ഷന്മാരെയും ഇത്തരത്തില്‍ പ്രഖ്യാപിച്ചതോടെ മുന്നണിക്കുള്ളില്‍ അതൃപ്തി രൂക്ഷമായി.

    ReplyDelete