Saturday, July 30, 2011

ഡോക്ടര്‍മാരില്ലാതെ ആശുപത്രികള്‍

ജില്ലാ ആശുപത്രിയില്‍ പ്രസവവാര്‍ഡ് അടച്ചുപൂട്ടി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡ്അടച്ചുപൂട്ടി. വെള്ളിയാഴ്ച രാവിലെയാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടിയത്. ഇതോടെ ഗര്‍ഭിണികള്‍ ദുരിതത്തിലായി. നാല് ഡോക്ടര്‍മാരാണ് ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. രണ്ട് ഡോക്ടര്‍മാരെ വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി ബത്തേരി, കല്‍പ്പറ്റ ആശുപത്രികളിലേക്കയച്ചു.ഇതോടെ നിലവിലുണ്ടായിരുന്ന ഡോക്ടറും അവധിയില്‍പോയി.

കല്‍പ്പറ്റ, ബത്തേരി എംഎല്‍എമാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലെത്തിലെ ഡോക്ടര്‍മാരെ തങ്ങളുടെ മണ്ഡലങ്ങളിലെ ആശുപത്രികളിലേക്ക് ഡിഎംഒ നിയമിച്ചത്. മാനന്തവാടി മണ്ഡലത്തിലെ എംഎല്‍എ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായിട്ടുപോലും സ്വന്തം മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്. 46 ഡോക്ടര്‍മാര്‍ വേണ്ട ജില്ലാ ആശുപത്രിയില്‍ 20 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഡോക്ടര്‍മാരെ നിയമിക്കാനും മന്ത്രി പി കെ ജയലക്ഷ്മി ഒരിടപെടലും നടത്തുന്നില്ല. ജില്ലാ ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടുന്നത്. സ്ഥലം എംഎല്‍എ വനിതയും മന്ത്രിയുമായിട്ടും ഈ അവസ്ഥയുണ്ടായത് ആരോഗ്യരംഗത്തോട് യുഡിഎഫ് സ്വീകരിക്കുന്ന നയത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്ന തിരുനെല്ലിയിലെ അപ്പപ്പാറ ആശുപത്രിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മൂന്ന് ഡോക്ടര്‍മാരുണ്ടായിരുന്ന ഇവിടെ നിലവില്‍ ഒരാള്‍പോലുമില്ല. ഇതോടെ തിരുനെല്ലി വില്ലേജിലെ ജനങ്ങള്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് ജില്ലാ ആശുപത്രിയിലെത്തിയാണ് ചികിത്സതേടുന്നത്. ഗൈനക്കോളജിയില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് പ്രസവത്തിനായി വന്ന ആദിവാസി യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഏറെനേരെം ബഹളംവെച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നതായി കാണിച്ച് കടലാസ് നല്‍കിയത്. ഇവര്‍ പിന്നീട് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്നാരോപിച്ച് മനുഷ്യാവകാശ കമീഷനും പട്ടികവര്‍ഗ കമീഷഷനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു.

ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യുവജനങ്ങള്‍ ഉപരോധിച്ചു

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡ് പൂട്ടിയതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. നാല് ഗൈനക്കോളജിസ്റ്റുമാരുണ്ടായിരുന്ന ജില്ലാ ആശുപത്രിയില്‍ ഒരാള്‍പോലുമില്ലാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്നാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടിയത്. ജില്ലാ ആശുപത്രിയുടെ ചരിത്രത്തിലാധ്യാമയിട്ടാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടിയത്. ദിവസേന 12ലധികം പ്രസവങ്ങള്‍ ജില്ലാ ആശുപത്രിയില്‍ നടക്കുന്നുണ്ട്. പ്രസവാര്‍ഡ് അടച്ചുപൂട്ടിയതോടെ ആദിവാസികളടക്കമുള്ള നിര്‍ധനരായ രോഗികള്‍ ദുരിതത്തിലായി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തുന്നതറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ , ജില്ലാകമ്മിറ്റി അംഗം എന്‍ എം ആന്റണി, എം സി ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സാബു, ആര്‍എംഒ ഡോ.വി പി ഉസ്മാന്‍ , ഡോ.സന്തോഷ്കുമാര്‍ , ഡോ.സുരേഷ്ുകമാര്‍ തഹസില്‍ദാര്‍ സി എം ഗോപിനാഥ്, എസ് ഐ കെ കെ ബിജു എന്നിവരുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് ബത്തേരിയിലേക്ക് മാറ്റിയ ഡോക്ടറെ വെള്ളിയാഴ്ച തന്നെതിരിച്ചുവിളിക്കാനും ശനിയാഴ്ച മുതല്‍ മറ്റൊരു ഡോക്ടറുടെസേവനം കൂടി ലഭ്യമാക്കാനും ധാരണയായി. പ്രസവവാര്‍ഡ് പൂട്ടിയതില്‍ പ്രതിഷേധിച്ച് മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തില്‍ ധര്‍ണ നടത്തി. സി യു ഏലമ്മ ഉദ്ഘാടനം ചെയ്തു. വി കെ സുലോചന, ഉഷ, നിര്‍മല, ജാന്‍സി എന്നിവര്‍സംസാരിച്ചു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറില്ല; രോഗികള്‍ ഒ പി വിഭാഗം പൂട്ടിയിട്ട് പ്രതിഷേധിച്ചു

കല്‍പ്പറ്റ: ഇരുന്നൂറിലധികം വരുന്ന രോഗികളെ പരിശോധിക്കാന്‍ ഒറ്റ ഡോക്ടര്‍ മാത്രം. ഇതേതുടര്‍ന്ന് രോഗികള്‍ കല്‍പ്പറ്റ ഗവ.ജനറല്‍ ആശുപത്രിയുടെ ഒ പി വിഭാഗം പൂട്ടിയിട്ട് പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഒ പി ടിക്കെറ്റെടുത്ത് ക്യൂ നിന്ന സ്ത്രീകളും പിഞ്ചുകുട്ടികളടക്കമുള്ള രോഗികള്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ചികിത്സ ലഭിക്കാതായപ്പോള്‍ പ്രതിഷേധിച്ചത്. ഇതിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഇറങ്ങിപ്പോയതും രോഗികള്‍ക്ക് ജീവനക്കാര്‍ ഒ പി ടിക്കറ്റ് നല്‍കാതിരുന്നതും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. രോഗികള്‍ ആശുപത്രി ഒ പി വിഭാഗം പൂട്ടിയിട്ട് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കല്‍പ്പറ്റ സി ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി ഒ പി ടിക്കെറ്റെടുത്ത എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാമെന്നുള്ള ഉറപ്പിനെത്തുടര്‍ന്ന് രോഗികള്‍ സമരം അവസാനിപ്പിച്ചു. രോഗികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അവധിയിലായിരുന്ന ഡോക്ടര്‍ അവധി റദ്ദാക്കി രോഗികളെ പരിശോധിക്കാനെത്തി.

ഈ ആശുപത്രിയില്‍ 13 ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ അടുത്തിടെ ഡോക്ടര്‍മാരുടെ എണ്ണം മൂന്നായി കുറഞ്ഞു. ഇതില്‍ രണ്ടുപേര്‍ വെള്ളിയാഴ്ച അവധിയിലായിരിന്നു. ഇതോടെ നൂറ് കണക്കിന് വരുന്ന രോഗികളെ നോക്കാനുള്ള ചുമതല ഒരു ഡോക്ടര്‍ക്ക് മാത്രമായി. ഇത് പരിശോധിക്കുന്ന ഡോക്ടറെയും രോഗികളെയും വലച്ചു. ദിവസവും ആദിവാസികളടക്കമുള്ള നിരവധി രോഗികളാണ് ഈ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നത്. പകര്‍ച്ചപനി പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ കൂടിയിരിക്കുകയാണ്. എന്നാല്‍ ഇതിനനുസരിച്ച് ഡോക്ടര്‍മാരില്ല. ഇവിടെയുള്ള പല ഡോക്ടര്‍മാരും ലീവെടുത്ത് ജില്ലയിലെ പല പ്രൈവറ്റാശുപത്രികളിലും ജോലിയെടുക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാതെ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. പനി പടരുന്ന സാഹചര്യമുണ്ടായിട്ടും നിസംഗമായ സമീപനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് ജില്ലാട്രഷറര്‍ പി എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു വി എന്‍ ഉണ്ണികൃഷ്ന്‍ , വി ഹാരിസ്, സജേഷ്, വിജേഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani 300711

2 comments:

  1. ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡ്അടച്ചുപൂട്ടി. വെള്ളിയാഴ്ച രാവിലെയാണ് പ്രസവവാര്‍ഡ് അടച്ചുപൂട്ടിയത്. ഇതോടെ ഗര്‍ഭിണികള്‍ ദുരിതത്തിലായി. നാല് ഡോക്ടര്‍മാരാണ് ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. രണ്ട് ഡോക്ടര്‍മാരെ വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി ബത്തേരി, കല്‍പ്പറ്റ ആശുപത്രികളിലേക്കയച്ചു.ഇതോടെ നിലവിലുണ്ടായിരുന്ന ഡോക്ടറും അവധിയില്‍പോയി.

    ReplyDelete
  2. ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരും നടത്തിയ സമരത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ നിയമിച്ചത്. മാനന്താടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവന്ന ഡോ. എലിസബത്ത്, ബത്തരി താലൂക്ക് ആശുപത്രിയില്‍ വര്‍ക്കിങ് അറേജ്മെന്റിനായി അയച്ച ഡോ. ശാന്തകുമാരി എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത്. യുവജന സമരത്തെ തുടര്‍ന്ന്വെള്ളിയാഴ്ച തന്നെ ഡോ.ശാന്തകുമാരിയെ തിരിച്ചുവിളിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിഎംഒയുടെ അനാസ്ഥയെ തുടര്‍ന്നാണ് നിയമനം വൈകിയത്. നിയമന ഉത്തരവ് നല്‍കാന്‍ താമസിച്ചതിനാലാണ് ഡോ. ശാന്തകുമാരി വെള്ളിയാഴ്ച തന്നെ ചുമതലയേക്കാതിരുന്നതെന്നാണ് അറിയുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നും വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നിയമിച്ച ഡോക്ടറെ തിരികെ വിളിക്കാന്‍ ഡിഎംഒ തയ്യാറായിട്ടില്ല. ഇപ്പോഴും ഈ ഡോക്ടര്‍ കല്‍പ്പറ്റയില്‍ തന്നെ തുടരാന്‍ അനുവദിച്ചതിന്റെ സാഹചര്യം ഇനിയും വ്യക്തമായിട്ടില്ല.

    ReplyDelete