Saturday, July 30, 2011

വിശേഷണങ്ങളിലൊതുങ്ങാത്ത വിപ്ലവകാരി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച മുന്‍നിരപ്പോരാളി... സി എച്ച്. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ആ മാതൃകാ കമ്യണിസ്റ്റിന്റെ ജന്മശതമാബ്ദി വര്‍ഷമാണിത്. ഒരു വര്‍ഷം നീണ്ട ആഘോഷപരിപാടികളാണ് കേരളത്തിലാകെ. സമരതീഷ്ണമായ ഇന്നലെകളിലെ ജ്വലിപ്പിക്കുന്ന ആ സാന്നിധ്യം ഓര്‍മ്മിക്കുകയാണിവിടെ.
 
വഴി വരമ്പിലൂടെ നടന്നെത്തുന്ന കാലം

മകന്റെ വരവും പ്രതീക്ഷിച്ച് ഉറിയില്‍ ചോറും കറികളും സൂക്ഷിച്ച് ഉറങ്ങാതിരിക്കുന്ന അമ്മ. നാടിനായി സ്വയം സമര്‍പ്പിച്ച ഏക മകന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഓരോ ദിവസവും ചീക്കോളി നാരായണിയമ്മ. സി എച്ച് കണാരനും അമ്മയും തമ്മിലുള്ള ബന്ധം അത്രമേല്‍ ദൃഢമായിരുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും കണ്ണീരും ദുരിതവും അകറ്റാന്‍ ഓടിനടന്ന സി എച്ച് അപൂര്‍വമായേ വീട്ടില്‍ എത്താറുള്ളൂ. പലപ്പോഴും രാത്രി വൈകും. മുഷിഞ്ഞ വസ്ത്രങ്ങള്‍ സഞ്ചിയില്‍ . പരാതിയും പരിഭവവുമില്ലാതെ മകനെ കണ്‍കുളിര്‍ക്കെ കണ്ടുനില്‍ക്കും. കഞ്ഞി കഴിച്ച് അകത്തെ പഴയ പത്തായത്തില്‍ ഉറക്കം. രാവിലെ വീണ്ടും യാത്ര. വൈകിട്ട് അലക്കിയ വസ്ത്രവുമായി മരുമകളുടെ മകന്‍ പ്രഭാകരന്‍ മാക്കൂട്ടത്ത് നില്‍ക്കും. അതുവഴി പോകുന്ന ഏതെങ്കിലും വാഹനത്തില്‍ സി എച്ചുണ്ടാവും. ആരോടും ദേഷ്യപ്പെടില്ല. പുസ്തകം വാങ്ങാന്‍ എത്ര പണവും തരും. അമ്മാമനെക്കുറിച്ച് പറയുമ്പോള്‍ മരുമക്കളായ അംബുജാക്ഷിക്കും അനുജത്തി ഭാനുമതിക്കും നൂറ് നാവ്. വീട്ടില്‍ അമ്മാമന്‍ എത്തിയാല്‍ മുറ്റംനിറയെ ആളുകളാവും. ആവലാതികള്‍ കേള്‍ക്കും. തിന്നാനും കുടിക്കാനുമൊന്നും നേരമുണ്ടാവില്ല.

ഒരു ദിവസം അതിരാവിലെ വാതിലില്‍ മുട്ട്. സായുധപൊലീസ്. അമ്മാമന്‍ വീട്ടിലില്ലെന്ന് പറഞ്ഞിട്ട് വിശ്വാസംപോര. വീടും പരിസരവും പൊലീസ് വലയത്തില്‍ . പെണ്ണുങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞിട്ടും മടങ്ങാന്‍ കൂട്ടാക്കിയില്ല. നാട്ടുകാരായ പുരുഷന്മാരുടെ സാന്നിധ്യത്തിലേ പരിശോധിക്കാന്‍ വിടൂ എന്ന് വാശിപിടിച്ചു. പൊലീസിന് വഴങ്ങേണ്ടിവന്നു. തലശേരി-മാഹി ദേശീയപാതയില്‍ മാക്കൂട്ടത്തുനിന്ന് പാറാലിലേക്കുള്ള റോഡില്‍ പുന്നോല്‍ പള്ളേരി ലക്ഷ്മിയമ്മ സ്കൂളിന് വിളിപ്പാടകലെയാണ് സി എച്ച് കണാരന്‍ പിറന്ന തറവാട്. സാധാരണ നാട്ടിന്‍പ്രദേശം. സി എച്ച് നടന്നുപോയ പഴയ ഇടവഴി റോഡായി. വഴിവരമ്പിലൂടെ നടന്നെത്തുക ചരിത്രം സ്പന്ദിക്കുന്ന തറവാട്ടില്‍ . പഴമയുടെ ഗന്ധമുള്ള കല്‍പ്പടവുകള്‍ കയറുന്നത് മുറ്റത്തേക്ക്. ഓടുമേഞ്ഞ ഇരുനില മാളികവീട്. മരംപാകിയ മച്ചും ചായ്പ്പോടുംകൂടിയ പഴയ ശൈലി. ഒന്നരനൂറ്റാണ്ടിന്റെ പഴക്കം. പൂമുഖത്തുനിന്ന് അകത്തേക്ക് കയറുമ്പോള്‍ വലതുഭാഗത്തെ ചുമരില്‍ സി എച്ചിന്റെ ചിത്രം. കുമ്മായംതേച്ച പഴമ വിളിച്ചറിയിക്കുന്ന മുറികള്‍ . സി എച്ച് കിടന്നുറങ്ങിയ പത്തായം ദ്രവിച്ചു തീര്‍ന്നു. ഇടയ്ക്ക് ഉപയോഗിച്ച കട്ടില്‍ അകത്തുണ്ട്. സി എച്ചിന്റെ മരുമകള്‍ നാണിയുടെ മകന്‍ പ്രഭാകരനും ഭാര്യ മൈഥിലിടീച്ചറും മക്കളുമാണ് താമസം. മുന്‍ നഗരസഭാംഗംകൂടിയാണ് ടീച്ചര്‍ . വിളിപ്പാടകലെയുള്ള വീടുകളിലാണ് മരുമക്കളായ അംബുജാക്ഷിയും ഭാനുമതിയും മരുമകളുടെ മകന്‍ വിക്രമനും.

മാഹിക്കടുത്ത അഴിയൂരിലെ കച്ചവടക്കാരനായ അനന്തന്റെയും പുന്നോലിലെ ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലൈ 29നായിരുന്നു സി എച്ചിന്റെ ജനനം. നേര്‍പെങ്ങള്‍ സുമിത്ര പ്രസവസമയത്ത് മരിച്ചു. ഒപ്പം കുഞ്ഞും. അമ്മ നാരായണിയുടെ അനുജത്തി ജാനകിയുടെ മക്കളായിരുന്നു സി എച്ചിന്റെ സഹോദരിമാര്‍ . അവരുടെ മക്കളും ചെറുമക്കളുമടങ്ങിയ വലിയ കുടുംബം. ഇളയ മരുമകളായിരുന്നു ഭാനുമതി. അമ്മാമന്റെ കല്യാണത്തിന് പുന്നോലില്‍ നിന്ന് നടന്ന് അഴിയൂരിലേക്ക് പോയത് ഇന്നും ഓര്‍മയില്‍ . ബന്ധത്തില്‍തന്നെയുള്ള പാര്‍വതി ടീച്ചറായിരുന്നു വധു. ജയില്‍ , ഒളിവ്, നിയമസഭാപ്രവര്‍ത്തനം, സമരങ്ങള്‍ ... നീളുന്ന യാത്രക്കിടയിലും അമ്മയെയും വീടിനെയുംകുറിച്ചുള്ള ഓര്‍മ സി എച്ചിന് എന്നുമുണ്ടായിരുന്നു. അമ്മ മരിച്ചാല്‍ ഉപയോഗിക്കേണ്ട വസ്ത്രമടക്കം വാങ്ങി സൂക്ഷിച്ച മകന്‍ . പക്ഷേ, അവരുടെ അന്ത്യയാത്രക്ക് കാത്തുനില്‍ക്കാതെ മകന്‍ ചരിത്രത്തിലേക്ക് മറഞ്ഞു. അമ്മാമനെ അവസാനമായി ഈ വീട്ടുമുറ്റത്ത് കിടത്തിയ നാള്‍ ഇടയ്ക്കിടെ ഇവരുടെ ഓര്‍മകളെ അസ്വസ്ഥമാക്കുന്നുണ്ട്. കണ്ണീരുമായി തടിച്ചുകൂടിയ ജനങ്ങള്‍ , നേതാക്കള്‍ ... ഇന്നും ഒക്ടോബര്‍ ഇരുപതിന് വീടിനോട് ചേര്‍ന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്നവര്‍ .

തീര്‍ത്തും സ്വകാര്യമായ കാര്യത്തിലേക്കും മരുമകള്‍ അംബുജാക്ഷി സഞ്ചരിച്ചു. സി എച്ച് ജീവിച്ച കാലത്ത് വീടിന്റെ മേല്‍ക്കൂര ഓലയായിരുന്നു. മകന്‍ ഇടയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ഓടുമേയേണ്ട കാര്യം അമ്മ പറഞ്ഞു. കയറിക്കിടക്കാന്‍ കൂരപോലുമില്ലാത്ത ആയിരങ്ങള്‍ തെരുവില്‍ കഴിയുമ്പോള്‍ ഇത്രയൊക്കെ മതിയെന്നായിരുന്നു മറുപടി. വൈദ്യുതികണക്ഷന്‍ എടുക്കേണ്ട കാര്യം വന്നപ്പോഴും മണ്ണെണ്ണവിളക്കിന്റെ വെട്ടംപോലുമില്ലാതെ കഴിയുന്ന സാധാരണക്കാരുടെ കാര്യമായിരുന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓടുപാകിയതും വൈദ്യുതിയെടുത്തതും. സി എച്ചിന്റെ മൂത്തമകള്‍ സരോജിനിയുടെ കോഴിക്കോട്ടെ വീട്ടിലേക്കും അഴിയൂരിലെ ഭാര്യവീട്ടിലും പോകുമ്പോള്‍ ഇളയമരുമകളാവും ഒന്നിച്ച്. അവസാനകാലത്ത് പുന്നോലിലെ വീട്ടില്‍ അമ്മയോടൊപ്പമായിരുന്നു സി എച്ച്. മാഹിയിലും ഒരുപാട് കുടുംബബന്ധങ്ങളുണ്ട്. മുച്ചിക്കല്‍ പത്മനാഭനടക്കം. പുത്ര സ്നേഹത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും അപൂര്‍വമായ കമ്യൂണിസ്റ്റ് മാതൃക സി എച്ചിന്റെ ജീവിതത്തിലുടനീളം കാണാം. സി എച്ച്- പാര്‍വതിടീച്ചര്‍ ദമ്പതികള്‍ക്ക് നാലുമക്കള്‍ . സുരേന്ദ്രനും ശശിധരനും അകാലത്തില്‍ മരിച്ചു. അധ്യാപികയായ മൂത്തമകള്‍ സരോജിനി കോഴിക്കോട് നടക്കാവിലും രണ്ടാമത്തെ മകള്‍ ശ്യാമള വടകരയിലുമാണ്.
(പി ദിനേശന്‍)

സി എച്ച് ഒരു പാഠപുസ്തകം

സ. സി എച്ച് കണാരനെ ഏതെങ്കിലും ഒരു വിശേഷണത്തില്‍ തളച്ചിടാനാവില്ല. അനീതികള്‍ക്കെതിരെ അവിശ്രമം പൊരുതിയ സാമൂഹ്യ പരിഷ്കര്‍ത്താവ്, സാമ്രാജ്യത്വത്തിനെതിരായ സമരപതാകയേന്തിയ സ്വാതന്ത്ര്യപോരാളി, വര്‍ഗ- ബഹുജനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുന്‍നിന്ന നേതാവ്, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അതുല്യ സംഘാടകന്‍ , ആശയവ്യക്തതയുള്ള വിപ്ലവകാരി- വിശേഷണങ്ങള്‍ എത്രവേണമെങ്കിലും ആ ജീവിതത്തിനിണങ്ങും. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വതും നേടാനുള്ള ആയുധം ഉരുക്കുപോലെ ഉറച്ച സംഘടനയാണെന്ന് സി എച്ച് തിരിച്ചറിഞ്ഞിരുന്നു. എ കെ ജി പറഞ്ഞത്, "എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന പാഠപുസ്തകമാണ് സി എച്ചിന്റെ ജീവിതം. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കുമ്പോള്‍തന്നെ സാര്‍വത്രികമായ സ്നേഹവും ആദരവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സഖാക്കളുടെ ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതില്‍ സ്നേഹപൂര്‍ണമായി ഇടപെട്ടും ശാസിച്ചും നേര്‍വഴിയിലേക്ക് കൈപിടിച്ച് നയിച്ചുമുള്ള പ്രവര്‍ത്തനം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അടിത്തറ ഭദ്രമാക്കിയ നിസ്തുലമായ അധ്യായമാണ്.
(പിണറായി വിജയന്‍)

അദ്വിതീയനായ സംഘാടകന്‍

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് അദ്വിതീയ പങ്ക് വഹിച്ച വിപ്ലവകാരിയായിരുന്നു സി എച്ച്. ജാതീയതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രത്യക്ഷ സമരം നടത്തിക്കൊണ്ടാണ് അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് വന്നത്. ചെറുപ്രായത്തില്‍ വാഗ്ഭടാനന്ദ ചിന്തകളില്‍ ആകൃഷ്ടനായി യുക്തിവാദ പ്രചാരണത്തിലാണ് ആദ്യം മുഴുകിയതും. തൊള്ളായിരത്തി നാല്‍പത് അവസാനം കൃഷ്ണപിള്ള അറസ്റ്റിലായപ്പോള്‍ സംസ്ഥാന ഘടകം ചലിപ്പിച്ചത് സി എച്ചാണ്. സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് പാര്‍ടിസെല്ലുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. കല്ലച്ചില്‍ അച്ചടിച്ച് പാര്‍ടി സാഹിത്യം പ്രചരിപ്പിക്കലും ഒളിവില്‍ യോഗങ്ങള്‍ നടത്തലുമായിരുന്നു പ്രധാന പ്രവര്‍ത്തനം. പാര്‍ടി കത്തുകളും ലേഖനങ്ങളും കുറിപ്പുകളും കല്ലച്ചില്‍ അച്ചടിച്ച് ഓരോ കേന്ദ്രത്തിലും രഹസ്യമായി എത്തിക്കുകയായിരുന്നു. ഒന്നാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 1943-ല്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇ എം എസിനെയും എ കെ ജിയെയും എന്ന പോലെ സി എച്ചിനെയും പരിചയപ്പെടുന്നത്. 1957-ല്‍ ഭൂപരിഷ്കരണ ബില്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സി എച്ചും ഞാനുമെല്ലാമുണ്ടായിരുന്നു. കര്‍ഷക സംഘം നേതാവെന്ന നിലയില്‍ , അദ്ദേഹം വലിയ പങ്ക് വഹിച്ചു.
(വി എസ് അച്യുതാനന്ദന്‍)

ഈ നേട്ടത്തിനു പിന്നില്‍ സി എച്ച് സ്പര്‍ശം

സാക്ഷരത, ജീവിതനിലവാരം, പൊതുജനാരോഗ്യം, സാമൂഹ്യനീതി എന്നിങ്ങനെ കേരളം ഏറെ മുന്നിലായ ഒട്ടേറെ കാര്യങ്ങള്‍ക്ക് ആധാരമായ നിയമനിര്‍മാണങ്ങളുടെ ശില്‍പ്പികളില്‍ പ്രമുഖനാണ് സി എച്ച്. 1957സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കിയത് ഭൂപരിഷ്കരണത്തിനാണ്. ഒന്നാം നിയമസഭയില്‍ അംഗംകൂടിയായിരുന്നതിനാല്‍ സി എച്ചിന് ഭൂപരിഷ്കരണ നിയമനിര്‍മാണ പ്രക്രിയയില്‍ സജീവമായി ഇടപെടാന്‍ സാധിച്ചു. ബില്ല് അവതരിപ്പിച്ച കെ ആര്‍ ഗൗരിയമ്മയെയോ മന്ത്രിയായിരുന്ന വി ആര്‍ കൃഷ്ണയ്യരെയോപോലെ നിയമത്തില്‍ വിശാരദനായിരുന്നില്ല സി എച്ച്. 1930കള്‍ മുതല്‍ മലബാറില്‍ ശക്തമായിരുന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുടിയാന്മാരുടെ വേദനകള്‍ അറിയാമായിരുന്നു. അധ്വാനിക്കുന്നവരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുകയല്ലാതെ കൃഷിക്കാരനും അവന്റെ അധ്വാനഫലം തട്ടിയെടുക്കുന്ന ജന്മിക്കും ഒരേ പരിഗണന സാധ്യമല്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുന്നതിലും അത് നിയമമാക്കുന്നതിലും പാര്‍ടിനേതാവ് കൂടിയായിരുന്ന സി എച്ചിന്റെ സംഘടനാ കാര്‍ക്കശ്യം തെല്ലൊന്നുമല്ല തുണച്ചത്. ബില്ലിലെ ഓരോ വകുപ്പിലും "സി എച്ച് സ്പര്‍ശം" കാണാം.
(കോടിയേരി ബാലകൃഷ്ണന്‍)

പ്രായോഗികമതി

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സിപിഐ എമ്മിന്റെയും ഉന്നത സ്ഥാനത്ത് എത്തിയ പോരാളിയായിരുന്നു സി എച്ച്. മാര്‍ക്സിയന്‍ വീക്ഷണത്തെ ജീവിതസാഹചര്യങ്ങളില്‍ പ്രയോഗിച്ച് സമൂഹത്തിലാകെ പുരോഗമനപരമായ മാറ്റം സൃഷ്ടിക്കാന്‍ പ്രയത്നിച്ച പ്രായോഗികമതി. ചെറുപ്പത്തിലേ വാഗ്ഭടാനന്ദ ചിന്തകളില്‍ ആകൃഷ്ടനായി യുക്തിവാദിയും ഭൗതികവാദിയുമായിത്തീര്‍ന്ന അദ്ദേഹം ഈ അടിത്തറയിലൂന്നിയാണ് വിപ്ലവരാഷ്ട്രീയത്തിലെത്തിയത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ബീജാവാപംചെയ്ത പി കൃഷ്ണപിള്ളയെപ്പോലെ അവിശ്വസനീയമാംവിധം കര്‍മനിരതനും പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്നു സി എച്ച്. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാനും അതുവഴി സുശക്തമായ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിയെടുക്കാനുമാണ് ജീവിതം ഉഴിഞ്ഞുവച്ചത്.
(ഇ പി ജയരാജന്‍)

സംഘാടക വിദഗ്ധന്‍

കേരളം കണ്ട സംഘാടക വിദഗ്ധരില്‍ ഒന്നാമനാണ് സി എച്ച് കണാരന്‍ . അദ്ദേഹത്തിന്റെ പൂര്‍ണ ജീവചരിത്രത്തിന്റെ അഭാവം രാഷ്ട്രീയ സാഹിത്യത്തിലെ വലിയ വിടവാണ്. ജന്മശതാബ്ദി ആഘോഷവേളയിലെങ്കിലും അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ നന്നായേനെ. സിപിഐ എം സംസ്ഥാന സെക്രട്ടറിയിയായിരുന്നപ്പോഴും അദ്ദേഹം സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി സമയം ചെലവഴിക്കാന്‍ ശ്രമിച്ചു. ഏതു സ്ഥലത്ത് പോയാലും പാര്‍ടി ഓഫീസുകളിലായിരുന്നു വാസം. പലയിടത്തും ഏര്‍പ്പെടുത്തിയ അതിഥി മന്ദിരങ്ങളിലെയും ഹോട്ടലുകളിലെയും താമസം സ്നേഹപൂര്‍വം നിരസിച്ചു. പൊടിപിടിച്ചതും ബീഡിക്കുറ്റികളും പത്രങ്ങളും ചിതറിക്കിടക്കുന്നതുമായ പാര്‍ടി ഓഫീസിലെ മുറികളില്‍ പലപ്പോഴും പായപോലുമില്ലാതെ ഉറങ്ങി. ഇത് ത്യാഗമാണെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. പാര്‍ടിക്കകത്തെ കാര്യങ്ങളും നാട്ടുകാരുടെ പ്രതികരണങ്ങളും അറിയാന്‍ ഓഫീസില്‍ കഴിയുന്നതാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. ഔപചാരികമായി മേല്‍ഘടകങ്ങളോടും മുതിര്‍ന്ന സഖാക്കളോടും അറിയിക്കുന്ന വിവരങ്ങള്‍ വച്ച് യഥാര്‍ഥ ചിത്രം ലഭ്യമാകില്ലെന്ന് സി എച്ച് പറയുമായിരുന്നു. കീഴ്ഘടകങ്ങളോടും സഖാക്കളോടും നല്ല അടുപ്പവും ഇടപെടലും ഉറപ്പിക്കാനായത് അദ്ദേഹത്തിന്റെ ശക്തിയായി.
(പി ഗോവിന്ദപിള്ള)

ആരിലും സ്വാധീനം ചെലുത്തുന്ന വ്യക്തിത്വം

സി എച്ചിന്റെ ആജ്ഞാശക്തി നേരിട്ടനുഭവപ്പെട്ടത് ഞാന്‍ തിരുവള്ളൂര്‍ ശാന്തിനികേതന്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കാലത്ത്- 1951ല്‍ . അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി മണ്ഡലം കമ്മിറ്റി ഓഫീസ് വടകര എടോടിയില്‍ . ഓഫീസിലെത്തിയപ്പോള്‍ അവിടെ സി എച്ച്. ഡല്‍ഹിയില്‍നിന്ന് ഒരു സഖാവ് പ്രസംഗകനായി വടകരയില്‍ എത്തിയിട്ടുണ്ട്. പ്രസംഗം പരിഭാഷപ്പെടുത്തണം. എന്നെക്കണ്ട ഉടന്‍ സി എച്ചിന്റെ ആജ്ഞ. എനിക്കാണെങ്കില്‍ മുന്‍ പരിചയമില്ല. ഏറ്റെടുക്കാനുള്ള ആത്മധൈര്യവുമില്ല. സി എച്ചിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനായില്ല. പരാജയപ്പെട്ടില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. കാഡര്‍മാരെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനുമുള്ള സി എച്ചിന്റെ കഴിവ് അപാരമായിരുന്നു. പാര്‍ടി ഭിന്നിച്ച കാലത്ത് വടകര കോട്ടപ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ എന്നെ കണ്ടു. ഉടന്‍ വിളിച്ച് ഒരു ഭാഗത്തേക്ക് കൊണ്ടുപോയി. ബാഗ് തുറന്ന് ഏതാനും പുസ്തകങ്ങള്‍ തന്നു. ഇതൊക്കെ എന്നില്‍ സ്വാധീനം ചെലുത്തി. നിലപാടെടുക്കാന്‍ സഹായിച്ചു. പാര്‍ടി ഭിന്നിച്ച കാലത്ത് റിവിഷനിസത്തിനെതിരായ പോരാട്ടത്തില്‍ സി എച്ച് സ്തുത്യര്‍ഹ സേവനമാണ് നിര്‍വഹിച്ചത്.
(വി വി ദക്ഷിണാമൂര്‍ത്തി)

deshabhimani

1 comment:

  1. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച മുന്‍നിരപ്പോരാളി... സി എച്ച്. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ആ മാതൃകാ കമ്യണിസ്റ്റിന്റെ ജന്മശതമാബ്ദി വര്‍ഷമാണിത്. ഒരു വര്‍ഷം നീണ്ട ആഘോഷപരിപാടികളാണ് കേരളത്തിലാകെ. സമരതീഷ്ണമായ ഇന്നലെകളിലെ ജ്വലിപ്പിക്കുന്ന ആ സാന്നിധ്യം ഓര്‍മ്മിക്കുകയാണിവിടെ.

    ReplyDelete