Friday, July 29, 2011

കോണ്‍ഗ്രസ് അനുകൂല പൊലീസുകാരുടെ രഹസ്യയോഗം കോട്ടയത്ത്

യോഗം നയിച്ചവരില്‍ ഡി സി സി പ്രസിഡന്റും

കോട്ടയം: കോണ്‍ഗ്രസ് അനുകൂല പൊലീസുകാരുടെ രഹസ്യയോഗം ഇന്നലെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ നടന്നു.  ഉച്ചയ്ക്ക് 2.15 ഓടെയാണ് ഹോട്ടലിലേക്ക് പൊലീസുകാര്‍ എത്തിതുടങ്ങിയത്. ഒറ്റതിരിഞ്ഞ് എത്തിയ പൊലീസുകാര്‍ ഹോട്ടലിനുള്ളിലേക്ക് കടന്നതോടെ കോട്ടയം ഡി സി സി പ്രസിഡന്റ് കുര്യന്‍ ജോയിയുമെത്തി. തുടര്‍ന്ന് ഖദര്‍ധാരിയായ പൊലീസുകാരനെത്തി അദ്ദേഹത്തെ ഹോട്ടലിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതോളം പൊലീസുകാരാണ് യോഗത്തില്‍ പങ്കെടുത്തത്. മൂന്നു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടും. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ മിനിമോള്‍ ജോസഫ്, കറുകച്ചാല്‍ സ്റ്റേഷനിലെ സാനിയ വര്‍ഗ്ഗീസ്, കോട്ടയം ട്രാഫികിലെ ഇന്ദുകല എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത വനിതാ ഓഫീസര്‍മാര്‍.

ഇവരെ കൂടാതെ നാര്‍കോട്ടിക് സെല്ലിലെ മാത്യു പോള്‍, കണ്‍ട്രോള്‍ റൂമിലെ ശ്രീനിവാസന്‍, പി ഡി ഉണ്ണി, മുണ്ടക്കയം സ്റ്റേഷനിലെ ജോയി, വെള്ളൂര്‍ സ്റ്റേഷനിലെ അജി, വിജിലന്‍സ് കേസിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പുതിയ അസോസിയേഷനുമായി സഹകരിക്കാന്‍ ഡിജിപി തയ്യാറാകുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവണമെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. എറണാകുളം റേഞ്ച് ഐജി ശ്രീലേഖയെ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. കോട്ടയം ജില്ലയിലെ സിഐമാരുടെ സ്ഥലം മാറ്റനടപടികള്‍ ഉടന്‍ നടപ്പാക്കണമെന്നതായിരുന്നു യോഗത്തിലുയര്‍ന്ന മറ്റൊരാവശ്യം.

രഹസ്യയോഗത്തെക്കുറിച്ച് വിവരം ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നില്‍ എത്തിച്ചേര്‍ന്നതോടെ ജനങ്ങളും പ്രദേശത്ത് തടിച്ചുകൂടി. തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന പൊലീസുകാര്‍ പല വഴികളിലൂടെയും രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ വിവരമറിഞ്ഞ് പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ ഹോട്ടലിനുമുന്നില്‍ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. എന്നാല്‍ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഇടയ്ക്ക് ഡ്രൈവര്‍മാത്രമായി ഒരു പൊലീസ് വാഹനം വന്നുപോയതൊഴിച്ചാല്‍ യൂണിഫോമില്‍ ഒരു പൊലീസുകാരനും പ്രദേശത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമായി.

ഇതിനിടയില്‍ പൊലീസുകാര്‍ യോഗത്തിന് എത്തി എന്ന് കരുതപ്പെടുന്ന വാഹനത്തില്‍ നിന്നും പൊലീസുകാരുടെ ലിസ്റ്റും കണ്ടെടുത്തിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേറിയതിനെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് രഹസ്യയോഗം ചേര്‍ന്നത്. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂലികള്‍ ഭൂരിപക്ഷം സ്റ്റേഷനുകളും പിടിച്ചെടുത്തെങ്കിലും അസോസിയേഷന്‍ ഭരണസമിതി അധികാരത്തിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ യോഗത്തിന് നിയമ സാധുത അവകാശപ്പെടാനുമാവില്ല. നിയമ വിരുദ്ധമായി ചേര്‍ന്ന യോഗത്തിനെതിരെ ഒരു വിഭാഗം പൊലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കി.


janayugom 290711

1 comment:

  1. കോണ്‍ഗ്രസ് അനുകൂല പൊലീസുകാരുടെ രഹസ്യയോഗം ഇന്നലെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ നടന്നു. ഉച്ചയ്ക്ക് 2.15 ഓടെയാണ് ഹോട്ടലിലേക്ക് പൊലീസുകാര്‍ എത്തിതുടങ്ങിയത്. ഒറ്റതിരിഞ്ഞ് എത്തിയ പൊലീസുകാര്‍ ഹോട്ടലിനുള്ളിലേക്ക് കടന്നതോടെ കോട്ടയം ഡി സി സി പ്രസിഡന്റ് കുര്യന്‍ ജോയിയുമെത്തി. തുടര്‍ന്ന് ഖദര്‍ധാരിയായ പൊലീസുകാരനെത്തി അദ്ദേഹത്തെ ഹോട്ടലിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

    ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതോളം പൊലീസുകാരാണ് യോഗത്തില്‍ പങ്കെടുത്തത്. മൂന്നു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടും. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ മിനിമോള്‍ ജോസഫ്, കറുകച്ചാല്‍ സ്റ്റേഷനിലെ സാനിയ വര്‍ഗ്ഗീസ്, കോട്ടയം ട്രാഫികിലെ ഇന്ദുകല എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത വനിതാ ഓഫീസര്‍മാര്‍.

    ReplyDelete