Thursday, July 28, 2011

ലീഗിന്റെ ഭീരുത്വം യുഡിഎഫിന്റെയും

കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ഭീരുത്വവും ജുഡീഷ്യറിയോടുള്ള അവജ്ഞയുമാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം ഭരണ ഇടപെടലിലൂടെ അവസാനിപ്പിക്കുന്നത്. ലീഗും യുഡിഎഫും ആവശ്യപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണമാണ് ലീഗും യുഡിഎഫുംതന്നെ അവസാനിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം മുമ്പോട്ടുപോയാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതികളാകും എന്ന ബോധ്യമാണ് ഇത്തരത്തിലുള്ള ഇടപെടലിനു പിന്നിലുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുക; അന്വേഷണത്തില്‍ തങ്ങളുടെ പങ്ക് വെളിവാകുമെന്നു വരുമ്പോള്‍ അത് അവസാനിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥിതിയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ അനുവദിച്ചുകൂടാ.

2009 നവംബര്‍ 15നാണ് കാസര്‍കോട്ടെ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ , കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കുള്ള സ്വീകരണത്തിന്റെ മറവില്‍ പ്രകോപനപരമായ പ്രസംഗങ്ങളും തുടര്‍ന്നുള്ള ലീഗ് അഴിഞ്ഞാട്ടവും നടന്നത്. കടകള്‍ തകര്‍ത്തും വഴിയാത്രക്കാരെ ആക്രമിച്ചും ലീഗ് നഗരത്തെ കലാപഭൂമിയാക്കി മാറ്റി. കത്തിക്കയറിയ വര്‍ഗീയ പ്രകോപന പ്രസംഗങ്ങള്‍ വര്‍ഗീയകലാപത്തിന് തീകൊളുത്തുമെന്നുവന്നു. അക്രമം നിയന്ത്രണാതീതമായപ്പോഴാണ് പൊലീസ് വെടിവച്ചത്. അപ്പോള്‍പ്പിന്നെ പൊലീസ് വെടിവയ്പിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനായി ശ്രമം. അന്വേഷണം നടത്തണമെന്നായി ലീഗ്. വെറും അന്വേഷണം പോര, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലായിരുന്നു. ഉടന്‍തന്നെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം എ നിസാര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് അന്വേഷണം അപകടമാണെന്ന് ലീഗിന് തോന്നിയത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കലാപത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവരും. വര്‍ഗീയ പ്രകോപന സ്വഭാവമുള്ള പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും മറ്റും ജുഡീഷ്യല്‍ കമീഷന്റെ മുമ്പാകെ എത്തിയിരിക്കുകയാണ്.

ലീഗ് സംഘങ്ങള്‍ തെരുവിലാകെ അക്രമം പടര്‍ത്തി അഴിഞ്ഞാടുന്നതിന്റെയും അവരെ കുഞ്ഞാലിക്കുട്ടിയടക്കം പ്രസംഗത്തിലൂടെ ഇളക്കിവിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലുണ്ട്. കമീഷന്റെ റിപ്പോര്‍ട്ട് അന്തിമമായി തങ്ങള്‍ക്കുതന്നെ എതിരായി വരുമെന്ന് അവര്‍ അറിഞ്ഞു. കമീഷനെ നിയോഗിച്ചപ്പോഴോ, അതിന്റെ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിച്ചപ്പോഴോ ഒരു വിയോജിപ്പുമില്ലാതിരുന്ന ലീഗ്, അന്വേഷണം ശക്തമായി നീങ്ങുന്നുവെന്നു കണ്ടപ്പോള്‍ അന്ധാളിച്ചു. കമീഷനെ ബഹിഷ്കരിക്കുമെന്നായി. അന്വേഷണം അന്തിമഘട്ടത്തോടടുക്കുകയും താമസിയാതെ റിപ്പോര്‍ട്ട് വരുമെന്നാവുകയും ചെയ്തപ്പോള്‍ പരിഭ്രാന്തി വീണ്ടും വര്‍ധിച്ചു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ആ സാധ്യത എങ്ങനെയും ഒഴിവാക്കണമെന്നായി ലീഗ്. ആ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദമായി. ഒടുവിലിതാ ജുഡീഷ്യല്‍ അന്വേഷണത്തെ അപ്പാടെ പിന്‍വലിച്ചിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ അനുവദിക്കുന്നത് ഹൈക്കോടതിയാണ്. തോന്നുമ്പോള്‍ ജഡ്ജിയെ വിട്ടുകൊടുക്കണമെന്നു പറയാനും തോന്നുമ്പോള്‍ ജഡ്ജിയെ വേണ്ടെന്നു പറയാനും സ്വാതന്ത്ര്യമുണ്ടാകാം; പക്ഷേ, ലീഗിന്റെ കളിപ്പാവയല്ല കോടതി. ഇവിടെ ഏതായാലും സിറ്റിങ് ജഡ്ജിയല്ല അന്വേഷിച്ചത്. സിറ്റിങ് ജഡ്ജിയായിരുന്നെങ്കില്‍ കോടതിയിലെ ജോലികള്‍കൂടി ഇതുകൊണ്ട് വൈഷമ്യത്തിലായേനെ. ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കിയാണ്. ലക്ഷങ്ങളുടെ ചെലവുവരും. കുറെ ലക്ഷങ്ങള്‍ ചെലവിട്ടശേഷം അന്വേഷണം നിര്‍ത്തിവയ്ക്കുന്നത് ആ തുക പാഴാക്കിക്കളയുന്നതിനു തുല്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന വിധത്തിലാണെന്ന് ഉറപ്പുനല്‍കാമെങ്കില്‍മാത്രം ജുഡീഷ്യല്‍ അന്വേഷണം തുടരാമെന്നും മറിച്ചാണെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുമെന്നുമുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ധാര്‍ഷ്ട്യം ജുഡീഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ലീഗ് എന്ന ഘടകകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കഥ കഴിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നത്. ലീഗിന്റെ തടവിലിരുന്ന് ഭരണം നടത്തുന്നവര്‍ക്ക് അധികാരം സംരക്ഷിക്കാന്‍ ഇത്തരം കീഴടങ്ങലുകളല്ലാതെ മാര്‍ഗമില്ല. ഏതോ ചില റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എം എ നിസാര്‍ കമീഷന്റെ അന്വേഷണം അവസാനിപ്പിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജുഡീഷ്യല്‍ കമീഷനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ ചുമതലപ്പെട്ട ഏത് ഏജന്‍സിയാണ് നമ്മുടെ ഭരണസംവിധാനത്തിലുള്ളത്. ആരുടെ റിപ്പോര്‍ട്ട് എന്നോ എന്ത് റിപ്പോര്‍ട്ട് എന്നോ ഉമ്മന്‍ചാണ്ടി പറയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഭരണസുതാര്യത, സ്വന്തം രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന സ്ഥിതിവരുമ്പോള്‍ യുഡിഎഫ് ഇരുമ്പുമറയാക്കി മാറ്റുന്നു. ഇവിടെ മുഖ്യമന്ത്രി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മുസ്ലിംലീഗ് ആസ്ഥാനത്ത് തയ്യാറാക്കിയതാകാനേ വഴിയുള്ളൂ. ആ റിപ്പോര്‍ട്ടിന് ഇന്ദിരാഭവനിലല്ലാതെ നമ്മുടെ ഭരണസംവിധാനത്തിലെവിടെയും സാധുതയില്ല. അക്കാര്യം ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നുണ്ടാകില്ല. പക്ഷേ, കേരളജനത മനസ്സിലാക്കും.

ഏതായാലും ഈ സാഹചര്യത്തില്‍ , കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് എന്തിന് എന്ന് വ്യക്തമാക്കാനെങ്കിലും ലീഗിന് ചുമതലയുണ്ട്. വെടിവയ്പ് നടന്നവേളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട അതേ ലീഗുതന്നെ, അധികാരമേറിയപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തെ അട്ടിമറിക്കുന്നത് ലീഗില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.

deshabhimani editorial 280711

1 comment:

  1. കാസര്‍കോട് വെടിവയ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ഭീരുത്വവും ജുഡീഷ്യറിയോടുള്ള അവജ്ഞയുമാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടത്തുന്ന ഒരു ജുഡീഷ്യല്‍ അന്വേഷണം ഭരണ ഇടപെടലിലൂടെ അവസാനിപ്പിക്കുന്നത്. ലീഗും യുഡിഎഫും ആവശ്യപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണമാണ് ലീഗും യുഡിഎഫുംതന്നെ അവസാനിപ്പിക്കുന്നത് എന്നത് വിചിത്രമാണ്. ജുഡീഷ്യല്‍ അന്വേഷണം മുമ്പോട്ടുപോയാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതികളാകും എന്ന ബോധ്യമാണ് ഇത്തരത്തിലുള്ള ഇടപെടലിനു പിന്നിലുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുക; അന്വേഷണത്തില്‍ തങ്ങളുടെ പങ്ക് വെളിവാകുമെന്നു വരുമ്പോള്‍ അത് അവസാനിപ്പിക്കുക. ജനാധിപത്യ വ്യവസ്ഥിതിയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ അനുവദിച്ചുകൂടാ.

    ReplyDelete