Wednesday, July 27, 2011

കാസര്‍കോട്ടെ പൊലീസ് വെടിവയ്പ്: നിസാര്‍കമ്മിഷനെ പിന്‍വലിച്ചത് നിഗൂഢതകള്‍ പുറത്തുവരാതിരിക്കാന്‍

കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഏറെ കോളിളക്കം സൃഷ്ടിക്കുകയും  ചെയ്ത കാസര്‍കോട്ടെ  പൊലീസ്  വെടിവയ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് നിസാര്‍കമ്മിഷനെ യു ഡി എഫ് സര്‍ക്കാര്‍ പിന്‍വലിച്ചത്  വിവാദമാകുന്നു. വെടിവയ്പില്‍ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തിന് ആസ്പദമായ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ്  ഇന്നലെ യു ഡി എഫ് മന്ത്രിസഭ തിരക്കിട്ട് കൂടി നാളെ നടക്കേണ്ട സിറ്റിംഗിനു മുമ്പായി കമ്മിഷനെ പിന്‍വലിച്ചതെന്ന് ആരോപണമുണ്ട്. 2009 നവംബര്‍ 15-നാണ് കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പൊലീസ് വെടിവെപ്പുണ്ടായതും  മുഹമ്മദ് ഷെഫീഖ് എന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കുന്നതിനോടനുബന്ധിച്ചുള്ള  സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത്് മുസ്‌ലിംലീഗിലെതന്നെ ഒരുസംഘം  പ്രവര്‍ത്തകര്‍ പൊലീസിന് നേരെ അക്രമം നടത്തിയെന്നായിരുന്നു പൊലീസിന്റെ  പരാതി. വികാരഭരിതരായി അക്രമം അഴിച്ചുവിട്ട  അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കായില്ലെന്നാണ് പൊലീസ് പറയുന്നത്. ചില പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കു നേരെ അക്രമമഴിച്ചുവിട്ടപ്പോള്‍ നിലനില്‍പ്പിനായി വെടിവെയ്‌ക്കേണ്ടിവന്നുവെന്നാണ് എസ് പി രാംദാസ് പോത്തന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഒരാളുടെ മരണത്തോടെ ആള്‍ക്കൂട്ടം ഭയന്നോടി. മരണം നിര്‍ഭാഗ്യകരമെങ്കിലും വെടിവെപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കാസര്‍കോട് കത്തുമായിരുന്നുവെന്നും രാംദാസ് പോത്തന്‍ മേല്‍ഘടകത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ചില വര്‍ഗീയ മുതലെടുപ്പുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് എസ് പി ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്.

അന്നത്തെ സംഭവത്തെ അതീവ ഗൗരവത്തോടെയാണ്  എല്‍ ഡി എഫ് സര്‍ക്കാര്‍ നേരിട്ടത്. നവംബര്‍ 15ന് വൈകുന്നേരത്തോടെയാണ് സംഭവമെങ്കിലും  ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഡി ജി പി ജേക്കബ് പുന്നൂസും സംസ്ഥാനത്തെ മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിറ്റേദിവസം തന്നെ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  നേതാക്കളുമായും മാധ്യമ പ്രവര്‍ത്തകരുമായും  ചര്‍ച്ചചെയ്ത് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു. കുറ്റക്കാരനായ പൊലീസ് ഓഫിസറെ പുറത്താക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്  നിരവധി പ്രക്ഷോഭങ്ങളാണ് മുസ്‌ലിംലീഗ് ജില്ലാനേതൃത്വം നടത്തിയത്.  കാസര്‍കോട് ജില്ലാ ജഡ്ജായിരുന്ന ഹേമലതയെ അന്വേഷണച്ചുമതലയുള്ള സിറ്റിംഗ് ജഡ്ജായി സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും ജസ്റ്റിസ് ഹേമലതയെ ലീഗ് നേതൃത്വം അംഗീകരിച്ചില്ല. സിറ്റിംഗ്് ജഡ്ജുമായി സഹകരിക്കില്ലെന്നും അവര്‍ അറിയിച്ചിരുന്നു. 2010 മാര്‍ച്ചില്‍ ജസ്റ്റിസ് ഹേമലത സര്‍വീസില്‍നിന്നും  വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് എ എം നിസാറിനെ അന്വേഷണക്കമ്മിഷനായി സര്‍ക്കാര്‍ നിയോഗിച്ചത്. നിസാര്‍ അന്വേഷണക്കമ്മിഷനുമായും സഹകരിക്കാതെ ലീഗ് നേതൃത്വം ഒളിച്ചുകളിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 22ന് കാസര്‍കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വച്ച കമ്മിഷന്‍ സിറ്റിംഗില്‍ ലീഗിന്റെ പ്രതിനിധികളാരും സംബന്ധിച്ചില്ല. അതിനാല്‍ സിറ്റിംഗ് ഈമാസം 28-ലേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് അന്വേഷണക്കമ്മിഷനെ തന്നെ പിന്‍വലിക്കാന്‍  തീരുമാനിച്ചത്.

കാസര്‍കോട്ട്  മുസ്‌ലിംലീഗിന്റെ ചില സമ്മേളനങ്ങള്‍  പ്രകോപനപരമായി മാറുന്നുവെന്ന്  പൊതു അഭിപ്രായമുണ്ട്.  പ്രകടനങ്ങളും സമ്മേളനങ്ങളും വര്‍ഗീയ ചേരിതിരിവിനും സംഘട്ടനങ്ങള്‍ക്കും ഇടയാക്കാറുണ്ട്.  അക്രമസംഭവങ്ങള്‍ വര്‍ഗീയതക്ക് വഴിവെയ്ക്കുന്നതും കുറവല്ല. ഈ പശ്ചാത്തലത്തിലാണ് കാസര്‍കോട്ടെ പൊലീസ് വെടിവെപ്പും അതിനിടയാക്കിയ സംഭവങ്ങളും  വിശദമായി അറിയാന്‍ കമ്മിഷനെ നിയോഗിച്ചത്. ഇതിനിടെ, കൊല്ലപ്പെട്ട മുഹമ്മദ് ഷെഫീഖിന്റെ പിതാവ് മുസ്തഫ ഹാജി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷം രൂപ ഷെഫീഖിന്റെ കുടുംബത്തിന് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഈ അഞ്ചൂലക്ഷം രൂപ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചാണ് യു ഡി  എഫ് സര്‍ക്കാര്‍ നിസാര്‍ക്കമ്മിഷന്‍ പിന്‍വലിച്ചത്. കാസര്‍കോട്ട് അനിഷ്ടസംഭവമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന സംസ്ഥാന നേതാക്കള്‍ അതിലൊന്നും ഇടപെടാതെ സ്ഥലം കാലിയാക്കിയതും ചര്‍ച്ചാവിഷയമായിരുന്നു. മുസ്‌ലിംലീഗ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് ഇപ്പോള്‍ പൊതുആരോപണം. അതിനാല്‍ ജില്ലാനേതൃത്വം യു ഡി എഫ് സര്‍ക്കാരിനെ സ്വാധീനിച്ച്  അടുത്ത സിറ്റിംഗിനുമുമ്പായി കമ്മിഷനെത്തന്നെ പിന്‍വലിപ്പിക്കുകയായിരുന്നു. അസാധാരണവും ഗൗരവതരവുമായ കാസര്‍കോട്ടെ ഈ സംഭവത്തിന്റെ അന്വേഷണം യാതൊരു മാനദണ്ഡവുമില്ലാതെ പിന്‍വലിച്ചത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കാനിടയാക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ മുന്നറിയിപ്പുനല്‍കിട്ടുണ്ട്.
(നാരായണന്‍ കരിച്ചേരി)

janayugom 270711

1 comment:

  1. മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത കാസര്‍കോട്ടെ പൊലീസ് വെടിവയ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് നിസാര്‍കമ്മിഷനെ യു ഡി എഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമാകുന്നു. വെടിവയ്പില്‍ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തിന് ആസ്പദമായ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇന്നലെ യു ഡി എഫ് മന്ത്രിസഭ തിരക്കിട്ട് കൂടി നാളെ നടക്കേണ്ട സിറ്റിംഗിനു മുമ്പായി കമ്മിഷനെ പിന്‍വലിച്ചതെന്ന് ആരോപണമുണ്ട്.

    ReplyDelete