Wednesday, July 27, 2011

പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ക്കരുത്

കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കാനും വളര്‍ത്താനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് 2006 മുതല്‍ അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടമാണ്. നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ ഓരോന്നായി ലാഭത്തിലെത്തിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവ് നോക്കിയാണ് ആളെ നിയമിച്ചത്. വ്യവസായവുമായി എന്തെങ്കിലും ബന്ധമുള്ള, ഭരണപരിചയമുള്ള, സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെത്തന്നെ തെരഞ്ഞെടുത്ത് മാനേജിങ് ഡയറക്ടറായും ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചു. 2001 മുതല്‍ 2006വരെ കേരളം ഭരിച്ച യുഡിഎഫ് ഭരണകാലത്തെ അനുഭവം മറ്റൊന്നായിരുന്നു. ലീഗ് നേതാവാണെന്ന ഏക കാരണത്താല്‍ ബന്ധപ്പെട്ട വ്യവസായവുമായി പുലബന്ധംപോലുമില്ലാത്ത ആളുകളെയാണ് അത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത്. അതുകൊണ്ടുതന്നെ വ്യവസായത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിലല്ല, കാറും അലവന്‍സും ബത്തയും ബംഗ്ലാവും മാത്രമായിരുന്നു അത്തരക്കാരുടെ ലക്ഷ്യം. കേരള സര്‍ക്കാര്‍ എന്നെഴുതിയ ചുവന്ന ബോര്‍ഡുവച്ച കാര്‍ കിട്ടിയാല്‍ത്തന്നെ ബഹുകേമമായി എന്നായിരുന്നു അവരുടെ ചിന്ത. അതുകൊണ്ടുതന്നെ അത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. തലപ്പത്തിരിക്കുന്നവരുടെ ധൂര്‍ത്ത് കാരണം പൊതുമേഖലാ വ്യവസായങ്ങള്‍ ഓരോന്നായി തകരാനിടവന്നു.

കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടറായി നിശ്ചിത യോഗ്യതയില്ലാത്ത മുസ്ലിംലീഗ് നേതാവിനെ നിയമിച്ച സംഭവമാണ് ഇതെഴുതാന്‍ കാരണമായത്. ലീഗ് ജില്ലാ സെക്രട്ടറിമാരിലൊരാളായ അബ്ദുള്‍കരീം ചേലേരിയെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചുകൊണ്ടാണ് ധൃതിപിടിച്ച് ഉത്തരവിട്ടത്. ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ എംടെക് യോഗ്യതയുള്ള ആളെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്. ഹാന്‍ടെക്സിലും ഇത്തരം നിയമനം നടന്നതായി വിവരമുണ്ട്. കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറായി പ്രാദേശിക ലീഗ് നേതാവിനെ നിര്‍ദേശിച്ച് ചരിത്രം സൃഷ്ടിച്ച പാരമ്പര്യമാണ് ലീഗിനുള്ളത്. നിശ്ചിതയോഗ്യത ഇല്ലാത്ത സ്കൂള്‍ അധ്യാപകനെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് യുജിസിയുടെ പ്രതിനിധിതന്നെ നിര്‍ദേശിക്കാനിടയായി. ഐഎഎസ് ഉദ്യോഗസ്ഥനായ വിദ്യാഭ്യാസ സെക്രട്ടറിയും ഒരു മടിയുമില്ലാതെ ഇതേ പേര് ബന്ധപ്പെട്ട സമിതിയില്‍ നിര്‍ദേശിച്ചു. അവസാനം ലീഗ്  നേതൃത്വം നാണംകെട്ട് ആ പേര് പിന്‍വലിച്ചു. യോഗ്യതയുള്ള വിസിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വിവരം. സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തേക്കാളധികം സ്വന്തം പാര്‍ടിയുടെ സ്വാര്‍ഥ താല്‍പ്പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ പ്രവണത തുടരാനനുവദിച്ചുകൂടാ. രാഷ്ട്രീയ പരിഗണന മാത്രംവച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും തലപ്പത്ത് കഴിവും യോഗ്യതയും ഇല്ലാത്തവരെ നിയമിക്കുന്ന തെറ്റായ രീതി അനുവദിക്കാന്‍ വയ്യ. ഇതിനെതിരെ ഉയര്‍ന്നുവന്ന യുവാക്കളുടെ പ്രതിഷേധം സ്വാഗതാര്‍ഹമാണ്. പ്രോത്സാഹനം അര്‍ഹിക്കുന്നതാണ്.

ദേശാഭിമാനി മുഖപ്രസംഗം 270711

1 comment:

  1. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കാനും വളര്‍ത്താനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് 2006 മുതല്‍ അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടമാണ്. നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങള്‍ ഓരോന്നായി ലാഭത്തിലെത്തിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവ് നോക്കിയാണ് ആളെ നിയമിച്ചത്. വ്യവസായവുമായി എന്തെങ്കിലും ബന്ധമുള്ള, ഭരണപരിചയമുള്ള, സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെത്തന്നെ തെരഞ്ഞെടുത്ത് മാനേജിങ് ഡയറക്ടറായും ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചു. 2001 മുതല്‍ 2006വരെ കേരളം ഭരിച്ച യുഡിഎഫ് ഭരണകാലത്തെ അനുഭവം മറ്റൊന്നായിരുന്നു. ലീഗ് നേതാവാണെന്ന ഏക കാരണത്താല്‍ ബന്ധപ്പെട്ട വ്യവസായവുമായി പുലബന്ധംപോലുമില്ലാത്ത ആളുകളെയാണ് അത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത്. അതുകൊണ്ടുതന്നെ വ്യവസായത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിലല്ല, കാറും അലവന്‍സും ബത്തയും ബംഗ്ലാവും മാത്രമായിരുന്നു അത്തരക്കാരുടെ ലക്ഷ്യം.

    ReplyDelete