പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനോട് പ്രതിപക്ഷം അസഹിഷ്ണുത കാട്ടുന്നു, സര്‍ക്കാരിന് "മധുവിധു" കാലമെങ്കിലും നല്‍കേണ്ടേ എന്ന ചോദ്യം യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുകയുണ്ടായി. അതില്‍ അല്‍പ്പം കാര്യമില്ലേ എന്ന് സംശയിച്ച ചില ശുദ്ധഗതിക്കാരുണ്ട്. ഇപ്പോള്‍ എല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. അഴിമതിരഹിത സുതാര്യഭരണം, ഭരണം ലൈവായി 24 മണിക്കൂറും കണ്ടാനന്ദിക്കാം, നൂറുദിവസംകൊണ്ട് പാലുംതേനും ഒഴുക്കും എന്നെല്ലാമുളള വീരസ്യത്തോടെ ഭരണമാരംഭിച്ച യുഡിഎഫിന്റെ തനിനിറം പുറത്തുവരാന്‍ പത്താഴ്ചയേ വേണ്ടിവന്നുളളൂ.
1982-87, 1991-94 കാലത്തെ കരുണാകരന്‍ മോഡലിലും തുടര്‍ന്നുള്ള യുഡിഎഫ് മോഡലിലുമുള്ള ദുര്‍ഭരണമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍നിന്ന് പ്രകടമായി മാറ്റമുള്ള, തികച്ചും ജനവിരുദ്ധ നയങ്ങള്‍ മുഖമുദ്രയാക്കിയ ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേത് എന്ന് വ്യക്തമാവുകയാണ്. കേവലം പത്താഴ്ചകൊണ്ട് ഇത്രമാത്രം ജനവിരുദ്ധത പ്രകടിപ്പിച്ച ഭരണം മുമ്പുണ്ടായിട്ടില്ല. കേന്ദ്രത്തിലും കേരളത്തിലും ഒരേ കക്ഷി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ ക്ഷേമ-വികസനമേഖലകളില്‍ നല്ല മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പറഞ്ഞത്. ഇപ്പോള്‍ കേന്ദ്രത്തില്‍ യുപിഎയും സംസ്ഥാനത്ത് അതിന്റെ ഘടകമായ യുഡിഎഫും ഭരിക്കുന്നു. കേന്ദ്രനയങ്ങളെ സംസ്ഥാനസര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ യുപിഎ സര്‍ക്കാരും പരസ്പരം പിന്തുണയ്ക്കുകയും പാടിപ്പുകഴ്ത്തുകയുംചെയ്യുന്നു. കേരളത്തിലെ ജനങ്ങളുടെ ജീവിതം നാനാവിധേന ദുസ്സഹമാക്കിയിരിക്കുകയാണ് ഇരുസര്‍ക്കാരുകളും. പെട്രോള്‍ , ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്ക് കുത്തനെ വില വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്രം ജനങ്ങളുടെമേല്‍ കടുത്ത ഭാരം കയറ്റിവച്ചു. ഈ തെറ്റായ നയത്തെ എതിര്‍ക്കുന്നതിന് പകരം അധിക നികുതി ഒഴിവാക്കുന്നുവെന്ന് പറഞ്ഞ് ത്യാഗം ചെയ്തതായി ഭാവിക്കുകയും വിലവര്‍ധനയെ ന്യായീകരിക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എണ്ണവില കൂടിയതോടെ ഓട്ടോ-ടാക്സി ചാര്‍ജ് മുതല്‍ നിത്യോപയോഗ സാധനങ്ങളുടെവരെ വില വര്‍ധിച്ചു. പാചകവാതകത്തിന്റെ വില 57 രൂപയാണ് വര്‍ധിച്ചത്. ഇതെല്ലാം കാരണം ഹോട്ടല്‍ഭക്ഷണത്തിന്റെ വിലയും ഗണ്യമായി കൂടി. ഇപ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഡീസലിന് വില കൂടിയതിനാല്‍ ബസ് ചാര്‍ജ് എങ്ങനെ കൂട്ടാതിരിക്കും എന്നാണ് സര്‍ക്കാരിന്റെ ചോദ്യം. ഡീസലിന് വില കൂട്ടിയത് നാട്ടുകാരല്ല, റിലയന്‍സ് പോലുള്ള കുത്തകകള്‍ക്ക് ലാഭം കുന്നുകൂട്ടുന്നതിനായി ഉമ്മന്‍ചാണ്ടിയുടെ കേന്ദ്രനേതാക്കള്‍ ഭരിക്കുന്ന യുപിഎ സര്‍ക്കാരാണ്. കൂടിയ വില കുറപ്പിക്കാന്‍ ശ്രമിക്കുകയോ കൂടിയ വിലയ്ക്ക് ആനുപാതികമായി സബ്സിഡി നല്‍കിയോ നികുതി കുറച്ചോ ബസുകളുടെ വരുമാനനഷ്ടം നികത്തുകയാണ് വേണ്ടത്, അല്ലാതെ ജനങ്ങളെ പിഴിയുകയല്ല.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് പത്താഴ്ച തികയുംമുമ്പ് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 25 പൈസ തോതില്‍ കൂട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വൈദ്യുതിക്കായി അധികം ചെലവാകുന്ന തുക സര്‍ച്ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുകയാണെന്നാണ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ വേണ്ടിവന്നപ്പോള്‍ സാധാരണക്കാരായ ഉപയോക്താക്കളെ പൂര്‍ണമായും ഒഴിവാക്കി. 200 യൂണിറ്റ് വരെ സര്‍ച്ചാര്‍ജ് വാങ്ങിയില്ല. അത്രയും തുക സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിന് സബ്സിഡിയായി കൊടുക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത് ഇരുപത് യൂണിറ്റ് വരെ സര്‍ച്ചാര്‍ജ് വാങ്ങില്ലെന്നാണ്. ഇരുപത് യൂണിറ്റ് വരെ വൈദ്യുതിചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയതാണെന്നതാണ് വസ്തുത. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ഭക്ഷ്യധാന്യങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃക കാട്ടിയെന്ന് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ , യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അത് മാറിയിരിക്കുന്നു. രണ്ട് രൂപ നിരക്കില്‍ മുഴുവന്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും അരി നല്‍കിവന്ന പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കാന്‍ പരിധിയില്ലാത്ത സബ്സിഡിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. അതുകാരണം പൊതുവിതരണകേന്ദ്രങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും നിത്യോപയോഗസാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ വിതരണംചെയ്തു. എന്നാല്‍ , പുതിയ സര്‍ക്കാരിന്റെ പരിഷ്കരിച്ച ബജറ്റില്‍ വിപണി ഇടപെടലിന് പണമില്ല. അതുകൊണ്ടുതന്നെ മിക്ക നിത്യോപയോഗസാധനങ്ങള്‍ക്കും കുത്തനെ വില കൂട്ടുകയാണ് സപ്ലൈകോ. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി വിപുലപ്പെടുത്തിയ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയും സ്വകാര്യമേഖലയ്ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കലുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് പത്താഴ്ച കൊണ്ടുതന്നെ തെളിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ച്, എല്ലാ മരുന്നുകളും സൗജന്യമായി ലഭ്യമാക്കി, പൊതുജനാരോഗ്യരംഗം മുന്‍സര്‍ക്കാര്‍ ശക്തിപ്പെടുത്തി. എന്നാല്‍ , ആ സംവിധാനം തകര്‍ത്ത് മുന്‍ യുഡിഎഫ് ഭരണകാലത്തെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ സര്‍ക്കാരാശുപത്രി സംവിധാനത്തെ മാറ്റാന്‍ ഈ ഗവണ്‍മെന്റ് ശ്രമം തുടങ്ങി.
ഡോക്ടര്‍മാരുടെ സമരത്തോടുള്ള നിലപാടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയും അതിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അഴിമതിക്ക് വേണ്ടിയാണെന്ന് വ്യക്തം. തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ നല്ലനിലയില്‍ നടത്തിവരുന്ന കള്ളുഷാപ്പുകള്‍ വീണ്ടും കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. മായം ചേര്‍ക്കലിനും അഴിമതിക്കുമാണ് ഇത് വഴിവയ്ക്കുക. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ ഭാവിയില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ ഗൂഢതാല്‍പ്പര്യമുണ്ടെന്ന് സംശയിക്കണം. ലൈസന്‍സ് വേണ്ടവര്‍ ഇപ്പോഴേ പോന്നോളൂ എന്ന ആഹ്വാനമാണ് നിബന്ധനയ്ക്കു പിന്നിലെന്ന് സംശയിക്കണം. തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരെ രക്ഷിക്കാനും അവര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനും പുനരന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഏറ്റവുമൊടുവില്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷനെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നീതിന്യായവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .
ഈ സര്‍ക്കാരിന്റെ നയങ്ങള്‍ അറുപിന്തിരിപ്പനാണെന്ന് ഭൂപരിഷ്കരണത്തിന്മേല്‍ തൊട്ടുള്ള കളി തെളിയിച്ചു. കശുമാവിന്‍തോപ്പുകളെ ഭൂപരിധിയില്‍ നിന്നൊഴിവാക്കുമെന്ന പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മാഫിയക്കു വേണ്ടിയാണ്. തോട്ടമെന്ന പേരില്‍ ഭൂപരിധിയില്‍ ഇളവ് നേടിയ ധനികവര്‍ഗത്തിന് വീണ്ടും ഇളവനുവദിച്ച് കൊള്ളലാഭമടിക്കാനാണ് തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് സമ്മതിക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തിതാല്‍പ്പര്യങ്ങളും വര്‍ഗതാല്‍പ്പര്യവുമുണ്ട്. പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കുമ്പോള്‍ ഭൂമിയുടെ 70 ശതമാനവും നിര്‍ദിഷ്ട വ്യവസായാവശ്യത്തിന് വിനിയോഗിക്കണമെന്ന മുന്‍സര്‍ക്കാരിന്റെ സെസ് നയം മാറ്റുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കരട് വ്യവസായനയത്തില്‍ പറയുന്നത് കേന്ദ്ര സെസ് നയം ഇവിടെയും ബാധകമാക്കുമെന്നാണ്. 50 ശതമാനം ഭൂമിയും മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന ദേശീയ സെസ് നയത്തില്‍ മാറ്റംവേണമെന്ന് അതുസംബന്ധിച്ച് പഠിച്ച പാര്‍ലമെന്റ് സമിതിതന്നെ ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നിട്ടും വികസനാവശ്യത്തിന് ഭൂമി കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള കേരളത്തില്‍ 30 ശതമാനത്തിന് പകരം അമ്പത് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് ഉപയോഗിച്ചോളൂ എന്ന് സംരംഭകരോട് അങ്ങോട്ടുപറയുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നിക്ഷ്പിത താല്‍പ്പര്യക്കാരാണ് ഈ സര്‍ക്കാരിന്റെ പിന്നിലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണിത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നയുടന്‍ സ്മാര്‍ട്സിറ്റി പദ്ധതിക്ക് അവര്‍ ചോദിക്കാതെ തന്നെ നാലേക്കര്‍ നല്‍കിയതും മള്‍ട്ടിപര്‍പ്പസ് സെസാക്കാന്‍ അനുമതി നല്‍കിയതും കേന്ദ്ര സെസ് നയം നടപ്പാക്കുമെന്ന് പറഞ്ഞതും യാദൃച്ഛികമല്ലെന്ന് വ്യവസായനയത്തിന്റെ കരടില്‍നിന്ന് വ്യക്തമാകുന്നു.
ന്യൂയോര്‍ക്ക് ടൈംസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടം വന്നു, 24 മണിക്കൂറും തുറക്കുന്ന അത്ഭുതം എന്നെല്ലാം വലതുപക്ഷ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം പുറത്താകാന്‍ നൂറ് ദിവസം പോലും വേണ്ടിവന്നില്ല. ചട്ടം മറികടന്ന് കൂട്ട സ്ഥലംമാറ്റവും അനധികൃത നിയമനവും ഭരണയന്ത്രത്തില്‍ അപ്പടി രാഷ്ട്രീയ-സാമുദായികവല്‍ക്കരണവും നടപ്പാക്കുകയാണ് ചെറിയ കാലയളവില്‍ സംഭവിച്ചിരിക്കുന്നത്. അങ്ങേയറ്റം ജനവിരുദ്ധമായ ഭരണത്തിനാണ് ഉമ്മന്‍ചാണ്ടി - കുഞ്ഞാലിക്കുട്ടി-മാണി സര്‍ക്കാര്‍ അടിത്തറ പാകിയിരിക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി
പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനോട് പ്രതിപക്ഷം അസഹിഷ്ണുത കാട്ടുന്നു, സര്‍ക്കാരിന് "മധുവിധു" കാലമെങ്കിലും നല്‍കേണ്ടേ എന്ന ചോദ്യം യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തുകയുണ്ടായി. അതില്‍ അല്‍പ്പം കാര്യമില്ലേ എന്ന് സംശയിച്ച ചില ശുദ്ധഗതിക്കാരുണ്ട്. ഇപ്പോള്‍ എല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. അഴിമതിരഹിത സുതാര്യഭരണം, ഭരണം ലൈവായി 24 മണിക്കൂറും കണ്ടാനന്ദിക്കാം, നൂറുദിവസംകൊണ്ട് പാലുംതേനും ഒഴുക്കും എന്നെല്ലാമുളള വീരസ്യത്തോടെ ഭരണമാരംഭിച്ച യുഡിഎഫിന്റെ തനിനിറം പുറത്തുവരാന്‍ പത്താഴ്ചയേ വേണ്ടിവന്നുളളൂ.
ReplyDelete