Saturday, July 30, 2011

പുതിയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ക്കുള്ള എന്‍ ഒ സി ഹൈക്കോടതി വിലക്കി

സംസ്ഥാനത്ത്‌ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ പുതിയ എന്‍ജിനീയറിംഗങ്‌ കോളജുകള്‍ക്ക്‌ എന്‍ ഒ സി നല്‍കരുതെന്ന്‌ സര്‍ക്കാരിന്‌ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഇപ്പോഴുള്ള ഭൂരിഭാഗം സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളിലും യോഗ്യരായ അധ്യാപകരില്ലെന്ന വിദഗ്‌ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.

പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണക്കിലെടുത്ത്‌ സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളജുകളില്‍ ഡിഗ്രി, പിജി തലങ്ങളില്‍ സീറ്റ്‌ വര്‍ധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. യോഗ്യരായ അധ്യാപകരില്ലെന്ന കാരണത്താല്‍ സര്‍വകലാശാല അഫിലിയേഷന്‍ നിഷേധിച്ചതിനെതിരെ എറണാകുളത്തപ്പന്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും നിര്‍മല എജ്യൂക്കേഷന്‍ ട്രസ്റ്റും നല്‍കിയ അപ്പീലിലാണ്‌ ഡിവിഷന്‍ ബഞ്ച്‌ ഉത്തരവ്‌.

ഇരു ഹര്‍ജിക്കാര്‍ക്കും എ ഐ സി ടി ഇ അംഗീകാരം കൊടുത്തിരുന്നെങ്കിലും യോഗ്യരായ അധ്യാപകരില്ലെന്ന കാരണത്താല്‍ അഫിലിയേഷന്‍ നിഷേധിച്ചിരുന്നു. സര്‍വകലാശാല നടപടിക്കെതിരെ ഇരുകൂട്ടരും സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ്‌ 84 സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടത്‌. ഇതിനായി തിരുവനന്തപുരം കോളജ്‌ ഒാഫ്‌ എന്‍ജിനീയറിംഗ്‌ ടെക്‌നോളജിയിലെ അസി. പ്രഫസര്‍ എന്‍ വിജയകുമാര്‍ അധ്യക്ഷനായി എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചു.

കമ്മിറ്റി മൂന്നു ഘട്ടമായി ജില്ലകളിലെ വിവിധ കോളജുകളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. 30 കോളജുകളാണ്‌ ആദ്യ ഘട്ടം പരിശോധിച്ചത്‌ ഇതില്‍ നാലോ അഞ്ചോ കോളജുകളിലൊഴികെ ഒരിടത്തും യോഗ്യരായ അധ്യാപകരില്ലെന്ന്‌ കമ്മിറ്റി വിലയിരുത്തി.

നിലവാരത്തോടെ കോളജ്‌ നടത്തുന്നത്‌ കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എന്‍ജിനീയറിംഗ്‌ കോളജുകളിലാണെന്ന്‌ വിലയിരുത്തിയ കമ്മിറ്റി ഏറ്റവും മോശം കാലിക്കറ്റ്‌ സര്‍വകലാശാലയിലെ കോളജുകളാണെന്നും വിലയിരുത്തി. പലയിടങ്ങളിലും ഒന്നിലധികം കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അധ്യാപകരില്ലെന്ന്‌ കണ്ടെത്തിയ കോളജുകള്‍ക്ക്‌ അഫിലിയേഷന്‍ തുടര്‍ന്നു ലഭിച്ചുവോയെന്ന്‌ ഈയവസരത്തില്‍ പറയുന്നില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ആവശ്യത്തിന്‌ അധ്യാപകരില്ലാതെ ഓടിക്കുന്ന കോളജുകളെക്കുറിച്ചും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്ര അധ്യാപകരുമില്ലാതെ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക്‌ അംഗീകാരം കൊടുക്കുന്നത്‌ വിദ്യാഭ്യാസത്തിനും വിദ്യാര്‍ഥികളുടെ താത്‌പര്യത്തിനും എതിരാണ്‌. ഒട്ടേറെ എന്‍ജിനീയറിങ്‌ കോളജുകള്‍ ഉള്ളതിനാല്‍ യോഗ്യരായ അധ്യാപകരെ ലഭിക്കാന്‍ പ്രയാസമുണ്ടെന്ന വസ്‌തുത മാറ്റിവയ്‌ക്കുന്നില്ല. അതുകൊണ്ട്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ്‌ കോളജുകളില്‍ പിജി കോഴ്‌സ്‌ അനുവദിച്ച്‌ അധ്യാപകര്‍ക്കുവേണ്ട യോഗ്യത നേടാന്‍ അവസരം ഉണ്ടാക്കണമെന്നും കോടതി സര്‍വകലാശാലകള്‍ക്ക്‌ നിര്‍ദേശം നല്‍കി. ശേഷിക്കുന്ന കോളജുകളിലെ പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കി ആറാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ജനയുഗം 300711

1 comment:

  1. സംസ്ഥാനത്ത്‌ ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ പുതിയ എന്‍ജിനീയറിംഗങ്‌ കോളജുകള്‍ക്ക്‌ എന്‍ ഒ സി നല്‍കരുതെന്ന്‌ സര്‍ക്കാരിന്‌ഹൈക്കോടതി നിര്‍ദേശം നല്‍കി.

    ഇപ്പോഴുള്ള ഭൂരിഭാഗം സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളിലും യോഗ്യരായ അധ്യാപകരില്ലെന്ന വിദഗ്‌ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്‌.

    ReplyDelete