Wednesday, July 27, 2011

വനിതാ പ്രൊഫസറെ ആക്രമിച്ച പള്ളിവികാരിക്കെതിരെ പ്രതിഷേധം

ബിഷപ് ഹൗസ് ഉപരോധിക്കുമെന്ന് കാത്തലിക് ഫെഡറേഷന്‍

തൃശൂര്‍ : സ്ഥലം മാറിപ്പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വനിതാ പ്രൊഫസറെ പള്ളി വികാരി മര്‍ദിച്ചതായി പരാതി. സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ. റജീന വലിയവീട്ടിലാണ് കുരിയച്ചിറ പള്ളി വികാരി ഫാ. ജോണ്‍ അയ്യങ്കാനയിലിനെതിരെ രണ്ടാഴ്ച മുമ്പ് ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാട്ടൂര്‍ എടത്തിരുത്തി സ്വദേശിയായ റജീന കഴിഞ്ഞ 12 വര്‍ഷമായി കുരിയച്ചിറയിലായിരുന്നു താമസം. സ്വദേശമായ എടത്തിരുത്തിയിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടെ പള്ളിയില്‍ അംഗത്വമെടുക്കുന്നതിനുവേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് കുരിയച്ചിറ പള്ളിയിലെത്തിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്ന വികാരി അദ്ദേഹത്തിന്റെ മുറിയില്‍ വച്ച് അസഭ്യം പറയുകയും സ്വഭാവഹത്യ നടത്തുകയുമായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പോകൂവെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കടന്നുപിടിച്ച് കസേരയില്‍നിന്ന് ബലമായി പൊക്കിയെടുക്കുകയും കഴുത്തില്‍ പിടിച്ച് തള്ളുകയും ചെയ്തു. ശക്തമായ തള്ളലില്‍ വാതിലില്‍ തലയിടിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രൊഫ. റജീന പറഞ്ഞു.

വികാരിക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ച്ച് ബിഷപ് തയ്യാറാകണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളുമായി ചേര്‍ന്ന് ബിഷപ് ഹൗസ് ഉപരോധിക്കും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോയ് പോള്‍ പുതുശേരി, വൈസ് പ്രസിഡന്റ് ആന്റണി ചിറ്റാട്ടുകര, ജനറല്‍ സെക്രട്ടറി വി കെ ജോയ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ആന്റോ കോക്കാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 270711

1 comment:

  1. സ്ഥലം മാറിപ്പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വനിതാ പ്രൊഫസറെ പള്ളി വികാരി മര്‍ദിച്ചതായി പരാതി. സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ. റജീന വലിയവീട്ടിലാണ് കുരിയച്ചിറ പള്ളി വികാരി ഫാ. ജോണ്‍ അയ്യങ്കാനയിലിനെതിരെ രണ്ടാഴ്ച മുമ്പ് ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

    ReplyDelete