Wednesday, July 27, 2011

കാസ്റ്റിംഗ് സ്പീക്കര്‍ പുനര്‍ജനിക്കുമ്പോള്‍

1980ലെ നായനാര്‍ മന്ത്രിസഭയെ ആന്‍റണി കോണ്‍ഗ്രസും മാണി കേരള കോണ്‍ഗ്രസും ചേര്‍ന്ന് കാലുവാരിയപ്പോഴാണ് കേരള സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ജനിക്കാന്‍ വഴിതുറന്നത്. ഭരണപക്ഷത്ത് സ്പീക്കര്‍ കൂടി ചേര്‍ന്നാല്‍ മാത്രംകേവല ഭൂരിപക്ഷം. സ്പീക്കറുടെ വോട്ട് ഒഴിവാകുമ്പോള്‍ ഭരണകക്ഷിയും പ്രതിപക്ഷവും ബലാബലത്തില്‍ തുല്യം. 1981ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായ ന്യൂനപക്ഷ സര്‍ക്കാര്‍ അന്നത്തെ സ്പീക്കറായിരുന്ന എ സി ജോസിെന്‍റ കാസ്റ്റിംഗ് വോട്ടിെന്‍റ പിന്‍ബലത്തില്‍ മാത്രമാണ് അധികാരത്തില്‍ തുടര്‍ന്നുവന്നത്. ഇടതുമുന്നണിക്കനുകൂലമായി ജനങ്ങള്‍ നല്‍കിയ വിധിയെ ജനാധിപത്യ വിരുദ്ധമായി പിച്ചിച്ചീന്തുന്നതിനെതിരെ ലോനപ്പന്‍ നമ്പാടന്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് കാസ്റ്റിംഗ് മന്ത്രിസഭയ്ക്ക് അന്ത്യംകുറിച്ചത്. മന്ത്രിസഭയുടെ കീഴ് ജീവനക്കാരനെപ്പോലെ സ്പീക്കര്‍ പെരുമാറിയിരുന്ന കറുത്ത ചരിത്രമുള്ള ഒരു നിയമസഭയാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്.

നാമമാത്രമായ ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാരിെന്‍റകാലത്ത് സ്പീക്കര്‍ പദവിയിലേക്ക് നിയോഗിക്കപ്പെട്ട ജി കാര്‍ത്തികേയന് എന്തെല്ലാം മ്ലേഛതകള്‍ നിര്‍വഹിച്ചു കൊടുക്കേണ്ടിവരുമെന്നതിെന്‍റ തിരനോട്ടമാണ് ഒന്നാമത് നിയമസഭാ സമ്മേളനം അവസാനിച്ച ജൂലൈ 20ന് നിയമസഭയില്‍ കണ്ടത്. കെ എം മാണി അവതരിപ്പിച്ച ധനവിനിയോഗ ബില്‍ വോട്ടിനിടുന്ന ഘട്ടമെത്തിയപ്പോഴാണ് ഭരണമുന്നണിയെ മുള്‍മുനയില്‍ നിര്‍ത്തിയ വോട്ടെടുപ്പിെന്‍റ ഘട്ടമെത്തിയത്. ബില്ലിെന്‍റ ഒന്നും രണ്ടും വായനകഴിഞ്ഞ് മൂന്നാംവായനയുടെ ഘട്ടത്തിലേക്ക് കടക്കുന്നു. ബില്‍ അവതരിപ്പിച്ച കെ എം മാണി തെന്‍റ ജോലി നിര്‍വഹിക്കുന്നതിനുപകരം പ്രസംഗം തുടരുന്നു. ആ ഘട്ടത്തില്‍ പ്രസംഗത്തിന്റെ ആവശ്യമോ കീഴ്വഴക്കമോ ഇല്ല. തലേന്ന് കെഎം മാണി അവതരിപ്പിച്ച ധവളപത്രത്തിന് ചുട്ട മറുപടി നല്‍കുന്ന ബദല്‍ ധവളപത്രം ഡോ. തോമസ് ഐസക് തയ്യാറാക്കി. അത് സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ല. എന്നാല്‍ ബദല്‍ ധവളപത്രത്തെപ്പറ്റിയാണ് കെഎം മാണി നീട്ടി പ്രസംഗിക്കുന്നത്. സ്പീക്കര്‍ ഇത് തടഞ്ഞില്ല. മാത്രമല്ല പ്രതിപക്ഷം പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലൊന്നും വോട്ടടുപ്പിലേക്ക് കടക്കാനോ മണിമുഴക്കാനോ സ്പീക്കര്‍ തയ്യാറായില്ല.

സഭയുടെ നാഥനായ സ്പീക്കര്‍ മേലാവില്‍നിന്നുള്ള ഉത്തരവ് കാത്ത് മരപ്പാവകണക്കെ ഇരുന്നുകൊടുക്കുന്നു.അവസാനം ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ആംഗ്യംകാട്ടിവോട്ടെടുപ്പിന് അനുമതി നല്‍കുംവരെ സ്പീക്കര്‍ വിനീതനായി ഇരുന്നുകൊടുത്തു. ജൂലൈ 21ന് പുറത്തിറങ്ങിയ മലയാള മനോരമയുടെ തലക്കെട്ട് "സര്‍ക്കാര്‍ വീണു വീണില്ല" എന്നാണ്. മലയാള മനോരമയ്ക്ക്പോലും സര്‍ക്കാര്‍ വീണുവെന്ന് ഉറപ്പാണ്. വീണില്ല എന്ന് ട്രിപ്പണി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സ്പീക്കര്‍ നിഷ്പക്ഷനായിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യസഭാസമ്മേളനത്തിെന്‍റ അറുതിയില്‍തന്നെ നിലംപതിച്ചേനെ. വോട്ടിംഗ് നടക്കേണ്ട സമയത്ത് സഭയില്‍ ന്യൂനപക്ഷമായിരുന്ന സര്‍ക്കാരിനെരക്ഷിച്ചെടുക്കാന്‍ ഭരണകക്ഷിക്കാര്‍ എല്ലാവും ഹാജരായിക്കഴിഞ്ഞിട്ടുമതി വോട്ടിംഗ് എന്ന തീരുമാനത്തിലേക്ക് സ്പീക്കര്‍ മാറി. ജി കാര്‍ത്തികേയന്‍ എന്ന വ്യക്തിക്ക് ഇത് എത്രത്തോളം ഭൂഷണമാകാമെങ്കിലും സ്പീക്കര്‍ പദവിക്ക് ബൂര്‍ഷ്വാ ജനാധിപത്യം കല്‍പിക്കുന്ന ധാര്‍മ്മികതയുടേയും വിശുദ്ധിയുടേയും ഏതു മാനദണ്ഡങ്ങള്‍കൊണ്ടളന്നാലും ഈ നടപടി ആ പദവിയോടുതന്നെ ചെയ്യുന്ന നീതികേടായി. ആത്മാഭിമാനം അവശേഷിച്ചിരുന്നെങ്കില്‍ ആ സമയത്ത് ഒരു രാജി പ്രഖ്യാപനം നടത്തി സ്പീക്കര്‍ ഒഴിഞ്ഞിരുന്നെങ്കില്‍ വോട്ടെടുപ്പിന് ഒരുപക്ഷേ കുറെക്കൂടി സമയം നീട്ടിക്കിട്ടിയേനെ. അങ്ങനെ മന്ത്രിസഭയ്ക്കുവേണ്ടി സ്ഥാനംത്യാഗംചെയ്തുവെന്ന ഖ്യാതി ഉപേക്ഷിച്ചാണ് സ്പീക്കര്‍ തെന്‍റ കസേരയേയും സര്‍ക്കാരിനേയും ഉളുപ്പില്ലാതെ പരിരക്ഷിച്ചുകൊടുത്തത്. അതുകൊണ്ടുതന്നെ ഈ സംഭവത്തിലൂടെ പരിക്കേറ്റത് ജനാധിപത്യ വ്യവസ്ഥയ്ക്കും സ്പീക്കര്‍ പദവിക്കുമാണ്. നാമമാത്ര ഭൂരിപക്ഷം മാത്രമേയുള്ളുവെന്നറിഞ്ഞിട്ടും മറ്റെവിടെയൊക്കെയോ മണ്ടിനടന്ന ഭരണകക്ഷി എംഎല്‍എമാരുടെ കാര്യം പറയാനില്ല. മന്ത്രിയല്ലാത്ത ഒരു "അരമന്ത്രിയെ" ഖജനാവിന് ഭാരംകൂട്ടാന്‍ ചീഫ് വിപ്പാക്കിവച്ച മന്ത്രിസഭയാണിത്.

പി സി ജോര്‍ജിന് ഈ ജോലിയൊഴിച്ച് മറ്റെല്ലാത്തിലും നല്ല പ്രതിഭയാണുള്ളത്. സ്വന്തം മുന്നണിയിലെ നേതാക്കളെ അപമാനിക്കലാണ് അദ്ദേഹം നിരന്തരമായി ചെയ്തുവന്നത്. എല്‍ഡിഎഫിന് പി സി ജോര്‍ജിനെ തള്ളിപ്പറയേണ്ടിവന്നത് മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ പി ജെ ജോസഫിനെതിരെ നടത്തിവന്ന ഉപജാപങ്ങള്‍ അതിരുവിട്ടുപോയപ്പോഴാണ്. ഇപ്പോള്‍ പി ജെ ജോസഫിനെതിരെ പുതിയൊരു ലൈംഗീകാരോപണംകൂടി പി സി ജോര്‍ജ്ജും ക്രൈം നന്ദകുമാറും കൂടിപടച്ചുവിടുന്നത് കേരളം കാണുകയാണ്. ഇതിനെല്ലാം ഓടിനടക്കുന്നതിനിടയില്‍ ചീഫ് വിപ്പിെന്‍റ ജോലിചെയ്യാന്‍ മാത്രം നേരമില്ലാത്ത വിപ്പിെന്‍റ മേന്മകൂടിയാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. ഇത്രയും ചെറിയൊരു കാര്യത്തില്‍ ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷം പോയതിലാണ് ഉമ്മന്‍ചാണ്ടിക്ക് കുണ്ഠിതം. ഗവര്‍ണറുടെ പദവിയും ആപ്പീസും യുഡിഎഫ് രാഷ്ട്രീയത്തിെന്‍റ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിച്ചതിെന്‍റ അനുഭവവും മറക്കാറായിട്ടില്ല. അതേ ഗവര്‍ണര്‍തന്നെ ജനാധിപത്യത്തിെന്‍റ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകുമോയെന്നാണ് കേരളം നിരീക്ഷിക്കുന്നത്. സ്പീക്കറും ഗവര്‍ണറും ഒരേ തൂവന്‍പക്ഷികളല്ല എന്ന് തെളിയിക്കാനായാല്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ്ക്ക് ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയോട് അല്‍പമെങ്കിലും സത്യസന്ധത പുലര്‍ത്തിയെന്ന് വിചാരിക്കാന്‍ അവസരമാകും.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 290711

1 comment:

  1. 1980ലെ നായനാര്‍ മന്ത്രിസഭയെ ആന്‍റണി കോണ്‍ഗ്രസും മാണി കേരള കോണ്‍ഗ്രസും ചേര്‍ന്ന് കാലുവാരിയപ്പോഴാണ് കേരള സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ജനിക്കാന്‍ വഴിതുറന്നത്. ഭരണപക്ഷത്ത് സ്പീക്കര്‍ കൂടി ചേര്‍ന്നാല്‍ മാത്രംകേവല ഭൂരിപക്ഷം. സ്പീക്കറുടെ വോട്ട് ഒഴിവാകുമ്പോള്‍ ഭരണകക്ഷിയും പ്രതിപക്ഷവും ബലാബലത്തില്‍ തുല്യം. 1981ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായ ന്യൂനപക്ഷ സര്‍ക്കാര്‍ അന്നത്തെ സ്പീക്കറായിരുന്ന എ സി ജോസിെന്‍റ കാസ്റ്റിംഗ് വോട്ടിെന്‍റ പിന്‍ബലത്തില്‍ മാത്രമാണ് അധികാരത്തില്‍ തുടര്‍ന്നുവന്നത്. ഇടതുമുന്നണിക്കനുകൂലമായി ജനങ്ങള്‍ നല്‍കിയ വിധിയെ ജനാധിപത്യ വിരുദ്ധമായി പിച്ചിച്ചീന്തുന്നതിനെതിരെ ലോനപ്പന്‍ നമ്പാടന്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് കാസ്റ്റിംഗ് മന്ത്രിസഭയ്ക്ക് അന്ത്യംകുറിച്ചത്. മന്ത്രിസഭയുടെ കീഴ് ജീവനക്കാരനെപ്പോലെ സ്പീക്കര്‍ പെരുമാറിയിരുന്ന കറുത്ത ചരിത്രമുള്ള ഒരു നിയമസഭയാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്.

    ReplyDelete