Thursday, July 28, 2011

ചുടലമുക്കിനെ "പ്രേതമുക്കാക്കിയ" ഏഷ്യാനെറ്റിനെതിരെ നാട്ടുകാര്‍

ചാരുംമൂട്: കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ "പ്രേതങ്ങള്‍"വാഹനാപകടങ്ങളുണ്ടാക്കുന്നുവെന്ന് പൊടിപ്പും തൊങ്ങലും വെച്ച് "സ്ഥാപിയ്ക്കുന്ന" ഏഷ്യാനെറ്റ് പരിപാടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. നൂറനാട് കുഷ്ഠരോഗാശുപത്രിയുടെ കിഴക്കേ മതില്‍ അവസാനിക്കുന്നിടത്തെ ചുടലമുക്കിനെയാണ് "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ ്പ്രേത കേന്ദ്രമാക്കിയത്. ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പ്രേതാത്മാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് സ്ഥാപിക്കുന്നവിധത്തില്‍ പലരുടെയും പ്രതികരണങ്ങളും ചാനലിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തായിരുന്നു പരിപാടി.

കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കളാണ് ഇവിടെ അപകടം വിതയ്ക്കുന്നതെന്നാണ് ബിജെപി താമരക്കുളം മണ്ഡലം ഭാരവാഹി പരിപാടിയില്‍ പറഞ്ഞത്. ഇവിടെ ബ്രാഹ്മണന്‍ അപകടത്തില്‍ മരിച്ചുവെന്നും, മറ്റുള്ളവയെക്കാള്‍ "ശക്തികൂടിയ പ്രേതമാണിതെന്നും" മറ്റൊരാള്‍ പറഞ്ഞു. 53 വര്‍ഷംമുമ്പ് റോഡ് ടാറിങ് ജോലിക്കെത്തിയ നാല് പട്ടാണികള്‍ തീയില്‍പ്പെട്ട് ഇവിടെ മരിച്ചുവെന്നു പറയുന്ന ഒരാളെയും ചാനല്‍ അവതരിപ്പിച്ചു. സൈക്കിളിലെത്തിയ രണ്ടുകുട്ടികളെ ഇവിടെ ലോറിയിടിച്ചു വീഴ്ത്തിയപ്പോള്‍ ഇവരിലൊരാള്‍ തല്‍ക്ഷണം മരിച്ചുവെന്നും ഈ വിവരം പുറത്തറിയാതിരിക്കാന്‍ കൂടെവന്ന ബാലനെ കൊലപ്പെടുത്തി ലോറിക്കാര്‍ കടന്നുവെന്ന "വെളിപ്പെടുത്തലാ"ണ് മറ്റൊന്ന്. അലഞ്ഞുതിരിയുന്ന ഈ പ്രേതാത്മാക്കളെല്ലാം ഇതുവഴിവരുന്ന വാഹനങ്ങള്‍ പിടിച്ചുമറിക്കുന്നുവെന്ന ചാനലിന്റെ നിരീക്ഷണവുംപരിപാടിയിലുണ്ടായി.

കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കായംകുളം-പുനലൂര്‍ റോഡിലാണ് ചുടലമുക്ക്. ഈ റോഡില്‍ അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശാസ്ത്രീയ വീക്ഷണത്തോടെ സംസാരിച്ചവരുടെ അഭിപ്രായം പരിപാടിയില്‍ നിന്നൊഴിവാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. സാനിട്ടോറിയത്തിന് സമീപമായതിനാല്‍ പ്രത്യേക പരിവേഷം നല്‍കി കള്ളക്കഥ മെനഞ്ഞവരുടെ പ്രതികരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പരിപാടി തയ്യാറാകിയത്. പരിപാടിക്കെതിരെ നിയമനടപടിയും നാട്ടുകാര്‍ ആലോചിക്കുന്നു.
(ആര്‍ ശിവപ്രസാദ്)

deshabhimani 280811

2 comments:

  1. കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ "പ്രേതങ്ങള്‍"വാഹനാപകടങ്ങളുണ്ടാക്കുന്നുവെന്ന് പൊടിപ്പും തൊങ്ങലും വെച്ച് "സ്ഥാപിയ്ക്കുന്ന" ഏഷ്യാനെറ്റ് പരിപാടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. നൂറനാട് കുഷ്ഠരോഗാശുപത്രിയുടെ കിഴക്കേ മതില്‍ അവസാനിക്കുന്നിടത്തെ ചുടലമുക്കിനെയാണ് "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ ്പ്രേത കേന്ദ്രമാക്കിയത്. ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പ്രേതാത്മാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് സ്ഥാപിക്കുന്നവിധത്തില്‍ പലരുടെയും പ്രതികരണങ്ങളും ചാനലിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തായിരുന്നു പരിപാടി.

    ReplyDelete
  2. ഈ പരിപാടി ഏഷ്യാനെറ്റില്‍ വന്നിട്ട്‌ ഒരുമാസത്തിനുമേലായി. ഇപ്പോഴാണോ സഖാക്കള്‍ക്ക്‌ ബോധോദയം വന്നത്‌. എന്തായാലും നന്നായി ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍. ആ പരിപാടിയില്‍ പ്രതികരിക്കാനും പ്രേതാത്മാവാണു അപകടകാരണം എന്നു സ്ഥാപിക്കാണും മുഴുത്ത കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു.

    ReplyDelete