പിന്‍ഗാമിയെ കണ്ടെത്താനായില്ല: കര്‍ണാടക പ്രതിസന്ധി രൂക്ഷം
ബംഗളൂരു: ഞായറാഴ്ച ഗവര്‍ണര്‍ക്ക് രാജി നല്‍കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചെങ്കിലും പിന്‍ഗാമിയെ കണ്ടെത്താനാകാതെ ബിജെപി കേന്ദ്രനേതൃത്വം കടുത്ത പ്രതിസന്ധിയില്‍ . രാജിസന്നദ്ധത അറിയിച്ച യെദ്യൂരപ്പ അണിയറയില്‍ വിമതനീക്കങ്ങളുമായി വിലപേശല്‍ തുടരുകയാണ്. തന്റെ വിശ്വസ്തനായ ആളെ മുഖ്യമന്ത്രിയാക്കാനും തനിക്ക് ഇഷ്ടപ്പെട്ട മറ്റ് ഉന്നതപദവി തരപ്പെടുത്താനും യെദ്യൂരപ്പ നടത്തുന്ന നീക്കങ്ങള്‍ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദതന്ത്രത്തിലൂടെ നേത്യത്വത്തെ വരച്ചവരയില്‍ നിര്‍ത്താനാണ് യെദ്യൂരപ്പ ശ്രമിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച രാത്രി വൈകിയും തുടരുകയാണ്.
മൂന്നുദിവസം നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യെദ്യൂരപ്പ രാജിവയ്ക്കുമെന്ന് അറിയിച്ചത്. യെദ്യൂരപ്പയുടെ വിശ്വസ്തനായ ജലവിഭവമന്ത്രി ബസവരാജ് ബൊമ്മെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യെദ്യൂരപ്പ നിര്‍ദേശിക്കുന്നവരില്‍നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാമെന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ബംഗളൂരുവിലെത്തി തമ്പടിക്കുന്ന ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും രാജ്നാഥ്സിങ്ങും ഉറപ്പുനല്‍കി. കേന്ദ്രനേതൃത്വത്തിനുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരെ നിര്‍ദേശിക്കണമെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡി വി സദാനന്ദഗൗഡ എംപി, ഉന്നതവിദ്യാഭ്യാസമന്ത്രി വി എസ് ആചാര്യ, നിയമമന്ത്രി എസ് സുരേഷ്കുമാര്‍ എന്നിവരാണ് സജീവപരിഗണനയിലുള്ളത്. കടുത്ത യെദ്യൂരപ്പവിരുദ്ധനായി അറിയപ്പെടുന്ന ദേശീയ ജനറല്‍ സെക്രട്ടറി എച്ച് എന്‍ അനന്ത്കുമാര്‍ എംപിയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് 67 എംഎല്‍എമാര്‍ കേന്ദ്രനേതാക്കളെ നേരിട്ട് അറിയിച്ചു.
രാത്രി ഏറെ വൈകിയും നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ തിരക്കുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ജഗദീഷ് ഷെട്ടാര്‍ , കെ എസ് ഈശ്വരപ്പ എന്നിവര്‍ രാത്രി എട്ടോടെ ഹോട്ടലിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. റെഡ്ഡിസഹോദരങ്ങളും നേതാക്കളുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കകം രാജിവയ്ക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം യെദ്യൂരപ്പ തള്ളിയിരുന്നു. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിതീരുമാനം പുനഃപരിശോധിക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ , പാര്‍ടി തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് കേന്ദ്രനേതൃത്വം അന്ത്യശാസനം നല്‍കി.
ശനിയാഴ്ച രാവിലെ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ്സിങ്, വെങ്കയ്യനായിഡു എന്നിവരുമായി യെദ്യൂരപ്പ വീണ്ടും ചര്‍ച്ച നടത്തി. ആദ്യം രാജി, പിന്നീട് ചര്‍ച്ച എന്നായിരുന്നു കേന്ദ്രനേതാക്കളുടെ നിലപാട്. രാജി നീളുന്നതില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അസന്തുഷ്ടി അറിയിച്ചു. എന്നാല്‍ , ഉപാധി അംഗീകരിക്കാതെ രാജിവയ്ക്കില്ലെന്ന് ഉറച്ചുനില്‍ക്കുകയാണ് യെദ്യൂരപ്പ. ശക്തി തെളിയിക്കാനായി തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരെ പ്രത്യേക ബസില്‍ കേന്ദ്രനേതാക്കള്‍ തങ്ങുന്ന ഹോട്ടലില്‍ എത്തിച്ചു. യെദ്യൂരപ്പയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരി ശോഭ കരന്ത്ലാജയെ മുഖ്യമന്ത്രിയാക്കില്ലെന്നും ഇതിന്റെ പേരില്‍ ഭരണം പോയാലും സാരമില്ലെന്നും കേന്ദ്രനേതാക്കള്‍ യെദ്യൂരപ്പയെ അറിയിച്ചു. പാര്‍ടി ഭാരവാഹികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും.
രാവിലെമുതല്‍ നഗരത്തില്‍ ഇരുഗ്രൂപ്പും പ്രത്യേകം യോഗം ചേര്‍ന്നു. വൈകിട്ട് യെദ്യൂരപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തി. ആഭ്യന്തരമന്ത്രി ആര്‍ അശോകും യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തെന്ന് മന്ത്രി വി എസ് ആചാര്യ പറഞ്ഞു. ഖനന അഴിമതിയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യണമെന്ന് ലോകായുക്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകരാഷ്ട്രീയം കലുഷമായത്.
(പി വി മനോജ്കുമാര്‍)
യെദ്യൂരപ്പ ഇടഞ്ഞാല്‍ പാര്‍ടി പിളരും; ഊരാക്കുടുക്കില്‍ ബിജെപി
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി എസ് യെദ്യൂരപ്പയെ മാറ്റിയാലും കര്‍ണാടകത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. പാര്‍ടിയില്‍ വിമതനീക്കം സജീവമായതിനാല്‍ പുതിയ സര്‍ക്കാരിന്റെ ആയുസ്സിനെച്ചൊല്ലി ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്കും ആശങ്ക. യെദ്യൂരപ്പയെ പിണക്കിയാല്‍ കര്‍ണാടകത്തില്‍ ബിജെപി പിളരുമെന്നും സര്‍ക്കാര്‍ നിലംപൊത്തുമെന്നും ബിജെപി കേന്ദ്രനേതൃത്വം ഭയക്കുന്നു. അതുകൊണ്ടാണ് പാര്‍ടിയോട് ബലപരീക്ഷണത്തിനിറങ്ങിയ യെദ്യൂരപ്പയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിന് കഴിയാത്തതും. രാജിവച്ചാലേ സ്ഥാനമാനങ്ങളെപ്പറ്റി തീരുമാനിക്കൂ എന്ന കേന്ദ്രനേതാക്കളുടെ നിലപാട് തിരുത്തിക്കാന്‍ യെദ്യൂരപ്പയ്ക്കായി. രാജിക്ക് ബദലായി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും സര്‍ക്കാര്‍ ഏകോപനസമിതി അധ്യക്ഷസ്ഥാനവും സുപ്രധാനവകുപ്പുകളും യെദ്യൂരപ്പ ആവശ്യപ്പെട്ടു. അനുയായികളെ പ്രധാനപ്പെട്ട വകുപ്പുകളില്‍ അവരോധിച്ച് പാര്‍ടിക്കുള്ളിലെ എതിര്‍ചേരിയെ നിലയ്ക്കുനിര്‍ത്താനാണ് നീക്കം. പാര്‍ടിക്കുള്ളിലെ മുഖ്യശത്രു അനന്ത്കുമാറിന്റെ നോമിനിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാടിലും യെദ്യൂരപ്പ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. പ്രശ്നം പരിഹരിച്ചെന്നവിശ്വാസത്തോടെ കേന്ദ്രനേതാക്കള്‍ക്ക് ഡല്‍ഹിയിലേക്ക് മടങ്ങാനാകില്ല. യെദ്യൂരപ്പയെ നീക്കരുതെന്ന് 62 എംഎല്‍എമാര്‍ നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നേതാക്കള്‍ക്കെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
സംസ്ഥാനത്തെ മത-സാമുദായിക സംഘടനകളില്‍ യെദ്യൂരപ്പയുടെ സ്വാധീനം ചെറുതായി കാണാനാകില്ല. നേരത്തെ വിമതനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെ ഒപ്പം നിര്‍ത്താന്‍ യെദ്യൂരപ്പയ്ക്കു കഴിഞ്ഞു. ലോകായുക്തയുടെ ഖനന അഴിമതി റിപ്പോര്‍ട്ടില്‍ പ്രബലരായ റെഡ്ഡി സഹോദരങ്ങളും കുടുങ്ങിയതോടെ ഇവരും യെദ്യൂരപ്പയ്ക്കൊപ്പമായി. മുഖ്യമന്ത്രിയായി തുടരാനായാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളുമെന്നും മറ്റു നിയമനടപടികള്‍ ഉണ്ടാകില്ലെന്നും യെദ്യൂരപ്പ റെഡ്ഡിമാര്‍ക്കും മറ്റും നേരത്തെ ഉറപ്പുനല്‍കിയിട്ടുണ്ട്. അനധികൃതഖനനത്തിലൂടെ പത്തുവര്‍ഷമായി സംസ്ഥാനത്തിന് നഷ്ടമായ 16,085 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ടിയെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കം പുതിയ മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കേണ്ട.
deshabhimani 310711
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി എസ് യെദ്യൂരപ്പയെ മാറ്റിയാലും കര്‍ണാടകത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി. പാര്‍ടിയില്‍ വിമതനീക്കം സജീവമായതിനാല്‍ പുതിയ സര്‍ക്കാരിന്റെ ആയുസ്സിനെച്ചൊല്ലി ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്കും ആശങ്ക. യെദ്യൂരപ്പയെ പിണക്കിയാല്‍ കര്‍ണാടകത്തില്‍ ബിജെപി പിളരുമെന്നും സര്‍ക്കാര്‍ നിലംപൊത്തുമെന്നും ബിജെപി കേന്ദ്രനേതൃത്വം ഭയക്കുന്നു.
ReplyDelete