Wednesday, July 27, 2011

ബ്രെയ്‌വിക്കിന് അനിവാര്യം മരണശിക്ഷ തന്നെയെന്ന് പിതാവ്

ഓസ്‌ലോ: നോര്‍വേ കൂട്ടക്കൊലക്കേസിലെ പ്രതി ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രെയ്‌വിക്കിനെ സ്വന്തം പിതാവും തളളിപ്പറഞ്ഞു. ബ്രെയ്‌വിക്ക് തീര്‍ച്ചയായും മരണശിക്ഷയ്ക്ക് അര്‍ഹനാണെന്ന് പിതാവ് ജെന്‍സ് ബ്രെയ്‌വിക്  പറഞ്ഞു. ബ്രെവിക്കിന് ഒരു വയസ്സായപ്പോള്‍ തന്നെ മാതാവ്  വെന്‍ജെ ബെറിംഗില്‍ നിന്നും ജെന്‍സ് വേര്‍പിരിഞ്ഞിരുന്നു.


ബ്രെയ്‌വിക്കിന്റെ  പിതാവാണെന്ന രീതിയില്‍  ഒരു വികാരവും തനിക്ക് തോന്നുന്നില്ല. നിഷ്‌കളങ്കരായ ആള്‍ക്കാരെ കൊലപ്പെടുത്തിയതിന് ഒരു ന്യായീകരണവും നല്‍കാന്‍  ബ്രെയ്‌വിക്കിന് കഴിയില്ലെന്നും പിതാവ് അഭിപ്രായപ്പെട്ടു. കൗമാരകാലം വരെ ബ്രെയ്‌വിക്കുമായി താന്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഡെയ്‌ലി ടെലഗ്രാഫിനോട് വ്യക്തമാക്കി. തന്റെ മകന്റെ പ്രവര്‍ത്തിയില്‍ അത്യധികം ഖേദം പ്രകടിപ്പിച്ച ജെന്‍സ് ഇത് തികച്ചും ഭയാനകമാണെന്നും താന്‍ അങ്ങേയറ്റം അസംതൃപ്തനാണെന്നും വെളിപ്പെടുത്തി. ബ്രെയ്‌വിക്കിന്റെ പ്രവര്‍ത്തിയില്‍ തനിക്ക് ബന്ധമൊന്നുമില്ലെങ്കിലും പിതാവ് എന്ന നിലയിലുളള ഉത്തരവാദിത്വത്തില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറുന്നില്ലെന്നും ജെന്‍സ് പറഞ്ഞു. ശിഷ്ടകാലവും പാപഭാരത്തോടെ മാത്രമേ തനിക്ക് ജീവിക്കാനാകൂവെന്നും അദ്ദേഹവും പറഞ്ഞു.

നോര്‍വേ കൂട്ടക്കൊല; പ്രതി മനോരോഗിയെന്ന് അഭിഭാഷകന്‍

ഓസ്‌ലോ: നോര്‍വേയില്‍ കൂട്ടക്കൊല നടത്തിയ ബ്രെയ്‌വിക് മനോരോഗിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചു. കടുത്ത രീതിയിലുളള മനോരോഗമാണ് ബ്രെയ്‌വിക്കിനെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകന്‍ ഗേര്‍ ലിപ്പെസ്റ്റഡ് കോടതി മുമ്പാകെ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഓസ്‌ലോയില്‍ വെടിവയ്പും ബോംബിങ്ങും നടത്തിയ ബ്രെയ്‌വിക്ക് 76 പേരുടെ ജീവനാണ് കവര്‍ന്നത്. തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ചാണ് ബ്രെയ്‌വിക്കിനെതിരെ കോടതി കേസെടുത്തത്.

 ബ്രെയ്‌വിക്കിന്റെ മനോവിഭ്രാന്തിയില്‍ നിന്നാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവമുണ്ടായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. താന്‍ ഒരു യുദ്ധമുഖത്താണെന്ന വിഭ്രമാത്മകമായ ചിന്തയില്‍ നിന്നാണ് പ്രതി ഇത്തരത്തിലൊരു കുറ്റം ചെയ്യാന്‍ മുതിര്‍ന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. ബ്രെയ്‌വിക്കിന്റെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക ആരോഗ്യസംഘത്തെ നിയോഗിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാം വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തകനാണ് താന്‍ എന്നും നോര്‍വേയില്‍ ഇത്തരത്തില്‍ രണ്ടു സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബ്രെയ്‌വിക് വെളിപ്പെടുത്തിയതായി അഭിഭാഷകന്‍ പറഞ്ഞു. ആക്രമണം നടത്താന്‍ രണ്ട് വിഭാഗങ്ങള്‍ തന്നെ സഹായിച്ചതായി നേരത്തേ ബ്രെയ്‌വിക് പൊലീസിനോടും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. കൃത്യം നടത്തുന്നതിന് മുന്‍പ് പ്രതി മയക്കുമരുന്ന് കുത്തിവച്ചിരുന്നതായി തന്നോട് വെളിപ്പെടുത്തിയതായും അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കപ്പെട്ട നവനാസി പ്രവര്‍ത്തകനായ ബ്രെവിക് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും താനൊറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനിടെ തീവ്രവാദ പ്രവര്‍ത്തനത്തിന് പുറമേ മനുഷ്യത്വത്തിന് നേരേയുളള കടന്നാക്രമണത്തിനും ബ്രെവിക്കിന്റെ മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ഇത് തെളിയിക്കപ്പെടുകയാണെങ്കില്‍ മുപ്പതുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്നതാണ്.

നോര്‍വേയിലെ ഉട്ടോയ ദ്വീപില്‍ യുവജനക്യാമ്പിനു നേരെ വെടിയുതിര്‍ത്ത ബ്രെയ്‌വിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ ബോംബാക്രമണവും നടത്തി. 76 പേരാണ് ഈ ആക്രമണങ്ങളില്‍  കൊല്ലപ്പെട്ടത്. നോര്‍വേയിലേയും യൂറോപ്പിലേയും മുസ്‌ലിം ആധിപത്യശ്രമങ്ങള്‍ക്കെതിരെയുളള ശക്തമായ താക്കീതാണ് തന്റെ ആക്രമണങ്ങളെന്ന നിലപാടിലാണ് നവനാസി പ്രവര്‍ത്തകനായ ബ്രെയ്‌വിക്ക്. പൊലീസ് പിടിയിലായ ബ്രെയ്‌വിക്കിനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന ബ്രെയ്‌വിക്കിന്റെ ആദ്യ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു,

janayugom 270711

1 comment:

  1. ബ്രെയ്‌വിക്കിന്റെ പിതാവാണെന്ന രീതിയില്‍ ഒരു വികാരവും തനിക്ക് തോന്നുന്നില്ല. നിഷ്‌കളങ്കരായ ആള്‍ക്കാരെ കൊലപ്പെടുത്തിയതിന് ഒരു ന്യായീകരണവും നല്‍കാന്‍ ബ്രെയ്‌വിക്കിന് കഴിയില്ലെന്നും പിതാവ് അഭിപ്രായപ്പെട്ടു. കൗമാരകാലം വരെ ബ്രെയ്‌വിക്കുമായി താന്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഡെയ്‌ലി ടെലഗ്രാഫിനോട് വ്യക്തമാക്കി. തന്റെ മകന്റെ പ്രവര്‍ത്തിയില്‍ അത്യധികം ഖേദം പ്രകടിപ്പിച്ച ജെന്‍സ് ഇത് തികച്ചും ഭയാനകമാണെന്നും താന്‍ അങ്ങേയറ്റം അസംതൃപ്തനാണെന്നും വെളിപ്പെടുത്തി. ബ്രെയ്‌വിക്കിന്റെ പ്രവര്‍ത്തിയില്‍ തനിക്ക് ബന്ധമൊന്നുമില്ലെങ്കിലും പിതാവ് എന്ന നിലയിലുളള ഉത്തരവാദിത്വത്തില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറുന്നില്ലെന്നും ജെന്‍സ് പറഞ്ഞു. ശിഷ്ടകാലവും പാപഭാരത്തോടെ മാത്രമേ തനിക്ക് ജീവിക്കാനാകൂവെന്നും അദ്ദേഹവും പറഞ്ഞു.

    ReplyDelete