Thursday, July 28, 2011

ആക്കുളത്ത് എംഎല്‍എയുടെ അറിവോടെ മണല്‍കടത്തും കൈയേറ്റവും

ആക്കുളം കായല്‍ നവീകരണം മുതലെടുത്ത് സ്ഥലം എം എല്‍ എയുടെ അറിവോടെ കോടിക്കണക്കിനു രൂപയുടെ മണല്‍കടത്തും കായല്‍ കൈയേറ്റവും. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കായല്‍ നവീകരണം ദ്രുതഗതിയില്‍ നടന്നുവരികയായിരുന്നു. യുഡിഎഫ് അധികാരത്തിലേറിയതു മുതല്‍ ഇത് മന്ദഗതിയിലായി. തുടര്‍ന്ന് കായല്‍ നവീകരണത്തിനു പകരം ഡ്രഡ്ജ് ചെയ്തുകയറ്റിയ പതിനായിരക്കണക്കിനു ലോഡ് മണല്‍ , വന്‍തുക ഈടാക്കി അനധികൃതമായി മറിച്ചുവില്‍ക്കുന്നതിനാണ് മുന്‍തൂക്കം കൊടുത്തത്. ഒരു ലോഡ് മണലിന് ലോറിയുടെ വലുപ്പമനുസരിച്ച് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് മണല്‍ക്കടത്ത്. ചെളിനീക്കിയ മണല്‍ ശേഖരിച്ചിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപ വാടക കൊടുത്താണ് മണല്‍ക്കടത്ത് വ്യവസായം പൊടിപൊടിക്കുന്നത്. ദിവസേന നൂറിലധികം ലോഡു മണലാണ് ഇവിടെ നിന്നും കടത്തുന്നത്. മണല്‍ക്കടത്തില്‍ ശ്രദ്ധയൂന്നിയതോടെ കായല്‍നവീകരണം പൊളിഞ്ഞു. തുടക്കത്തില്‍ കുളവാഴ നീക്കി ഡ്രഡ്ജിങ് നടത്തി വൃത്തിയാക്കിയ കായലിന്റെ ഒരു ഭാഗം വീണ്ടും മാലിന്യവും കുളവാഴയും നിറഞ്ഞുതുടങ്ങി.

കായലിന്റെ പഴയ വിസ്തൃതി പുനഃസ്ഥാപിക്കുന്നതിനൊപ്പം കായലിന്റെ നവീകരണത്തിനും ഇരുവശത്തും നടപ്പാത നിര്‍മിക്കുന്നതിനുമായി 30 കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വകയിരുത്തിയത്. ഇപ്പോള്‍ പഴയ വിസ്തൃതി പുനഃസ്ഥാപിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, കായലിന്റെ മറുവശത്ത് മണ്ണിട്ടു നികത്തി ഏതാണ്ട് ഒരു കിലോമീറ്ററിലധികം ദൂരം റോഡാക്കി മാറ്റുന്ന ജോലിയും നടക്കുന്നു. തൊട്ടടുത്ത് കോടീശ്വരന്മാര്‍ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലേക്കുള്ള പാതയൊരുക്കല്‍ നടക്കുന്നു. മണ്ണിട്ടു നികത്തുന്നതിനൊപ്പം വെള്ളം കയറാതിരിക്കാന്‍ , റോഡിനോടു ചേര്‍ന്ന് കായലില്‍നിന്നു തന്നെ നീക്കം ചെയ്ത ചെളി നിക്ഷേപിച്ച് വന്‍കിടമുതലാളിമാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കലും എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. കഴിഞ്ഞദിവസം നവീകരണം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ എം എ വാഹിദ് പ്രത്യേകയോഗം വിളിച്ചെങ്കിലും യോഗത്തില്‍ അനധികൃത കൈയേറ്റക്കാരെയും മണല്‍ക്കടത്തിനെയും പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. എംഎല്‍എയുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് യോഗം വിളിച്ചതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ആക്കുളം കായലിന്റെ ശോച്യാവസ്ഥ മാറി പഴയപ്രതാപം വീണ്ടെടുക്കുമെന്ന നാട്ടുകാരുടെ പ്രതീക്ഷയ്ക്കാണ് കൈയേറ്റക്കാരെ സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയിലൂടെ മങ്ങലേറ്റിരിക്കുന്നത്.

മണല്‍കടത്തിന് ഗുണ്ടകളുടെ അകമ്പടിയും

ആക്കുളം കായലിലെ മണല്‍കടത്തിന് ഗുണ്ടകളുടെ അകമ്പടി. കോരിയിടുന്ന മണല്‍ കയറ്റിക്കൊണ്ടുപോകാന്‍ ഒരേസമയം അന്‍പതോളം ലോറിയാണ് എത്തുന്നത്. കായലിന്റെ ഒരുവശമായ കുഴിവിള ബൈപാസിനു സമീപം കുന്നത്തോട്ടാണ് സ്വകാര്യവ്യക്തിക്ക് മാസംതോറും രണ്ടുലക്ഷം രൂപ വാടക കൊടുത്ത് മണ്ണ് ശേഖരിച്ചിടുന്നത്. കായല്‍ നവീകരണത്തിന് കരാര്‍ കൊടുത്തിരിക്കുന്നത് ട്രാവന്‍കൂര്‍ സിമന്റ്സ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ക്കാണ്. ഡ്രെഡ്ജിങ് തുടങ്ങിയ കാലയളവില്‍ മണല്‍ കണ്ടതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മണല്‍ ശേഖരിച്ച് നിര്‍മിതികേന്ദ്രം വഴിയും മറ്റും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് മണല്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നിയമാനുസൃതം പാസും വിതരണം ചെയ്തു. എന്നാല്‍ , ട്രാവന്‍കൂര്‍ സിമന്റ്സ് സബ് കോണ്‍ട്രാക്ട് നല്‍കി മണല്‍ സുകേശിനി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്ക് നല്‍കുകയാണ്. എംഎല്‍എയുടെ അറിവോടെ ഗുണ്ടകളെത്തിയാണ് ലോറികളില്‍ മണല്‍ കടത്തി വന്‍തുകയ്ക്ക് വില്‍ക്കുന്നത്. ഒരുദിവസം ഒരു കോടിയിലേറെ രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ഒരു ചതുരശ്രമീറ്ററിന് 1312 രൂപയ്ക്കാണ് മണല്‍ വില്‍ക്കുന്നതെന്നാണ് ട്രാവന്‍കൂര്‍ സിമന്റ്സിന്റെ പ്രതിനിധിയുടെ വാദം. എന്നാല്‍ , യഥാര്‍ഥ വില ഇതിന്റെ പത്തിരട്ടിയോളം വരും. കച്ചവടം കൊഴുത്തതോടെ സ്ഥലത്ത് തിരക്കും വര്‍ധിച്ചു. ചുരുക്കത്തില്‍ പ്രദേശത്ത് ഉത്സവാന്തരീക്ഷമാണ്. എന്നാല്‍ , ഗുണ്ടകളുടെ സാമീപ്യം നാട്ടുകാരില്‍ ഭീതിയുമുയര്‍ത്തുന്നു.

deshabhimani 280711

1 comment:

  1. ആക്കുളം കായല്‍ നവീകരണം മുതലെടുത്ത് സ്ഥലം എം എല്‍ എയുടെ അറിവോടെ കോടിക്കണക്കിനു രൂപയുടെ മണല്‍കടത്തും കായല്‍ കൈയേറ്റവും. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കായല്‍ നവീകരണം ദ്രുതഗതിയില്‍ നടന്നുവരികയായിരുന്നു. യുഡിഎഫ് അധികാരത്തിലേറിയതു മുതല്‍ ഇത് മന്ദഗതിയിലായി. തുടര്‍ന്ന് കായല്‍ നവീകരണത്തിനു പകരം ഡ്രഡ്ജ് ചെയ്തുകയറ്റിയ പതിനായിരക്കണക്കിനു ലോഡ് മണല്‍ , വന്‍തുക ഈടാക്കി അനധികൃതമായി മറിച്ചുവില്‍ക്കുന്നതിനാണ് മുന്‍തൂക്കം കൊടുത്തത്. ഒരു ലോഡ് മണലിന് ലോറിയുടെ വലുപ്പമനുസരിച്ച് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് മണല്‍ക്കടത്ത്.

    ReplyDelete