കേരളത്തില്‍ പുതിയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് നിരാക്ഷേപപത്രം (എന്‍ ഒ സി) നല്‍കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് സംസ്ഥാന സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെയുള്ള നിര്‍ണായകമായ മുന്നറിയിപ്പാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖല സാമൂഹ്യനീതിയുടെ നിഷേധം മാത്രമല്ല വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന ആശങ്കയെയും സാധൂകരിക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ തന്നെ വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്ന കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
കേരളത്തിലെ 84 സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ പകുതിയില്‍ താഴെ മാത്രം കോളജുകളില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമൂഹത്തെ ആകെ തന്നെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പരിശോധന നടത്തിയ മുപ്പതോളം കോളജുകളില്‍ മൂന്നു നാലെണ്ണത്തില്‍ മാത്രമാണ് അവശ്യം ആവശ്യമുള്ള യോഗ്യരായ അധ്യാപകരുള്ളത്. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണായക പങ്കുവഹിക്കേണ്ട എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുന്ന കോളജുകളില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകര്‍ക്ക് എന്‍ജിനീയറിംഗ് ബിരുദം പോലുമില്ല. കേവല ശാസ്ത്രബിരുദക്കാര്‍ പോലും എന്‍ജിനീയറിംഗ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. ബിരുദാനന്തരബിരുദമോ അതിലുപരിയോ യോഗ്യത നേടിയവര്‍ക്കുപകരം ബി ടെക്കുകാരും പ്രഫസര്‍മാരായി പ്രവര്‍ത്തിക്കുന്നു. അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ മധ്യതല അധ്യാപകര്‍ ആവശ്യത്തിനില്ല. ആവശ്യമായ പ്രവര്‍ത്തിപരിചയമില്ലാത്തവരാണ് അധ്യാപകരില്‍ ഏറെയും. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ സ്വാശ്രയ കോളജുകളില്‍ ജോലി ചെയ്യുന്നു. ഇങ്ങിനെ പോകുന്നു കമ്മിറ്റിയുടെ കണ്ടെത്തലുകള്‍.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കാന്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വിദ്യാഭ്യാസരംഗം തുറന്നുകൊടുക്കുന്നവര്‍ സ്വാശ്രയമേഖലയില്‍ മിനിമം സൗകര്യങ്ങളും അധ്യാപന സംവിധാനവും ഉണ്ടെന്നു ഉറപ്പുവരുത്താന്‍പോലും മിനക്കെട്ടിട്ടില്ലെന്നാണ് ഇടക്കാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ സ്വകാര്യ-നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ കോളജുകളില്‍ എന്‍ജിനീയറിംഗ് പഠനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തേക്കാള്‍ ഏറെ സീറ്റുകളുണ്ട്. അത്യാര്‍ത്തിപൂണ്ട മാനേജ്‌മെന്റ് സീറ്റുകള്‍ കുത്തിനിറക്കുന്നതാകട്ടെ മതിയായ യോഗ്യത പോലുമില്ലാത്ത വിദ്യാര്‍ഥികളെകൊണ്ടാണ്. വേണ്ടത്ര യോഗ്യതയുള്ള അധ്യാപകര്‍ ഉണ്ടെന്നുപോലും ഉറപ്പുവരുത്താതെയാണ് ഇത്തരം അധ്യാപന പീടികകള്‍ക്ക് അനുമതി നല്‍കുന്നത്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിനു ഉത്തരവാദിത്വപ്പെട്ട എ ഐ സി ടി ഇയും സര്‍വകലാശാലകളും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ അനാസ്ഥ അങ്ങേയറ്റം അപലപനീയമാണ്.
കേരള ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മതിയായ സൗകര്യങ്ങളും അധ്യാപകരുമില്ലാത്ത സ്വാശ്രയ കോളജുകള്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണം.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളജുകള്‍ക്ക് അഫിലിയേഷന്‍ നിഷേധിക്കുക തന്നെ വേണം. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ എ ഐ സി ടി ഇയും സര്‍വകലാശാലകളും സത്വര നടപടി സ്വീകരിക്കണം. മതിയായ അധ്യാപകര്‍ ലഭ്യമല്ലാതിരിക്കെ പുതിയ കോളജുകള്‍ക്ക് യാതൊരു കാരണവശാലും നിരാക്ഷേപപത്രം നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസമേഖലയെപ്പറ്റി വെളിപ്പെട്ടിട്ടുള്ള വസ്തുതകള്‍ എല്ലാ സ്വാശ്രയ വിദ്യാഭ്യാസമേഖലയിലേയ്ക്കുമുള്ള ചൂണ്ടുപലകയാണ്. വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണുകൊണ്ടു കാണുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ സൂക്ഷ്മ നിരീക്ഷണത്തിനും കര്‍ക്കശ നിയന്ത്രണത്തിനും വിധേയമാക്കേണ്ട ആവശ്യകതയിലേയ്ക്കാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിരല്‍ചൂണ്ടുന്നത്.
janayugom editorial 310711
കേരളത്തില്‍ പുതിയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് നിരാക്ഷേപപത്രം (എന്‍ ഒ സി) നല്‍കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് സംസ്ഥാന സ്വാശ്രയ വിദ്യാഭ്യാസ മേഖലക്കെതിരെയുള്ള നിര്‍ണായകമായ മുന്നറിയിപ്പാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖല സാമൂഹ്യനീതിയുടെ നിഷേധം മാത്രമല്ല വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്ന ആശങ്കയെയും സാധൂകരിക്കുന്നതാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ തന്നെ വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിക്കുന്ന കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
ReplyDelete