Saturday, July 30, 2011

രാജിക്ക് യെദ്യൂരപ്പ ഉപാധിവച്ചു; പുറത്താക്കുമെന്ന് ബിജെപി

ബംഗളൂരു: മുഖ്യമന്ത്രിയെ മാറ്റി ഖനന അഴിമതിയെത്തുടര്‍ന്നുണ്ടായ നാണക്കേട് മറയ്ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കില്ലെന്ന് യെദ്യൂരപ്പ തുറന്നടിച്ചു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് യദ്യൂരപ്പക്ക് ബിജെപി അന്ത്യശാസനം നല്‍കി. ബംഗളൂരുവിലുള്ള കേന്ദ്ര നേതാക്കള്‍ യോഗം ചേര്‍ന്നാണ് അന്ത്യശാസനം നല്‍കാന്‍ തീരുമാനിച്ചത്. താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്നുമാണ് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിക്ക് തയ്യാറായ യെദ്യൂരപ്പ ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചത് ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തി. 31നുശേഷമേ രാജിവയ്ക്കൂ എന്ന് യദ്യൂരപ്പ കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

തനിക്ക് പിന്‍ഗാമിയെ കണ്ടെത്താനുള്ള കേന്ദ്രനേതൃത്വത്തിന്റെ ശ്രമം ചെറുക്കാന്‍ നാടകീയരംഗങ്ങളാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സൃഷ്ടിച്ചത്. എംഎല്‍എമാരെയും എംപിമാരെയും അണിനിരത്തി ശക്തിതെളിയിക്കാനാണ് യെദ്യൂരപ്പയുടെ നീക്കം. മുന്‍ധാരണയനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ ബംഗളൂരുവിലെത്തിയ ബിജെപി നേതാക്കളായ രാജ്നാഥ്സിങ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ മണിക്കൂറുകളോളം ഹോട്ടലില്‍ കാത്തിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് യെദ്യൂരപ്പ എത്തിയില്ല. വൈകിട്ട് നാലരയോടെ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ്സിങ്, എം വെങ്കയ്യനായിഡു എന്നിവര്‍ റേസ്കോഴ്സ് റോഡിലെ വീട്ടിലെത്തി ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞദിവസം ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് രാജിക്കത്ത് നല്‍കിയ യെദ്യൂരപ്പ, തന്റെ ഉറച്ച അനുയായികളെ രംഗത്തിറക്കിയാണ് പൊരുതുന്നത്. ഡി വി സദാനന്ദഗൗഡ, വി എസ് ആചാര്യ എന്നിവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയും മുരുകേഷ് നിരാനി, ശോഭ കരന്ത്ലാജെ എന്നിവരില്‍ ഒരാളെ ഉപമുഖ്യമന്ത്രിയുമാക്കണമെന്നാണ് യെദ്യൂരപ്പയുടെ പ്രധാന ആവശ്യം. കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മുന്നോട്ടുവച്ച ജഗദീഷ് ഷെട്ടാര്‍ , അനന്ത്കുമാര്‍ എംപി, ഈശ്വരപ്പ എന്നിവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.

യെദ്യൂരപ്പയുടെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെയും കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് വെള്ളിയാഴ്ചത്തെ നിയമസഭാകക്ഷിയോഗവും റദ്ദാക്കി. പുതിയ മുഖ്യമന്ത്രിയെ ശനിയാഴ്ചയോടെ തീരുമാനിക്കുമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. എഴുപതോളം എംഎല്‍എമാരും 10 എംഎല്‍സിമാരും യെദ്യൂരപ്പയെ പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം കണക്കിലെടുത്തുവേണം കേന്ദ്രനേതൃത്വം തീരുമാനമെടുക്കേണ്ടതെന്ന് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബി ജെ പുട്ടസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തുനിന്നുള്ള 19 ബിജെപി എംപിമാരില്‍ 14 പേരുടെ പിന്തുണ യെദ്യൂരപ്പയ്ക്കുണ്ടെന്ന കാര്യം നേതൃത്വം മറക്കരുതെന്ന് മകനും ശിവമോഗ എംപിയുമായ ബി വൈ രാഘവേന്ദ്ര പ്രതികരിച്ചു. മന്ത്രി വി സോമണ്ണ കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. വെള്ളിയാഴ്ച നാടകീയരംഗങ്ങളാണ് ബംഗളൂരു നഗരത്തില്‍ അരങ്ങേറിയത്. പകല്‍ 11ന് മല്ലേശ്വരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ പാര്‍ലമെന്ററിബോര്‍ഡ് യോഗം ചേരുമെന്ന് അറിയിച്ചെങ്കിലും അവസാനനിമിഷം വേദി മാറ്റി. പിന്നീട് നക്ഷത്ര ഹോട്ടലില്‍ യോഗം ചേരുമെന്നും ഒടുവില്‍ വൈകിട്ട് ആറരയ്ക്ക് രാജ്ഭവന്‍ റോഡിലെ ഹോട്ടലില്‍ യോഗം ചേരുമെന്നും അറിയിച്ചു. എന്നാല്‍ , എംഎല്‍എമാരുടെ പ്രതിഷേധത്തെതുടര്‍ന്ന് യോഗം റദ്ദാക്കി.
(പി വി മനോജ്കുമാര്‍)

deshabhimani 300711

1 comment:

  1. മുഖ്യമന്ത്രിയെ മാറ്റി ഖനന അഴിമതിയെത്തുടര്‍ന്നുണ്ടായ നാണക്കേട് മറയ്ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കില്ലെന്ന് യെദ്യൂരപ്പ തുറന്നടിച്ചു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് യദ്യൂരപ്പക്ക് ബിജെപി അന്ത്യശാസനം നല്‍കി. ബംഗളൂരുവിലുള്ള കേന്ദ്ര നേതാക്കള്‍ യോഗം ചേര്‍ന്നാണ് അന്ത്യശാസനം നല്‍കാന്‍ തീരുമാനിച്ചത്. താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്നുമാണ് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിക്ക് തയ്യാറായ യെദ്യൂരപ്പ ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചത് ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തി. 31നുശേഷമേ രാജിവയ്ക്കൂ എന്ന് യദ്യൂരപ്പ കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

    ReplyDelete