Saturday, July 30, 2011

സിപിഐ എം പ്രവര്‍ത്തകരെ വെട്ടിയ ആര്‍എസ്എസ്സുകാര്‍ റിമാന്‍ഡില്‍

ഇരിട്ടി: നാല് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയാനെത്തിയ ആറ് ആര്‍എസ്എസ് ക്രിമിനലുകളെ ഇരിട്ടി, മട്ടന്നൂര്‍ പൊലീസ് തന്ത്രപരമായി പിടികൂടി. പി സതീശന്‍(37), കെ ബൈജു(20), കെ ബാബു(30),പി വി അഭിലാഷ്(25),പി വി സുധീഷ്(25),അജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

നടുവനാട് കൊട്ടൂര്‍ ഞാലിലെ ചകിരിക്കമ്പനിക്കടുത്ത് പതിയിരുന്ന് ഇതുവഴി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഗംഗാ നിവാസില്‍ ബാബു, സഹോദരന്‍ വിനോദ്, മനേഷ്, ജിജോ എന്നിവരെ ആര്‍എസ്എസുകാര്‍ വെട്ടിയത്. സന്ധ്യക്കായിരുന്നു അക്രമണം. നൊടിയിടയില്‍ നേരത്തെ പറഞ്ഞുറപ്പിച്ച ഓട്ടോറിക്ഷ അക്രമികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സ്ഥലത്തെത്തി. നേതൃത്വം പറഞ്ഞതനുസരിച്ച് വിളമനയിലേക്കാണ് ഓട്ടോ കുതിച്ചത്. അസമയത്ത് ഇരിട്ടി വഴി അസാധാരണ വേഗത്തില്‍ ചാവശേരി ഭാഗത്തെ ഓട്ടോ പോവുന്നത് കണ്ട് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സിഐമാരായ പ്രകാശന്‍ പടന്നയില്‍ , കെ സുദര്‍ശന്‍ , എസ്ഐ സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും കൈപ്പങ്ങാട്ടെ കുന്നിലെത്തി. രാത്രി മുഴുവന്‍ തോരാമഴയില്‍ സ്ഥലം അരിച്ചുപെറുക്കി സതീശനടക്കമുള്ള ആര്‍എസ്എസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈയിടെ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സതീശന്റെ മുന്‍കൈയിലാണ് കൊട്ടൂര്‍ഞാലില്‍ അകാരണമായും ഏകപക്ഷീയമായും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. വിളമനയില്‍ ആര്‍എസ്എസ് കാര്യവാഹകിന്റെ വാഹനം ആയുധങ്ങളുമായി എത്തി ജനങ്ങള്‍ കയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച സംഭവം നേരത്തെയുണ്ടായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങളില്‍ അക്രമം നടത്തി പ്രതികളെ എത്തിക്കുന്ന സ്ഥലങ്ങളിലൊന്നായി കൈപ്പങ്ങാട് മേഖലയെ ചില ആര്‍എസ്എസ് നേതാക്കള്‍ മാറ്റിയതായി ജനങ്ങള്‍ക്ക് ബോധ്യമാവുകയാണ്. പൊലീസും ഈ നിലക്കാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് നടുവനാട് മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധയോഗവുമുണ്ടായി. വൈ വൈ മത്തായി. ബി കെ ഖാദര്‍ , പി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 300711

1 comment:

  1. നാല് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിയാനെത്തിയ ആറ് ആര്‍എസ്എസ് ക്രിമിനലുകളെ ഇരിട്ടി, മട്ടന്നൂര്‍ പൊലീസ് തന്ത്രപരമായി പിടികൂടി.

    ReplyDelete