Thursday, July 28, 2011

കശ്മീര്‍ : വ്യാപാരവും വിനോദ സഞ്ചാരവും വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: കശ്മീര്‍ സംബന്ധിച്ച് പരസ്പരവിശ്വാസം വളര്‍ത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തീരുമാനിച്ചു. വിദേശമന്ത്രി എസ് എം കൃഷ്ണയും പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖറും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് കശ്മീരിലൂടെയുള്ള വ്യാപാരവും വിനോദസഞ്ചാരവും ബസ്ഗതാഗതവും വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സെപ്തംബറില്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്താനും ധാരണയായി. നിയന്ത്രണ രേഖ കടന്ന് പോകുന്നവര്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്നതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. 45 ദിവസത്തിനകം വിസ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. വിനോദസഞ്ചാരം, തീര്‍ഥാടനം എന്നിവയ്ക്കാണ് പ്രാമുഖ്യം. യാത്ര സുഗമമാക്കുന്നതിന് പുതുതായി വെയിറ്റിങ്ങ് ഷെഡ്ഡുകളും ടെര്‍മിനലുകളും തുറക്കും. ഇരുരാജ്യവും തമ്മിലുള്ള ബസ് ഗതാഗതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീനഗര്‍ -മുസഫറാബാദ്, പൂഞ്ച്-റാവല്‍കോട്ട് ബസ് സര്‍വീസ് വ്യാപിപ്പിക്കും. എല്ലാ തിങ്കളാഴ്ചയും സര്‍വീസുണ്ടാകും. അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം വര്‍ധിപ്പിക്കും. വ്യാപാരം ചെയ്യാവുന്ന സാധനങ്ങളുടെ പുതുക്കിയ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ആഴ്ചയില്‍ രണ്ടുദിവസമുള്ള വ്യാപാരം നാലുദിവസമായി വര്‍ധിപ്പിക്കും. പരസ്പരമുള്ള ചര്‍ച്ച തുടരുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവന പറയുന്നു.

ചര്‍ച്ചയിലെ പുരോഗതിയില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയും പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖറും സംയുക്ത പത്രസമ്മേളനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. കശ്മീര്‍ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്ന് എസ് എം കൃഷ്ണ അറിയിച്ചു. അടുത്തവര്‍ഷം ആദ്യ പകുതിയില്‍ തന്നെ വിദേശമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനും ധാരണയായി. സമാധാനസംഭാഷണപ്രക്രിയ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പാക്ക് വിദേശമന്ത്രി ഹിന കൂട്ടിച്ചേര്‍ത്തു. ഇരുരാഷ്ട്രങ്ങളുടെയും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഭീഷണിയാണ് ഭീകരവാദമെന്ന് ഇരുവരും വിലയിരുത്തി. ഈ ഭീഷണി ഇല്ലാതാക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സിയാച്ചിന്‍ , സര്‍ക്രീക്ക്, വൂളര്‍ പാലം, തുള്‍ബുള്‍ നാവിഗേഷന്‍ പദ്ധതി എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ച തുടരും. സിന്ധുനദീക്കരാര്‍ പാലിക്കുമെന്ന് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു.

വാണിജ്യബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന്‍ വാണിജ്യമന്ത്രി മകദൂം അമീന്‍ ഫാഹിമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ക്ഷണിച്ചു. എസ് എം കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ പാകിസ്ഥാനിലെ ആദ്യത്തെ വനിതാവിദേശമന്ത്രി കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യദ് അലി ഷാ ഗിലാനിയുമായി ചര്‍ച്ച നടത്തി. ഖറിന്റെ നടപടിയില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ , ജനാധിപത്യപ്രക്രിയയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നും ഇത് ഒരുതരത്തിലും സംഭാഷണത്തെ ദോഷകരമായി ബാധിക്കില്ലെന്നും പാക്ക് വിദേശസെക്രട്ടറി സല്‍മാന്‍ ബഹീര്‍ അറിയിച്ചു. വിദേശ സെക്രട്ടറി നിരുപമറാവുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സല്‍മാന്‍ ബഷീര്‍ ഇങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ബിജെപി നേതാവ് എല്‍ കെ അദ്വാനി തുടങ്ങിയവരെ പാക്വിദേശമന്ത്രി സന്ദര്‍ശിച്ചു.
(വി ബി പരമേശ്വരന്‍)

deshabhimani 280711

1 comment:

  1. കശ്മീര്‍ സംബന്ധിച്ച് പരസ്പരവിശ്വാസം വളര്‍ത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തീരുമാനിച്ചു. വിദേശമന്ത്രി എസ് എം കൃഷ്ണയും പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖറും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് കശ്മീരിലൂടെയുള്ള വ്യാപാരവും വിനോദസഞ്ചാരവും ബസ്ഗതാഗതവും വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സെപ്തംബറില്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്താനും ധാരണയായി. നിയന്ത്രണ രേഖ കടന്ന് പോകുന്നവര്‍ക്ക് ആറുമാസത്തെ വിസ നല്‍കുമെന്നതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. 45 ദിവസത്തിനകം വിസ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.

    ReplyDelete