Wednesday, July 27, 2011

ജനഹിതം ഉള്‍ക്കൊള്ളാത്ത കരട് ബില്‍

ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയല്ല സര്‍ക്കാര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നതെന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ വിചിത്രമായി തോന്നുന്നു. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷത്തുള്ള പ്രമുഖ കക്ഷികളെല്ലാം ശക്തിയുക്തം ആവശ്യപ്പെട്ടതാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഉള്‍പ്പെട്ട പ്രബല കക്ഷികളില്‍ ഒന്നാണ് ഡിഎംകെ. ആ പാര്‍ടിക്ക് 18 എംപിമാരുണ്ട്. ഡിഎംകെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ബിജെപിയും ഇടതുപക്ഷ കക്ഷികളും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നതെന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല. ജനവികാരം തെല്ലെങ്കിലും മാനിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസെങ്കില്‍ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമേ കരട് ബില്ലിന് രൂപം കൊടുക്കാന്‍ പാടുള്ളൂ.

എന്നാല്‍ , തുടക്കത്തില്‍ത്തന്നെ പ്രതിപക്ഷ പാര്‍ടികളുമായും "പൗരസമൂഹ"വുമായും ഏറ്റുമുട്ടലിന് വേദിയൊരുക്കാനാണ് കോണ്‍ഗ്രസ് ഒരുമ്പെടുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യം ഇപ്പോള്‍ കൂടുതല്‍ വെളിപ്പെട്ടുകഴിഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് 2ജി സ്പെക്ട്രം. ഈ അഴിമതിയില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി ചിദംബരത്തിനും പങ്കുണ്ടെന്ന വസ്തുതയാണ് മുന്‍മന്ത്രി എ രാജ ഏറ്റവും ഒടുവില്‍ കോടതിമുമ്പാകെ വെളിപ്പെടുത്തിയത്. ഇരുവരും അറിഞ്ഞുകൊണ്ടാണ് 2ജി സ്പെക്ട്രം ഇടപാട് നടന്നതെന്നാണ് യുപിഎ സഖ്യത്തിലെ ഘടകകക്ഷിയായ ഡിഎംകെ നേതാക്കള്‍ പറയുന്നത്. ഇത് നിഷേധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പ്രധാനമന്ത്രിമാര്‍ അഴിമതിക്കതീതരാണെന്ന് കരുതാന്‍ വയ്യ. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അവരുടെ ശബ്ദം അനുകരിച്ചുകൊണ്ടാണെന്ന് പറയുന്നു, ഒരാള്‍ ഒരു ബാങ്കില്‍ വിളിച്ച് ദൂതന്‍വശം 60 ലക്ഷം രൂപ കൊടുത്തുവിടാന്‍ ആവശ്യപ്പെട്ടു. ബാങ്കില്‍നിന്ന് പണം കൊടുക്കുകയുംചെയ്തു. ബാങ്കില്‍നിന്ന് മതിയായ രേഖയില്ലാതെ എത്ര ചെറിയ തുക നല്‍കാനും ബാങ്ക് അധികൃതര്‍ക്ക് കഴിയില്ല. എന്നിട്ടും ഫോണില്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വലിയ തുക ദൂതന് നല്‍കിയതായാണ് വാര്‍ത്ത വന്നത്. ഈ വിഷയത്തില്‍ ന്യായമായ അന്വേഷണം നടന്നതായി അറിവില്ല. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിച്ചതായും അറിവില്ല. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബൊഫോഴ്സ് അഴിമതി നടന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അതില്‍ ഉള്‍പ്പെട്ട "ക്യൂ" എന്ന് പറയുന്ന ഇറ്റലിക്കാരന്‍ ക്വട്രോച്ചിയെ കുറ്റവിമുക്തനാക്കി. ക്വട്രോച്ചിയുടെ മരവിപ്പിച്ച അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുകയുംചെയ്തു.

ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെപ്പറ്റി ഏറ്റവും വലിയ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് 2007ല്‍ അദ്ദേഹം എ രാജയ്ക്കയച്ച കത്തില്‍നിന്നുതന്നെ വ്യക്തമാണ്. മന്‍മോഹന്‍സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും അഴിമതി തടയാന്‍ ഒരു നടപടിയും ഉണ്ടായില്ല. മുന്നണി മര്യാദയുടെ പേരിലാണ് എ രാജക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നതെന്നും 2009ല്‍ രാജയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. അഴിമതി നേരിട്ടറിഞ്ഞിട്ടും അത് തടയുന്നതിനും അഴിമതിക്കാരനെതിരെ നടപടി കൈക്കൊള്ളുന്നതിനും മുന്നണി മര്യാദ എങ്ങനെയാണ് തടസ്സമാകുന്നതെന്നറിയില്ല. ഈ സാഹചര്യത്തില്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താതിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നും നിയമം ദുരുപയോഗപ്പെടുത്താന്‍ ഇടവരുമെന്നുമുള്ള ആശങ്കയും അസ്ഥാനത്താണ്. അതിനാല്‍ ബില്ല് പാസാക്കുകയാണ് ഉദ്ദേശമെങ്കില്‍ കരടുബില്ലില്‍ത്തന്നെ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതാണ് ഉചിതമായ നടപടി. ഏറ്റുമുട്ടലിനുള്ള ശക്തിയോ കഴിവോ കോണ്‍ഗ്രസിനില്ലെന്നും കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നുമുള്ള സത്യം ഏറ്റവുംവേഗം തിരിച്ചറിയുന്നതാണ് ബുദ്ധി.

ദേശാഭിമാനി മുഖപ്രസംഗം 270711

1 comment:

  1. ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയല്ല സര്‍ക്കാര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നതെന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ വിചിത്രമായി തോന്നുന്നു. ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷത്തുള്ള പ്രമുഖ കക്ഷികളെല്ലാം ശക്തിയുക്തം ആവശ്യപ്പെട്ടതാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഉള്‍പ്പെട്ട പ്രബല കക്ഷികളില്‍ ഒന്നാണ് ഡിഎംകെ. ആ പാര്‍ടിക്ക് 18 എംപിമാരുണ്ട്. ഡിഎംകെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ബിജെപിയും ഇടതുപക്ഷ കക്ഷികളും ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നതെന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല. ജനവികാരം തെല്ലെങ്കിലും മാനിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസെങ്കില്‍ ലോക്പാലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമേ കരട് ബില്ലിന് രൂപം കൊടുക്കാന്‍ പാടുള്ളൂ.

    ReplyDelete