Friday, September 30, 2011

എന്‍‌ഡോസല്‍ഫാന്‍ നിരോധിച്ചൂന്ന് ആരാ പറഞ്ഞേ?



യു ഡി എഫിന് ലിറ്റ്മസ് പരീക്ഷണം

പ്രബുദ്ധ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിഷ്ഠൂരവും പൈശാചികവുമായ ആക്രമണമാണ് അഴിമതി കേസില്‍ ജയില്‍വാസമനുഭവിക്കുന്ന (?) ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറിന് കഴിഞ്ഞ ദിവസം നേരിടേണ്ടിവന്നത്. ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അബോധാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

നാടുവാഴിത്തം തുടച്ചു നീക്കപ്പെട്ട കേരളത്തിന്റെ മണ്ണില്‍ നിയമത്തെയും നീതി വ്യവസ്ഥയെയും ലംഘിച്ച് ഇനിയും അവശേഷിക്കുന്ന മാടമ്പിത്തത്തിന്റെ ദാര്‍ഷ്ട്യവും സംസ്‌ക്കാര ശൂന്യതയുമാണ് കൃഷ്ണകുമാറിന്റെ നേരെ നടന്ന ആക്രമണത്തിലൂടെ പുറത്തുവന്നത്. 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നിയമം മൂലം അവസാനിപ്പിച്ചതാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സ്വേച്ഛാധികാരം. എന്നാല്‍ ഇനിയും അവസാനിക്കാതെ തുടരുന്ന മാടമ്പി തുരുത്തുകള്‍ക്ക് ഉദാഹരണമാണ് വാളകം സ്‌കൂളും അതിന്റെ മാനേജ്‌മെന്റും.

ക്രിമിനല്‍ കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയേണ്ട ബാലകൃഷ്ണപിള്ള നാട്ടിലെ മുഴുവന്‍ നിയമങ്ങളും നീതി വ്യവസ്ഥയും കാറ്റില്‍ പറത്തി ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അഭയം തേടുന്നു. സംസ്ഥാന ഭരണാധികാരം ദുരുപയോഗപ്പെടുത്തി ശിക്ഷാ കാലാവധി സുഖവാസമാക്കി മാറ്റുകമാത്രമല്ല ബാലകൃഷ്ണപിള്ള ചെയ്യുന്നത്. തന്റെ മാടമ്പിത്തത്തിന് ഇണങ്ങുംവിധം ക്വട്ടേഷന്‍ സംഘങ്ങളെ തരപ്പെടുത്തി പൈശാചികമായി കുടിപ്പക തീര്‍ക്കാനും ശിക്ഷാ കാലാവധി പ്രയോജനപ്പെടുത്തുന്നു. ജന്മിത്വത്തിനു കൊടിയിറങ്ങാത്ത വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത അതിക്രമത്തിനാണ് ബാലകൃഷ്ണപിള്ളയും കുടുംബവും നേതൃത്വം നല്‍കുന്നത്.

വാളകത്ത് അരങ്ങേറിയ മനുഷ്യത്വഹീനമായ അക്രമത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ബാലകൃഷ്ണപിള്ളയേയും ഗണേഷ്‌കുമാറിനെയുംകാള്‍ ഈ കുറ്റകൃത്യത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരാണ്. ഇത്രയും പൈശാചികമായ അക്രമത്തിന് അവസരമൊരുക്കിയത് ക്രിമിനല്‍ കുറ്റവാളിയെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥ അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ജയിലിലടച്ച ബാലകൃഷ്ണപിള്ളയ്ക്ക് തുടര്‍ന്നും തന്റെ ക്രൂരകൃത്യങ്ങള്‍ക്ക് അവസരം നല്‍കിയത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമാണ്. അഴിമതിയുടെ മാത്രമല്ല ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു.

ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലും നേതൃത്വത്തിലുമുള്ള സ്‌കൂളുകള്‍ അധ്യാപകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. പതിറ്റാണ്ടുകളായി അവര്‍ തുടര്‍ന്നുവരുന്ന അതിക്രമങ്ങളുടെ അവസാനത്തെ കണ്ണി മാത്രമാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. വാളകം സ്‌കൂളില്‍ അകാരണമായി പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സമരം നാട്ടുകാര്‍ ഇനിയും വിസ്മരിച്ചിട്ടില്ല. ബാലകൃഷ്ണപിള്ള തന്നെ മാനേജരായിരുന്ന എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ വക സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ യാതൊരു ആനുകൂല്യവും ലഭിക്കാതെ പിരിഞ്ഞുപോകേണ്ടി വന്നതും ഈ മാടമ്പിത്തത്തിന്റെ തെളിവാണ്. ബാലകൃഷ്ണപിള്ളയെ ഡി പി ഐ ഇടപെട്ടു മാനേജര്‍ സ്ഥാനത്ത് തുടരുന്നതിനു അയോഗ്യനാക്കുകപോലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അക്രമത്തിനിരയായ കൃഷ്ണകുമാറിന്റെ പത്‌നി കെ ആര്‍ ഗീതയെ പ്രധാന അധ്യാപികയായി ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിയമിക്കേണ്ടി വന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ മൂലകാരണം.

ആര്‍ ബാലകൃഷ്ണപിള്ളയും ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭയില്‍ അംഗമായ മകന്‍ ഗണേഷ്‌കുമാറും ഈ സ്‌കൂളിന്റെ മനേജര്‍മാരായിരുന്നു. ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനുശേഷമാണ് സ്‌കൂളില്‍ 'പ്രോക്‌സി' ഭരണം ഏര്‍പ്പെടുത്തിയത്. അവരിരുവരുടെയും ഇച്ഛയ്ക്കു വിരുദ്ധമായി യാതൊന്നും ആ സ്‌കൂളില്‍ നടക്കില്ല. നടക്കാന്‍ പാടില്ല. ഈ മാടമ്പി സമീപനം കോടതിയിടപെടലിലൂടെ ചോദ്യം ചെയ്യപ്പെട്ടതാണ് ഇപ്പോഴത്തെ സംഭവ വികാസത്തിനു നിദാനം.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വാളകത്തും പത്തനാപുരത്തും കുന്നിക്കോടും ജനങ്ങള്‍ ഹര്‍ത്താലാചരിച്ചു. യുവജന വിദ്യാര്‍ഥി സംഘടനകള്‍ സംഭവത്തില്‍ ക്ഷുഭിതരും പ്രക്ഷുബ്ധരുമാണ്. യു ഡി എഫ് ഭരണത്തിന്റെ അന്ത്യം കുറിക്കാനുള്ള തുറുപ്പുശീട്ടായ ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലും നിയമസഭയിലും അംഗമാണ്. മന്ത്രിയും പ്രബലരായ ഐ എ എസ് ഉദ്യോഗസ്ഥരുമുള്‍പ്പെട്ട മാടമ്പി കുടുംബമാണ് മനുഷ്യത്വ ഹീനമായ ഈ സംഭവത്തിനു മൂലഹേതു. തടവുശിക്ഷ വിധിക്കപ്പെട്ടിട്ടും പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സയുമായി താമസമുറപ്പിച്ചിരിക്കുന്ന ബാലകൃഷ്ണപിള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മാധ്യമങ്ങളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു.

കേരളത്തെ ലജ്ജിപ്പിച്ച ഈ സംഭവത്തിലുള്ള അന്വേഷണത്തിന്റെ ഗതിയെപ്പറ്റി ആശങ്ക ഉളവാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബാലകൃഷ്ണപിള്ളയുടെയും മകന്‍ മന്ത്രി ഗണേഷ് കുമാറിന്റെയും കുടുംബത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ശ്രമം ആരംഭിച്ചുവെന്നുവേണം കരുതാന്‍. വാളകം സംഭവത്തില്‍ ഭീകരവാദികളുടെ പങ്ക് കണ്ടെത്താനുള്ള ശ്രമം തീര്‍ത്തും പരിഹാസ്യമാണ്.

ജനാധിപത്യത്തിലും നിയമസ്ഥവ്യവസ്ഥയിലും തെല്ലെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ബാലകൃഷ്ണപിള്ളക്കും കുടുംബത്തിനും സ്വാധീനിക്കാന്‍ കഴിയാത്ത ഉന്നതതല അന്വേഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിയമങ്ങള്‍ക്കും നീതിവ്യവസ്ഥയ്ക്കും നിരക്കാത്തവിധം സുഖവാസമാസ്വദിക്കുന്ന ബാലകൃഷ്ണപിള്ളയ്ക്ക് രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ച ശിക്ഷ ഉറപ്പുവരുത്തണം. ചുരുങ്ങിയ കാലത്തെ ഭരണ നിര്‍വഹണത്തിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ യു ഡി എഫ് ഭരണത്തിന്റെ അവസാന ലിറ്റ്മസ് പരീക്ഷണമാണ് വാളകം സംഭവവും അതിനെപ്പറ്റിയുള്ള അന്വേഷണവും.

janayugom editorial 300911

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്

കെടുകാര്യസ്ഥതയും ഭരണതലത്തിലെ ധൂര്‍ത്തും അരങ്ങുതകര്‍ക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ് സി ഐ) സാമ്പത്തിക തകര്‍ച്ചയിലേക്ക്. കഴിഞ്ഞ 19 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിലവില്‍ എയര്‍ ഇന്ത്യയിലേതിനു സമാനമായ സാഹചര്യമാണുള്ളതെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 33 കപ്പലുകള്‍ വാങ്ങാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിന് മന്ത്രാലയം തടയിട്ടിരിക്കുകയാണ്.

പുതിയ കപ്പലുകള്‍ വാങ്ങാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ കോര്‍പ്പറേഷന് 200 ദശലക്ഷം ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ രേഖ പറയുന്നത്. ഇത് കോര്‍പ്പറേഷനെ എയര്‍ ഇന്ത്യയെപ്പോലെ കടക്കെണിയില്‍ കുടുക്കാനിടയാക്കും. കോര്‍പ്പറേഷന്റെ കരാര്‍ അനുസരിച്ച് ഓരോ കപ്പലിനും വിപണിവിലയേക്കാള്‍ പലമടങ്ങ് അധികം വരുമെന്നാണ് രേഖ ചൂണ്ടിക്കാട്ടുന്നത്.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിട്ടുള്ള 33 കപ്പലുകളില്‍ 21 എണ്ണം ചൈനീസ് കപ്പല്‍ശാലകളിലാണ് നിര്‍മിക്കുന്നത്. ഇതില്‍ പത്തെണ്ണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനേ ഇതുവരെ കോര്‍പ്പറേഷനു കഴിഞ്ഞിട്ടുള്ളൂ.

മന്ത്രാലയത്തിന്റെ രേഖയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ഹാജറ പറഞ്ഞത്. ഇന്ത്യന്‍ കപ്പല്‍ ഗതാഗതത്തിന്റെ മൂന്നിലൊന്നും നിലവില്‍ ഷിപ്പിംഗ് കോര്‍പ്പറേഷനാണ് കൈകാര്യം ചെയ്യുന്നത്. പതിനൊന്നാം പദ്ധതിയില്‍ (2007012) 62 പുതിയ കപ്പലുകള്‍ വാങ്ങാനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25 എണ്ണം വാങ്ങാനാണ് ഇതുവരെ കഴിഞ്ഞത്.

janayugom 011011

എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ്ണനിരോധനം

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണഅന്തിമ ഉത്തരവ്. കാസര്‍ഗോഡ് ജില്ലയിലെയടക്കം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇപ്പോള്‍ നിര്‍മ്മിച്ച് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സുപ്രീം കോടതി താല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മിച്ചു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിര്‍മ്മാണവും വിതരണവും പാടില്ല. കമ്പനികളുടെ. ഇപ്പോഴുള്ള 1990.596 മെട്രിക് ടണ്‍ ശേഖരമാണ് കയറ്റുമതി ചെയ്യാന്‍ അനുവാദം കൊടുത്തത്.

രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തില്‍ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സര്‍ക്കാരും മറ്റു ഏജന്‍സികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ മെയ് 13ന് ഇക്കാര്യത്തില്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ മടങ്ങിയെത്താതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാര്‍ ,കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞ കാസര്‍ഗോട്ടെയും മറ്റും ജനങ്ങള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമാണ് കോടതിവിധി

deshabhimani news

ചിദംബരം രാജിവെക്കണം സിപിഐഎം

കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക് ധനമന്ത്രാലയത്തിന്റെ മാത്രമായ നിഗമനമല്ലെന്ന് വ്യക്തമായതിനാല്‍ പി ചിദംബരം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. പ്രണബ് മുഖര്‍ജി നല്‍കിയ വിശദീകരണമനുസരിച്ച് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഏകീകരിച്ച ക്യാബിനറ്റ് കുറിപ്പാണ് പുറത്ത് വന്നത്.

പെട്രോള്‍ വില 3.14 വര്‍ധിപ്പിച്ചതിനെയും പൊളിറ്റ് ബ്യൂറോ ശക്തമായി എതിര്‍ത്തു. ഇന്ധനവില പണപ്പെരുപ്പവും വിലക്കയറ്റവുംവര്‍ധിപ്പിക്കും. രാജ്യത്തെ ദാരിദ്രരേഖക്കു താഴെയുള്ളവരുടെ എണ്ണം കൃത്രിമമായി കുറച്ചു കാണിക്കാനാണ് ഒരു ദിവസത്തെ ചെലവ് ഗ്രാമങ്ങളില്‍ 26 രൂപയും, നഗരങ്ങളില്‍ 32 രൂപയുമാക്കി പുനര്‍നിര്‍ണ്ണയിച്ചത്. ഏവര്‍ക്കും ജീവിക്കാനാവശ്യമായ ഭക്ഷണം നിയമം മൂലം ഉറപ്പുനല്‍കണം. രാസവളങ്ങളുടെ വിലക്കയറ്റം കൃഷിക്കാരെ പ്രതികൂലമായി ബാധിക്കുന്നു. കുത്തകകളുടെ ചില്ലറവില്‍പനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിരെയും ഈ രംഗത്തെ വിദേശനിക്ഷേപത്തിനെതിരെയും രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും. എന്‍ഡിഎ ഭരണകാലത്ത് ഗ്യാസ് എജന്‍സിയും പെട്രോള്‍ പമ്പും അനുവദിക്കുന്നതില്‍ വന്‍അഴിമതി നടത്തിയ ബിജെപി ഇപ്പോള്‍ അഴിമതിക്കെതിരെ രഥയാത്ര സംഘടിപ്പിക്കുന്നത് അപഹാസ്യമാണെന്നും പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി

deshabhimani news

ചിദംബരത്തെ രക്ഷിക്കാന്‍ സിബിഐ; പ്രണബും പിന്‍വലിഞ്ഞു

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ മന്ത്രി പി ചിദംബരത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സിബിഐയും. അഴിമതിയില്‍ ചിദംബരത്തിനു പങ്കില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താതെ ഇത്തരമൊരു നിലപാടില്‍ എങ്ങനെയെത്തിയെന്ന് വിശദീകരിക്കാന്‍ സിബിഐ അഭിഭാഷകന്‍ കെ കെ വേണുഗോപാലിനുകഴിഞ്ഞില്ല. കേസിലെ തുടര്‍വാദം കോടതി ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.

സ്പെക്ട്രം ഇടപാടില്‍ വ്യവസായി അനില്‍ അംബാനിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് സിബിഐ അറിയിച്ചു. സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഹാജരാക്കിയ രേഖകളില്‍ എല്ലാ പേജുകളും ഇല്ലായിരുന്നു. അതിനാല്‍ മുഴുവന്‍ പേജുകളോടെയും രേഖകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ചിദംബരത്തിനൊപ്പം നിലയുറപ്പിച്ചതോടെ ധനമന്ത്രി പ്രണബ് മുഖര്‍ജി മുന്‍നിലപാട് തിരുത്തി. 2ജി ഇടപാട് സംബന്ധിച്ച് ധനമന്ത്രാലയം തയ്യാറാക്കിയ കുറിപ്പിലെ ചിദംബരത്തിനെതിരായ പരാമര്‍ശങ്ങള്‍ തന്റെ കാഴ്ചപ്പാടല്ലെന്ന് പ്രധാനമന്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രണബ്മുഖര്‍ജി പറഞ്ഞു. പ്രണബിന്റെ പ്രസ്താവനയില്‍ താന്‍ സന്തുഷ്ടനാണെന്നും വിവാദം ഇതോടെ അവസാനിച്ചുവെന്നും ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരാഴ്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്പെക്ട്രം വിവാദത്തിന് തിരശ്ശീലയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രണബിനെക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിപ്പിച്ച് പ്രസ്താവനയിറക്കിയത്.
എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ നാടകം കളിയിലൂടെ പ്രശ്നം അവസാനിക്കുന്നില്ലെന്നും ചിദംബരം രാജിവെയ്ക്കുക തന്നെ വേണമെന്നും പ്രതിപക്ഷ പാര്‍ടികള്‍ പ്രതികരിച്ചു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിനു പങ്കില്ലെന്ന് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ വാദം സിബിഐ അഭിഭാഷകന്‍ വേണുഗോപാല്‍ ആവര്‍ത്തിച്ചു. സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടാണ് ചിദംബരം സ്വീകരിച്ചതെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. സ്പെക്ട്രം വിഷയത്തിലേക്ക് ചിദംബരത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്-വേണുഗോപാല്‍ പറഞ്ഞു.

ഇടപാടില്‍ ചിദംബരത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി ഒക്ടോബര്‍ പത്തിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് സിബിഐ ചിദംബരത്തെ ന്യായീകരിച്ചത്. ചിദംബരത്തിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സ്പെക്ട്രം അന്വേഷണം വിപുലപ്പെടുത്തുന്നതിന് അനില്‍ അംബാനിയുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. അഴിമതിയുടെ ഗുണഭോക്താക്കള്‍ ആരെന്നു കണ്ടെത്താനാണ് അന്വേഷണം വിപുലപ്പെടുത്തുന്നതെന്ന് വേണുഗോപാല്‍ വിശദീകരിച്ചു. എന്നാല്‍ , ടാറ്റ ഗ്രൂപ്പിനെയും വീഡിയോകോണ്‍ ഗ്രൂപ്പിനെയും സംരക്ഷിക്കുന്ന നിലപാടും സിബിഐ സ്വീകരിച്ചു.

മാരനും അറസ്റ്റിലാകും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാവും മുന്‍ ടെലികോംമന്ത്രിയുമായ ദയാനിധി മാരനും പ്രതിപ്പട്ടികയിലേക്ക്. മാരനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം കേസെടുക്കുമെന്നും സിബിഐ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. സ്പെക്ട്രം ഇടപാടില്‍ എസ്സാര്‍ ഗ്രൂപ്പിനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്നും സിബിഐ അറിയിച്ചു. അന്വേഷണപുരോഗതി വിവരിക്കുന്ന റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറി.
സ്പെക്ട്രം ഇടപാടില്‍ മാരന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും മൗറീഷ്യസില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിന് നടപടി ആരംഭിച്ചെന്നും സിബിഐ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. മാരനെതിരെ അന്വേഷണം പൂര്‍ത്തിയായി. എല്ലാവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഏതാനും ദിവസംകൂടി ഇതിന് വേണ്ടിവരും. എന്നാല്‍ , ഈ മാസംതന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും- വേണുഗോപാല്‍ പറഞ്ഞു.

മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പ് എയര്‍സെല്‍ മൊബൈല്‍ കമ്പനി വാങ്ങിയ ഇടപാടിലാണ് മാരനെ പ്രതിചേര്‍ക്കുന്നതെന്ന സൂചനയും വേണുഗോപാല്‍ നല്‍കി. തന്റെ കമ്പനി മാക്സിസ് ഗ്രൂപ്പിന് വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്ന് എയര്‍സെല്‍ കമ്പനി ഉടമ സി ശിവശങ്കരന്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി അന്വേഷിക്കുന്നുണ്ട്. വിദേശ കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്പരസഹായ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിച്ചു. 549 കോടി രൂപയുടെ ഇടപാടാണ് നടന്നത്. എസ്സാര്‍ ഗ്രൂപ്പിനെതിരായ അന്വേഷണത്തിന്റെ സ്ഥിതിയെന്തെന്ന് കോടതി ആരാഞ്ഞപ്പോള്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാഴ്ചകൂടി വേണ്ടിവരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
എയര്‍സെല്‍ വാങ്ങിയ മാക്സിസ് ഗ്രൂപ്പിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവ് റാല്‍ഫ് മാര്‍ഷലിനെ സിബിഐ ചോദ്യംചെയ്തിരുന്നു. സണ്‍ ടിവിയില്‍ നിക്ഷേപമുള്ള അസ്ട്രൊ എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയാണ് മാര്‍ഷല്‍ . ദയാനിധി മാരന്റെ സഹോദരനും സണ്‍ ടിവി ഉടമയുമായ കലാനിധി മാരന്‍ മാക്സിസ് ഗ്രൂപ്പിലെ ബോര്‍ഡംഗമാണ്. എയര്‍സെല്‍ - മാക്സിസ് ഗ്രൂപ്പ് ഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്ന് കരുതുന്ന അപ്പോളോ ആശുപത്രി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനീത റെഡ്ഡിയെയും സിബിഐ ചോദ്യംചെയ്തിരുന്നു. സ്പെക്ട്രം ഇടപാടില്‍ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. ചിദംബരത്തെയും മാരനെയുമൊക്കെ സംരക്ഷിക്കാനാണ് സിബിഐയുടെ ശ്രമം. ചിദംബരത്തിന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ കോടതി പ്രത്യേകാന്വേഷണ സംഘത്തെ വയ്ക്കണം. സ്പെക്ട്രം ഇടപാടില്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ പങ്കും അന്വേഷിക്കണം. കുറ്റപത്രം സമര്‍പ്പിച്ചെന്ന കാരണം പറഞ്ഞ് ചിദംബരത്തിനെതിരായ അന്വേഷണം ഒഴിവാക്കാനുള്ള സിബിഐയുടെ ശ്രമം അനുവദിക്കരുത്. ഗുജറാത്ത് വംശഹത്യാ കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സമയത്ത് പോലും കോടതി പ്രത്യേകാന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്- ഭൂഷണ്‍ പറഞ്ഞു. ഭൂഷണിന്റെ വാദങ്ങള്‍ക്ക് സിബിഐയും സര്‍ക്കാരും വ്യാഴാഴ്ച മറുപടി നല്‍കും. അതിനിടെ, സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനസെക്രട്ടറി സുബ്ബറാവു തയ്യാറാക്കിയ കുറിപ്പുകളെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചിദംബരത്തെ രക്ഷിക്കാന്‍ തീരുമാനിച്ചത് സോണിയ

ന്യൂഡല്‍ഹി: സ്പെക്ട്രം വിവാദത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിച്ചതോടെയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് പിന്നോക്കംപോകേണ്ടിവന്നത്. വ്യാഴാഴ്ച രാവിലെ സോണിയയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുചേര്‍ന്ന യോഗത്തിലാണ് ചിദംബരത്തെ സംരക്ഷിക്കാന്‍ ധാരണയായത്. പ്രതിരോധമന്ത്രി എ കെ ആന്റണി, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിദംബരത്തിനൊപ്പം നില്‍ക്കുകയെന്ന നിര്‍ദേശം സോണിയ പ്രധാനമന്ത്രിക്ക് കൈമാറി. സിക്കിമിലെ ഭൂകമ്പബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വൈകിട്ട് മടങ്ങിയെത്തിയ ശേഷമാണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ പ്രതിസന്ധിപരിഹാര നടപടികള്‍ പുരോഗമിച്ചത്.

പ്രധാനമന്ത്രി എത്തിയശേഷം ആദ്യം പ്രണബും പിന്നീട് ചിദംബരവും അദ്ദേഹത്തിന്റെ വസതിയിലെത്തി. തുടര്‍ന്ന് ഹ്രസ്വനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും പുറത്തുവന്നു. ധനമന്ത്രിയുടെ ഓഫീസായ നോര്‍ത്ത്ബ്ലോക്കിലേക്ക് പോയ പ്രണബിനെ ചിദംബരവും അനുഗമിച്ചു. ഇതിനിടെ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ടെലികോംമന്ത്രി കപില്‍ സിബലും നോര്‍ത്ത്ബ്ലോക്കിലെത്തിയിരുന്നു. പിന്നീട് നാലുനേതാക്കളും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടു. പ്രണബ് എഴുതി തയ്യാറാക്കിയ ചെറിയ പ്രസ്താവന വായിച്ചു. 2011 ജനുവരിയില്‍ ഒട്ടേറെ കഥകള്‍ സ്പെക്ട്രം ഇടപാടിനെ കുറിച്ച് പ്രചരിച്ചെന്ന് പറഞ്ഞായിരുന്നു പ്രസ്താവനയുടെ തുടക്കം. സര്‍ക്കാരിന്റെ വിവിധ പ്രതിനിധികള്‍ക്ക് ഉപയോഗിക്കുന്നതിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കാന്‍ പിന്നീട് ധാരണയായി. ഒരു പശ്ചാത്തല കുറിപ്പ് വിവിധ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കി. ഈ കുറിപ്പ് 2011 മാര്‍ച്ച് 25ന് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചു. വസ്തുതാപരമായ പശ്ചാത്തലത്തിനപ്പുറം കുറിപ്പിലുള്ള ചില പരാമര്‍ശങ്ങളും വിശകലനങ്ങളും തന്റെ അഭിപ്രായം പ്രതിഫലിപ്പിക്കുന്നതല്ല- പ്രണബ് പറഞ്ഞു. പ്രണബിന്റെ പ്രസ്താവന കഴിഞ്ഞയുടന്‍ താനിത് അംഗീകരിക്കുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ചിദംബരം പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ച് വിഷയം അവസാനിച്ചെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ പ്രതികരണത്തിന് നില്‍ക്കാതെ മന്ത്രിമാര്‍ മടങ്ങി.

കുറിപ്പ് തന്റെ മന്ത്രാലയത്തിന്റെ മാത്രം സൃഷ്ടിയല്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന പ്രണബ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ നേതൃത്വം ഉപേക്ഷിച്ചത് മുതിര്‍ന്ന നേതാവായ പ്രണബിന് തിരിച്ചടിയാണ്. ചിദംബരത്തിനാകട്ടെ വിജയവും. പ്രണബും ചിദംബരവും തമ്മിലുള്ള ഭിന്നതയ്ക്ക് പരിഹാരമായെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പോര് മുറുകുമെന്നാണ് സൂചനകള്‍ . അവസാനനിമിഷം നേതൃത്വത്തിന് വഴങ്ങിയെങ്കിലും സ്പെക്ട്രം ഇടപാടിലെ ചിദംബരത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരാനായതും കോടതിയില്‍ വിഷയം എത്തിച്ചതും പ്രണബിന് നേട്ടമാണ്.

deshabhimani 300911

ആരോഗ്യവകുപ്പ് സംവരണം അട്ടിമറിച്ചു

സ്ഥലംമാറ്റത്തിലൂടെ ഒഴിവു നികത്തിയതുവഴി ആരോഗ്യവകുപ്പ് സ്റ്റാഫ് നേഴ്സുമാരുടെ നിയമന സംവരണവും അട്ടിമറിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , കാസര്‍കോട് ജില്ലകളില്‍ മുസ്ലിം, ധീവര, നാടാര്‍ , ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളുടെ അവസരങ്ങളാണ് തിങ്കളാഴ്ച ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിലൂടെ അട്ടിമറിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സംവരണഒഴിവുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഗുരുതര നിയമപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ ഇറക്കുന്നതിന് സമ്മര്‍ദം ചെലുത്തിയതായാണ് വിവരം.

സര്‍ക്കാര്‍ നേഴ്സുമാരുടെ സര്‍വീസ് വിഭജിച്ച് മെഡിക്കല്‍ കോളേജില്‍നിന്ന് ആരോഗ്യവകുപ്പിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടവരെ നിയമിച്ച് ഒഴിവുനികത്തുകയാണ്. ഈ തസ്തികകളില്‍ 2011 ആഗസ്ത് നാലിന് തിരുവനന്തപുരം ജില്ലയിലും 2010 ജൂലൈയില്‍ മറ്റു ജില്ലകളിലേക്കും പിഎസ്സി നടത്തിയ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തീരുമാനം തിരിച്ചടിയായി. സ്റ്റാഫ് നേഴ്സ് (ഗ്രേഡ്-2) തസ്തികയില്‍ തിരുവനന്തപുരത്ത് മുസ്ലിം വിഭാഗത്തിന് 102ഉം ധീവരവിഭാഗത്തിന് 11ഉം അവസരങ്ങള്‍ ലഭിക്കുമായിരുന്നു. തൃശൂരില്‍ മുസ്ലിം വിഭാഗത്തില്‍ 36ഉം ധീവരവിഭാഗത്തില്‍ നാലും ഒഴിവുണ്ട്. ഇതുള്‍പ്പെടെ മുഴുവന്‍ ജില്ലകളിലെയും ഒഴിവുകള്‍ സ്ഥലംമാറ്റംവഴി നികത്താനാണ് ഉത്തരവ്.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നും മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട 84 പേരെ സ്ഥലംമാറ്റിയുള്ള ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ചയാണ് ഇറങ്ങിയത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുകീഴിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്ഐടി എന്നിവിടങ്ങളില്‍നിന്ന് ജില്ലയിലെ ആരോഗ്യവകുപ്പിനുകീഴിലെ വിവിധ ആശുപത്രികളിലേക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് 20ന് നിലവില്‍വന്നിരുന്നു. 31 പേരാണ് ഈയിനത്തില്‍ സ്ഥലംമാറ്റം നേടിയത്. പിഎസ്സിക്ക് റിപ്പോര്‍ട്ട്ചെയ്തതടക്കമുള്ള ഒഴിവുകള്‍ സ്ഥലം മാറ്റംവഴി നികത്താന്‍ നീക്കം നടക്കുന്നതായി നേരത്തെ "ദേശാഭിമാനി" റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഇതാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ യാഥാര്‍ഥ്യമായത്. നേരിട്ടുള്ള നിയമനത്തിന്റെ പത്തുശതമാനമേ സ്ഥലംമാറ്റംവഴി അനുവദിക്കാവൂ എന്നു ചട്ടമുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി. സംസ്ഥാനത്ത് മെയ് 21 നടന്ന പിഎസ്സി പരീക്ഷ എഴുതിയ അമ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികളുടെ ഭാവിയാണ് ഇതോടെ കരിനിഴലിലായത്.
(ആനന്ദ് ശിവന്‍)

deshabhimani 300911

അസ്ഥിരപ്പെടുത്തുന്നതാര്?

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍നിന്ന് മടങ്ങിവരുംവഴി വിമാനത്തില്‍വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവന സ്വന്തം ഭരണവീഴ്ചകള്‍ക്ക് മറയിടാനുദ്ദേശിച്ചുള്ളതാണ്. ഭരണം ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നുവെന്ന ഉല്‍ക്കണ്ഠയില്‍നിന്നുളവാകുന്ന ഭയമാകണം പ്രധാനമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത് എന്ന് ആരോപിച്ച പ്രധാനമന്ത്രി, അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള ഏതുനീക്കം ആരില്‍നിന്നുണ്ടായി എന്നു പറഞ്ഞില്ല. അതുസംബന്ധിച്ച തുടര്‍ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി നിശബ്ദനാകുകയായിരുന്നു.

ഭരണം ജനങ്ങള്‍ക്ക് അസ്സഹനീയമായി എന്ന് തിരിച്ചറിയുകയും അവര്‍ സമരോത്സുകരായി ഉണരുന്നു എന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ ഭരണാധികാരികള്‍ അമര്‍ഷത്തിന് തടയിടാനെന്നോണം അവതരിപ്പിക്കുന്ന വാദമാണിത് എന്ന് ഇന്ത്യ മുഴുവന്‍തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദുചെയ്യുകയും തുടര്‍ന്ന് വമ്പിച്ച ജനപ്രക്ഷോഭം ഉയര്‍ന്നുവരികയുംചെയ്ത വേളയില്‍ മുമ്പ് ഇന്ദിരാഗാന്ധി പറഞ്ഞതും ഇതേ വാചകമാണ്. ജനാധിപത്യം റദ്ദാക്കപ്പെട്ട് ഇന്ത്യ ഏകാധിപത്യത്തിന്റെ ഇരുളിലേക്ക് നീങ്ങുകയായിരുന്നു പിന്നീട് എന്നത് ചരിത്രവസ്തുത. നില്‍ക്കക്കള്ളിയില്ലാതെ വരുന്ന വേളയില്‍ ഭരണാധികാരത്തിന്റെ ഭാഷ ഈ വിധത്തിലാകുന്നതില്‍ അത്ഭുതമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനാകുമോ എന്ന് നോക്കാനുള്ള വ്യര്‍ഥതന്ത്രം എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും അതിനില്ല. ഇന്ത്യയെ ആരെങ്കിലും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ആ സാമ്രാജ്യത്വത്തിന്റെ ഏജന്‍സി എന്ന നിലയ്ക്ക് ഇന്ത്യയുടെ ഭരണം കൊണ്ടുപോകുന്നത് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമാണ്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവു പറയുന്നതാണ് യുപിഎ ഭരണത്തിന്റെ തനിനിറമെന്നത് ജനങ്ങള്‍ വര്‍ധിച്ച തോതില്‍ തിരിച്ചറിയുന്ന ഘട്ടമാണിത്. ആണവകരാറിന്റെ കാര്യത്തിലിതു കണ്ടു. ചേരിചേരാനയം ഉപേക്ഷിച്ച് സാമ്രാജ്യത്വ പ്രീണനനയം കൈക്കൊള്ളുന്നിടത്തും ഇറാനെതിരെ വോട്ടുചെയ്യുന്നിടത്തും ആണവദുരന്തമുണ്ടായാല്‍ തുച്ഛമായ നഷ്ടപരിഹാരം മതി എന്ന് സമ്മതിച്ചുകൊടുക്കുന്നിടത്തും ഇസ്രയേലും അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നിടത്തും ഇതു കണ്ടു.

പ്രതിപക്ഷം അസ്ഥിരപ്പെടുത്താന്‍ എത്ര ശ്രമിച്ചാലും ജനങ്ങളുടെ മാന്‍ഡേറ്റുള്ള തങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞിരിക്കുന്നു. മാന്‍ഡേറ്റ് വന്ന വഴി ഏതാണെന്നതിന് തെളിവ് തിഹാര്‍ ജയിലിലുണ്ട്. വിശ്വാസവോട്ട് നേടാന്‍ കോടികള്‍ എംപിമാര്‍ക്ക് കോഴ കൊടുത്തതിന് മന്‍മോഹന്‍സിങ്ങിന്റെ സഹപ്രവര്‍ത്തകനായ അമര്‍സിങ് അവിടെയാണല്ലോ അടയ്ക്കപ്പെട്ടിട്ടുള്ളത്. കോടികള്‍ സംഭരിച്ചുവയ്ക്കുക മാത്രമല്ല, അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ബോധപ്പെടുത്തിക്കൊടുക്കുകകൂടി ചെയ്തു കോണ്‍ഗ്രസ്. ഡേവിഡ് ഹെഡ്ലിയെയും ആന്‍ഡേഴ്സനെയും ക്വട്ട്റോച്ചിയെയും പോലുള്ളവരെ രക്ഷപ്പെടാനനുവദിച്ച ഭരണത്തെ നയിച്ച നേതൃത്വമാണ് കോണ്‍ഗ്രസിന്റേത് എന്നത് ആര്‍ക്കാണറിയാത്തത്. ആര്‍ക്കുവേണ്ടിയായിരുന്നു അവരെ രക്ഷപ്പെടുത്തി അയച്ചത് എന്ന് ആലോചിക്കുന്ന ആര്‍ക്കും വ്യക്തമാവും യുപിഎ ഭരണം ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ളതല്ല, മറിച്ച് വിദേശശക്തികള്‍ക്കുവേണ്ടിയുള്ളതാണെന്ന സത്യം.

ഭരണം തുടങ്ങിയ വേളയില്‍ മന്‍മോഹന്‍സിങ്ങിനൊപ്പമുണ്ടായിരുന്ന എത്രയോ പേര്‍ ഇന്ന് ജയിലിലാണ്. അമര്‍സിങ്, എ രാജ, കനിമൊഴി, സുരേഷ് കല്‍മാഡി തുടങ്ങി എത്രയോ പേര്‍ . ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രിയിലേക്കുതന്നെ ഒടുവില്‍ സംശയത്തിന്റെ സൂചിമുന നീണ്ടെത്തുന്നു. പ്രണബ് മുഖര്‍ജിയില്‍നിന്ന് ഏറ്റവും ഒടുവിലുണ്ടായ വെളിപ്പെടുത്തല്‍ അതാണ് വ്യക്തമാക്കുന്നത്. എ രാജ അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ കോടതിയില്‍ വിളിപ്പിക്കണമെന്ന് പറയുന്നു. പ്രധാനമന്ത്രിയാകട്ടെ ദയാനിധി മാരനാണ് എല്ലാത്തിനും ഉത്തരവാദി എന്നു പറയുന്നു. സ്പെക്ട്രത്തിന്റെ ലൈസന്‍സ് നിര്‍ണയം മന്ത്രിതല സമിതിക്ക് പുറത്തുവച്ചായത് മാരന്റെ നിര്‍ബന്ധം കൊണ്ടായിരുന്നത്രെ. മാരന്‍ നിര്‍ബന്ധിച്ചാല്‍ എന്തും സമ്മതിച്ചുകൊടുക്കുന്നയാളാണോ പ്രധാനമന്ത്രി? 1,76,643 കോടി രൂപയുടെ കുംഭകോണത്തില്‍ ഒരു ചെറുഭാഗമേ ഡിഎംകെ നേതാക്കള്‍ കൊണ്ടുപോയുള്ളൂ. വന്‍ഭാഗവും മറ്റുചില നേതാക്കള്‍ക്കാണ് കിട്ടിയത് എങ്കിലും അറസ്റ്റ് അവരിലേക്കോ, കോര്‍പറേറ്റ് വമ്പരിലേക്കോ നീളുന്നില്ല. അത് എന്തുകൊണ്ട് എന്നതിന് പ്രധാനമന്ത്രിക്കാകട്ടെ ഉത്തരവുമില്ല.

ഐക്യരാഷ്ട്രസഭയില്‍നിന്നുള്ള മടക്കയാത്രയില്‍ പ്രധാനമന്ത്രി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള വ്യാമോഹങ്ങളില്‍ കഥയില്ലായിരുന്നുവെന്ന തിരിച്ചറിവാണതിലുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടുമെന്നുകരുതി കാത്തിരുന്നപ്പോള്‍ പ്രതികൂല ഫലങ്ങളാണ് ഉണ്ടാകുന്നതത്രെ. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം ആഗോളവല്‍ക്കരണത്തിന്റെ പേരുപറഞ്ഞ് രണ്ടു പതിറ്റാണ്ടായി തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ഈ നയങ്ങള്‍ . രാജ്യത്തോട് ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ട് ഇങ്ങനെ ഒരു ഏറ്റുപറച്ചില്‍ നടത്തിയാല്‍ മതിയോ? 83.6 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയുടെ വരുമാനംപോലുമില്ലാത്ത രാജ്യമാക്കി ഇന്ത്യയെ മാറ്റി ഈ പ്രധാനമന്ത്രി. അതിനുശേഷം ജീവിക്കാന്‍ പ്രതിദിനം 25 രൂപ മതിയെന്ന് ആസൂത്രണ കമീഷനെക്കൊണ്ട് സുപ്രീംകോടതിയില്‍ പറയിച്ചു. ഒടുവില്‍ ഈ കുറ്റസമ്മതം! 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നു വന്നു. ഈ തുക ആരുടേതെന്ന് അന്വേഷിക്കാമെന്നും കണ്ടുപിടിക്കാമെന്നും വന്നു. എന്നാല്‍ , അന്വേഷണമില്ല. തുക പിടിച്ചെടുക്കാന്‍ നീക്കമില്ല. കള്ളപ്പണക്കാരുടെ താല്‍പ്പര്യത്തിലുള്ള ഭരണം എന്നല്ലാതെ ഈ ഭരണത്തെ എന്താണ് പറയുക? എന്‍ഡോസള്‍ഫാനുവേണ്ടി അന്താരാഷ്ട്രവേദികളില്‍ പോയി വാദിച്ച് ലോകസമൂഹത്തിനുമുന്നില്‍ അപമാനിതമായ ഭരണമാണിത്. ഇന്ത്യയെ അസ്ഥിരീകരിക്കുന്നവരുടെ ഏജന്‍സിപ്പണി ചെയ്യുന്നവര്‍തന്നെ പ്രതിപക്ഷം ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നു പറയുന്നു. കള്ളന്‍! കള്ളന്‍! എന്ന് വിളിച്ചുകൊണ്ട് കള്ളന്‍തന്നെ മുമ്പില്‍ ഓടുംപോലെ.

deshabhimani editorial 300911

ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് വെടിവയ്പ്പ്: 4 ബിജെപിക്കാര്‍ അറസ്റ്റില്‍

കള്ളത്തോക്കുകള്‍ കണ്ടെത്തി

രാജപുരം: ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബി മോഹന്‍കുമാറിന്റെ വീടിന് നേരെ വെടിവച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയും ഇവര്‍ക്കൊപ്പം അറസ്റ്റിലായി. പ്രതികള്‍ യാത്ര ചെയ്ത ജീപ്പും വെടിവയ്ക്കാനുപയോഗിച്ച കള്ളത്തോക്കുകളും പൊലീസ് പിടിച്ചെടുത്തു. പനക്കയം മുത്തുമണിയാണിയുടെ മകന്‍ ദാമോദരന്‍ (50), ബളാംതോട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ ജനാര്‍ദനപിള്ളയുടെ മകന്‍ അനില്‍കുമാര്‍ (38), പുലിക്കടവിലെ ബാലകൃഷ്ണന്റെ മകന്‍ വിശ്വനാഥന്‍ (49), കൃഷ്ണന്‍ നായരുടെ മകന്‍ ജയകൃഷ്ണന്‍ (40) എന്നിവരെയാണ് വെള്ളരിക്കുണ്ട് സിഐയുടെ ചുമതല വഹിക്കുന്ന നീലേശ്വരം സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മലയോരത്ത് കള്ളത്തോക്ക് നിര്‍മിച്ച് നല്‍കുന്ന കേസില്‍ മുമ്പ് നിരവധി തവണ പ്രതിയായിട്ടുള്ള ആലക്കോട് കാര്‍ത്തികപുരം സ്വദേശി ദാമോദരന്റെ മകന്‍ അജി (50)യും ഇവര്‍ക്കൊപ്പം പിടിയിലായി.

കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം ചാമുണ്ഡിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും പരപ്പ ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. ബി മോഹന്‍കുമാറിന്റെ ബളാംതോട് കോയത്തടുക്കത്തുള്ള വീടിനുനേരെ വെടിവച്ചത്. വെടിവയ്പ്പില്‍ ജനല്‍ ചില്ലുകളും കസേരകളും വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന അയല്‍വാസികളുടെ വാഹനങ്ങളും തകര്‍ന്നിരുന്നു. സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ചൊവ്വാഴ്ച രാത്രി പത്തോടെ പൊലീസ് സംഘം പ്രതി ദാമോദരന്റെ വീട്ടില്‍ ചെന്നപ്പോള്‍ അജി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ദാമോദരനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. രാത്രി തന്നെ മറ്റ് പ്രതികളുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതി ദാമോദരന്റെ വീട്ടില്‍ നിന്ന് ഒരു കള്ളത്തോക്കും സംഭവ ദിവസം ഇവര്‍ സഞ്ചരിച്ച പ്രതി ജയകൃഷ്ണന്റ ഉടമസ്ഥതതയിലുള്ള കെഎല്‍ 10 ഇ 5187 ജീപ്പും കസ്റ്റഡിയിലെടുത്തു. ഇതിനുപുറമെ കള്ളത്തോക്ക് നിര്‍മാണ കേസിലെ പ്രതിയായ അജിയുടെ കൈയില്‍ നിന്ന് ഒരു കള്ളത്തോക്കും പിടികൂടി. ഈ തോക്കുകള്‍ ഉപയോഗിച്ചാണ് സംഭവ ദിവസം പ്രതികള്‍ മോഹന്‍കുമാറിന്റെ വീടിന് നേരെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെ റോഡുകള്‍ പ്രതികളില്‍ ചിലര്‍ കൈയേറിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ മോഹന്‍കുമാര്‍ ഇടപെട്ടതാണ് അദ്ദേഹത്തിനെതിരെ അക്രമം നടത്താന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.

ദാമോദരന്റെ സ്ഥലത്തിനരികിലൂടെ കടന്നുപോകുന്ന പുലിക്കടവ്- പനക്കയം റോഡ് പ്രതി ദാമോദരന്‍ അടച്ചിരുന്നു. പ്രശ്നത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്ന മോഹന്‍കുമാര്‍ പൊലീസ് സഹായത്തോടെ റോഡ് തുറന്ന് കൊടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി ജയകൃഷ്ണന്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാനടുക്കത്തുള്ള പഞ്ചായത്ത് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടിരുന്നു. ഇതിന് പഞ്ചായത്ത് നോട്ടീസ് അയക്കുകയുണ്ടായി. ഇതിന്റെയൊക്കെ വിരോധമാണ് മോഹന്‍കുമാറിന്റെ വീട് അക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, ആയുധം കൈവശംവയ്ക്കല്‍ , വീട് അക്രമിക്കല്‍ , വാഹനം തകര്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അധ്യാപികയെ ആര്‍എസ്എസ്സുകാരന്‍ സ്കൂട്ടര്‍ തടഞ്ഞ് ആക്രമിച്ചു

തലശേരി: സ്കൂളില്‍നിന്ന് സ്കൂട്ടറില്‍ മടങ്ങുന്ന അധ്യാപികയെ ആര്‍എസ്എസ്സുകാരന്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. അരങ്ങേറ്റുപറമ്പ് യുപി സ്കൂള്‍ അധ്യാപിക ശുഭയെയാണ് വാടിയില്‍പീടികയിലെ തോക്ക് ജിതേഷ്(32) ആക്രമിച്ചത്. സ്കൂളിനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരക്കാണ് സംഭവം. മൂന്നാംക്ലാസില്‍ തന്നെ തല്ലിയെന്ന് പറഞ്ഞ് ബൈക്ക് കുറുകെയിട്ട് ആക്രമിക്കുകയായിരുന്നു. സ്കൂട്ടര്‍ തടഞ്ഞാണ് അധ്യാപികയെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തത്. ആളുകള്‍ കണ്ടുനില്‍ക്കെയായിരുന്നു ആക്രമണം. ക്രിമിനല്‍ കേസ് പ്രതിയായ ആര്‍എസ്എസ്സുകാരനെ ഭയന്ന് ആദ്യം ആരും തടഞ്ഞില്ല. പിന്നീട് ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് പ്രതിയെ പിടിച്ചു കെട്ടിയിട്ടു. ഇതിനിടെ ടീച്ചര്‍ രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ ടീച്ചറുടെ മകനെ ശരിപ്പെടുത്തുമെന്നും വീടാക്രമിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. എരഞ്ഞോളി കൊടക്കളത്തെ കാര്‍ഡ്രൈവര്‍ സുധീര്‍കുമാറിനെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍കേസില്‍ പ്രതിയാണ് ജിതേഷ്. പ്രതിയെ ഭയന്ന് പരാതി നല്‍കാന്‍ ടീച്ചര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി എം പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, പി പ്രഭാവതി, കണ്ട്യന്‍ഷീബ എന്നിവര്‍ ഇടപെട്ട് രാത്രി പത്തരയോടെയാണ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അക്രമത്തിനിടെ നാട്ടുകാര്‍ കെട്ടിയിട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഴശ്ശിരാജ കോളേജില്‍ എബിവിപി അക്രമം

പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി അക്രമം. യൂണിയര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിക്കിടെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം കെ സുമീര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തെ നിലക്ക് നിര്‍ത്തണം

കുറ്റ്യാടി: കായക്കൊടിയിലെ കരിമ്പാലക്കണ്ടിയില്‍ ആര്‍എസ്എസ് സംഘം ബുധനാഴ്ച രാത്രി നടത്തിയ അക്രമത്തെ സിപിഐ എം കായക്കൊടി ലോക്കല്‍ കമ്മിറ്റി അപലപിച്ചു. കരിമ്പാലക്കണ്ടിയില്‍ പുറത്തു നിന്നെത്തിയ സാമൂഹ്യ വിരുദ്ധരാണ് മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ചത്. കരിമ്പാലക്കണ്ടി ബ്രാഞ്ച് അംഗം കിണറുള്ള പറമ്പത്ത് നാണുവിന് തലക്ക് പരിക്കേറ്റു. പ്രദേശികമായി ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ സിപിഐ എം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു പിരിഞ്ഞതിന് ശേഷമാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമം ചെറുത്ത് തോല്‍പിക്കണമെന്ന് സിപിഐ എം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനിയില്‍ നിന്ന്

കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐ നേതാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു

ദേശാഭിമാനി 300911

നിലവിളി ഒടുങ്ങാതെ ഗോപാല്‍ഗഢ്; വെടിയേറ്റവരെ വെട്ടി കത്തിച്ച് കിണറ്റിലിട്ടു

ഭരത്പുര്‍ : ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖുറാന്‍ , ചിന്നിച്ചിതറിയ വസ്ത്രങ്ങളും പാദരക്ഷകളും... ഗോപാല്‍ഗഢ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല. വര്‍ഗീയ ആക്രമണത്തിനുശേഷം 13 ദിവസം പിന്നിട്ടെങ്കിലും രാജസ്ഥാനിലെ ഗോപാല്‍ഗഢ് ഗ്രാമത്തില്‍ നിലവിളികള്‍ ഇപ്പോഴും കേള്‍ക്കാം. മിയോ മുസ്ലിങ്ങള്‍ സമാധാനപൂര്‍വം പ്രാര്‍ഥന നടത്തിയിരുന്ന ഗോപാല്‍ഗഢ് പള്ളി ഇപ്പോള്‍ പൂട്ടി പൊലീസ് കാവലിലാണ്. മനുഷ്യശരീരത്തില്‍ കൊള്ളാത്ത വെടിയുണ്ടകള്‍ പള്ളിയുടെ ഭിത്തിയില്‍ 46 ഇടത്ത് തറച്ചിട്ടുണ്ട്.

സെപ്തംബര്‍ 14ന് പകല്‍ നാലിന് അസര്‍ നിസ്കാരം നടക്കേണ്ട സമയത്ത് ഈ പള്ളിയിലുണ്ടായത് കൂട്ടമരണമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലും വെടിവയ്പിലും പത്തുപേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒട്ടേറെപ്പേരെ കണ്ടെത്താനായിട്ടില്ല. ഗുജ്ജര്‍ സമുദായക്കാരെ മുന്നില്‍ നിര്‍ത്തി ആര്‍എസ്എസ് നടപ്പാക്കിയ ആക്രമണപദ്ധതിയായിരുന്നു ഭരത്പുരിലേതെന്ന് ഈ പള്ളിയും ദരിദ്രമുസ്ലിങ്ങളുടെ ഗ്രാമവും ബോധ്യപ്പെടുത്തുന്നു. അയോധ്യയിലും ഗുജറാത്തിലും കണ്ട അതേ ആക്രമണോത്സുകത ഇവിടെയും കാണാം. എല്ലാ സമുദായക്കാരും സമാധാനപൂര്‍വം കഴിഞ്ഞുപോന്ന ഈ കര്‍ഷകഗ്രാമത്തില്‍ സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. അക്രമം പേടിച്ച് മിയോ മുസ്ലിങ്ങള്‍ പലയിടത്തും കൂട്ടത്തോടെയാണ് കഴിയുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഗുജ്ജറുകള്‍ അവരുടെ ക്ഷേത്രത്തില്‍ തമ്പടിച്ചിരിക്കുന്നു. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വലയമാണ്. വെടിവയ്പുണ്ടായ പള്ളിക്കുപുറത്ത് റോഡിലാണ് ഒരു പൊലീസ് ക്യാമ്പെങ്കില്‍ ഗുജ്ജറുകളുടെ ക്ഷേത്രത്തിനുള്ളില്‍ അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മറ്റൊരു പൊലീസ് ക്യാമ്പ്. ഗോപാല്‍ഗഢ് ക്ഷേത്രത്തിനുസമീപം സ്ഥിരമായി പൊലീസ് പ്ലാറ്റൂണ്‍ സ്ഥാപിക്കണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം. ഗുജ്ജറുകളുടെ എല്ലാ ആവശ്യവും നടത്തിക്കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. സ്വസംരക്ഷണത്തിനായാണ് ഗുജ്ജറുകള്‍ പൊലീസ് പ്ലാറ്റൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും കൂടുതല്‍ ആക്രമണമാകും ഉണ്ടാകാന്‍ പോകുകയെന്ന് പ്രദേശത്തെ നിഷ്പക്ഷമതികള്‍ പറയുന്നു. വെടിവയ്പില്‍ മരിച്ചത് മുഴുവന്‍ മുസ്ലിങ്ങളാണ്. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും ഇവര്‍തന്നെ. പൊലീസില്‍ ഭൂരിപക്ഷവും ഗുജ്ജറുകളാണ്. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണപദ്ധതിയെന്ന് പൊതുവെ ബോധ്യപ്പെടുകയും അയല്‍സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍ , സര്‍ക്കാര്‍ സിബിഐ, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോപാല്‍ഗഢ് പള്ളിയുടെ കബറിടത്തോട് ചേര്‍ന്നുള്ള സ്ഥലംസംബന്ധിച്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘപരിവാര്‍ ഗൂഢപദ്ധതിയുടെ ഭാഗമായി ഏറ്റുമുട്ടലിലേക്കും വെടിവയ്പിലേക്കും എത്തിച്ചത്. സ്ഥലം കബറിസ്ഥാന്റെ ഭാഗമാണെന്ന് കോടതി വിധിച്ചെങ്കിലും ആര്‍എസ്എസ് അംഗീകരിച്ചില്ല. മണ്ണെടുത്ത കുഴിയായ ഈ സ്ഥലത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത് പൊതുകുളം എന്നാണ്. പൊതുകുളം സംരക്ഷിക്കുകയായിരുന്നില്ല ആര്‍എസ്എസ് ലക്ഷ്യമെന്ന് സെപ്തംബര്‍ 14ന് തെളിയുകയും ചെയ്തു.

വെടിയേറ്റവരെ വെട്ടി കത്തിച്ച് കിണറ്റിലിട്ടു

ഭരത്പുര്‍ : ഗുജറാത്ത് ആവര്‍ത്തിക്കുകയായിരുന്നു ഗോപാല്‍ഗഢിലും. പ്രദേശത്തുനിന്ന് ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയെന്നതായിരുന്നു പൊലീസും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ വെട്ടിയ ശേഷം കത്തിച്ച് പള്ളിയുടെതന്നെ കിണറ്റിലിട്ടു. മൂന്ന് മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സ് കിണറ്റില്‍നിന്നാണ് എടുത്തത്. ആക്രമണത്തിന് ദിവസങ്ങള്‍ മുമ്പ് 74 കിലോമീറ്റര്‍ അകലെയുള്ള ഭരത്പുരില്‍നിന്ന് ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി ഗോപാല്‍ഗഢില്‍ എത്തിയിരുന്നു. സംഘപരിവാരിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കാത്ത ചില ഗുജ്ജറുകള്‍ പൊലീസിനോട് ഇക്കാര്യം പറഞ്ഞതുമാണ്. പൊലീസ് അത് വകവച്ചില്ല. പൊലീസുകാരും ഈ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു.

പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ മിയോ മുസ്ലിംങ്ങള്‍ അക്രമത്തിന് പദ്ധതിയിട്ടതായി പ്രചാരണം ആര്‍എസ്എസും പൊലീസുംതുടങ്ങി. ലാത്തിച്ചാര്‍ജോ, കണ്ണീര്‍വാതക പ്രയോഗമോ നടത്താതെ പൊലീസ് ആദ്യം വെടിവച്ചു. ഈ തക്കത്തില്‍ പള്ളിയില്‍കയറിയ ആര്‍എസ്എസ് സംഘം അനവധിപേരെ വെട്ടി. 10 പേരാണ് പൊലീസ്- ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. എന്നിട്ടും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഒരു കുലുക്കവുമുണ്ടായിട്ടില്ല.

ഗോപാല്‍ഗഢില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ അധികവും അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ്. മുഹമ്മദ്ദായുടെ ഒമ്പതുമക്കളില്‍ ഇളയവനാണ് വെടിയേറ്റു മരിച്ച ഇരുപത്തിരണ്ടുകാരന്‍ മുബാറക്. മുബാറക്കായിരുന്നു കുടുംബത്തിന്റെ ആശ്രയം. ബാപ്പയും മകനും ചേര്‍ന്ന് ഗോപാല്‍ഗഢ് ചന്തയില്‍ തട്ടിക്കൂട്ടിയ പഴയഇരുമ്പ് വില്‍ക്കുന്ന കട നടത്തുന്നു. ഞങ്ങള്‍ ഇവിടെ എല്ലാവരുമായും സഹകരിച്ചു കഴിയുന്നവരാണ്. പഞ്ചാബികളും ഗുജ്ജറുകളും സഹകരിച്ചാണ് കഴിഞ്ഞിരുന്നത്. അടുത്ത കാലത്താണ് ചില ഗുജ്ജറുകള്‍ക്കിടയില്‍ തങ്ങളോട് വിരോധം തുടങ്ങിയത്. ആരാണ് അത് കുത്തിപ്പൊക്കിയതെന്ന്ഞങ്ങള്‍ക്കറിയാം. പക്ഷേ, വെടിവയ്പിനു ശേഷവും ഈ ഗ്രാമത്തില്‍ ഞങ്ങള്‍ പരസ്പരം സഹകരിക്കാനാണ് ശ്രമിക്കുന്നത്- മുഹമ്മദ്ദാ പറഞ്ഞു. "എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ പള്ളിയിലെത്തിക്കോ, നെഞ്ചില്‍ വെടിയേറ്റു- ഗോപാല്‍ഗഢ് വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലാഡംകാം ഗ്രാമത്തിലെ സഹീര്‍ഹുസൈന്‍ (32) മരിക്കുന്നതിന് തൊട്ടുമുമ്പാണ് സഹോദരി ജാഹുലിനെ മൊബൈലില്‍ വിളിച്ച് ഇത് പറഞ്ഞത്. വെടിയേറ്റെന്ന് പറഞ്ഞ് അടുത്ത വാക്കു സംസാരിക്കുന്നതിനുമുമ്പേ അവന്റെ തലയില്‍ വെട്ടേറ്റിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതായി സഹീറിന്റെ അമ്മാവന്‍ ശെഹരിഖാന്‍ പറഞ്ഞു.

ഗോപാല്‍ഗഢ് മാര്‍ക്കറ്റില്‍ ഇരുചക്രവാഹന മെക്കാനിക്കായിരുന്നു കൊല്ലപ്പെട്ട സഹീര്‍ . അബ്ദുള്‍റഹ്മാന്‍ ആസീഹി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായിരുന്ന സഹീറായിരുന്നു കുടുംബത്തിന്റെ ആശ്രയം. നാല് സഹോദരിമാരാണ്. മൂന്ന് ഇളയ സഹോദരങ്ങള്‍ മദ്രസയില്‍ പോകുന്നു. രോഗിയായ അബ്ദുള്‍റഹ്മാന്‍ ജോലിക്കു പോകാറില്ല. സഹീറിന് ഭാര്യയും നാലു മക്കളുമുണ്ട്. ഭാര്യ കുറ്സിദനോട് സംസാരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പുറത്തിറങ്ങിയില്ല. ഭര്‍ത്താവ് മരിച്ചതിനാല്‍ നാലുമാസം മുറിയില്‍ തന്നെയായിരിക്കും. സഹീറിന് വര്‍ക്ഷോപില്‍നിന്ന് കിട്ടുന്ന തുകകൊണ്ടാണ് ഇവര്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്.
(ദിനേശ്വര്‍മ)

ദേശാഭിമാനി 29-300911

രണ്ടാം ഭാഗം ഇവിടെ

നൂറ്ദിനം കഴിഞ്ഞു; മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്ക്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറുദിവസത്തിനകം പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പുകളും മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും പാഴ്വാക്കാവുന്നു. ഗൈനക്കോളജി, കാര്‍ഡിയോളജി എന്നിവയ്ക്കുള്ള പുതിയ ബ്ലോക്കാണ് നൂറുദിവസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. ഇരുനൂറു ദിവസം കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇന്ന് ആര്‍ക്കും സാധിക്കുന്നില്ല. ഗൈനക്കോളജിയുടെ ഒപി മാത്രമാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് പണം ഇല്ലാത്തത് കൊണ്ടാണ് എന്ന പരാതിയെ തുടര്‍ന്ന് പണം നല്‍കിയെങ്കിലും കണക്ഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. സിവില്‍ ജോലികള്‍ തീരാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതെന്ന് വൈദ്യുതി വിഭാഗവും വൈദ്യുതി ബോര്‍ഡിന്റെ നിസ്സഹകരണമാണ് പണി നീളാന്‍ ഇടയാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പും പരസ്പരം കുറ്റപ്പെടുത്തുന്നു.

കാര്‍ഡിയോളജി വിഭാഗത്തിന്റെ ഒപി ഇവിടേക്ക് മാറ്റണമെങ്കില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ വാങ്ങാന്‍ ഇതുവരെയും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. ഏകദേശം ഒന്നരക്കോടി രൂപ ഇതിന് വേണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൊത്തം 10 കോടി രൂപ ചെലവ് വരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി നിര്‍മാണം നീട്ടുന്ന അവസ്ഥയാണ്. ജൂലായ് 31നകം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷനും നല്‍കുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും നടപ്പായില്ല. ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ കെട്ടിടം സജ്ജമായാലും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

deshabhimani 300911

മണിയും മമതയുമില്ലാത്ത മാണി

നൂറുദിന നേട്ടങ്ങളില്‍പ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ സാജുപോള്‍ മുന്നോട്ടുവച്ചു. അംഗോളക്കാരി ലൈല ലോപ്സിന് ലോകസുന്ദരിപ്പട്ടം. പന്ത്രണ്ടിനം തവളകളെ കണ്ടെത്തി. മോഹന്‍ലാല്‍ മുന്നൂറ് സിനിമ തികച്ചു. "ആദാമിന്റെ മകന്‍ അബു"വിന് ഓസ്കര്‍ എന്‍ട്രി... ഇങ്ങനെ പോയാല്‍ ലോകത്ത് സംഭവിക്കാനിരിക്കുന്നതിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശിയാകുമെന്ന് സാജുപോളിന് തീര്‍ച്ച. റവന്യൂ, നികുതി വകുപ്പുകളുടെ ധനാഭ്യര്‍ഥനചര്‍ച്ച തുടങ്ങിയ സാജുപോള്‍ നര്‍മംപൊതിഞ്ഞ കൂരമ്പുകളാണ് സമ്മാനിച്ചത്. ധനമന്ത്രി കെ എം മാണിയില്‍നിന്ന് "മണിയും മമതയും" പ്രതീക്ഷിക്കരുതെന്നാണ് സാജുപോളിന്റെ പക്ഷം. തോമസ് ഐസക്കിന്റെ ഒരു ബജറ്റിനൊപ്പമെത്താന്‍ മാണിയുടെ പത്തെണ്ണം വേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നുവച്ചത് സര്‍ക്കാരിന്റെ നേട്ടമായി കൂട്ടാന്‍ അതങ്ങ് ഉഗാണ്ടയിലാണോ എന്നായി സാജുപോള്‍ . പത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കുമെന്ന വാഗ്ദാനം കണ്ടപ്പോള്‍ "പിന്നെ ഇടിച്ചുനിരത്തുമോ" എന്ന് സാജു ആരാഞ്ഞു.

ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതത്തിന്റെ പുറത്താണ് സര്‍ക്കാരെന്ന് എം ഹംസ. മഴ നിന്നാലും മരം പെയ്യും. അതുപോലെ കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കുറെക്കാലംകൂടി നിലകൊള്ളും. പക്ഷേ, അന്യന്റെ അധ്വാനഫലം ഇങ്ങനെ കൊള്ളയടിക്കരുതെന്നാണ് ഹംസയ്ക്ക് ഉപദേശിക്കാനുള്ളത്. അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിച്ചെന്ന് പറഞ്ഞ് ബഹളംകൂട്ടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുമ്പാകെ ഹംസ ഒരു അപേക്ഷ വച്ചു. വി എസും എ കെ ബാലനും ഭൂമി തട്ടിയെടുത്തില്ലെന്ന് ഇനിയെങ്കിലും തുറന്നുപറയണം. കാരണം, അട്ടപ്പാടിയിലെ ആദിവാസിഭൂമി സംബന്ധിച്ച എല്ലാ കാര്യവും അറിയാവുന്ന ആളായി മന്ത്രിയായ തിരുവഞ്ചൂര്‍ മാറി. ഈ സര്‍ക്കാര്‍ വിളിച്ചാല്‍ ഐഎഎസുകാരൊന്നും വരില്ലെന്നും ഹംസയ്ക്ക് ഉറപ്പാണ്. അല്‍പ്പായുസ്സ് ആയതിനാല്‍ വെറുതെ തല വയ്ക്കുന്നതെന്തിന് എന്ന ചിന്തയിലാണ് ഐഎഎസുകാര്‍ . അല്ലെങ്കില്‍ പാലക്കാട്ടും തൃശൂരുമൊക്കെ കലക്ടര്‍മാരെ കിട്ടുമായിരുന്നില്ലേയെന്ന് ഹംസ ചോദിച്ചു.

മഹാഭാരതത്തിലെ ശിഖണ്ഡിയുടെ ജന്മരഹസ്യം വെളിപ്പെടുത്തിയ കെ കെ ജയചന്ദ്രനോട് സഭയിലെ ശിഖണ്ഡിയെക്കുറിച്ചായി ചോദ്യം. പി സി ജോര്‍ജ്- മറുപടി ഉടന്‍ വന്നു. അതല്ലേ ഉമ്മന്‍ചാണ്ടി മുന്നില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മറുചോദ്യം. മാണിയെയും ഉമ്മന്‍ചാണ്ടിയെയും കുറിച്ച് ജോര്‍ജ് പറഞ്ഞതൊക്കെ തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മന്ത്രിമാര്‍ ഒരു കാര്യത്തില്‍ നല്ല ഐക്യത്തിലാണ്. അത് കേസ് ഒതുക്കുന്നതിലാണെന്നുമാത്രം. പക്ഷേ, നൂല് പൊട്ടിയ പട്ടംപോലെ എത്ര നാള്‍ ഈ സര്‍ക്കാരിന് പറക്കാനാകുമെന്ന് ജയചന്ദ്രന്‍ സന്ദേഹിച്ചു.

ദേശീയോദ്ഗ്രഥനസമിതിയുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് ആരും പങ്കെടുത്തില്ലെന്ന സാജുപോളിന്റെ വിമര്‍ശത്തോട് പ്രതികരിച്ച പി കെ ബഷീര്‍ പൊല്ലാപ്പിലായി. കേന്ദ്രമന്ത്രി ഇ അഹമ്മദ് യോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ബഷീറിന്റെ ആശ്വാസം. അഖിലേന്ത്യാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനംചെയ്യുന്ന പാര്‍ടിയാണ് മുസ്ലിംലീഗ് എന്നായി സാജുപോള്‍ . ചീഫ് വിപ്പ് പി സി ജോര്‍ജ് ഒടുവില്‍ വാതുറന്നു. മാണിസാറിന് ഒരു വിലയുമില്ലേയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കിയപ്പോള്‍ മാണി ധനമന്ത്രിയായിരുന്നെങ്കിലും ക്രെഡിറ്റ് നായനാരുടെ പേരിലായത്രേ. ഇപ്പോഴിതാ കര്‍ഷക പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നു. അത് ഉമ്മന്‍ചാണ്ടിയുടെ അക്കൗണ്ടിലും. ഒരുവര്‍ഷം ഉറങ്ങാതിരുന്നിട്ട് അടുത്ത രണ്ടുവര്‍ഷം സുഖമായി ഉറങ്ങിക്കോളൂവെന്ന് തിരുവഞ്ചൂരിന് ജോര്‍ജുവക ഉപദേശം.

നൂറുദിനപരിപാടിയുടെ അശാസ്ത്രീയതയിലേക്ക് വിരല്‍ചൂണ്ടിയ പ്രൊഫ. സി രവീന്ദ്രനാഥ് ഒരിക്കല്‍ക്കൂടി സഭയെ ക്ലാസ്റൂമാക്കി. "നിയോ കണ്‍സര്‍വേറ്റിസം" എന്ന വാക്കുകൂടി തന്റെ സംഭാവനയായി പിടിച്ചോളാനായി കെ എം മാണി പറഞ്ഞു. സാത്താന്‍ ദൈവത്തിന്റെ വേഷം ചമയുമെന്ന ചൊല്ല് പലപ്പോഴും അന്വര്‍ഥമാക്കുന്നതില്‍ വിരുതനാണ് കെ എം മാണി. സിപിഐ എം നവയാഥാസ്ഥിതികത്വത്തിന്റെ (നിയോ കണ്‍സര്‍വേറ്റിസം) പിടിയിലാണെന്നായിരുന്നു മാണിയുടെ കണ്ടെത്തല്‍ . ഏത് പുസ്തകത്തിലാണ് ഈ വാക്കുള്ളതെന്ന് തോമസ് ഐസക് ആരാഞ്ഞു. "ഓരോ വാക്കും ഓരോരുത്തര്‍ സംഭാവന ചെയ്യുന്നതാണ്. ഇത് കെ എം മാണിയുടെ വകയായി ഇന്നുമുതല്‍ ലോകത്ത് ഉണ്ടാകും" മാണിയുടെ മറുപടി. വളരെ ഭാവനയുള്ള മന്ത്രിയാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് മാണിയുടെ അഭിപ്രായം. ഇല്ലെങ്കില്‍ "എമര്‍ജിങ് കേരള" എന്നൊക്കെ പറയുമായിരുന്നോ. ഉമ്മന്‍ചാണ്ടിയാകട്ടെ അതിലും കേമന്‍ . നിമിഷനേരംകൊണ്ട് എത്ര കുരുക്കഴിച്ചു. മാലപ്പടക്കംപോലെ വിസ്മയം സൃഷ്ടിക്കുകയല്ലേ. ആത്മസുഖത്തിന് മാണിക്ക് ഇനി എന്തുവേണം.

ടി എന്‍ പ്രതാപന്‍ , ഇ ചന്ദ്രശേഖരന്‍ , വി ടി ബലറാം, വി എം ഉമ്മര്‍ , പി സി വിഷ്ണുനാഥ്, എ കെ ശശീന്ദ്രന്‍ , ജി എസ് ജയലാല്‍ , സി മമ്മൂട്ടി, കെ ശിവദാസന്‍നായര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വാളകം സ്കൂളിലെ അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും സഭയുടെ ശ്രദ്ധയില്‍ വന്നു. മന്ത്രി ഗണേഷ്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് വിഷയം ഉന്നയിച്ച പി അയിഷാപോറ്റി ആവശ്യപ്പെട്ടു.

കെ ശ്രീകണ്ഠന്‍ deshabhimani 300911

ഭൂപരിഷ്കരണനിയമം മാറ്റുമെന്നും ഇല്ലെന്നും മന്ത്രിയുടെ മറുപടി

ഭൂപരിഷ്കരണനിയമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ ഒരേ ദിവസം സര്‍ക്കാര്‍ വ്യത്യസ്തമായ ഉത്തരം നല്‍കി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒരേ ചോദ്യത്തിന് രണ്ട് ഉത്തരം നല്‍കിയത്. വ്യാഴാഴ്ച നക്ഷത്രമിട്ടതും അല്ലാത്തതുമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഈ മറിമായം. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വരുത്താനുള്ള ബജറ്റ് നിര്‍ദേശങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ഇ പി ജയരാജന്‍ , ഡോ. ടി എം തോമസ് ഐസക്ക്, എസ് രാജേന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് നിയമം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെയുള്ള എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.

എന്നാല്‍ , നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് വി ശിവന്‍കുട്ടിക്ക് ലഭിച്ച ഉത്തരത്തില്‍ നിയമം മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നായിരുന്നു മറുപടി. സംസ്ഥാനത്തെ ഭൂപരിഷ്കരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ ചോദ്യം. മാറ്റം പരിഗണനയിലാണെന്നും ഇടത്തരം ചെറുകിട നാമമാത്ര ഭൂവുടമകളെ ഏതുതരത്തില്‍ ഇത് ബാധിക്കുമെന്ന കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികെയാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 300911

കല്‍പ്പറ്റയില്‍ യൂത്ത്ലീഗ്-എംഎസ്എഫ് അക്രമം

കല്‍പ്പറ്റ: കോളേജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടിയതില്‍ വിറളിപൂണ്ട എംഎസ്എഫ്-യൂത്ത് ലീഗ് സംഘം നഗരത്തില്‍ അഴിഞ്ഞാടി. അക്രമത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവം ഉണ്ടായില്ല. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജില്‍ വിജയിച്ചതോടെയാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമം ആരംഭിച്ചത്. ഇവിടെ കെഎസ്യുവും എംഎസ്എഫും തനിച്ചാണ് മത്സരിച്ചത്. വോട്ടെടുപ്പ് അവസാനിച്ചയുടന്‍ തന്നെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ കാമ്പസിനകത്തിട്ട് മര്‍ദിച്ചു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചു. ഇതിന് ശേഷം കല്‍പ്പറ്റയിലെത്തിയ ഈ സംഘമാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം അക്രമം നടത്തിയത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കല്‍പ്പറ്റയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ടൗണില്‍ നടന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന് നേരെയും അക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ സിപിഐ എം-ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.

ഇതിന് അര മണിക്കൂറിന് ശേഷം എസ്എഫ്ഐ പ്രവര്‍ത്തകരായ പി ജെ വാസുദേവന്‍ , പി രഞ്ജിത്, എ കെ ശരത് എന്നിവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ടൗണില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഈ സമയം നിരവധി പൊലീസുകാര്‍ പരിസരത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാനോ അക്രമം തടയാനോ ശ്രമിച്ചില്ല. സാരമായി പരിക്കേറ്റ ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂത്ത്ലീഗ്-എംഎസ്എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി.

deshabhimani 300911

രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ജനീവ: അടുത്ത വര്‍ഷമാകുമ്പോഴേക്കും ലോകരാഷ്ട്രങ്ങള്‍ തൊഴിലില്ലായ്മയുടെ അതി ഭീകരമായ ഒരു സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.

സാമ്പത്തിക പ്രതിസന്ധിയുടെ രണ്ടാം തരംഗം അനുഭവപ്പെടുന്ന 2012 ല്‍ രണ്ട് കോടി ആള്‍ക്കാര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ) യുടെയും സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന (ഒ ഇ സി ഡി)യുടെയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2008 ല്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനുശേഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ലോകത്താകെ തൊഴില്‍രഹിതരുടെ എണ്ണം ഇരുപത് കോടിയാണ്. വികസിത-വികസ്വര രാഷ്ട്രങ്ങള്‍ ഒന്നുപോലെ നേരിടുന്ന സ്ഥിതിവിശേഷമാണിത്.

വികസിത രാജ്യങ്ങളില്‍ തൊഴിലവസരങ്ങളുടെ ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് തൊഴിലില്ലായ്മയുടെ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ത്തും അപര്യാപ്തമാണ്. ജി-20 രാഷ്ട്രങ്ങളില്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് പ്രതിവര്‍ഷം ഒരു ശതമാനമാണ്. അടുത്ത നാല് വര്‍ഷക്കാലം തുടര്‍ച്ചയായി 1.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചാല്‍ മാത്രമെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് കുറച്ചെങ്കിലും ശമനമുണ്ടാവുകയുള്ളൂ.

യൂറോപ്പിലെ സ്ഥിതി വളരെ സങ്കീര്‍ണമാണ്. യൂറോ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ മാത്രമാണ് സ്ഥിതി അല്‍പമെങ്കിലും മെച്ചമായുള്ളത്. രണ്ടാമത്തെ ശക്തിയായ ഫ്രാന്‍സ് വലിയ കുഴപ്പത്തിലാണ്. ഇറ്റലിയില്‍ രണ്ടില്‍ ഒരാള്‍ക്ക് വീതം തൊഴിലില്ല. ദക്ഷിണാഫ്രിക്കയില്‍ ഇത് മൂന്നില്‍ രണ്ട് പേരാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലവസരങ്ങളുടെ നഷ്ടമാണ് ഇന്ത്യയിലും ചൈനയിലും തൊഴിലവസരങ്ങളുടെ വര്‍ധനവിന് ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഷ്ടപ്പെടുന്ന തൊഴിലുകളുടെ ഏറ്റവും വലിയ ഇര യുവാക്കളാണ്. സമൂഹത്തില്‍ ''അധികപ്പറ്റുകാര്‍'' എന്നൊരു പുതിയ സങ്കല്‍പംതന്നെ തൊഴില്‍രഹിതരെക്കുറിച്ച് ഉടലെടുത്തിരിക്കുന്നു.

പൗരന്മാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ നടപടികള്‍ എല്ലാ രാജ്യങ്ങളും ശക്തിപ്പെടുത്തണമെന്നാണ് ഐ എല്‍ ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

janayugom 300911

വച്ചാത്തി കേസ്; 269 പേരും കുറ്റക്കാര്‍, ജീവിച്ചിരിക്കുന്ന 215 പേര്‍ക്കും ശിക്ഷ

ചെന്നൈ: വിവാദമായ വാച്ചാത്തി കൂട്ടമാനഭംഗ കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളായ 215 പേരും കുറ്റക്കാരാണെന്ന് ധര്‍മപുരി പ്രത്യേക സെഷന്‍സ് കോടതി വിധിച്ചു. മനുഷ്യ മനസാക്ഷിയെ നടുക്കിയ വാച്ചാത്തി കൂട്ടബലാല്‍സംഗക്കേസില്‍ മരിച്ചുപോയ 54 പേര്‍ ഉള്‍പ്പെടെ 269 പ്രതികളും കുറ്റക്കാരാണെന്നാണ് സെഷന്‍സ് കോടതി ജഡ്ജി കുമരഗുരു വിധിച്ചത്. പൊലീസ്, വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചന്ദനക്കട്ടികള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് വച്ചാത്തി ഗ്രാമത്തില്‍ റെയ്ഡ് നടത്താനെന്ന പേരില്‍ വന്ന് പെണ്‍കുട്ടികളും വീട്ടമ്മമാരുമടക്കം 18 സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. എസ് സി-എസ് ടി അട്രോസിറ്റി വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 269 ഉദ്യോഗസ്ഥര്‍ക്കെതിരെ 1996 ഏപ്രില്‍ 23 നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ധര്‍മപുരി പ്രത്യേക കോടതി ഇന്നലെ പറഞ്ഞ വിധിന്യായത്തില്‍ ആദ്യത്തെ 17 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും ഇതില്‍ അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം അധിക കഠിനതടവും 198 പേര്‍ക്ക് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ വെറും തടവും 2000 രൂപ വീതം പിഴയും ആണ് ശിക്ഷവിധിച്ചത്.

1992 ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദനക്കട്ടികള്‍ തേടി എത്തിയ വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥന്മാര്‍ പുരുഷന്‍മാരെ അടിച്ചു തുരത്തിയശേഷം 18 സ്ത്രീകളെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വച്ചാത്തി ഗ്രാമത്തിലെ ആടുകളേയും കോഴികളേയും പിടിച്ചു കൊണ്ടുപോയി ഉദ്യോഗസ്ഥന്‍മാര്‍ കൊന്നു തിന്നതായും അന്ന് പരാതി ഉണ്ടായി. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിന് വിധി ഉണ്ടായതെങ്കിലും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അക്രമ-അതിക്രമ സംഭവത്തില്‍ നാടാകെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഒരു നീതിപീഠം വിധി പറയുന്ന ആദ്യത്തെ കേസെന്ന നിലയില്‍ വച്ചാത്തി കേസ് ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ലോക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ച കേസ് എങ്ങുമെങ്ങുമെത്താത്ത അവസ്ഥയിലുള്ളപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളാണ് വച്ചാത്തി സ്വദേശികളുടെ രക്ഷയ്ക്കായി എത്തിയത്. സി പി എം-സി പി ഐ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണ ചുമതല സി ബി ഐക്ക് കൈമാറിയത്. 269 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വച്ചാത്തി ഗ്രാമത്തില്‍ പൊലീസ് വനം-റവന്യു ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടിയതില്‍ 155 വനം വകുപ്പ് ജീവനക്കാരും 108 പൊലീസ് ഉദ്യോഗസ്ഥരും ആറ് റവന്യു ഉദ്യോസ്ഥന്മാരുമാണ് പങ്കാളികളായത്. ധര്‍മപുരി കലക്ടര്‍, പൊലീസ് സൂപ്രണ്ട്, രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ നാല് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥന്മാരും പ്രതികളാണ്. കേസിന്റെ വിധി കേള്‍ക്കാന്‍ വച്ചാത്തി ഗ്രാമവാസികള്‍ ഒന്നടങ്കം കോടതി മുറ്റത്തെത്തിയിരുന്നു. അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

janayugom 300911

ടൂറിസം നയം: നിര്‍ദ്ദേശങ്ങള്‍ നല്‍കാം; ഇംഗ്ലീഷ് അറിയാമെങ്കില്‍ മാത്രം

സംസ്ഥാനത്ത് ഔദ്യോഗിക ഭാഷയായി മലയാളത്തെ അംഗീകരിച്ച കാര്യം സംസ്ഥാന  വിനോദ സഞ്ചാര വകുപ്പ് ഇനിയും അറിഞ്ഞിട്ടില്ല. വിനോദ സഞ്ചാര വകുപ്പ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വികസന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇംഗ്ലിഷ് ഭാഷയിലാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയേണ്ടവരില്‍ ഭൂരിഭാഗവും ഇംഗ്ലിഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരാണെന്ന സാമാന്യ ബുദ്ധിപോലും വകുപ്പ് അധികൃതര്‍ക്ക് ഉണ്ടായില്ലെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു.

മത്സ്യത്തൊഴിലാളികള്‍പോലുള്ള അടിസ്ഥാന ജനവിഭാഗമാണ് ഈ നയത്തില്‍ തങ്ങളുടെ അഭിപ്രായം പറയേണ്ടത്. ഇതില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. ഇനി ഇംഗ്ലീഷ് മറ്റാരെയെങ്കിലുംകൊണ്ട് പരിഭാഷപ്പെടുത്തണമെങ്കില്‍ അതിന് സമയം കൂടുതല്‍ വേണം. പക്ഷേ നിര്‍ദ്ദേശം നല്‍കാന്‍ അനുവദിച്ചിരിക്കുന്നത് വെറും രണ്ടുദിവസം മാത്രവും. അതാകട്ടെ ഇന്ന് (സെപ്റ്റംബര്‍ 30) അവസാനിക്കുകയും ചെയ്യും.

കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത് വെബ് സൈറ്റില്‍ മാത്രമാണെന്നതാണ് വേറൊരു വിരോധാഭാസം. 50 ശതമാനം കംപ്യൂട്ടര്‍ സാക്ഷരതപോലും ഇല്ലാത്ത സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നത് സര്‍ക്കാര്‍ കാണാതെ പോകുന്നു. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ട് മാസം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിക്കഴിഞ്ഞു. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, തീരദേശ മഹിളാവേദി, എന്‍ എ പി എം, പി യു സി എല്‍ കേരളഘടകം, ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, കുട്ടനാട് വികസന സമിതി, കാസര്‍കോഡ് ജില്ലാ പരിസ്ഥിതി സമിതി, നെയ്തല്‍ കടലാമ സംരക്ഷണ സമിതി, കമ്പനി - ദി അദര്‍ ഡയറക്ഷന്‍, വിഷ്വല്‍ സെര്‍ച്ച് തുടങ്ങിയ സംഘനകളാണ് പരാതി നല്‍കിയത്.

വിനോദ സഞ്ചാര നയം മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കുക, കരട് സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുക, കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകിച്ച് വിനോദ സഞ്ചാര വികസന മേഖലകള്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്തുകളില്‍ കരട് നയം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

janayugom 300911

ജിജിതോംസണും പി ജെ തോമസിനും എതിരായ നടപടി ഉമ്മന്‍ചാണ്ടി അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു

പാമൊലിന്‍ കേസില്‍ കൃത്യസമയത്ത് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമായാണ് പുനരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹര്‍ജി നല്‍കിയതെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമീഷന്‍ നിര്‍ദേശിച്ച വകുപ്പുതല അന്വേഷണവും പിഴയീടാക്കല്‍ നടപടിയും അസ്ഥിരപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇവരെ സംരക്ഷിക്കാനാണ് 2005ല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ച് 11 മാസത്തിന് ശേഷമാണ് കോടതിയെ അറിയിച്ചത്. തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിവിധി വന്നുടന്‍ ഇവര്‍ രണ്ടു പേരുമായും മുഖ്യമന്ത്രി രഹസ്യചര്‍ച്ച നടത്തിയെന്നും ഐസക് പറഞ്ഞു.

ജിജി തോംസണെക്കൊണ്ട് അപ്പീല്‍കൊടുപ്പിച്ചും ചീഫ്വിപ്പിനെക്കൊണ്ട് തെറിവിളിപ്പിച്ചും കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തന്റെ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനാലാണ് ഹര്‍ജി നല്‍കിയതെന്നാണ് ജിജി തോംസണ്‍ പറയുന്നത്. എന്നാല്‍ , ചീഫ്സെക്രട്ടറിയുടെ തത്തുല്യ റാങ്കിലാണ് ജിജി തോംസണ്‍ ജോലിചെയ്യുന്നത്. ഇനി അദ്ദേഹത്തിന് കിട്ടാനുള്ള ഏക റാങ്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എന്നത് മാത്രമാണ്. എന്നിട്ടും എന്തിന് കേസിന് പോയി? ജോര്‍ജിനെക്കൊണ്ട് എന്തിന് തെറിവിളിപ്പിച്ചു? ഇതെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. ജിജി തോംസണ്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് കെഎസ്യു സംസ്ഥാന ഭാരവാഹിയാണ്. മുഖ്യമന്ത്രി വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ജിജി തോംസന്റെ ഹര്‍ജിക്കെതിരെ വാദിക്കാന്‍ എജിയെ ചുമതലപ്പെടുത്തണമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.

deshabhimani 300911

വധശ്രമം: പിള്ളയുടെ ഫോണ്‍സംസാരം വിവാദത്തില്‍

തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ നിന്ന് ചാനല്‍ ലേഖകനോട് ഫോണില്‍ സംസാരിച്ചത് വിവാദമായി. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ച പിള്ള ചികിത്സയുടെ മറവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസത്തിലാണ് ഇപ്പോള്‍ . ആശുപത്രിയില്‍നിന്ന് ജയില്‍നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. പിള്ളയുടെ പേരിലുള്ള 9447155555 നമ്പര്‍ ഫോണില്‍ വിളിച്ചാണ് ചാനല്‍ ലേഖകന്‍ സംസാരിച്ചത്.

അധ്യാപകനെ കൊല്ലാന്‍ ശ്രമിച്ചതില്‍ തനിക്ക് പങ്കില്ലെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ടി അണികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നുമുള്ള സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്. അധ്യാപകന്റെ വധശ്രമക്കേസില്‍ പിള്ളയുടെ ഈ ഫോണ്‍വിളി നിര്‍ണായകമായേക്കും. സംഭവത്തിനുപിന്നില്‍ പിള്ളയാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഇതിനുമുമ്പ് വിളിച്ച കോളുകളും പൊലീസ് പരിശോധിക്കും. താന്‍ പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പിള്ള ചാനല്‍ ലേഖകനുമായി സംസാരിച്ചത്. ജയില്‍പുള്ളി ഫോണ്‍ ഉപയോഗിക്കുന്നത് 2010ലെ ജയില്‍നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ച് ശിക്ഷാര്‍ഹമാണ്. ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കെതിരെ ഫോണ്‍ ഉപയോഗിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. പിള്ള നിയമലംഘനം നടത്തിയതായി വ്യക്തമായിട്ടും സര്‍ക്കാരില്‍നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പിള്ള ഫോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിയമവിരുദ്ധമാണെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അതേസമയം, ആശുപത്രിയില്‍ പിള്ള സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിവുണ്ട്. ഫെബ്രുവരിയില്‍ കോട്ടയം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കടക്കം പിള്ള വിളിച്ചിരുന്നു.

ഗുരുതരരോഗം ബാധിച്ചതായി പറഞ്ഞ് ആഗസ്ത് അഞ്ചിനാണ് പിള്ള തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയില്‍ പൊലീസ് കാവലില്‍ സകല സുഖസൗകര്യങ്ങളോടുംകൂടി കഴിയുന്ന പിള്ളയ്ക്കൊപ്പം നിയമംലംഘിച്ച് സഹായികളെ നിര്‍ത്താനും സര്‍ക്കാര്‍ അനുവദിച്ചു. പരോളില്‍ ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പിള്ള പരസ്യമായി പ്രതികരിച്ചതും വിവാദമായിരുന്നു. ജയില്‍നിയമങ്ങള്‍ ലംഘിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിള്ളയെ ആശുപത്രിയിലാക്കിയത്. ഒരുമാസത്തെ പരോള്‍ കഴിഞ്ഞ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയ പിള്ളയ്ക്ക് മിന്നല്‍വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കിയാണ് സുഖവാസത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. രാത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇറക്കിയ ഉത്തരവ് പ്രത്യേക ദൂതന്‍വശം ജയിലില്‍ എത്തിക്കുകയും രാത്രിതന്നെ പിള്ളയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

"വിളിച്ചെന്നേ പറയരുത്.. എനിക്ക് പാടില്ലല്ലോ..."

ലേഖകന്‍ : സാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ ഒരു സംഭവം ഉണ്ടായല്ലോ?

പിള്ള: ഉടമസ്ഥതയിലുള്ള സ്കൂളില്‍ ഉണ്ടായിട്ടില്ല, അധ്യാപകന് ഏതോ പ്രശ്നമുള്ളതായി പത്രത്തില്‍ കണ്ടു. എനിക്ക് കോണ്‍ടാക്ട് ഒന്നും ഇല്ലല്ലോ? ഞാന്‍ സാറന്മാരോടും പാര്‍ടിക്കാരോടും പറഞ്ഞിട്ടുണ്ട് അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്. എന്റേതായി ഇതൊന്നും ടിവിയില്‍ കൊടുക്കരുത്.

ചോദ്യം: സാറാണ് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നല്ലോ?

ഉത്തരം: ബന്ധുക്കള്‍ എനിക്ക് എതിരാണല്ലോ? അവരാണ് യഥാര്‍ഥത്തില്‍ ... ഒരധ്യാപകന് കൊടുക്കേണ്ട ജോലി തട്ടിയെടുത്തതാണ് അവിടത്തെ പ്രശ്നം. എനിക്ക് പ്രശ്നമില്ല. സാറന്മാരുമായാണ് പ്രശ്നം. എന്നെ കക്ഷി ചേര്‍ത്തപ്പോള്‍ എനിക്ക് വക്കീലിനെ വയ്ക്കാതിരിക്കാന്‍ ആവില്ലല്ലോ...

ചോദ്യം: പ്രതിപക്ഷം പറയുന്നത് സാറും ഗണേശ് സാറും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയെന്നാണ്...

ഉത്തരം: അവര്‍ തെളിയിക്കട്ടെ.. ഞാന്‍ ജയിലിലാ... ആശുപത്രി എന്നു പറഞ്ഞാല്‍ ജീവനക്കാര്‍ സ്ട്രിക്ടാണ്... ഞാന്‍ അത്ര നല്ല അവസ്ഥയിലല്ല ശാരീരികമായിട്ട്... വന്നതിനേക്കാള്‍ ബുദ്ധിമുട്ടിലാണ് കഴിയുന്നത്...

ചോദ്യം: ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ?

ഉത്തരം: അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ട് വരേണ്ടതുണ്ട്... വന്നിട്ടില്ല... ട്രീറ്റ്മെന്റ് തുടങ്ങാന്‍ അത് വരണം... ഏതായാലും ഇത് തെളിയുമല്ലോ... പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്ന് നിങ്ങള്‍ക്ക് പറയേണ്ടിവരും...

ചോദ്യം: ഗണേശ് രാജി വയ്ക്കണമെന്ന ആവശ്യം...

ഉത്തരം: അധ്യാപകനെ അഡ്മിറ്റ് ചെയ്ത സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്... എട്ടു മണിക്കൂര്‍ ബോധക്കേട് ഇല്ലായിരുന്നു. ആശുപത്രിയില്‍ അധ്യാപകനെ കാണാന്‍ വന്ന ചില സാറന്മാര്‍ എന്നേയും കാണാന്‍ വന്നിരുന്നു... സ്റ്റാഫ് സെക്രട്ടറിയായ വിവേകാനന്ദന്‍ എന്ന അധ്യാപകനാണ് അയാളെ കൊണ്ടുപോയത്... പല പ്രാവശ്യം ചോദിച്ചിട്ടും ആക്സിഡന്റ് ആണെന്നാണ് പറഞ്ഞത്... പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല എന്നാണ് എന്നോട് പറഞ്ഞത്...

ചോദ്യം: പൊലീസ് പറയുന്നത് മൊഴിയെടുക്കാന്‍ ആയിട്ടില്ല എന്നാണ്?

ഉത്തരം: ഇവിടെ വന്നപ്പോള്‍ ഉള്ള കാര്യമായിരിക്കും... എനിക്ക് അറിയാന്‍ മാര്‍ഗമില്ലല്ലോ... ഞാന്‍ അതിന്റെ പിറകെ അല്ലല്ലോ...പൊലീസ് മൊഴി എടുക്കുമായിരിക്കും... ഞാന്‍ പറഞ്ഞതായിട്ടേ പറയരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... ഞാന്‍ കഴിഞ്ഞു പൊയ്ക്കോട്ടെ.. മര്യാദയുടെ പേരിലാണ് ഞാന്‍ ഫോണ്‍ എടുത്തത്...

ചോദ്യം: സാറിന്റെ അഭിപ്രായം ജനങ്ങളെ അറിയിക്കേണ്ടേ? എല്ലാവരും കുറ്റപ്പെടുത്തുന്ന അവസ്ഥയാണല്ലോ?

ഉത്തരം: ഒരഭിപ്രായവും അറിയിക്കേണ്ട... നിങ്ങള്‍ അന്വേഷിച്ചതായി കൊടുക്കാം... എന്നെ വിളിച്ചെന്നേ പറയരുത്... എനിക്ക് പാടില്ലല്ലോ... ശരിയല്ലല്ലോ... ഞാന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നയാളാണ്... പത്രസമ്മേളനമോ പത്രപ്രസ്താവനയോ ഒന്നും എനിക്ക് പാടില്ല... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്റെ അസുഖം മാറ്റിക്കോട്ടെ... സ്കൂളില്‍ ചെന്ന് അധ്യാപകരോട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചോളൂ... ഞാന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല.

മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് മടങ്ങി

പൈശാചിക പീഡനത്തിനിരയായി അത്യാസന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്് ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അധ്യാപകന്‍ അബോധാവസ്ഥയിലായതിനാല്‍ മരണമൊഴിയെടുക്കാനാകാതെ മജിസ്ട്രേട്ട് തിരിച്ചുപോയി. മാരകമായ മുറിവിനെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. കൃത്രിമശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാലേ ശസ്ത്രക്രിയ നടത്താനാവൂ.

തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (5) എ എം അഷറഫ് ആണ് കൃഷ്ണകുമാറിന്റെ മൊഴിയെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ കഴിയുന്ന കൃഷ്ണകുമാറിനെ മജിസ്ട്രേട്ട് സന്ദര്‍ശിച്ചെങ്കിലും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കൃഷ്ണകുമാര്‍ അത്യാസന്ന നിലയിലായതിനാല്‍ ആശുപത്രിയിലെത്തി മൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര സിഐ വ്യാഴാഴ്ച രാവിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കലാം പാഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിജെഎം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടി (5)നെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ രഹസ്യാന്വേഷണവിഭാഗവും കൊട്ടാരക്കര സിഐയും മെഡിക്കല്‍ കോളേജിലെത്തി കൃഷ്ണകുമാറിന്റെ ഭാര്യയുടെ മൊഴിയെടുത്തു.

അതിനിടെ, ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതുവച്ച് കേസിനെ വഴിതിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തി. ഈ കാര്‍ പെട്രോള്‍ തീര്‍ന്ന് റോഡരികില്‍ തല്‍ക്കാലം നിര്‍ത്തിയിട്ടതാണെന്നും കണ്ടെത്തി. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി പത്മകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയുടെ ക്വട്ടേഷന്‍ സംഘമാണ് സംശയത്തിന്റെ നിഴലിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തനാപുരത്തിനടുത്ത് കണ്ടെത്തിയ വെള്ള അള്‍ട്ടോ കാര്‍ ദുരൂഹതയുണര്‍ത്തിയിരുന്നു.

ഇതിനിടെ, അന്വേഷണം വഴിതെറ്റിച്ച് കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചു. വാളകത്തെ സ്കൂളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഗണേശ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ പത്താനാപുരത്ത് മാര്‍ച്ച് നടത്തി. കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചതായി ഡിജിപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യന്‍ ശ്രീകുമാര്‍ , ഭാര്യ, മകന്‍ എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ രാത്രി വൈകിയും ചോദ്യംചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍നിന്ന് വന്നശേഷം ശ്രീകുമാര്‍ കടയ്ക്കലില്‍ ജ്യോത്സ്യനെ കാണാന്‍ പോയെന്ന് ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്തുള്ള ജ്യോത്സ്യന്മാരെയെല്ലാം വ്യാഴാഴ്ച ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. പത്തനാപുരത്ത് പട്ടാഴി-പിടവൂര്‍ റോഡിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കെഎല്‍ 23-8632 നമ്പര്‍ അള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. എന്നാല്‍ , രാത്രി പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതാണ് കാറെന്ന് പിന്നീടു വ്യക്തമായി.

deshabhimani 300911

എസ്എഫ്ഐയുടെ പടയോട്ടം


തൃശൂര്‍ : കച്ചവട വിദ്യാഭ്യാസ നയത്തിന് താക്കീതായി കലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ പടയോട്ടം. അവിശുദ്ധ സഖ്യങ്ങളും മാനേജ്മെന്റുകളുടെ തിട്ടൂരങ്ങളും അവഗണിച്ച് ജില്ലയിലെ ക്യാമ്പസുകള്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ചു. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന പതിനേഴ് കോളേജുകളില്‍ പതിനാലിടത്തും എസ്എഫ്ഐ തകര്‍പ്പന്‍ വിജയം നേടി. ഇതില്‍ പത്തിടത്ത് മുഴുവന്‍ സീറ്റും തൂത്തുവാരി.

എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ, പഴഞ്ഞി എംഡി, വടക്കാഞ്ചേരി വ്യാസ, ഗവ. കോളേജ് കുട്ടനല്ലൂര്‍ , കെകെടിഎം പുല്ലൂറ്റ്, അസ്മാബി വെമ്പല്ലൂര്‍ , പെരുവല്ലൂര്‍ മദര്‍ , ഐസിഎ വടക്കേക്കാട്, സിസിഐടി തളിക്കുളം എന്നിവിടങ്ങളിലാണ് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും നേടിയത്. ആകെയുള്ള 21 കൗണ്‍സിലര്‍ സീറ്റുകളില്‍ 17ഉം എസ്എഫ്ഐ നേടിയപ്പോള്‍ കെഎസ്യുവിന് മൂന്നും എബിവിപിക്ക് ഒന്നും സീറ്റ് മാത്രം. 126 ജനറല്‍ സീറ്റില്‍ 106ഉം എസ്എഫ്ഐക്കാണ്. കെഎസ്യു ഏഴിലേക്ക് ചുരുങ്ങി. എബിവിപിക്ക് 12 സീറ്റുണ്ട്. ഒരു സീറ്റ് സ്വതന്ത്രന്‍ നേടി. കെഎസ്യുവിന്റെ കുത്തകയായിരുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസില്‍ വിജയക്കൊടി പാറിച്ച എസ്എഫ്ഐ ഐസിഎ വടക്കേക്കാടും പിടിച്ചെടുത്തു. കേരള വര്‍മ കോളജ് തൃശൂര്‍ , എസ് എന്‍ നാട്ടിക, ലോ കോളജ് തൃശൂര്‍ എന്നിവ എസ്എഫ്ഐക്കൊപ്പമാണ്. കുന്നംകുളം വിവേകാനന്ദ എബിവിപി നിലനിര്‍ത്തി. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ കെഎസ്യുവിനാണ് ഭൂരിപക്ഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തര്‍ക്കംമൂലം ഫലം പ്രഖ്യാപിച്ചിട്ടില്ല.

മത്സരിച്ച എസ്എഫ്ഐ നേതാക്കളെല്ലാം മിന്നുന്ന വിജയം നേടി.ശ്രീകൃഷ്ണ കോളേജില്‍ ചെയര്‍മാനായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ ബി സനീഷും ഗവ. ലോ കോളേജില്‍ വൈസ് ചെയര്‍മാനായി ജില്ലാ സെക്രട്ടറിയറ്റംഗം പി ഐ അഷിതയും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആര്‍ എല്‍ ജീവന്‍ലാല്‍ ചെയര്‍മാനായും ആന്‍സണ്‍ സി ജോയ് കൗണ്‍സിലറായും അനൂപ് ജനറല്‍ സെക്രട്ടറിയായും കേരളവര്‍മയില്‍ നിന്നും വിജയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസുകളിലും നഗരത്തിലും വിവിധ കേന്ദ്രങ്ങളിലും പ്രകടനം നടത്തി.

മാനേജ്മെന്റ് കെഎസ്യു ഒത്തുകളി ക്രൈസ്റ്റ് കോളേജില്‍ ചട്ടവിരുദ്ധമായി പോസ്റ്റല്‍ വോട്ട് ചെയ്യിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയനിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിക്കുന്നതിന് മാനേജ്മന്റും കെഎസ്യുവും ഒത്തുകളിച്ചു. സ്ഥലത്തില്ലാത്ത വിദ്യാര്‍ഥികളുടെ വോട്ട് പോസ്റ്റല്‍ വോട്ടായി ചെയ്ത് നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കയായിരുന്നു. ആകെയുള്ള 75 ക്ലാസ് പ്രതിനിധികളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത്. അതില്‍ന നാലു പേര്‍ ബാലറ്റു പേപ്പര്‍ കൈപ്പറ്റിയിട്ടില്ല. ഇവര്‍ ഒപ്പിട്ട് ബാലറ്റ് വാങ്ങിയതായി രേഖയുമില്ല. എന്നാല്‍ എഴുപത്തിയഞ്ച് വോട്ടും പോള്‍ ചെയ്തിരിക്കുന്നു. ടൂറിന് പോയ വിദ്യാര്‍ഥികളെ ചട്ടവിരുദ്ധമായി വോട്ടു ചെയ്യിച്ചതായാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പ് വേളയില്‍ സ്ഥലത്തില്ലാത്തവരുടെ വോട്ട് രേഖപ്പേടുത്തിയത് ലിംങ്ദോ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഗുരുതരമായ തെറ്റാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ്എഫ്ഐയും എഐഎസ്എഫും ചേര്‍ന്ന എല്‍ഡിഎസ്എഫ് മുന്നണി പരാതി നല്‍കിയതിനാല്‍ ഇവിടെ ഫലപ്രഖ്യാപനം തടഞ്ഞിരിക്കുകയാണ്.

ചട്ട പ്രകാരം പോസ്റ്റല്‍ വോട്ട് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവില്ല. ഈ വോട്ട് പരിഗണിച്ചില്ലെങ്കില്‍ പാര്‍ലമെന്ററി രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് ജനറല്‍ സീറ്റുകളില്‍ നാലെണ്ണം എസ്എഫ്ഐക്കും ഒരെണ്ണം എഐഎസ്എഫിനും ലഭിക്കും. ഫലത്തില്‍ യൂണിയന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നേടും. പോസ്റ്റല്‍ വോട്ടിനെപ്പറ്റി തെരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശിച്ചിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് രഹസ്യമായി വച്ച് മാനേജ്മെന്റ് കെഎസ്യുവിന് വേണ്ടി നിലകൊള്ളുകയായിരുന്നുവെന്നാണ് ആരോപണം. റീപോളിങ്ങിനും തയ്യാറായില്ല.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: ജില്ല എസ്എഫ്ഐക്കൊപ്പം

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മേല്‍ക്കൈ. ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 22 കോളേജുകളില്‍ 13ലും എസ്എഫ്ഐ യൂണിയന്‍ ഭരണംനേടി. കെഎസ്യു-എംഎസ്എഫ് സഖ്യത്തില്‍ നിന്ന് നാല് കോളേജുകള്‍ എസ്എഫ്ഐ തനിച്ച് മത്സരിച്ച് പിടിച്ചെടുത്തു. ചുങ്കത്തറ മാര്‍ത്തോമ കോളേജ്, പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളേജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, മലപ്പുറം ഐഎച്ച്ആര്‍ഡി കോളേജ് എന്നിവയുടെ ഭരണം എസ്എഫ്ഐ നേടി. പൊന്നാനി എംഇഎസ് കോളേജില്‍ തുടര്‍ച്ചയായി ഒമ്പതാം തവണ എസ്എഫ്ഐ യൂണിയന്‍ ഭരണം കരസ്ഥമാക്കി. എടപ്പാള്‍ ഐഎച്ച്ആര്‍ഡി കോളേജ്, ദാറുല്‍ഹുദാ കോളേജ് പൂക്കരത്തറ, പുത്തനങ്ങാടി സെന്റ് മേരീസ് കോളേജ്, എന്നിവിടങ്ങളിലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കാണ്. യുഡിഎസ്എഫ് സഖ്യത്തിന്റെ കുത്തകയായിരുന്ന മലപ്പുറം ഗവ. കോളേജിലെ വൈസ്ചെയര്‍മാന്‍ , ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ അട്ടിമറി വിജയത്തിലൂടെയാണ് എസ്എഫ്ഐ നേടിയത്.
അരാഷ്ട്രീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരായി എസ്എഫ്ഐ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. എസ്എഫ്ഐക്ക് വിജയം നല്‍കിയ വിദ്യാര്‍ഥികളെ അഭിവാദ്യംചെയ്തു. പരാജയത്തില്‍ വിറളിപൂണ്ട് ക്യാമ്പസുകളില്‍ അക്രമം അഴിച്ചുവിടാനുള്ള യുഡിഎസ്എഫ് സഖ്യത്തിന്റെ നീക്കത്തിന് കനത്ത വിലനല്‍കേണ്ടി വരുമെന്നും സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ ക്യാമ്പസുകളില്‍ വെള്ളിയാഴ്ച പ്രകടനം നടത്താന്‍ ആഹ്വാനംചെയ്തു.

കെഎസ്യു തകര്‍ന്നടിഞ്ഞു

മലപ്പുറം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെഎസ്യുവിന് ദയനീയ തോല്‍വി. മാതൃസംഘടനയായ മുസ്ലിംലീഗിന്റെ പാത പിന്തുടര്‍ന്ന് എംഎസ്എഫ് ഒതുക്കിയതോടെ കെഎസ്യു മിക്ക കോളേജുകളില്‍നിന്നും തുടച്ചുമാറ്റപ്പെട്ടു. കെഎസ്യുവിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ മമ്പാട് എംഇഎസിലും ജില്ലാ പ്രസിഡന്റിന്റെ തട്ടകമായ സര്‍വകലാശാല ക്യാമ്പസിലും ദയനീയ പരാജയമാണ് കെഎസ്യു നേരിട്ടത്. സര്‍വകലാശാലയില്‍ ഒരു ഡിപ്പാര്‍ട്മെന്റുപോലും നേടിയെടുക്കാന്‍ കെഎസ്യുവിന് ഇത്തവണ കഴിഞ്ഞില്ല. പ്രസിഡന്റിന്റെ ഗ്രൂപ്പ്കളിയും താന്‍പ്രമാണിത്തവുമാണ് പരാജയകാരണമെന്നാരോപിച്ച് യൂണിറ്റ് ഭാരവാഹികള്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കാലങ്ങളായി മുന്നണിയായി മത്സരിക്കുന്ന എംഎസ്എഫും കെഎസ്യുവും മിക്കയിടത്തും ഒറ്റക്കാണ് മത്സരിച്ചിരുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി ബ്ലോക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളിക്കെതിരെ കോണ്‍ഗ്രസ് റിബല്‍ മത്സരിച്ചിരുന്നു. അന്ന് ലീഗ് പിന്തുണയോടെ റിബലാണ് ജയിച്ചത്. ഇതിന്റെ വിരോധത്തിലാണ് കെഎസ്യു ഒറ്റക്ക് മത്സരിച്ചാല്‍ മതിയെന്ന് പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചത്. കമ്മിറ്റി ഭാരവാഹികളോടോ നേതൃത്വവുമായോ ആലോചിക്കാതെ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായി യൂണിറ്റ് ഭാരവാഹികള്‍ വിലയിരുത്തുന്നു.

ജില്ലയിലേറ്റ കനത്തപരാജയത്തിന് ഇടയാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പ്രസിഡന്റിനാണെന്നും അതിനാല്‍ രാജിവച്ച് പുറത്തുപോകണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. എ ഗ്രൂപ്പുകാരനായ പ്രസിഡന്റ് ഐ ഗ്രൂപ്പുകാരെ പാടെ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം നടന്ന ജില്ലാ ക്യാമ്പില്‍ എ ഗ്രൂപ്പുകാരെ പങ്കെടുപ്പിച്ചിട്ടില്ല. കോളേജ് ഭാരവാഹികള്‍ക്കുപകരം സ്കൂള്‍ കുട്ടികളെ സംഘടിപ്പിച്ച് ഹാള്‍ നിറക്കുകയായിരുന്നുവെന്ന് ഐ വിഭാഗം ആരോപിക്കുന്നു. സജീവമായി രാഷ്ട്രീയത്തിലിടപെടാതെ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാധ്യമശ്രദ്ധനേടാന്‍ ശ്രമിക്കുകയാണ് പ്രസിഡന്റെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ചില സ്ഥലങ്ങളില്‍ നാമനിര്‍ദേശ പത്രികപോലും നല്‍കാന്‍ സാധിച്ചിട്ടില്ല. അതിനിടെ മലപ്പുറം ഗവ. കോളേജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ ഡിസിസി ഓഫീസ് പരിസരത്തുവച്ച് റിയാസ് മുക്കോളിക്കെതിരെ മുദ്രാവാക്യം വിളിക്കുകയുംചെയ്തു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് വന്‍ വിജയം

പാലക്കാട്: വ്യാഴാഴ്ച നടന്ന കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഭൂരിഭാഗം ക്യാമ്പസുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി. പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, ആലത്തൂര്‍ എസ്എന്‍ , ഒറ്റപ്പാലം എന്‍എസ്എസ്എസ്, നെന്മാറ എന്‍എസ്എസ്, ശ്രീകൃഷ്ണപുരം വിടിബി, തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ്, അട്ടപ്പാടി ഐഎച്ച്ആര്‍ഡി, ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ്, കോട്ടായി ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളില്‍ എല്ലാ സീറ്റുകളും എസ്എഫ്ഐ നേടി. തൃത്താല മൈനോറിറ്റി കോളേജില്‍ എംഎസ്എഫിന്റെ കുത്തക തകര്‍ത്ത് മൂന്ന് സീറ്റ് നേടി. സവാസ് (യുയുസി), ഇക്ബാല്‍ (ജനറല്‍സെക്രട്ടറി) ഷിമ(വൈസ്ചെയര്‍പേഴ്സണ്‍)എന്നിവരാണ് വിജയിച്ചത്. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജും എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി. കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി, വടക്കഞ്ചേരി ഐഎച്ച്ആര്‍ഡി, കൊഴിഞ്ഞാമ്പാറ ഗവ. കോളേജ്, മൈനോറിറ്റി കോളേജുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ക്ലാസുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധ്യാപകര്‍ തെറ്റായ രീതിയില്‍ വോട്ടുചെയ്യാന്‍ പറഞ്ഞതിന്റെ ഭാഗമായും അസാധുവോട്ട് ചെയ്യാന്‍ പറഞ്ഞതിന്റെ ഭാഗമായും അസാധുവോട്ട് പക്ഷപാതിത്വപരമായി തീരുമാനിച്ചതിന്റെ ഭാഗമായി എസ്എഫ്ഐ യൂണിവേഴ്സിറ്റിയില്‍ പരാതി കൊടുക്കുകയും ചെയ്തു. പട്ടാമ്പി സംസ്കൃത കോളേജില്‍ കെഎസ്യു അക്രമത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

പല ക്യാമ്പസുകളിലും കെഎസ്യു, എബിവിപി, എംഎസ്എഫ് കൂട്ടുകെട്ടിനെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെയും യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് എല്ലാ കോളേജുകളിലും എസ്എഫ്ഐ വിജയത്തിലൂടെ പ്രതിഫലിച്ചത്. എസ്എഫ്ഐക്ക് വോട്ടുരേഖപ്പെടുത്തിയ എല്ലാവിദ്യാര്‍ഥികളേയും ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.

deshabhimani 300911

Thursday, September 29, 2011

പിള്ളയുടെ സ്കൂളില്‍ അധ്യാപകനെതിരെ മുമ്പും വധഭീഷണി

മന്ത്രി ഗണേശിനെ മാറ്റി അന്വേഷിക്കണം: വിഎസ്

കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത് സ്കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ളയും മകന്‍ഗണേഷ്കുമാറും നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചാല്‍ മാത്രമേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാവുകയുള്ളൂ. ഒരുവര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖചികിത്സയിലാണുള്ളത്. ഗൂഢാലോചന നടത്താന്‍ അവിടെ ആവശ്യത്തിന് സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അദ്ധ്യാപകനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോടൊപ്പം പി കെ ഗുരുദാസനും സി ദിവാകരനും ആശുപത്രിയിലെത്തിയിരുന്നു. ഡോക്ടറോട് അസുഖ വിവരം അന്വേഷിച്ച അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കൊട്ടാരക്കരയില്‍ അധ്യാപകനെ നിഷ്ഠുരമായി ആക്രമിച്ച കേസില്‍ മന്ത്രി ഗണേശ്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സ്ഥലം എംഎല്‍എ ഐഷ പോറ്റി നിയമസഭയിലും ആവശ്യപ്പെട്ടു. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം പ്രതികളെ ലക്ഷ്യമിട്ടാണ് അന്വേഷണം നീങ്ങുന്നതെന്നും രാഷ്ട്രീയം നോക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാളകത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലി

കൊട്ടാരക്കര: വാളകത്ത് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ്മര്‍ദ്ദിച്ചു.എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെയാണ് മര്‍ദ്ദിച്ചത്. വാളകം ആര്‍വി ഹയര്‍സെക്കന്ററി സ്കൂളിലേക്കുള്ള റോഡില്‍വച്ചു തന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് വാളകം എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റടക്കം ഏഴുവിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.വ്യാഴാഴ്ച രാവിലെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ നേരിടാന്‍ വന്‍പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.സമാധാനപരമായി പ്രകടനം നയിച്ചെത്തിയവരെ മുന്നറിയിപ്പില്ലാതെയാണ് തല്ലിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ വാളകം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.എഐഎസ്എഫ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചു.

പിള്ളയുടെ സ്കൂളില്‍ അധ്യാപകനെതിരെ മുമ്പും വധഭീഷണി

കൊല്ലം: അക്രമിസംഘം കൊല്ലാന്‍ ശ്രമിച്ച വാളകം ആര്‍വിവി എച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെതിരായ ആക്രമണവും ഭീഷണിയും മുമ്പും. കൃഷ്ണകുമാറിനെ മര്‍ദിച്ചതിന് സ്കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനും സ്കൂളിലെ ജീവനക്കാരനുമായ ബാബുവിനെതിരെ അഞ്ചല്‍ പൊലീസില്‍ കേസ് നിലവിലുണ്ട്. പിള്ള സ്കൂളില്‍ നേരിട്ടെത്തി മറ്റ് അധ്യാപകരുടെയും ജീവനക്കാരുടെയും മുന്നില്‍ കൃഷ്ണകുമാറിനും ഭാര്യ കെ ആര്‍ ഗീതയ്ക്കുമെതിരെ പലവട്ടം ഭീഷണി മുഴക്കിയിരുന്നു. സ്കൂളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് വന്നശേഷവും കൃഷ്ണകുമാറിനെതിരെ ഫോണിലും ഭീഷണിയുണ്ടായി. അധ്യാപകനെ ആക്രമിച്ച ചൊവ്വാഴ്ച പകല്‍ മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം സ്കൂളിലെത്തിയിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യയും അതേ സ്കൂളിലെ അധ്യാപികയുമായ കെ ആര്‍ ഗീതയ്ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ പിള്ള തയ്യാറായിരുന്നില്ല. ഹെഡ്മിസ്ട്രസായി പ്രൊമോഷന്‍ നല്‍കാത്ത സ്കൂള്‍മാനേജരുടെ നിലപാടിനെതിരെ ഒരു വര്‍ഷംമുമ്പ് കെ ആര്‍ ഗീത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി. പ്രൊമോഷന്‍ നല്‍കണമെന്ന ഡയറക്ടറുടെ ഉത്തരവും പിള്ള പാലിച്ചില്ല. ഒന്നര വര്‍ഷത്തോളം അധ്യാപികയ്ക്ക് ശമ്പളവും നിഷേധിച്ചു. തുടര്‍ന്ന് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും ഹെഡ്മിസ്ട്രസിന്റെ കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. പിള്ളയുടെ വിശ്വസ്തനായ മറ്റൊരു അധ്യാപകനാണ് ഫയലുകള്‍ കൈകാര്യംചെയ്തിരുന്നത്. സ്കൂളിലെ ക്രമക്കേടിനെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും കൃഷ്ണകുമാറിനെതിരെ നിരവധി തവണ മൊബൈല്‍ഫോണില്‍ ഭീഷണി വന്നു.

വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൃത്രിമംകാട്ടിയതും അധ്യാപക- അനധ്യാപക നിയമനത്തിലെ ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. 2007-08 വര്‍ഷത്തെ തലയെണ്ണലിലാണ് വ്യാപക ക്രമക്കേട് നടന്നത്. സ്കൂളില്‍ 2471 കുട്ടികളും 59 ഡിവിഷനും ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തി കൊട്ടാരക്കര ഡിഇഒ ഉത്തരവായിരുന്നു. എന്നാല്‍ , രണ്ടു മാസത്തിനുശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്നുള്ള സൂപ്പര്‍ചെക്ക്സെല്‍ നടത്തിയ പരിശോധനയില്‍ 461 കുട്ടികള്‍ കുറവാണെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം കണക്കാക്കി ഡിപിഐക്ക് റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് അന്വേഷണത്തില്‍ സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് എണ്ണം തികയ്ക്കാന്‍ കൊണ്ടുവന്നതെന്ന് തെളിഞ്ഞു. സ്കൂളില്‍ 1054 കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ടെന്ന സ്കൂള്‍ അധികൃതരുടെ അവകാശവാദം കളവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 300 കുട്ടികള്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നതെന്നും അഡ്മിഷന്‍ രജിസ്റ്ററിലും അറ്റന്‍ഡന്‍സ് രജിസ്റ്ററിലും തിരിമറി നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജൂണ്‍ ഏഴിന് ചീഫ് സെക്രട്ടറി ഡിപിഐക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍ , പിള്ളയുടെയും മന്ത്രിയായ മകന്‍ കെ ബി ഗണേശ്കുമാറിന്റെയും സ്വാധീനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല.

deshabhimani

'ആധാര്‍' വിവാദത്തിലേക്ക്

'ആധാര്‍' പദ്ധതിയുടെ ഭരണ നിര്‍വഹണ ഘടനയ്ക്കും തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിനും എതിരെ ആസൂത്രണ കമ്മിഷന്‍ ഗൗരവമേറിയ ചോദ്യങ്ങളും എതിര്‍പ്പുകളും ഉന്നയിച്ചിരിക്കുന്നു. നന്ദന്‍ നിലൈക്കനി നേതൃത്വം നല്‍കുന്ന യൂണിക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു ഐ സി എ ഐ) ഫണ്ടുകളും പണമിടപാടുകളും നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതോറിറ്റി സമര്‍പ്പിച്ച 15,000 കോടി രൂപയുടെ ഫണ്ടിന് നിര്‍ദേശം ധനമന്ത്രാലയം നിരാകരിച്ചതിനു തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ ഇടപെടല്‍.

ധനകാര്യ ഉപദേഷ്ടാക്കള്‍ക്ക് സാധാരണയായി ധനപരമായ നിര്‍ദേശങ്ങളില്‍ വിവേചനാധികാരമോ നയരൂപീകരണ ചുമതലയോ ഉണ്ടാവാറില്ല. എന്നാല്‍ ഇതിനു വിരുദ്ധമായി മെമ്മോകള്‍, കാബിനറ്റ് നോട്ടുകള്‍ എന്നിവ തയ്യാറാക്കാനുള്ള അധികാരത്തോടുകൂടിയ ധനകാര്യ ഉപദേഷ്ടാവ് എന്ന നിര്‍ദേശമാണ് കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടര്‍ന്നുവരുന്ന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അനുവര്‍ത്തിക്കാത്ത രീതികളാണ് യു ഐ സി എ ഐ പിന്തുടരുന്നത് എന്നും 'അതോറിറ്റിയും ഭരണ നിര്‍വഹണ ഘടന പുനപ്പരിശോധനയ്ക്ക് വിധേയമാക്കണ'മെന്നും ആസൂത്രണ കമ്മിഷന്‍ ധനമന്ത്രാലയത്തിനയച്ച കത്ത് പറയുന്നു.

ആസൂത്രണ കമ്മിഷന്റെ അനുബന്ധിത കാര്യാലയമായാണ് യു ഐ എ സി ഐ 2009 മുതല്‍ പ്രവര്‍ത്തിക്കുന്നത്. ആസൂത്രണ മന്ത്രാലയത്തില്‍ നിന്നുമാണ് ബജറ്റ് വിഹിതം നല്‍കിവരുന്നത്. എന്നാല്‍ കമ്മിഷന് അതോറിറ്റിയുടെ ധനനിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ധന സെക്രട്ടറിക്കോ ധന ഉപദേഷ്ടാവിനോ കമ്മിഷന്റെ ധനവിനിയോഗത്തിന്റെ മേല്‍ നിയന്ത്രണമില്ലെന്നതാണ് അവസ്ഥ.

janayugom 290911

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പീഡനം മാത്രം മിച്ചം

ക്ഷേമപദ്ധതി നിശ്ചലം

ആലപ്പുഴ:പണിയെടുത്താല്‍ മാന്യമായ കൂലി ലഭിക്കുമെന്ന് കണ്ട് കേരളത്തിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത പീഡനം. ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് സംഭവങ്ങള്‍ ഈ ദുരവസ്ഥയുടെ ഭീകരത വെളിവാക്കുന്നു.

കഴിഞ്ഞ ദിവസം കായംകുളത്തിനടുത്ത് മുരിക്കുംമൂട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് 33 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനുപുറമെ ചേര്‍ത്തലയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി സഹായം കിട്ടാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ക്ഷേത്രത്തിലെ മണിയില്‍ തൂങ്ങിമരിച്ചിരുന്നു.

മെച്ചപ്പെട്ട കൂലിക്ക് പുറമെ തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുമെന്ന് പ്രതീക്ഷിച്ച് കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ പതിവാകുമ്പോഴും മുന്‍പ് പ്രഖ്യാപിച്ച ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്. രാജ്യത്ത് ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി ആവിഷ്‌കരിച്ചത് കേരളത്തിലായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. 2010 മെയ് 1ന് പ്രാബല്യത്തില്‍ വന്ന ഈ പദ്ധതി സര്‍ക്കാര്‍ മാറിയപ്പോള്‍ നിശ്ചലാവസ്ഥയിലായി. കേരളത്തില്‍ ഒരു മാസമെങ്കിലും പണിയെടുത്ത അന്യ സംസ്ഥാന തൊഴിലാളികളെ പോലും ഗുണഭോക്താക്കളാക്കുന്ന പദ്ധതി ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 30 രൂപ മാത്രം വാര്‍ഷിക വിഹിതമായി അടച്ചാല്‍ മരണാനന്തര ആനുകൂല്യമായി 50,000 രൂപ, 10,000 രൂപ വീതമുള്ള ആശ്വാസ, ചികിത്സാ ധനസഹായം എന്നിവ തൊഴിലാളിക്ക് ലഭിക്കും. 10 കോടി രൂപ വക കൊള്ളിച്ച പദ്ധതിയുടെ പ്രയോജനം 6 ലക്ഷം തൊഴിലാളികള്‍ക്ക് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. 30 രൂപയടച്ച് രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയുടെ ഭാഗമായി നല്‍കും. എന്നാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും  വലിയ താല്‍പര്യമില്ലാത്ത സ്ഥിതിയാലിണിപ്പോള്‍.

സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്നാണ്  സി ഡി എസ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. കുടിയേറ്റ തൊഴിലാളികളില്‍ തമിഴ്‌നാട്ടുകാരാണ് ഭൂരിപക്ഷവും. പശ്ചിമബംഗാള്‍, അസം, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരും  പിന്നാലെയുണ്ട്. 2000ത്തോടെയാണ് തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്. ബംഗാളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ഏറെ തൊഴിലാളികളും നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. ഹോട്ടല്‍ വ്യവസായമടക്കമുള്ള ഇതര മേഖലയിലും ഇവര്‍ വന്നുപെടുന്നുണ്ട്. കരാറുകാര്‍ മുഖേനയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. തൊഴില്‍,ജീവത സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് കരാറുകാരുടെ ബാധ്യതയാണെങ്കിലും മിക്കയിടത്തും ശോച്യാവസ്ഥയിലുള്ള താമസസൗകര്യവും മറ്റുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.രോഗങ്ങള്‍ പിടിപെട്ടാല്‍ നല്ല ചികിത്സ പോലും ഇവര്‍ക്ക് ലഭിക്കാറില്ല.നാട്ടുകാരുടെ അക്രമത്തിനിരയായാല്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി സംസാരിക്കുവാന്‍  ആരും തയ്യാറാകാത്ത അവസ്ഥയുമുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം നിലവിലുള്ളപ്പോഴാണ്  കേരളത്തില്‍ ഇങ്ങനയൊക്കെ നടക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനത്തെ നിലവിലുള്ള കൂലി നിരക്കുകള്‍ തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാധകമാക്കണമെന്നും എ ഐ ടി യു സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണവും അവകാശനിഷേധവും പ്രതിഷേധാര്‍ഹമാണെന്നാണ് ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം.

janayugom 290911

മന്ത്രിമാര്‍ക്ക് കോടികള്‍ ചെലവിട്ട് ആഢംബര കാറുകള്‍ വാങ്ങുന്നു

മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി പുതിയ 15 ടയോട്ട കാറുകള്‍ വാങ്ങുന്നു. ഏകദേശം രണ്ട് കോടിയില്‍പരം രൂപ ചെലവില്‍ 13 ടയോട്ട ഇന്നോവയും രണ്ട് ടയോട്ട ഓള്‍ട്ടിസുമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.

ഇതിന് വകുപ്പ് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന മന്ത്രിസഭയിലെ നാലില്‍ മൂന്നുഭാഗത്തിനും ഇതിലൂടെ പുതിയ കാറുകള്‍ ലഭിക്കും. രണ്ട് മുസ്‌ലീം ലീഗ് മന്ത്രിമാര്‍ക്കാണ് ഓള്‍ട്ടിസ് ലഭിക്കുന്നത്. ആദ്യം 12 കാറുകളാണ് ആദ്യം വാങ്ങാന്‍ തീരുമാനിച്ചത്.

പിറകേ മൂന്ന് മന്ത്രിമാര്‍ക്ക് കൂടി കാര്‍ വാങ്ങാനുള്ള നിര്‍ദ്ദേശമെത്തുകയായിരുന്നു. നിലവില്‍ എല്ലാ മന്ത്രിമാര്‍ക്കും ആഡംബര വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇന്നോവ, കൊറോള, ലാന്‍സര്‍, ഓള്‍ട്ടിസ്, ഫിയസ്റ്റ തുടങ്ങി വിപണിയില്‍ ലഭ്യമായ പല ആഡംബര കാറുകളും മന്ത്രിമാര്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഒരു പുതിയ കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ അംബാസഡര്‍ കാര്‍ ഉപയോഗിക്കുന്ന പ്രതിപക്ഷനേതാവിനായും ഇത്തവണ കണ്ടുവച്ചിരിക്കുന്നത് ടയോട്ട ഇന്നോവയാണ്. പിന്നീട് ഉണ്ടാകുന്ന വിവാദങ്ങള്‍ ഒഴിവാക്കാനായാണിതെന്ന് സൂചനയുണ്ട്.

അറ്റകുറ്റപ്പണികള്‍ക്കായി വന്‍ തുക ചെലവായി തുടങ്ങിയ സാഹചര്യത്തില്‍ അധിക ചെലവ് ഒഴിവാക്കാനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുറച്ച് ആഡംബര കാറുകള്‍ വാങ്ങിയിരുന്നു. ഈ കാറുകള്‍ക്ക് കാര്യമായ അറ്റകുറ്റപണി ഇതുവരെ വന്നിട്ടില്ല. ഈ സാഹചര്യത്തിലും മന്ത്രിമാര്‍ പുതിയ കാറുകള്‍ക്ക് പിന്നലെ പായുകയാണ് ചെയ്യുന്നത്.
12,23,000 രൂപയാണ് ഓരോ ഇന്നോവ കാറിന്റെയും വില. വെള്ള പെയിന്റും, മറ്റ് എക്ട്രാ ഫിറ്റിംഗ്‌സും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇവയുടെ ഓരോന്നിന്റയും വില ഇനിയും വര്‍ധിക്കും.
ഒരു കാറിന്റെ ശരാശരി വില 13.50 ലക്ഷം രൂപയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. രണ്ട് മാസത്തോളമായി ടൂറിസം വകുപ്പിന് വാഹനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ട്. ടെന്‍ഡര്‍ വിളിക്കാതെയാണ് വാഹനങ്ങള്‍ വാങ്ങുന്നതും. നിപ്പോണ്‍ മോട്ടോര്‍ കോര്‍പ്പറേഷനാണ്  ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഓര്‍ഡര്‍ നല്‍കി ഇത്രയും ദിവസും കഴിഞ്ഞിട്ടും വാഹനങ്ങളില്‍ ഒന്ന് പോലും ഇതുവരെ ടൂറിസം വകുപ്പിന് കമ്പനി കൈമാറിയിട്ടില്ല. വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പുറത്തും വന്‍ ഡിമാന്‍ഡ് ഉള്ളതിനാലാണ് വാഹനങ്ങള്‍ ഇതുവരെയും ടൂറിസം വകുപ്പിന് കൈമാറാത്തതെന്നാണ് സൂചന.

ഈ മാസം അവസാനത്തോടെ മൂന്ന് വാഹനങ്ങള്‍ കൈമാറാമെന്നാണ് കമ്പിനി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് വരുന്ന ഓരോ മാസങ്ങളിലും മൂന്ന് കാറുകള്‍ വീതം നല്‍കി അഞ്ച് മാസം കൊണ്ട് വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന് കൈമാറാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ജി ഗിരീഷ്‌കുമാര്‍ janayugom 290911

ജനങ്ങളുടെ പോരാട്ടം നയങ്ങളെ അസ്ഥിരീകരിക്കാനാണ്

അസ്ഥിരീകരണത്തിന്റെ വര്‍ത്തമാനം വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം കാലിടറി തുടങ്ങുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭരണാധിപന്മാര്‍ എടുത്തുപയോഗിക്കുന്ന പ്രയോഗമാണ് 'അസ്ഥിരീകരണ ഭീഷണി'. അവര്‍ക്ക് അത് ഒരേ സമയം വാളും പരിചയുമാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുത്തു മടങ്ങും വഴി വിമാനത്തില്‍വച്ച് പത്രക്കാരോടു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അസ്ഥിരീകരണ ഭീഷണിയെക്കുറിച്ചു സംസാരിച്ചതില്‍ ദൂരവ്യാപകമായ അര്‍ഥമുണ്ട്.

ഗവണ്‍മെന്റിനെതിരായി പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ അസ്ഥിരീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ അടിസ്ഥാനം ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പിലാക്കുന്ന നയങ്ങളാണെന്നു വിശ്വസിക്കുന്ന ഒരാള്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ. ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്രയും യാഥാര്‍ഥ്യ ബോധമില്ലാതെ സംസാരിക്കുന്ന ആളാകരുതായിരുന്നു. തങ്ങള്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ അംഗീകരിച്ച കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കാല്‍ക്കീഴിലെ മണ്ണു ചോര്‍ന്നു പോകുന്നത് അറിയുമ്പോള്‍ എല്ലാ ജനദ്രോഹ ഭരണകൂടങ്ങളുടെയും തലവന്മാര്‍ ഇതേ വാദമുന്നയിച്ചിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും കഴിയുമ്പോള്‍ ഇത്തരം അവകാശവാദങ്ങളുടെ തകര്‍ന്നു വീണ മണ്‍കോട്ടയ്ക്ക് അരികില്‍ അവര്‍ തലകുനിച്ചിരിക്കുന്നതും ജനങ്ങള്‍ കണ്ടിട്ടുണ്ട്.

ഭരണ വ്യവസ്ഥയ്ക്ക് ഇളക്കം തട്ടുന്നുവെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നത് അതിന്റെ അടിത്തറ ദുര്‍ബലമാകുന്നതുകൊണ്ടാണ്. അതിനു കാരണം ഭരണ-നയരംഗങ്ങളില്‍ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന സമീപനങ്ങളാണ്. ആ നയങ്ങള്‍ ജനങ്ങളില്‍ സ്വാഭാവികമായും രോഷം വളര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ മഹദ്മൂല്യങ്ങളെയെല്ലാം ചവറ്റുകൊട്ടയിലെറിഞ്ഞ നയങ്ങളാണവ. ആ നയങ്ങള്‍ക്ക് രൂപം നല്‍കിയ സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ജനങ്ങളില്‍ വെല്ലുവിളിക്കപ്പെടുന്നത്. ആ ജനങ്ങള്‍ക്കൊപ്പമാണ് ഉത്തരവാദിത്വമുള്ള പ്രതിപക്ഷം നില്‍ക്കേണ്ടത്. ഇടതുപക്ഷം അങ്ങനെ നില്‍ക്കാന്‍ ധാര്‍മിക അവകാശമുള്ള ജനകീയ പ്രതിപക്ഷമാണെന്നത് മന്‍മോഹന്‍ സിംഗിനും നിഷേധിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി, സര്‍ക്കാരിന്റെ മുഖം അങ്ങേയറ്റം വികൃതമാണ്, ജനകീയ പ്രക്ഷോഭങ്ങളാകുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചാല്‍ ആ വൈകൃതം മാറുമെന്ന് ആരാണ് താങ്കള്‍ക്കു പറഞ്ഞുതന്നത്?

ഐക്യരാഷ്ട്ര പൊതുസഭയില്‍ താന്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി ഇത്രപെട്ടെന്ന് മറന്നു പോകരുതായിരുന്നു. ''ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങളിലും ആഗോള പരസ്പരാശ്രയത്വത്തിലും ലോകം വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആഴമേറിയ കുഴപ്പങ്ങളും അവയുടെ ഗുരുതരമായ അനന്തര ഫലങ്ങളും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുകയാണ്.'' മന്‍മോഹന്‍സിംഗ് തന്റെ നാവുകൊണ്ടു പറഞ്ഞ ആഴമേറിയ കുഴപ്പങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ലോകത്തെമ്പാടും രാജ്യങ്ങളെ പിടിച്ചുലയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് മാത്രം അതൊന്നും ബാധകമാകില്ലെന്ന് പ്രധാനമന്ത്രി കരുതിയോ? എങ്കില്‍ അദ്ദേഹത്തിനു തെറ്റി.

ലോകം മുഴുവന്‍ വിനാശം വിതച്ച ആഗോളവല്‍ക്കരണ നയങ്ങളുടെ 'വിശ്വസ്ത വിധേയ ദാസ്യപ്പണി' യാണ് ഇന്ത്യയിലെ ഭരണക്കാര്‍ ഇക്കാലമത്രയും നടത്തിപ്പോന്നത്. അതുമൂലം സമൂഹത്തില്‍ പെരുകി വന്ന അനീതികളുടെയും അസമത്വങ്ങളുടെയും മുമ്പില്‍ കണ്ണടച്ചു നിന്നവരാണവര്‍. ശതകോടീശ്വരന്മാര്‍ക്കു വേണ്ടതെല്ലാം വാരിക്കോരി കൊടുത്തിട്ട് പട്ടിണി പാവങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാന്‍ ഉപദേശിച്ചവരാണവര്‍. തന്റെ 'വിമാന പ്രബോധന' ത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: ''ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍ക്ക് പൊതുവില്‍ സ്ഥിരതയുണ്ട്. വിലസ്ഥിരതയില്ലാത്തത് പച്ചക്കറി, മത്സ്യം, മുട്ട തുടങ്ങിയവയ്ക്കാണ്. ഇതു നമ്മുടെ നയങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നത്''. തൊലിക്കട്ടിയും വിവരമില്ലായ്മയും ഒന്നിച്ചു ചേരുന്ന ഇത്തരം ഒരു പ്രസ്താവന നാടിന്റെ പ്രധാനമന്ത്രിയില്‍ നിന്നാണുണ്ടാകുന്നത്. നഗരങ്ങളില്‍ 31 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും ഉള്ളവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്നു പ്ലാനിംഗ് കമ്മിഷനെക്കൊണ്ട് പറയിപ്പിച്ചതും ഇത്തരക്കാര്‍ തന്നെയാകുമല്ലോ. അവയ്‌ക്കെതിരായി ശബ്ദമുയര്‍ത്തുന്നവര്‍ അസ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നത് ആരുടെയും കസേരകളെയല്ല; ഈ നയങ്ങളെത്തന്നെയാണെന്ന് നാടിനോടു മുഴുവന്‍ വിളിച്ചു പറയാനുള്ള കരുത്താര്‍ജിക്കാനാണു ഇടതുപക്ഷം ശ്രമിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ നാണിപ്പിക്കുന്ന അഴിമതി പരമ്പരകളെല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല. അതിന്റെ ഉറവിടം പണത്തിനും ലാഭത്തിനും പരമ പ്രാധാന്യം കല്‍പിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ തന്നെയാണ്. 2 ജി സ്‌പെക്ട്രം കുംഭകോണം അതിന്റെ ഒരു ഭാഗം തന്നെയാണ്. രാജയേയും കനിമൊഴിയേയും ജയിലിലടച്ചാല്‍ കള്ളങ്ങള്‍ മൂടിവയ്ക്കാമെന്നു കരുതിയവര്‍ ഭരണ നേതൃത്വത്തിലുണ്ട്. ചിദംബരം എന്നും സുരക്ഷിതനായിരിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. എന്നാല്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കത്ത് പുറത്തായതോടെ ആ വ്യാമോഹം സോപ്പുകുമിള പോലെ തകര്‍ന്നുപോയി. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് 2 ജി ഇടപാടുകളത്രയും നടന്നതെന്ന് രാജ്യം അറിഞ്ഞുകഴിഞ്ഞു! ചിദംബരത്തെ തനിക്കു പൂര്‍ണ വിശ്വാസമാണെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോള്‍ രാജ്യം ചിരിക്കുക മാത്രമല്ല; ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ആ രാജ്യത്തെയും ജനങ്ങളെയും അസ്ഥിരീകരണ ശക്തികളെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ ജനങ്ങളുടെ വിശ്വാസം പൂര്‍ത്തിയാകുന്നു. അതിനാല്‍ അസ്ഥിരീകരണത്തിന്റെ പതിവ് വര്‍ത്തമാനങ്ങള്‍കൊണ്ട് തനിക്കു ചുറ്റും രക്ഷാകവചം തീര്‍ക്കാമെന്ന് മന്‍മോഹന്‍സിംഗ് കരുതരുത്. ഇന്നലെവരെയും ജീവിച്ചതുപോലെ ഇനി ജീവിച്ചുകൂടെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇന്നലെവരെയും ഭരിച്ചതുപോലെ ഇനിയും ഭരിക്കാമെന്ന് ഭരണവര്‍ഗം കണക്കുകൂട്ടരുത്.

ജനങ്ങള്‍ ചെറുത്തു നില്‍പ്പിനൊരുങ്ങുന്നത് പുതിയ ഭാവി രചിക്കാനാണ്. ആരുടെയെല്ലാം കസേര അസ്ഥിരീകരിക്കപ്പെടുമെന്നത് അവരുടെ ചിന്താവിഷയമല്ല.

janayugom editorial

വാരിക്കുഴിയൊരുക്കി അടൂര്‍ പ്രകാശ്; കണ്ണീരണിഞ്ഞ് മന്ത്രിമുഖ്യന്‍

ആരോഗ്യമന്ത്രി മനസ്സുവച്ചപ്പോള്‍ അതും നടന്നു. സാക്ഷാല്‍ മുഖ്യന് ഒരു പണികൊടുക്കണമെന്നുള്ള മോഹം അങ്ങനെ പൂവണിഞ്ഞു. അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ 'മദ്യപാനത്തെ തുടര്‍ന്നുള്ള പനി മരണ' മാണ് സഭയെ ഇളക്കിമറിച്ചത്. നിരുത്തരവാദപരമായ പ്രസ്താവന നടത്തുകവഴി സ്വയം കുഴിയില്‍ ചാടുകമാത്രമല്ല ആരോഗ്യമന്ത്രി ചെയ്തത്. തന്റെ ടീമിന്റെ ക്യാപ്റ്റനെ തന്നെ വാരിക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. പനി ബാധിച്ചു മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിച്ച അടൂര്‍ പ്രകാശ് തന്റെ പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി. ടീമംഗമായ ആരോഗ്യമന്ത്രി നടത്തിയ അബദ്ധ പ്രസ്താവനയും തുടര്‍ന്നുണ്ടായ ജനരോഷവും നന്നേ മനസ്സിലാക്കിയ മുഖ്യമന്ത്രിക്ക് മുന്നില്‍ പരസ്യമായ ഖേദപ്രകടനമല്ലാതെ വേറെ വഴിയില്ലായിരുന്നു. മുഖ്യന്റെ ക്ഷമാപണത്തോടെ ബഹളം കെട്ടടങ്ങി.

കാര്‍ഷിക വികസനബാങ്കുകളിലെ ഭരണസമിതി പിരിച്ചുവിട്ട വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച ഇ പി ജയരാജന്‍ വര്‍ധിത വീര്യത്തിലായിരുന്നു. പ്രതിപക്ഷ സഹകരണം വേണം എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി എന്ത് മണ്ണാങ്കട്ടയാണ് ഈ പറയുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എസ് ശര്‍മക്ക് ഈ സര്‍ക്കാരിന്റേത് ഭരണ റൗഡിസമാണെന്ന കാര്യത്തില്‍ സംശയമില്ല. ചീഫ് വിപ്പ് പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയും കള്ളനും പൊലീസും കളിക്കുന്നുവെന്ന് അറിയാമെങ്കിലും ഇതില്‍ പൊലീസ് ആരാണെന്ന കാര്യം ശര്‍മക്ക് പിടികിട്ടിയിട്ടില്ല.

വൈദ്യുതാഘാതമേറ്റ കേന്ദ്രസര്‍ക്കാരിന്റെ കാലില്‍ സംസ്ഥാന സര്‍ക്കാര്‍ തൂങ്ങിനില്‍ക്കുകയാണെന്ന് സി ദിവാകരന് അറിയാം. കോണ്‍ഗ്രസുകാര്‍ പേറ്റന്റ് നേടിയ 'മുണ്ടുരിയല്‍' ആയുധം ഇപ്പോള്‍ പൊലീസിന് കൈമാറിയോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. പാറശാലയിലും കെ പി സി സി ആസ്ഥാനത്തും കോണ്‍ഗ്രസുകാര്‍ ഈ ആയുധം വിജയകരമായി പരീക്ഷിച്ച കാര്യം എല്ലാവര്‍ക്കുമറിയാം. വിദ്യാര്‍ഥി സമരങ്ങളില്‍ തല തല്ലിപ്പൊളിച്ച് ചോര ചീന്തിക്കുന്നതിനൊപ്പം മുണ്ടുരിയല്‍ ആയുധവും പൊലീസ് ഉപയോഗിക്കുന്നണ്ടത്രേ. മാര്‍ക്‌സിനെയും ലെനിനെയും ഉദ്ധരിച്ച് പ്രസംഗം തുടങ്ങിയ അഹമ്മദ് കബീര്‍ ഇടതു ലൈനിലേക്കാണോ എന്ന് ഒരു നേരം സംശയം ജനിപ്പിച്ചു. ഈ സര്‍ക്കാരിനെ ചൈനയിലെ മുളച്ചെടിയോടാണ് കബീര്‍ താരതമ്യപ്പെടുത്തിയത്. ഈ മുളയ്ക്ക് ഒരു പ്രത്യേകത ഉണ്ടത്രേ. എണ്ണിക്കൊണ്ട് അഞ്ചുവര്‍ഷം മുടങ്ങാതെ വെള്ളമൊഴിച്ചാല്‍ മാത്രമേ ഇത് 90 അടി ഉയരത്തില്‍ വളര്‍ന്നു പൊങ്ങൂ.  അഹമ്മദ് കബീറും കൂട്ടരും ഇപ്പോള്‍ വെള്ളം കോരുന്ന തിരക്കിലാണ് . ഏതുവിധേനയും ഈ സര്‍ക്കാരിനെ വടവൃക്ഷമാക്കാനാണ് പദ്ധതി.

മലപ്പുറം ജില്ല ആരുടേയെങ്കിലും തറവാട്ടു സ്വത്താണോ എന്നതാണ് ശ്രീരാമകൃഷ്ണന് സംശയം. കോവൂര്‍ കുഞ്ഞുമോന്‍ മലപ്പുറം ജില്ലയെ അവഹേളിച്ചുവെന്നാരോപിച്ച് ലീഗ് എം എല്‍ എമാര്‍ എഴുന്നേറ്റതാണ് സന്ദര്‍ഭം. കുഞ്ഞാലിക്കുട്ടി, മലപ്പുറം എന്നൊക്ക കേട്ടാല്‍ ലീഗുകാര്‍ സ്പ്രിംഗ് പോലെ ചാടിയെഴുന്നേല്‍ക്കുന്നതെന്തിനാണെന്ന് പി അയിഷാപോറ്റിക്ക് പിടികിട്ടിയിട്ടില്ല. പി സി ജോര്‍ജിന് ആരോ കുത്തിവെയ്പ് എടുത്തെന്നും അയിഷാ പോറ്റി കണ്ടെത്തി. അല്ലെങ്കില്‍ പിന്നെ സഭയിലെ ഗര്‍ജിക്കുന്ന സിംഹത്തിന് രണ്ട് നാളായി മിണ്ടാട്ടമില്ലാത്തതെന്താണ്. ഉമ്മന്‍ചാണ്ടി പൊലീസിന്റെ കാര്യക്ഷമതയുടെ കാര്യത്തില്‍  എം എ വാഹിദിന് നൂറുനാവാണ്. തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് കയറി വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ചില്ലേ. വേറെന്തുവേണം. സമരം നടത്തുന്ന വിദ്യാര്‍ഥികളെല്ലാം ദേശവിരുദ്ധ ശക്തികാളാണോ എന്നും വാഹിദിന് സംശയമുണ്ട്. 

വി ശിവന്‍കുട്ടി കുറച്ചു നാളുകളായി ഗവേഷണത്തിലായിരുന്നു.100 ദിനവിസ്മയത്തിന്റെ പേരില്‍ നല്‍കിയ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ മനോഹര ചിത്രം എത്ര തവണ പ്രത്യക്ഷപ്പെട്ടുവെന്നാതാണ് ഗവേഷണ വിഷയം. ഒടുവില്‍ ഏറെ പണിപ്പെട്ടാണെങ്കിലും  ശിവന്‍കുട്ടി അത് കണ്ടേത്തി. 1552 ഉമ്മന്‍ചാണ്ടി ചിത്രങ്ങളാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണപക്ഷത്താണെങ്കിലും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കുഞ്ഞുങ്ങളായ ജനമൈത്രിപൊലിസിനോടും സ്റ്റുഡന്റ്‌സ് പൊലിസിനോടും എന്‍ എ നെല്ലിക്കുന്നിന് കടുത്ത വാത്സല്യമാണ്.

100 ദിന പരീക്ഷയില്‍ ഉമ്മന്‍ചാണ്ടി 100ല്‍ 101 മാര്‍ക്ക് നേടിയതെങ്ങനെയെന്നതാണ് ഇ എസ് ബിജിമോളെ കുഴയ്ക്കുന്നത്. മോഡറേഷനാണെങ്കിലും നൂറേ കിട്ടൂ. മാജിക്കായതിനാല്‍ 101 കിട്ടുമായിരിക്കും.  മാര്‍ക്കിലും കള്ളത്തരമാണോ എന്ന്  സംശയിക്കേണ്ട.  കോപ്പിയടിച്ചതല്ലെന്ന് ബെന്നിബഹന്നാന്‍ ആണയിട്ടു പറഞ്ഞു. പശുവിനെ മോഷ്ടിച്ചയാളുടെ കഥയും ബിജിമോള്‍ പറഞ്ഞു. പശുവിനെയല്ല, വഴിയില്‍ കിടന്ന കയറാണ് മോഷ്ടിച്ചതെന്നും തുമ്പത്ത് പശു ഉള്ളത് അറിഞ്ഞില്ലെന്നും കള്ളന്റെ മൊഴി. ഇതു പോലെ ചീഫ്‌വിപ്പ്  എടുത്ത കയറിന്റെ തുമ്പത്ത് ഉമ്മന്‍ചാണ്ടിയുടെ തലയാണെന്നാണ് ബിജിമോള്‍ പറഞ്ഞത്.

janayugom 290911

കോടതിക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലാതായി: വി എസ്

ഐസ്ക്രീം കേസിന്റെ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കോടതിയുടെ നിരീക്ഷണം യുഡിഎഫ് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരീക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ അതിദൂരം ബഹുദൂരമെന്ന പ്രഖ്യാപനത്തോടെയുള്ള സുതാര്യഭരണത്തിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാമൊലിന്‍ കേസില്‍ സര്‍ക്കാരിന്റെ സൂത്രവിദ്യയും വെളിപ്പെട്ടു. വിജിലന്‍സ് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അദ്ദേഹത്തെ ആക്ഷേപിച്ചുമാണ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്. ഐസ്ക്രീംകേസില്‍ കുറ്റവാളികള്‍ക്കായി ജുഡീഷ്യറിയെ സ്വാധീനിച്ചവരെയും കോഴ കൊടുത്ത ഇടനിലക്കാരെയുമാണ് സുപ്രധാന തസ്തികകളില്‍ നിയോഗിച്ച് കേസ് അട്ടിമറിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാം നമ്പരുകാരന്‍ പെണ്‍വാണിഭക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ വൃത്തികേടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരികയാണ്. സന്തതസഹചാരിയായിരുന്ന റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പണം കൊടുത്ത് കേസ് അട്ടിമറിക്കുകയുമാണ്. ഇതിന്റെയെല്ലാം ഗൂഢാലോചനയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അതിവേഗം ബഹുദൂരം ഇത്ര സുതാര്യതയോടെ കാര്യങ്ങള്‍ പുറത്തുവന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം.

നൂറു ദിവസം നൂറ്റൊന്നു നേട്ടമെന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആത്മപ്രശംസ മാത്രമാണ്. ഈ ആത്മപ്രശംസ സര്‍ക്കാരിനെ രക്ഷിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെ സ്വന്തം നേട്ടമായി ഉമ്മന്‍ചാണ്ടി ചിത്രീകരിക്കുകയാണ്. എല്‍ഡിഎഫിന്റെ അഞ്ചുകൊല്ലത്തെ ഭരണ വികസനപ്രവര്‍ത്തനങ്ങളുടെ മേല്‍ ഒരു കുറ്റി കൊണ്ടുവന്ന് അടിച്ച് സ്വന്തം നേട്ടമാക്കുന്ന തട്ടിപ്പ് ജനങ്ങള്‍ മനസിലാക്കും. പഴയ കാര്യങ്ങളില്‍ അറിവില്ലാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി കെ മുരളീധരന്‍ വീറോടെ വാദിക്കുന്നത്. പാമൊലിന്‍ കേസിനു ശേഷമുണ്ടായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനോട് യുദ്ധം പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചത് മുരളീധരന്‍ ഓര്‍ക്കുന്നുണ്ടാവില്ല. കനിമൊഴിക്കും ദയാനിധിമാരനും പുറമെ ചിദംബരവും തുടര്‍ന്ന് പ്രധാനമന്ത്രിയും തിഹാര്‍ ജയിലിലേക്ക് പോകുന്ന സ്ഥിതിയാണ് കേന്ദ്രത്തിലുള്ളത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രത്തിന്റെ ഈ മാതൃകയല്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും പിന്തുടരേണ്ടതെന്നും വി എസ് പറഞ്ഞു.

പാമൊലിന്‍ കേസിലെ കള്ളക്കളി ജുഡീഷ്യറിക്ക് അപമാനം: ലോയേഴ്സ് യൂണിയന്‍

കൊച്ചി: പാമൊലിന്‍ കേസില്‍ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാനിടയായത് നീതിന്യായ സംവിധാനത്തിന് തീരാകളങ്കമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെയും പ്രതിഭാഗം ഉദ്ധരിച്ച കോടതിവിധി ഉദ്ധരിക്കുകയുംചെയ്ത് യജമാനന്മാര്‍ക്കുവേണ്ടി വിടുപണി ചെയ്യുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ . അഴിമതിനിരോധനിയമത്തിലെ 19(3) പ്രകാരം ഇത്തരം കേസുകളില്‍ വിചാരണക്കോടതി പാസാക്കുന്ന ഉത്തരവ് തടയാനുള്ള മേല്‍ക്കോടതികളുടെ അവകാശത്തിന്മേലുള്ള നിയന്ത്രണവും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയുടെ മകന്‍കൂടിയായ പ്രോസിക്യൂട്ടറെ ചുമതലയേല്‍പ്പിച്ച് കേസ് അട്ടിമറിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്.

കേസ് പരിഗണിക്കുന്ന കോടതിയിലെ സ്ഥിരം ചുമതലക്കാരായ രണ്ടു പ്രോസിക്യൂട്ടര്‍മാരെ മാറ്റിനിര്‍ത്തി പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടാക്കാന്‍ അഡ്വക്കറ്റ് ജനറലും കൂട്ടുനിന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിചാരണക്കോടതിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതി അഭിഭാഷകന്‍കൂടിയാണ്. പ്രോസിക്യൂട്ടറെ നിലനിര്‍ത്തി എന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനും അതേ പ്രോസിക്യൂട്ടറെതന്നെ ചുമതലപ്പെടുത്താനുള്ള ആര്‍ജവം കാണിക്കണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 290911

അടൂര്‍ പ്രകാശിനെ രക്ഷിക്കാനുള്ള പുനരന്വേഷണം ഹൈക്കോടതി തടഞ്ഞു

മന്ത്രി അടൂര്‍ പ്രകാശ് ഒന്നാംപ്രതിയായ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ ലൈസന്‍സ് അഴിമതിക്കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. അടൂര്‍ പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി എന്നിവരടക്കം അഞ്ചു പ്രതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസ് വീണ്ടും അന്വേഷിച്ച് മന്ത്രിയെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ഹര്‍ജിയില്‍ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഡെസ്മണ്ട് നെറ്റോയ്ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടൂര്‍ പ്രകാശ് ഭക്ഷ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് നേതാവ് എന്‍ കെ അബ്ദുള്‍റഹിമാനില്‍നിന്ന് 25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോലൈസന്‍സ് അനുവദിക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കോഴിക്കോട് വിജിലന്‍സ് കോടതിയയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ കോടതി അനുമതികൂടാതെ പുനരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഒന്നാംപ്രതിയായ അടൂര്‍ പ്രകാശ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മെണ്ട് നെറ്റോ ഉത്തരവിട്ടത്. ഈ നടപടി ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതും ദുരുദ്ദേശ്യപരവുമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് നിയമവ്യവസ്ഥയില്‍ അനാരോഗ്യകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞു. കേസ് അന്വേഷിച്ച വിജിലന്‍സ്, പ്രതികള്‍ക്കെതിരെ മതിയായ തെളിവ് ശേഖരിച്ചിട്ടുണ്ട്. നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുനരന്വേഷണത്തിലൂടെ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാനാണ് ഉദ്ദേശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു. അതിനിടെ, റേഷന്‍കട അഴിമതികേസ് കോഴിക്കോട് വിജിലന്‍സ് കോടതി നവംബര്‍ 21ലേക്ക് നീട്ടി. നിയമസഭ ചേരുന്നതിനാല്‍ മന്ത്രി അടൂര്‍ പ്രകാശിന് ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് കാട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്. കേസ് പുനരന്വേഷണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജിയും വിജിലന്‍സ് പ്രത്യേക ജഡ്ജി വി ജയറാം 21ലേക്ക് മാറ്റി.

പുനരന്വേഷണത്തിന് സ്റ്റേ: സര്‍ക്കാരിന് തിരിച്ചടി

കോഴിക്കോട്: മന്ത്രി അടൂര്‍പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ പുനരന്വേഷണം നടത്താനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തിരിച്ചടിയായി.അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കത്തിനാണ് നീതിപീഠം തടയിട്ടത്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് അട്ടിമറിക്കാന്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനമേറ്റതിന്റെ പിറ്റേന്നായിരുന്നു വിജിലന്‍സിനെ കൂട്ടുപടിച്ചുള്ള നീക്കം. കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ച അഴിമതി ആരോപണമാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. അഴിമതിക്കാരെ അധികാരവും സ്വാധീനവും പ്രയോഗിച്ച് വിശുദ്ധരാക്കാനുള്ള നീക്കം നീതിപീഠത്തിനുമുന്നില്‍ തകര്‍ന്നതോടെ അടൂര്‍പ്രകാശിനൊപ്പം ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലായിരിക്കയാണ്.

അടൂര്‍പ്രകാശിനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനും എതിരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോആണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി എക്സി. അംഗമായിരുന്ന എന്‍ കെ അബ്ദുറഹിമാനോട്, അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് 25 ലക്ഷം രൂപ കോഴ ചോദിച്ചെന്നാണ് കേസ്. ഈ കേസിലെ പ്രധാന സാക്ഷിയായ അബ്ദുറഹിമാന്‍ ഒരു വര്‍ഷംമുമ്പ് നല്‍കിയ കത്തിന്റെ പേരിലാണ്, വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പുനരന്വേഷണം നടത്താന്‍ ഏകപക്ഷീയമായി ഉത്തരവിട്ടത്.

കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയ്ക്ക് ലൈസന്‍സ് കിട്ടാന്‍ 2005ല്‍ അബ്ദുറഹിമാനും അപേക്ഷിച്ചിരുന്നു. ഇതിനായി 2005 ഡിസംബര്‍ ആറിന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ അടൂര്‍ പ്രകാശിനെയും വി രാജുവിനെയും സമീപിച്ചു. അവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട്, തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍വച്ചും പണം ചോദിച്ചു. കോഴ നല്‍കാത്തതിനാല്‍ അബ്ദുറഹിമാന് ലൈസന്‍സ് നിഷേധിച്ചു. ഇക്കാര്യം പരസ്യമായി ഉന്നയിച്ചതിന് അബ്ദുറഹിമാനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പി സി സചിത്രന്‍ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. അടൂര്‍ പ്രകാശിനും രാജുവിനുമെതിരെ അബ്ദുറഹിമാന്‍ മൊഴി നല്‍കുകയും ചെയ്തു. സംഭവം നടന്നത് കോഴിക്കോട്ടായതിനാല്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രവും സമര്‍പ്പിച്ചു.
(പി വി ജീജോ)

deshabhimani 290911