Sunday, September 18, 2011

ആള്‍ദൈവങ്ങള്‍ ഈശ്വരനുമായി വിലപേശാന്‍ പഠിപ്പിക്കുന്നു: സ്വാമി അഗ്നിവേശ്

ആള്‍ദൈവങ്ങള്‍ വിശ്വാസികളെ ഈശ്വരനുമായി വിലപേശാന്‍ പഠിപ്പിക്കുകയാണെന്ന് സ്വാമി അഗ്നിവേശ്. വഴിപാട് അര്‍പ്പിച്ച് സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നവര്‍ ആരാധനയെ അഴിമതിവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ പരേതനായ മാമ്മന്‍ മത്തായിയുടെ സ്മരണ നിലനിര്‍ത്താന്‍ രൂപീകരിച്ച വിചാരവേദി സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര ഉദ്ഘാടനച്ചടങ്ങില്‍ "മനുഷ്യദൈവങ്ങള്‍" എന്ന വിഷയത്തില്‍ ആദ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിലെ എല്ലാ അംശങ്ങളിലും അരൂപിയായ ഈശ്വരനുണ്ടെന്ന് എല്ലാ മതങ്ങളും പറയുന്നു. അങ്ങനെയെങ്കില്‍ വായുവും വെള്ളവും മലിനീകരിക്കുന്നവര്‍ ഈശ്വരനെ - അള്ളായെ - അപമാനിക്കുകയാണ്. ഇറാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ടെഹ്റാനിലെത്തി പങ്കെടുത്ത യോഗത്തില്‍ ഇത് പറഞ്ഞപ്പോള്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ തന്നെ ആശ്ലേഷിച്ചത് അഗ്നിവേശ് എടുത്തുപറഞ്ഞു. മതസ്വാതന്ത്ര്യമെന്നാല്‍ മതത്തില്‍നിന്നുള്ള സ്വാതന്ത്ര്യവും അതിലുള്‍പ്പെടുമെന്ന് പറഞ്ഞ അഗ്നിവേശ് വേഷംകൊണ്ട് സ്വാമിയാണെങ്കിലും താന്‍ ഹിന്ദുസ്വാമിയല്ലെന്ന് പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം എ ബേബി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

സ്വാമി അഗ്നിവേശിനെതിരെ ആര്‍എസ്എസുകാര്‍

സ്വാമി അഗ്നിവേശിന്റെ പ്രഭാഷണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ പൊലീസ് കസ്റ്റഡിയില്‍ . മുന്‍ എംഎല്‍എ മാമ്മന്‍ മത്തായിയുടെ സ്മരണയ്ക്കായി രൂപീകരിച്ച വിചാരവേദി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ആദ്യ പ്രഭാഷണത്തിനാണ് അഗ്നിവേശ് തലസ്ഥാനത്തെത്തിയത്. "മനുഷ്യദൈവങ്ങള്‍" എന്നതായിരുന്നു വിഷയം. പ്രഭാഷണം നടന്ന വൈഎംസിഎ ഹാളിലേക്ക് ഇടിച്ചുകയറി പരിപാടി അലങ്കോലപ്പെടുത്താനും "അഗ്നിവേശിന്റെ അറിയപ്പെടാത്ത മുഖം" എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷ് ലഘുലേഖ വിതരണം ചെയ്യാനും ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ പൊലീസ് ഉടന്‍ സ്ഥലത്തുനിന്ന് കൊണ്ടുപോയത് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.

deshabhimani

1 comment:

  1. ആള്‍ദൈവങ്ങള്‍ വിശ്വാസികളെ ഈശ്വരനുമായി വിലപേശാന്‍ പഠിപ്പിക്കുകയാണെന്ന് സ്വാമി അഗ്നിവേശ്. വഴിപാട് അര്‍പ്പിച്ച് സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നവര്‍ ആരാധനയെ അഴിമതിവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete