ദയാഹര്‍ജിയിലുണ്ടായ അസാധാരണമായ കാലതാമസം നീതീകരിക്കാനാവാത്തതും തുടര്‍ന്നുവരുന്ന വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവും ഇന്ത്യന്‍ ഭരണഘടനുടെ 21-ാം വകുപ്പ് ഉറപ്പു നല്‍കുന്ന ജീവന്റെ മേലുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് പ്രമുഖ അഭിഭാഷകന്‍ രാംജെത്മലാനിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം വാദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റിനും തമിഴ്‌നാട് ഗവണ്‍മെന്റിനുമുള്ള പ്രതിവാദം സമര്‍പ്പിക്കാന്‍ കോടതി എട്ടാഴ്ചക്കാലം അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വധശിക്ഷയ്‌ക്കെതിരെ രംഗത്ത് വരികയുണ്ടായി. ദേശീയതലത്തിലും വധശിക്ഷ നടപ്പാക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തമിഴ്‌നാട് അസംബ്ലി വധശിക്ഷയ്‌ക്കെതിരെ ഏകകണ്ഠമായി ഒരു പ്രമേയം അംഗീകരിച്ചു. രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ജയില്‍വാസത്തിനിടെ ഒരു കുഞ്ഞിനു ജന്മം നല്‍കുകയും അവര്‍ക്ക് 2000 ത്തില്‍ വധശിക്ഷയില്‍ നിന്ന് ഇളവനുവദിക്കുകയുമുണ്ടായി.
രാഷ്ട്രീയ അധികാരത്തിലേയ്ക്കുള്ള തിരിച്ചുവരവിനു നേതൃത്വം നല്‍കി തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് രാജീവ്ഗാന്ധി രാജ്യത്തെ നടുക്കിക്കൊണ്ട് കൊലചെയ്യപ്പെട്ടത്. നിരവധി മാസത്തെ ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനുമൊടുവിലാണ് എല്‍ ടി ടി ഇ ഭീകരര്‍ രാജീവ്ഗാന്ധിയെ വധിച്ചത്. ക്രൂരവും ആസൂത്രിതവുമായ ഈ കുറ്റകൃത്യം ഏറ്റവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇന്ത്യയില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2004 ല്‍ ആണ്. ഇപ്പോഴത്തെ കേസിലെ വിധി അഫ്‌സല്‍ഗുരു, ദേവീന്ദര്‍ പാല്‍ സിങ് ബുള്ളര്‍ തുടങ്ങി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരവധി പേരുടെ കാര്യത്തില്‍ നിര്‍ണായകമായിത്തീരും. ഇവരുടെ കാര്യത്തിലും ദയാഹര്‍ജിയിന്മേല്‍ തീരുമാനമെടുക്കുന്നതിനു കാലതാമസം സംഭവിച്ചിട്ടുണ്ട്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കിടക്കുന്ന തടവുകാര്‍ അസാധാരണ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ദിനരാത്രങ്ങള്‍ എണ്ണിനീക്കുന്നത്. സുദീര്‍ഘമായ ഈ മാനസിക പീഠനം ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്റെ ലംഘനമാണ്. 'കണ്ണിനു കണ്ണ്, പല്ലിനു പല്ല്' എന്ന പ്രാകൃത രീതിയില്‍ നിന്നും മനുഷ്യരാശി ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. പരിഷ്‌കൃത രാഷ്ട്രങ്ങള്‍ ഒന്നൊന്നായി വധശിക്ഷ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജീവ് ഗാന്ധി വധംപോലെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ കടുത്ത ശിക്ഷ അനുഭവിച്ചേ മതിയാവൂ. അതാവട്ടെ സമൂഹത്തില്‍ നിന്നും അവരെ എക്കാലത്തേയ്ക്കും നിഷ്‌കാസനം ചെയ്യുന്ന എല്ലാ അര്‍ഥത്തിലുമുള്ള ജീവപര്യന്തം തടവാകുന്നതായിരിക്കും ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ച ശിക്ഷാനടപടി.
ആഗോളാടിസ്ഥാനത്തില്‍ അനവധി രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. 96 രാജ്യങ്ങള്‍ ഇത്തരത്തില്‍ വധശിക്ഷ അവസാനിപ്പിച്ചിട്ടുണ്ട്. മറ്റൊരു 34 രാജ്യങ്ങള്‍ ഔദ്യോഗികമായി വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും അത് വര്‍ഷങ്ങളായി നടപ്പാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു.
ഒരു പതിറ്റാണ്ടിലേറെ എല്‍ ടി ടി ഇ ഭീകരരുടെ വധശിക്ഷാ കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്ന കേന്ദ്ര ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം കൈക്കൊണ്ടത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. വധശിക്ഷ നടപ്പാക്കുക വഴി തങ്ങള്‍ക്കു അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപിന്തുണ വീണ്ടെടുക്കാനാണ് യു പി എ സര്‍ക്കാരിന്റെ ശ്രമമെന്ന് പല കേന്ദ്രങ്ങളും സ്വാഭാവികമായി സംശയിക്കുന്നു.
വധശിക്ഷ ആധുനിക നീതിനിര്‍വഹണത്തില്‍ പ്രാകൃതമായ ശിക്ഷാ രീതികളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് മാനവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു തീരുമാനത്തില്‍ എത്തിച്ചേരണം. വധശിക്ഷ പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ടുള്ള നിയമ നിര്‍മാണത്തിനു ഗവണ്‍മെന്റ് ഈ അവസരം വിനിയോഗിക്കണം. അത് പൊതുവികാരത്തിനു അനുസൃതവും ഉന്നത മനുഷ്യാവകാശ സംരക്ഷണ നടപടിയും ആയിരിക്കും. അത്തരമൊരു നിയമ നിര്‍മാണം നമ്മുടെ നീതി നിര്‍വഹണ പ്രക്രിയയ്ക്ക് മനുഷ്യത്വ മുഖം നല്‍കും. ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും കുറ്റവാളികള്‍ക്കും തങ്ങളുടെ പ്രവൃത്തിയെപ്പറ്റി ഒരു പുനര്‍ചിന്തനത്തിനുപോലും അത് സഹായകമാവും.
janayugom editorial 020911
രാജ്യത്തെ നടുക്കിയ രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന മൂന്നുപ്രതികളുടെ സെപ്തംബര്‍ 9 ന് നടത്തേണ്ട വധശിക്ഷ മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി മാറ്റിവച്ചു. ജസ്റ്റിസ് സി നാഗപ്പന്‍, എം സത്യനാരായണ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ശ്രീലങ്കന്‍ തമിഴ് വംശജരായ മുരുകന്‍, ശാന്തന്‍ എന്നിവരുടെയും തമിഴ്‌നാട്ടുകാരനായ പേരറിവാളന്റെയും വധശിക്ഷ സ്റ്റേ ചെയ്തത്. വധശിക്ഷയ്‌ക്കെതിരെ ഇവര്‍ നല്‍കിയ ദയാഹര്‍ജിയില്‍ 11 വര്‍ഷവും നാലുമാസവും കഴിഞ്ഞാണ് പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ തീരുമാനം കൈക്കൊണ്ട് വധശിക്ഷ നടപ്പാക്കാന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
ReplyDelete