Sunday, September 4, 2011

ഭൂമി ഏറ്റെടുക്കല്‍ നിയമം: ബഹുവിളയുള്ള കൃഷിഭൂമിയും ഏറ്റെടുക്കാന്‍ വ്യവസ്ഥ

ന്യൂഡല്‍ഹി: വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പരിധി നിര്‍ണയിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നു. ഒന്നിലേറെ വിള കൃഷിചെയ്യുന്ന ജലസേചന സൗകര്യമുള്ള ഭൂമി റോഡിനും റെയില്‍വേയ്ക്കും മറ്റും ഏറ്റെടുക്കരുതെന്ന മുന്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകള്‍ ഗ്രാമവികസനമന്ത്രാലയം തയ്യാറാക്കുന്ന പുതിയ ബില്ലിലുണ്ടാകും. നാഷണല്‍ ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് എന്ന ബില്ലിന്റെ കരട് അടുത്തയാഴ്ചത്തെ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെങ്കിലും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍മാത്രമേ ഇത് അവതരിപ്പിക്കാനാകൂ. ഒന്നിലേറെ വിള കൃഷിചെയ്യുന്ന ജലസേചനസൗകര്യമുള്ള ഭൂമി ഏറ്റവും അവസാനത്തെ മാര്‍ഗമായിമാത്രമേ ഏറ്റെടുക്കാവൂ എന്നും ബില്‍ ശുപാര്‍ശചെയ്യുന്നു.

സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി തയ്യാറാക്കിയ ബില്ലില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ ബില്‍ . പൊതു ആവശ്യത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് പുതിയ ബില്ലും അധികാരം നല്‍കുന്നുവെങ്കിലും ദേശീയസുരക്ഷ, ദേശീയദുരന്തം എന്നിവ കണക്കിലെടുത്തുമാത്രമേ സര്‍ക്കാരിന് ഈ വകുപ്പ് ഉപയോഗിക്കാന്‍ കഴിയൂ. അതുപോലെതന്നെ ഭൂമി ഏറ്റെടുക്കുന്നതിലൂടെ ഉപജീവനം നഷ്ടപ്പെടുന്നവര്‍ ആരെന്ന് ബില്‍ നിര്‍വചിക്കും. ഭൂമിയില്‍ ജോലിചെയ്യുന്നവരെല്ലാം ഈ വ്യവസ്ഥയില്‍ ഉള്‍പ്പെടും. നിലവിലുള്ള ബില്ലില്‍ ഗ്രാമപ്രദേശങ്ങളിലെ ഭൂമിക്ക് മൂന്നിരട്ടിയും നഗരങ്ങളിലെ ഭൂമിക്ക് രണ്ടിരട്ടിയും വില നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ , പുതിയ ബില്ലില്‍ നഗരത്തിലെയും ഗ്രാമത്തിലെയും ഭൂമിക്ക് രണ്ടിരട്ടി വില നല്‍കിയാല്‍ മതിയാകും. എന്നാല്‍ , സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടായിരിക്കും. ഏറ്റെടുത്ത ഭൂമി പത്തുവര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 040911

1 comment:

  1. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പരിധി നിര്‍ണയിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നു. ഒന്നിലേറെ വിള കൃഷിചെയ്യുന്ന ജലസേചന സൗകര്യമുള്ള ഭൂമി റോഡിനും റെയില്‍വേയ്ക്കും മറ്റും ഏറ്റെടുക്കരുതെന്ന മുന്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന വ്യവസ്ഥകള്‍ ഗ്രാമവികസനമന്ത്രാലയം തയ്യാറാക്കുന്ന പുതിയ ബില്ലിലുണ്ടാകും. നാഷണല്‍ ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് എന്ന ബില്ലിന്റെ കരട് അടുത്തയാഴ്ചത്തെ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെങ്കിലും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍മാത്രമേ ഇത് അവതരിപ്പിക്കാനാകൂ. ഒന്നിലേറെ വിള കൃഷിചെയ്യുന്ന ജലസേചനസൗകര്യമുള്ള ഭൂമി ഏറ്റവും അവസാനത്തെ മാര്‍ഗമായിമാത്രമേ ഏറ്റെടുക്കാവൂ എന്നും ബില്‍ ശുപാര്‍ശചെയ്യുന്നു.

    ReplyDelete