തൃശൂര്‍ : തെക്കുംമുറി കുമ്മാട്ടിയുടെ പൈതൃക സ്വത്തായ കാട്ടാളന്‍ , തള്ള, ഹനുമാന്‍ എന്നീ മുഖങ്ങളുടെ 70-ാം വാര്‍ഷികം പിന്നിടുന്നു. കുമ്മാട്ടിയുടെ ഈറ്റില്ലമായ കിഴക്കുംപാട്ടുകരയിലെ കുമ്മാട്ടി മുഖങ്ങള്‍ സപ്തതി പിന്നിടുകയാണ്.
1941ലാണ് മരത്തില്‍ തീര്‍ത്ത മുഖങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1947ലെ സ്വാതന്ത്ര്യദിനത്തോടടുത്ത ഓണാഘോഷത്തിന് ഈ കുമ്മാട്ടി മുഖങ്ങള്‍ വിജയഭേരി മുഴക്കി ആടിത്തിമിര്‍ത്തിരുന്നു. ഇക്കുറി ആഘോഷം ഗംഭീരമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് തട്ടകനിവാസികള്‍ . ഒരു നൂറ്റാണ്ടിലേറെയായി പാരമ്പര്യത്തനിമയോടും മുടങ്ങാതെയും കുമ്മാട്ടി അവതരിപ്പിക്കുന്നുണ്ടെന്നതും തെക്കുംമുറി കുമ്മാട്ടിയെ ശ്രദ്ധേയമാക്കുന്നു. ശരീരമാസകലം പച്ചപ്പര്‍പ്പടകപ്പുല്ല് വാരിയണിഞ്ഞ കുമ്മാട്ടികള്‍ ഓണക്കാലത്തെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്നു. മാവേലിമന്നന്റെ മടക്കയാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണെന്നും പരമശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടി രൂപഭാവങ്ങളെന്നുമാണ് ഐതിഹ്യം. ഓണവില്ലില്‍ ചെണ്ടമേളത്തിന്റെ താളത്തില്‍ നൃത്തംവച്ചാണ് കുമ്മാട്ടികളെത്തുക. തെരുവോരങ്ങളിലൂടെ നീങ്ങുന്ന കുമ്മാട്ടികളെ ആര്‍പ്പുവിളികളോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുക.
ആദ്യകാലങ്ങളില്‍ കവുങ്ങിന്‍പാളയിലും വാഴപ്പോളയിലും നിറം ചാര്‍ത്തിയ മുഖങ്ങളായിരുന്നു കുമ്മാട്ടികള്‍ക്ക്. കാട്ടാളന്‍ , തള്ള, ഹനുമാന്‍ എന്നീ കുമ്മാട്ടിമുഖങ്ങള്‍ മരത്തില്‍ കൊത്തി തയ്യാറാക്കിയത് 1941ലാണ്. തെക്കുംമുറി കുമ്മാട്ടിയുടെ ആദ്യകാല സംഘാടകരായ കാരപ്പുറത്ത് ഗോവിന്ദന്‍കുട്ടിനായര്‍ , രാമന്‍നായര്‍ , മാധവന്‍നായര്‍ , മൂത്തേടത്ത് കേശവന്‍നായര്‍ , വടക്കൂട്ട് കൃഷ്ണന്‍നായര്‍ , കുന്നമ്പത്ത് നാരായണന്‍കുട്ടി എന്നിവരാണ് ഈ കലയെ ഉത്സവമാക്കി മാറ്റിയതില്‍ പ്രമുഖര്‍ .
പര്‍പ്പടകപ്പുല്ലിന്റെ ലഭ്യതക്കുറവ് കുമ്മാട്ടിക്കളിയുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നു. പര്‍പ്പടകപ്പുല്ല് കുമ്മാട്ടികളുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാക്കില്ല. ഉണങ്ങിയ പര്‍പ്പടകപ്പുല്ലിന് നല്ല സുഗന്ധവുമുണ്ടാകും. പര്‍പ്പടകപ്പുല്ല് ഉപയോഗിച്ചാല്‍ ശരീരം പെട്ടെന്നു ചൂട് പിടിക്കില്ല. പുല്ലിന് ക്ഷാമമായതോടെ പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് പര്‍പ്പടകപ്പുല്ല് ശേഖരിക്കുന്നത്. കുമ്മാട്ടി രണ്ടോണനാളിലാണ് അരങ്ങേറുക. തൈക്കാട്ട് മന വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍നിന്ന് പകല്‍ ഒന്നിന് ആരംഭിക്കും. കുമ്മാട്ടിമുഖങ്ങളുടെ സപ്തതിയാഘോഷങ്ങളുടെ ഭാഗമായി 50,000 ചതുരശ്ര അടിയില്‍ ഓണക്കാഴ്ചകള്‍ ഒരുക്കും. ആദ്യകാലങ്ങളില്‍ കുമ്മാട്ടിവേഷം ഒരുക്കിയിരുന്ന എസ്എന്‍എ റോഡിലെ കാരപ്പുറത്തെ തറവാട്ടുപറമ്പിലാണ് ഓണക്കാഴ്ച ഒരുക്കുക. ചടങ്ങില്‍വച്ച് 70 വയസ്സ് തികഞ്ഞ ആദ്യകാല കുമ്മാട്ടി സംഘാടകരെ ആദരിക്കും.
(ജോര്‍ജ് ജോണ്‍)
deshabhimani 040911
തെക്കുംമുറി കുമ്മാട്ടിയുടെ പൈതൃക സ്വത്തായ കാട്ടാളന്‍ , തള്ള, ഹനുമാന്‍ എന്നീ മുഖങ്ങളുടെ 70-ാം വാര്‍ഷികം പിന്നിടുന്നു. കുമ്മാട്ടിയുടെ ഈറ്റില്ലമായ കിഴക്കുംപാട്ടുകരയിലെ കുമ്മാട്ടി മുഖങ്ങള്‍ സപ്തതി പിന്നിടുകയാണ്.
ReplyDelete