Saturday, September 17, 2011

'ബി' നിലവറ: കോടതി അഭിനന്ദനം അര്‍ഹിക്കുന്നു

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ച് തടസവാദങ്ങളുന്നയിച്ചവര്‍ ഇനിയും എന്തു പറയുമെന്നറിയില്ല. ഇന്നലെയുണ്ടായ സുപ്രിം കോടതി നിരീക്ഷണം എല്ലാതരത്തിലുംപെട്ട തടസവാദക്കാര്‍ക്കുള്ള കര്‍ശനമായ മറുപടിയാണ്. അന്ധവിശ്വാസങ്ങള്‍കൊണ്ട് മതില്‍കെട്ടി നീതിന്യായ നടത്തിപ്പിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചവരെല്ലാം ഇനിയെങ്കിലും ആ നീക്കത്തില്‍ നിന്നു പിന്തിരിയുന്നതാണ് ഉചിതം. ദൈവവും സത്യവും രണ്ടല്ലെന്ന ആശയമാണ് ഈശ്വരവിശ്വാസത്തിന്റെ കാതല്‍. അതുകൊണ്ട് ദൈവത്തിന്റെ പേരില്‍ സത്യാന്വേഷണത്തെ തടസപ്പെടുത്തുന്നത് ഉചിതമാണോ എന്ന് വിശ്വാസികള്‍ ചോദിക്കാതിരിക്കില്ല. അത്തരം ചോദ്യങ്ങളെ ദേവപ്രശ്‌നവും മറ്റും കൊണ്ട് ശ്വാസം മുട്ടിക്കുന്നത് സത്യത്തിനും ദൈവത്തിനും നിരക്കുന്ന പ്രവര്‍ത്തിയാണെന്നും വിശ്വാസികളാരും പറയില്ല. വിശ്വാസത്തിന്റെ നേരായ വഴി സംരക്ഷിക്കപ്പെടണമെന്നു ചിന്തിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സുപ്രിം കോടതി നിലപാട്. സത്യത്തിന്റെമേല്‍ അസത്യം പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ കടമ നിര്‍വഹിക്കുന്നു എന്നത് വിശ്വാസികളല്ലാത്ത പൗരന്മാരും പ്രതീക്ഷാപൂര്‍വം സ്വാഗതം ചെയ്യും.

പദ്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ സ്വത്തു വകകളുടെ കണക്കെടുപ്പും സുരക്ഷയും സംബന്ധിച്ച് വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്മേലാണ് സുപ്രിം കോടതിയുടെ നിരീക്ഷണമുണ്ടായത്. സ്വത്തുവകകള്‍ സംരക്ഷിക്കപ്പെടണമെന്നത് അവിതര്‍ക്കിതമാണ്. 'ബി' നിലവറ തുറക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്ന് വാദിക്കുന്ന രാജകുടുംബാംഗങ്ങള്‍ക്കും ക്ഷേത്ര സംരക്ഷണ സമിതിക്കും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകാനിടയില്ല. 'ബി' നിലവറ തുറക്കാതെ എങ്ങനെ സംരക്ഷണം സാധ്യമാകുമെന്ന കോടതിയുടെ ചോദ്യം ഏറ്റവും യുക്തിസഹമാണ്. അത്യാര്‍ത്തിക്കാര്‍ക്കു വിശ്വാസമുണ്ടാകില്ലെന്നുള്ള കോടതിയുടെ പരാമര്‍ശം ഒരു സാര്‍വ ലൗകിക സത്യത്തിന്റെ പ്രഖ്യാപനം തന്നെയാണ്. ദൈവത്തിന്റേതായാലും മനുഷ്യന്റേതായാലും നാടിന്റേതായാലും സമ്പത്ത് എങ്ങനെയും കൈക്കലാക്കണമെന്നതു മാത്രമാണ് അത്യാര്‍ത്തിയുടെ മതം. അത്തരക്കാരുടെ ഇടപെടല്‍മൂലം സ്വത്തുക്കള്‍ക്കുവല്ലതും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന കോടതിയുടെ ചോദ്യത്തോടു രാജകുടുംബത്തിന്റെ പ്രതികരണം എന്താണ്? അന്ധവിശ്വാസങ്ങളും സുരക്ഷയും ഒന്നിച്ചു പോകില്ലെന്നു വ്യക്തമാക്കി കോടതി അപ്രായോഗികമായ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. നീതിബോധമുള്ളവരെല്ലാം ഈ നിലപാടിനെ ശരിവയ്ക്കും.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ യശസും സദ്പാരമ്പര്യവും പലരാലും വാഴ്ത്തപ്പെട്ടതാണ്. പദ്മനാഭസ്വാമിക്ഷേത്ര നിലവറകളിലെ അളവറ്റ സ്വത്തിനെപ്പറ്റി ഈയടുത്തകാലത്ത് പുറം ലോകം അറിഞ്ഞപ്പോള്‍ ഈ പ്രശംസ നാനാഭാഗത്തു നിന്നും ഉയരുകയുണ്ടായി. ഇത്രയുമേറെ സമ്പത്ത് ദീര്‍ഘവര്‍ഷങ്ങളായി സംരക്ഷിക്കുന്നതില്‍ രാജകുടുംബം കാണിച്ച സത്യസന്ധതയെയാണു പലരും ഉയര്‍ത്തിക്കാട്ടിയത്. സമൂഹത്തിലെ വിവിധ കേന്ദ്രങ്ങള്‍ നല്‍കിയ ഈ അംഗീകാരം തങ്ങള്‍ക്കുമേല്‍ അര്‍പ്പിക്കുന്ന ചുമതലാഭാരം രാജകുടുംബം മറന്നുകൂടാത്തതാണ്.

'ബി' നിലവറ തുറക്കണമെന്ന നിര്‍ദേശത്തോട് രാജകുടുംബം പ്രകടിപ്പിച്ച വിയോജിപ്പ് അവരുടെമേല്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസത്തോടു നീതി പുലര്‍ത്തുന്നതായില്ല. നിലവറ തുറക്കുന്നതും സ്വത്തുവകകളുടെ യാഥാര്‍ഥ്യം ലോകം അറിയുന്നതും ശ്രീപദ്മനാഭനു ഇഷ്ടപ്പെടില്ലെന്നാണ് അവര്‍ വാദിച്ചത്. ആ വാദത്തിന് ഉപോദ്ബലകമായി 'ദേവപ്രശ്‌നം' നടത്തപ്പെട്ടു. ഇതിനെല്ലാം ദൈവാനുമതി ഉണ്ടെന്നു സമ്മതപത്രം നല്‍കുന്ന ചിലയാളുകളും രംഗത്തുവന്നു. നിലവറ തുറക്കുന്നതും സ്വത്തുക്കളുടെ കണക്കെടുപ്പു നടത്തുന്നതും ദൈവഹിതത്തിനു വിരുദ്ധമാണെന്നുള്ള ശാഠ്യം മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണ്. ദൈവത്തെക്കുറിച്ചുള്ള മനുഷ്യ സങ്കല്‍പങ്ങള്‍ക്ക് വിപരീതമാണ് ആ ശാഠ്യം. ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട സമ്പത്ത് യാതൊരു തരത്തിലും നഷ്ടപ്പെട്ടു പോകില്ലെന്നുറപ്പു വരുത്താന്‍ രാജകുടുംബമായിരുന്നു മുന്നിട്ടിറങ്ങേണ്ടത്. എന്തുകൊണ്ടോ അതുണ്ടായില്ല. 2008 നവംബറില്‍ സബ് കോടതി നിയോഗിച്ച അഭിഭാഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത്തരുണത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിലപിടിപ്പുള്ള വസ്തു വകകള്‍ നിധിശേഖരത്തില്‍ നിന്നു നഷ്ടപ്പെട്ടതായാണ് ആ റിപ്പോര്‍ട്ട് കോടതിയെ അറിയിച്ചത്. നിലവറയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്ന് വിഗ്രഹങ്ങളുടെ തൂക്കം തിട്ടപ്പെടുത്താനും രത്‌നങ്ങളുടെ വില നിര്‍ണയിക്കാനുമുള്ള നിര്‍ദേശത്തെ രാജകുടുംബത്തിന്റെ പ്രതിനിധി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതെല്ലാം തങ്ങളുടെ യശസിനുണ്ടാക്കിയ കളങ്കപ്പാടുകളെക്കുറിച്ച് രാജകുടുംബം തന്നെയാണു ചിന്തിക്കേണ്ടത്.

വിശ്വാസങ്ങളെ മാനിച്ചു കൊണ്ടായിരിക്കും തീരുമാനമുണ്ടാവുക എന്നു സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈശ്വര വിശ്വാസവും അന്ധവിശ്വാസവും രണ്ടാണെന്നും കോടതി പറഞ്ഞു. ഇന്നത്തെ സാഹചര്യങ്ങളില്‍ ആ വേര്‍തിരിവിന്റെ വര നിര്‍ണായകമാണ്. അതില്ലെങ്കില്‍ ഈശ്വരന്റെ പേരില്‍ ഈശ്വരനു നിരക്കാത്തതെല്ലാം കാട്ടിക്കൂട്ടാന്‍ ആര്‍ത്തിയുടെ ശക്തികള്‍ മടിക്കില്ല. ജീര്‍ണതയുടെ ആശയങ്ങള്‍ക്ക് ദൈവത്തിന്റെ മേല്‍വിലാസം യോജിക്കില്ലെന്നു പ്രഖ്യാപിക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെ പേരിലും ഈ സുപ്രിം കോടതി ജഡ്ജിമാര്‍ അഭിനന്ദിക്കപ്പെടണം.

janayugom editorial

1 comment:

  1. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ച് തടസവാദങ്ങളുന്നയിച്ചവര്‍ ഇനിയും എന്തു പറയുമെന്നറിയില്ല. ഇന്നലെയുണ്ടായ സുപ്രിം കോടതി നിരീക്ഷണം എല്ലാതരത്തിലുംപെട്ട തടസവാദക്കാര്‍ക്കുള്ള കര്‍ശനമായ മറുപടിയാണ്.

    ReplyDelete