Saturday, September 17, 2011

ക്ഷേത്ര സമ്പത്ത്: അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സുപ്രിം കോടതി

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണ്ടെത്തിയ സമ്പത്തിന്റെ സംരക്ഷണം സംബന്ധിച്ച് അന്ധവിശ്വാസങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സുരക്ഷയ്ക്കായി വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

സമ്പത്തിന്റെ സംരക്ഷണം സംബന്ധിച്ച് അപ്രായോഗികമായ അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല. അന്ധവിശ്വാസങ്ങളും സുരക്ഷയും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാവരും വിട്ടുവീഴ്ചകള്‍ക്കും സമവായത്തിനും തയ്യാറാകണം. അതേസമയം ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ സംരക്ഷിച്ചു മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിലവറകളില്‍നിന്ന് കണ്ടെത്തിയ സമ്പത്തും അവയുടെ സുരക്ഷയും കണക്കെടുപ്പും സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച സി വി ആനന്ദബോസ് അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നുകോടതി. കേസില്‍ കോടതി അടുത്ത ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.

ബി നിലവറ തുറക്കാതെ എങ്ങനെയാണ് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താനാകുകയെന്ന് കോടതി രാജകുടുംബത്തോട് ചോദിച്ചു. അത്യാര്‍ത്തിക്കാര്‍ക്ക് വിശ്വാസം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ക്ഷേത്രസമ്പത്തിന് വല്ലതും സംഭവിച്ചാല്‍ രാജകുടുംബം ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും കോടതി ആരാഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ തീരുമാനിക്കാന്‍ ബി നിലവറ തുറക്കുക, പരിശോധനകള്‍ക്കും മൂല്യനിര്‍ണ്ണയത്തിനുമായി വിവിധ ഏജന്‍സികളുടെ സഹായം തേടുക, സ്വത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാന പൊലീസിന്റെ മേല്‍നോട്ടത്തില്‍ സി ആര്‍ പി എഫിനെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആനന്ദബോസ് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. സമിതി റിപ്പോര്‍ട്ടിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ സി ആര്‍ പി എഫ് വേണ്ടെന്നും സംസ്ഥാന പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്നും ഇത് സമിതിക്ക് പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

സമിതിയുടെ ചിലവിന്റെ ഒരു ഭാഗം രാജകുടുംബം വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിലവിന്റെ പങ്ക് രാജകുടുംബത്തിന് വഹിക്കാനാകില്ലെന്ന് രാജകുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ദേവപ്രശ്‌നം വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇത് ലംഘിച്ച് ബി നിലവറ തുറക്കാന്‍ ഉത്തരവിടരുതെന്നുമായിരുന്നു ക്ഷേത്ര കേരള  സംരക്ഷണ സമിതിയുടെ അഭിഭാഷകന്‍ കോടതില്‍ വാദിച്ചത്. ആരുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിന് കോടതി മറുപടി നല്‍കിയത്. ബി നിലവറ തുറക്കരുതെന്ന ആവശ്യം മൂലം തിരുന്നാള്‍ രാമവര്‍മ്മയുടെ അഭിഭാഷനും കോടതിയില്‍ വാദിച്ചു. ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പും സുരക്ഷയും ഉറപ്പാക്കാന്‍ സമിതി ആവശ്യപ്പെട്ട ഒരു വര്‍ഷം കൂടുതലാണെന്നും സമിതിയില്‍ ഒരംഗത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും അന്തരിച്ച ടി പി സുന്ദര്‍രാജിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര സുരക്ഷ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അഞ്ച് തലങ്ങളുള്ള സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്ക് രഹസ്യ രേഖയായി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉപകരണങ്ങള്‍ക്ക് മാത്രമായി അഞ്ച് കോടി രൂപയാണ് ചിലവ് വരിക. സര്‍ക്കാര്‍ സമര്‍പ്പിച്ച സുരക്ഷാ പദ്ധതി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും നിലവില്‍ വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

janayugom 170911

1 comment:

  1. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണ്ടെത്തിയ സമ്പത്തിന്റെ സംരക്ഷണം സംബന്ധിച്ച് അന്ധവിശ്വാസങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സുരക്ഷയ്ക്കായി വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

    ReplyDelete