Wednesday, October 19, 2011

ആനത്താവളത്തില്‍ കൊടും പീഡനം

ഗുരുവായൂര്‍ ആനത്താവളത്തില്‍ ഭരണമാറ്റത്തിന്റെ ഭാഗമായി നടത്തിയ പാപ്പാന്മാരുടെ മാറ്റം ആനകളെ ദുരിതത്തിലാക്കി. പുതിയ പാപ്പാന്മാര്‍ നടത്തുന്ന ചട്ടം പഠിപ്പിക്കലും മനഃസാക്ഷിയില്ലാത്ത മര്‍ദനവും മിക്ക ആനകളേയും അവശരാക്കി. ഇതില്‍ നവനീത്കൃഷ്ണന്‍ എന്ന ആനയ്ക്കുണ്ടായത് സമാനതകളില്ലാത്ത പീഡനം. നവനീത്കൃഷ്ണന്റെ ചട്ടക്കാരനായ പാപ്പാനടക്കമുള്ളവരെ വലിയ കേശവന്റെ പാപ്പാന്മാരായി നിയമിച്ചതാണ് വിനയായത്. നവനീത്കൃഷ്ണനെ മദപ്പാടുകാലത്തിനുശേഷം അഴിച്ചുകെട്ടാനോ ശുശ്രൂഷിക്കാനോ ആരുമില്ലാതെയായതിനെത്തുടര്‍ന്ന് കാലില്‍ ചങ്ങലക്കണ്ണികള്‍ പൂണ്ടിറങ്ങി പഴുത്ത സ്ഥിതിയിലായിരുന്നു. പുതിയ പാപ്പാന്മാരെ നിയമിച്ചതിനാല്‍ വീണ്ടും ചട്ടം പഠിപ്പിക്കേണ്ട അവസ്ഥവരികയും ചങ്ങലക്കണ്ണികള്‍ മാറ്റാന്‍ കഴിയാതിരിക്കുകയും ചെയ്തു. ആനയുടെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ മാസം 15ന് ആനത്താവളം സൂപ്പര്‍വൈസര്‍ ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഡോ. മുരളീധരന്റെ നേതൃത്വത്തില്‍ പരിശോധിച്ച വിദഗ്ധസംഘം ചികിത്സയും വേണ്ടിവന്നാല്‍ ശസ്ത്രക്രിയയും നടത്താന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ആനയുടെ അവസ്ഥ പുറത്തറിയുകയും ആനപ്രേമികള്‍ പ്രതികരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

എന്നാല്‍ , അത് ഒതുക്കിത്തീര്‍ക്കാന്‍ ചില പാപ്പാന്മാര്‍ ചെയ്ത പ്രവൃത്തി മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞമാസം 18ന് ആനയുടെ കാല്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ച് മാംസത്തില്‍ ആഴ്ന്നുപോയ അഞ്ച് ചങ്ങലക്കണ്ണി പുറത്തെടുത്തു. ഡോക്ടറുടെ സാന്നിധ്യംപോലും ഇല്ലാതെയായിരുന്നു ഈ കൊടുംക്രൂരത ചെയ്തത്. അന്വേഷണത്തിന് ആരെങ്കിലും എത്തുന്നതിനു മുമ്പ് സംഭവം രഹസ്യമാക്കിവയ്ക്കാനായിരുന്നു ദേവസ്വം അധികൃതരുടെ ശ്രമം. വേദനയുടെ പാരമ്യത്തില്‍ ആന ഇടയാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

വടംവലിയില്‍ കേരളത്തിലെതന്നെ മികച്ച ആനകളില്‍ ഒന്നായ വലിയകേശവനെ മദപ്പാടു കഴിഞ്ഞ് രണ്ടുമാസം അഴിച്ചുകെട്ടാതെ പീഡിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഏറെ പ്രശസ്തനായ ഈ ആനയ്ക്ക് പാപ്പാന്മാരെ നിയമിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആനപ്പാപ്പാന്മാരെ മാറ്റി നിയമിക്കരുതെന്ന് ആനപ്രേമികള്‍ ആവശ്യപ്പെട്ടിട്ടും ഭരണസമിതി ഇത് കേട്ടഭാവം നടിച്ചില്ല. വൃത്തിഹീനമായ അവസ്ഥമൂലം ഗുരുവായൂര്‍ പത്മനാഭനടക്കം നിരവധി ആനകള്‍ പാദരോഗത്തിന്റെ പിടിയിലാണ്. പിണ്ടവും ചെളിയും കൂടിക്കുഴഞ്ഞ തറകളിലാണ് ആനകള്‍ നില്‍ക്കുന്നത്. മദപ്പാടുകാലം കഴിഞ്ഞും ആനകളെ അഴിക്കാതെ കെട്ടുതറയില്‍ത്തന്നെ നിര്‍ത്തുന്നതും പതിവാണ്. ഗുരുവായൂര്‍ പത്മനാഭന്റെ പ്രായം പരിഗണിച്ച് 30 കിലോമീറ്ററിനപ്പുറം അയക്കരുതെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയിരുന്നു. എന്നാല്‍ , ചില ഭരണസമിതി അംഗങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പുതിയ റിപ്പോര്‍ട്ട് പടച്ചുണ്ടാക്കി പത്മനാഭനെ 120 കിലോമീറ്റര്‍ ദൂരത്തേക്കയക്കാന്‍ പുതിയ ഭരണസമിതി തീരുമാനിച്ചിരിക്കയാണ്. ശ്രീധരന്‍ , കണ്ണന്‍ , മാധവന്‍കുട്ടി, വിനീത്കൃഷ്ണന്‍ , മുരളി എന്നീ ആനകളെ മദപ്പാടുകാലം കഴിഞ്ഞിട്ടും അഴിക്കാതെയിരുന്നത് വിവാദമായിരുന്നു. ഏറെ ബഹളങ്ങള്‍ക്കുശേഷമാണ് അഴിച്ചു തളച്ചത്. നവനീത്കൃഷ്ണനെ പീഡിപ്പിച്ചതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജിവധനം മാനേജര്‍ സി വി വിജയനെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ഭരണസമിതി ശ്രമിക്കുന്നുണ്ട്. ആനപ്പാപ്പാന്മാരുടെ അശാസ്ത്രീയമായ മാറ്റം എതിര്‍ത്തതിന്റെ പ്രതികാരം തീര്‍ക്കുകയാണ് ഭരണസമിതിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
(ടി ബി ജയപ്രകാശ്)

deshabhimani 191011

2 comments:

  1. ഗുരുവായൂര്‍ ആനത്താവളത്തില്‍ ഭരണമാറ്റത്തിന്റെ ഭാഗമായി നടത്തിയ പാപ്പാന്മാരുടെ മാറ്റം ആനകളെ ദുരിതത്തിലാക്കി. പുതിയ പാപ്പാന്മാര്‍ നടത്തുന്ന ചട്ടം പഠിപ്പിക്കലും മനഃസാക്ഷിയില്ലാത്ത മര്‍ദനവും മിക്ക ആനകളേയും അവശരാക്കി. ഇതില്‍ നവനീത്കൃഷ്ണന്‍ എന്ന ആനയ്ക്കുണ്ടായത് സമാനതകളില്ലാത്ത പീഡനം. നവനീത്കൃഷ്ണന്റെ ചട്ടക്കാരനായ പാപ്പാനടക്കമുള്ളവരെ വലിയ കേശവന്റെ പാപ്പാന്മാരായി നിയമിച്ചതാണ് വിനയായത്. നവനീത്കൃഷ്ണനെ മദപ്പാടുകാലത്തിനുശേഷം അഴിച്ചുകെട്ടാനോ ശുശ്രൂഷിക്കാനോ ആരുമില്ലാതെയായതിനെത്തുടര്‍ന്ന് കാലില്‍ ചങ്ങലക്കണ്ണികള്‍ പൂണ്ടിറങ്ങി പഴുത്ത സ്ഥിതിയിലായിരുന്നു. പുതിയ പാപ്പാന്മാരെ നിയമിച്ചതിനാല്‍ വീണ്ടും ചട്ടം പഠിപ്പിക്കേണ്ട അവസ്ഥവരികയും ചങ്ങലക്കണ്ണികള്‍ മാറ്റാന്‍ കഴിയാതിരിക്കുകയും ചെയ്തു. ആനയുടെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ മാസം 15ന് ആനത്താവളം സൂപ്പര്‍വൈസര്‍ ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഡോ. മുരളീധരന്റെ നേതൃത്വത്തില്‍ പരിശോധിച്ച വിദഗ്ധസംഘം ചികിത്സയും വേണ്ടിവന്നാല്‍ ശസ്ത്രക്രിയയും നടത്താന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ആനയുടെ അവസ്ഥ പുറത്തറിയുകയും ആനപ്രേമികള്‍ പ്രതികരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

    ReplyDelete
  2. ആനകളെയൊക്കെ കാട്ടിൽ വിടുന്നതിനു പകരം എന്തിനാണിങ്ങനെ മനുഷ്യന്റെ നിയന്ത്രണത്തിലിട്ടു പീഡിപ്പിക്കുന്നത്. കഷ്ടം!

    ReplyDelete