Wednesday, October 19, 2011

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന് സിപിഐ എം പിന്തുണ

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിനും യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമാകുന്ന കോര്‍പറേറ്റ് വിരുദ്ധവികാരത്തിനും സമരങ്ങള്‍ക്കും സിപിഐ എം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയിലും നവഉദാര നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പിബി വിലയിരുത്തി. വന്‍കിട ബാങ്കുകളുടെയും ധനമൂലധനത്തിന്റെയും കൊള്ളയ്ക്കെതിരെ ജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതയും അമര്‍ഷവുമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിലും യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും പ്രതിഷേധ മുന്നേറ്റങ്ങളിലും പ്രകടമാകുന്നത്. പ്രതിസന്ധിയുടെ ബാധ്യത സാധാരണ ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിച്ച് ബാങ്കുകളെയും കോര്‍പറേറ്റുകളെയും വലതുപക്ഷ സര്‍ക്കാരുകള്‍ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

വിലക്കയറ്റം തടയല്‍ , ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി നവംബര്‍ ആദ്യവാരം ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം എല്ലാ പാര്‍ടിഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിലെ ജയില്‍നിറയ്ക്കല്‍ സമരത്തിന് പിന്തുണ നല്‍കാനും പിബി പാര്‍ടി ഘടകങ്ങളോട് ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുക, കാര്യക്ഷമമായ ലോക്പാല്‍ ബില്‍ കൊണ്ടുവരിക, സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വളം ഉറപ്പാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം തടയുക, ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഒരാഴ്ചത്തെ പ്രചാരണപരിപാടിയില്‍ ഉന്നയിക്കും.

സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് മുന്നില്‍ 24 ന് യുവജനപ്രകടനം

കോര്‍പറേറ്റ് അത്യാഗ്രഹത്തിനും കൊള്ളയ്ക്കും എതിരെ ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന പ്രതിഷേധസമരമായ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനത്തോട് ഡിവൈഎഫ്ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആഗോളപ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് 24ന് ഡല്‍ഹി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കുമുന്നില്‍ ഡിവൈഎഫ്ഐ പ്രകടനം സംഘടിപ്പിക്കും. സമരത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവരാന്‍ ഡിവൈഎഫ്ഐ ആഹ്വാനംചെയ്തു.
ന്യൂയോര്‍ക്കില്‍ ഒരുമാസം മുമ്പാരംഭിച്ച പ്രക്ഷോഭം ലോകമാകെ തിരയിളക്കമായി മാറുകയാണ്. ആഗോളസാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ജനങ്ങള്‍ , പ്രത്യേകിച്ച് യുവാക്കള്‍ മുന്നോട്ടുവരുന്നത്. ഭാവി ഇരുളടഞ്ഞതാണെന്ന തോന്നല്‍ യുവജനങ്ങള്‍ കൂടുതലായി ഈ മുതലാളിത്തവിരുദ്ധപ്രക്ഷോഭത്തില്‍ അണിചേരാന്‍ കാരണമായി. അഴിമതി, കോര്‍പറേറ്റ് കൊള്ള, രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്യാഭ്യാസ- ആരോഗ്യ-ക്ഷേമ മേഖലകളുടെ കച്ചവടം എന്നിങ്ങനെ ഇന്ത്യയും വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. നവഉദാര നയങ്ങള്‍ക്കെതിരെ രാജ്യത്തെ യുവജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവരണം. ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച് ആഗോളപ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ രാജ്യത്തെ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും ഡിവൈഎഫ്ഐ ആഹ്വാനംചെയ്തു.

ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് തൊഴിലാളി പ്രകടനം


അമേരിക്കയില്‍ സമ്പന്നര്‍ക്കും സമ്പന്നാനുകൂല ഭരണനയത്തിനും എതിരായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തെ പിന്തുണച്ച് ബുധനാഴ്ച വൈകിട്ട് ജില്ലാകേന്ദ്രങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും തൊഴിലാളികള്‍ പ്രകടനവും യോഗവും നടത്തും. രാജ്യത്ത് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കോര്‍പറേറ്റ് അനുകൂലനയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുന്നതോടൊപ്പം മറ്റിടങ്ങളിലെ സമാനസമരത്തെ പിന്തുണക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന്റെ കടമയാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി പറഞ്ഞു.

മുതലാളിത്തവ്യവസ്ഥ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന് ഇതുവ്യക്തമാകുന്നു. സ്ഥിരം ജോലിയും ക്ഷേമപദ്ധതികളും നിര്‍ത്തലാക്കുന്നതിനും വിലവര്‍ധനവിനും എതിരെയാണ് അമേരിക്കയിലും യൂറോപ്യന്‍രാജ്യങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയത്. സെപ്തംബര്‍ 17ന് ആരംഭിച്ച പ്രക്ഷോഭം ഒരു മാസം പിന്നിടുമ്പോഴേയ്ക്കും ശക്തിയാര്‍ജിച്ചു. അമേരിക്കയില്‍ 1400 പട്ടണങ്ങളിലേക്കും 140 കോളേജുകളിലേക്കും സമരം വ്യാപിച്ചു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കുമെന്നാണ് അവരുടെ മുദ്രാവാക്യം. ഇന്ത്യയിലും സമാനമായ സ്ഥിതിയാണ്. ഓരോ ബഡ്ജറ്റിലും 4-5 ലക്ഷം കോടിരൂപയുടെ നികുതിയിളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കുമുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കി. ഈ സാഹചര്യത്തില്‍ കോര്‍പറേറ്റ് അനുകൂലനയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതോടൊപ്പം സമാന്തരസമരങ്ങളെ പിന്തുണക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 191011

2 comments:

  1. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിനും യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമാകുന്ന കോര്‍പറേറ്റ് വിരുദ്ധവികാരത്തിനും സമരങ്ങള്‍ക്കും സിപിഐ എം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയിലും നവഉദാര നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പിബി വിലയിരുത്തി. വന്‍കിട ബാങ്കുകളുടെയും ധനമൂലധനത്തിന്റെയും കൊള്ളയ്ക്കെതിരെ ജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതയും അമര്‍ഷവുമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിലും യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും പ്രതിഷേധ മുന്നേറ്റങ്ങളിലും പ്രകടമാകുന്നത്. പ്രതിസന്ധിയുടെ ബാധ്യത സാധാരണ ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിച്ച് ബാങ്കുകളെയും കോര്‍പറേറ്റുകളെയും വലതുപക്ഷ സര്‍ക്കാരുകള്‍ എങ്ങനെയാണ് സഹായിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

    ReplyDelete
  2. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന് അമേരിക്കന്‍ ജനതയുടെ പിന്തുണയേറുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ വോട്ടര്‍മാരില്‍ മൂന്നില്‍രണ്ടും പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നല്‍കുകയാണെന്ന് ക്വിന്നിപിയാക് സര്‍വകലാശാല പുറത്തുവിട്ട സര്‍വേഫലത്തില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും പ്രക്ഷോഭകര്‍ക്ക് ശക്തമായ പിന്തുണയറിയിച്ചു. 23 ശതമാനം പേര്‍ മാത്രമാണ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ക്ക് സമ്പന്ന ബാങ്കുകളോടുള്ള വിദ്വേഷത്തിലും സാമൂഹ്യനീതിയെന്ന അവരുടെ മുദ്രാവാക്യത്തിലും ന്യായമുണ്ടെന്നും ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നു. അതേസമയം, പ്രക്ഷോഭത്തോട് യോജിപ്പില്ലാത്തവര്‍ പോലും ഇതിനെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിനെ പിന്തുണയ്ക്കുന്നില്ല. ലിബര്‍ട്ടി പ്ലാസയെന്ന് പുനര്‍നാമകരണംചെയ്ത ലോവര്‍ മാന്‍ഹട്ടനിലെ സുകോട്ടി പാര്‍ക്കില്‍ തങ്ങാന്‍ പ്രക്ഷോഭകര്‍ക്ക് അവകാശമുണ്ടെന്ന് 87 ശതമാനം നഗരവാസികളും അഭിപ്രായപ്പെട്ടു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭരണമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്ന് 37 ശതമാനം വോട്ടര്‍മാര്‍ കുറ്റപ്പെടുത്തി. ബാങ്കുകളാണ് കുറ്റക്കാരെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതിനിടെ, വാള്‍സ്ട്രീറ്റില്‍ പ്രക്ഷോഭം തുടരുന്നവരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ കരുനീക്കം ആരംഭിച്ചു. പാര്‍ക്കുകള്‍ കൈയേറി തമ്പുകള്‍ കെട്ടാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പൊലീസിനെ നിയോഗിക്കുമെന്നും ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് ഭീഷണിമുഴക്കി. വാള്‍സ്ട്രീറ്റില്‍ 1800 കോടിയോളം ഡോളര്‍ നിക്ഷേപമുള്ള ശതകോടീശ്വരനാണ് മേയര്‍ . ലിബര്‍ട്ടി പ്ലാസയില്‍നിന്ന് പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ ഉടമസ്ഥര്‍ക്ക് പൊലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. സുകോട്ടി പാര്‍ക്കില്‍നിന്ന് ശുചീകരണത്തിന്റെ പേരില്‍ പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കം പാളിയിരുന്നു.

    ReplyDelete