Sunday, October 23, 2011

തൊഴില്‍മേളയില്‍ തട്ടിപ്പ്; വന്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍


വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായി പങ്കെടുത്ത തൊഴില്‍മേളയിലെ തട്ടിപ്പിനെതിരെ ഉദ്യോഗാര്‍ഥികളുടെ വമ്പന്‍പ്രതിഷേധം. ഏഷ്യയിലെ ഏറ്റവും വലിയ തൊഴില്‍മേള എന്ന പ്രചാരണത്തോടെ ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സംഘടിപ്പിച്ച ടെക്നോ-മാനേജ്മെന്റ് കരിയര്‍ ഫെയറിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി സംഘടിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രതിനിധികളെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. എംബിഎ പഠിപ്പിക്കുന്ന ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യമായൊരുക്കിയ മേളയ്ക്ക് വന്‍ പ്രചാരം നല്‍കിയിരുന്നു. പ്രചരിപ്പിച്ച കാര്യങ്ങള്‍ പലതും വ്യാജമാണെന്ന് കണ്ടതോടെയാണ് ഉദ്യോഗാര്‍ഥികള്‍ മേളയ്ക്കെതിരെ തിരിഞ്ഞത്. പ്രതിഷേധത്തില്‍ ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ അണിനിരന്നതോടെ രജിസ്ട്രേഷന്‍ ഫീസായി ഈടാക്കിയ പണം തിരികെനല്‍കി തടിയൂരാനും മാനേജ്മെന്റ് ശ്രമിച്ചു. എന്നാല്‍ , അന്യ ജില്ലകളില്‍നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും ജോലി പ്രതീക്ഷിച്ച് എത്തി രാവിലെമുതല്‍ സ്കൂള്‍പരിസരത്ത് കാത്തിരുന്നവര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയും മാനേജ്മെന്റ് വിളിച്ചുവരുത്തി.

ബിടെക്, എംബിഎ, ഡിപ്ലോമ യോഗ്യതയുള്ള പന്ത്രണ്ടായിരത്തിലേറെ പേരാണ് സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍നടന്ന മേളയ്ക്കെത്തിയത്. 150 രൂപയായിരുന്നു രജിസ്ട്രേഷന്‍ ഫീസ്. തുടര്‍ന്ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവും നടത്തി നിയമനം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ , രജിസ്റ്റര്‍ചെയ്ത മുഴുവന്‍ പേരെയും ഇന്റര്‍വ്യു ചെയ്യാതെ വൈകിട്ടോടെ കമ്പനിപ്രതിനിധികള്‍ സ്ഥലംവിട്ടു. വിദേശത്തുനിന്നുള്‍പ്പെടെ നൂറ്റിരുപത്തഞ്ചോളം പ്രമുഖ കമ്പനികള്‍ മേളയ്ക്ക് എത്തുമെന്നായിരുന്നു അവകാശവാദം. എത്തിയതാകട്ടെ ഇരുപതോളം മാത്രമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രധാനപ്പെട്ട കമ്പനികള്‍ കുറവായിരുന്നു. അതില്‍ത്തന്നെ പലരും ഉച്ചയോടെ സ്ഥലംവിട്ടു.

എഴുത്തുപരീക്ഷയെക്കുറിച്ച് ഗുരുതരമായ ആക്ഷേപം ഉദ്യോഗാര്‍ഥികളില്‍നിന്നും കമ്പനി പ്രതിനിധികളില്‍നിന്നുമുണ്ടായി. എട്ടുബാച്ചായാണ് പരീക്ഷ നടത്തിയത്. മുഴുവന്‍പേര്‍ക്കും ഒരേ ചോദ്യപേപ്പറായിരുന്നു. പരീക്ഷ ജയിച്ചവരെയാണ് ഇന്റര്‍വ്യുവിന് ക്ഷണിക്കുന്നതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ , പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയതിന്റെ രേഖകളൊന്നും ഉദ്യോഗാര്‍ഥികളെ കാണിച്ചില്ല. തങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ പരിശോധിക്കാനാവശ്യമായ പരീക്ഷയല്ല മാനേജ്മെന്റ് നടത്തിയതെന്നാണ് കമ്പനികളുടെ ആക്ഷേപം. ബിടെക് കഴിഞ്ഞവരെ ഈ കമ്പനികളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പത്തനംതിട്ട മുസ്ല്യാര്‍ കോളേജിലെ ബിടെക് വിദ്യാര്‍ഥി ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ , മാനേജ്മെന്റ് ക്ഷണമനുസരിച്ച് ആയിരക്കണക്കിന് ബിടെക്കുകാര്‍ മേളയ്ക്കെത്തി. മേള ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിഎക്കാര്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നെന്ന ആക്ഷേപവുമുണ്ട്.

deshabhimani 231011

1 comment:

  1. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടകനായി പങ്കെടുത്ത തൊഴില്‍മേളയിലെ തട്ടിപ്പിനെതിരെ ഉദ്യോഗാര്‍ഥികളുടെ വമ്പന്‍പ്രതിഷേധം. ഏഷ്യയിലെ ഏറ്റവും വലിയ തൊഴില്‍മേള എന്ന പ്രചാരണത്തോടെ ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സംഘടിപ്പിച്ച ടെക്നോ-മാനേജ്മെന്റ് കരിയര്‍ ഫെയറിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി സംഘടിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രതിനിധികളെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. എംബിഎ പഠിപ്പിക്കുന്ന ആല്‍ബര്‍ടിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യമായൊരുക്കിയ മേളയ്ക്ക് വന്‍ പ്രചാരം നല്‍കിയിരുന്നു. പ്രചരിപ്പിച്ച കാര്യങ്ങള്‍ പലതും വ്യാജമാണെന്ന് കണ്ടതോടെയാണ് ഉദ്യോഗാര്‍ഥികള്‍ മേളയ്ക്കെതിരെ തിരിഞ്ഞത്. പ്രതിഷേധത്തില്‍ ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ അണിനിരന്നതോടെ രജിസ്ട്രേഷന്‍ ഫീസായി ഈടാക്കിയ പണം തിരികെനല്‍കി തടിയൂരാനും മാനേജ്മെന്റ് ശ്രമിച്ചു. എന്നാല്‍ , അന്യ ജില്ലകളില്‍നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും ജോലി പ്രതീക്ഷിച്ച് എത്തി രാവിലെമുതല്‍ സ്കൂള്‍പരിസരത്ത് കാത്തിരുന്നവര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയും മാനേജ്മെന്റ് വിളിച്ചുവരുത്തി.

    ReplyDelete