Sunday, October 23, 2011

മുംബൈയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ആശുപത്രി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് മുംബൈയില്‍ നടന്നുവന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. യാതൊരു ഉപാധികളുമില്ലാതെ എല്ലാവരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാമെന്നും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.  എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവര്‍ ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയാണ് നാലു ദിവസമായി നടന്നുവന്ന സമരം അവസാനിസക്കാന്‍ കാരണമായത്.

ഇവിടെ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശി ബീനാ ബേബിയെ മരിച്ച നിലയില്‍ കണ്ടതാണ് സമരത്തിന്റെ തുടക്കം. മാനേജ്‌മെന്റിന്റെ പീഡനമാണ് ബീന ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം.

അമിത ജോലിഭാരം, ജോലി വിട്ടു പോയാല്‍ 50,000 രൂപ നല്‍കണമെന്ന ബോണ്ട് വ്യവസ്ഥ തുടങ്ങിയവ നഴ്‌സുമാരുടെ തൊഴിലിനും ജീവിതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ.

എന്നാല്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നഴ്‌സിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിചയ സര്‍ട്ടിഫിക്കറ്റും അല്ലാത്തവര്‍ക്ക് എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ട്ടിഫിക്കറ്റുമായിരിക്കും നല്‍കുക. കുടിശിക നല്‍കാനുള്ളവര്‍ക്ക് നല്‍കുമെന്നും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കി. ഈ മാസം 27 നകം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കും. അതിനു ശേഷം 10 ദിവസം കൂടി ഹോസ്റ്റലില്‍ നഴ്‌സുമാര്‍ക്ക് സൗജന്യമായി താമസിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബോണ്ട് സംവിധാനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സമരം നടത്തുന്നവര്‍ ഇനിയും ജോലി ചെയ്യണമെങ്കില്‍ 10,000 രൂപ നിക്ഷേപമായി നല്‍കണമെന്നും മാസം തോറും ശമ്പളത്തില്‍ നിന്ന് 1000 രൂപ പിടിക്കുമെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. സമരത്തിലുള്ള 192 നഴ്‌സുമാരും രാജിവെക്കാനിടയുള്ളതുകൊണ്ടാണ് മാനേജ്‌മെന്റിന്റെ ഈ നിലപാടിന് വഴങ്ങിയതെന്നാണ് സൂചന. നഴ്‌സുമാരില്‍ 182 പേരും മലയാളികളാണ്.

janayugom 231011

2 comments:

  1. ആശുപത്രി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് മുംബൈയില്‍ നടന്നുവന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. യാതൊരു ഉപാധികളുമില്ലാതെ എല്ലാവരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാമെന്നും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവര്‍ ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയാണ് നാലു ദിവസമായി നടന്നുവന്ന സമരം അവസാനിസക്കാന്‍ കാരണമായത്.

    ReplyDelete
  2. ദക്ഷിണ കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയാക് സയന്‍സസിലെ നേഴ്സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച് ഒക്ടോബര്‍ 31ന് ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് കൂട്ടരാജി സമര്‍പ്പിച്ച എഴുനൂറിലധികം നേഴ്സുമാര്‍ രോഗികള്‍ക്കുള്ള സേവനം മുടങ്ങാതിരിക്കാന്‍ മാനേജ്മെന്റിന്റെ അഭ്യര്‍ഥന പ്രകാരം രാജി പിന്‍വലിച്ച് ചൊവ്വാഴ്ച ജോലിക്ക് കയറി. എന്നാല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന 1200 നേഴ്സുമാരും ശമ്പളവര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. 31ന് നടക്കുന്ന ചര്‍ച്ചയില്‍ ശമ്പളവര്‍ധനയും ജോലിഭാരം കുറയ്ക്കലുമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേഴ്സുമാരുടെ പ്രതിനിധികള്‍ അറിയിച്ചു.

    ReplyDelete