Sunday, October 23, 2011

പുതുപ്പള്ളി കല്ലേറ്: അന്വേഷണം നീട്ടാന്‍ മുകളില്‍നിന്ന് നിര്‍ദ്ദേശം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയതായി സൂചന. പുതുപ്പള്ളി അങ്ങാടി സ്വദേശികളായ അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായ സൂചന ലഭിച്ചതത്രെ. ഇതില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ യുവാവിനെ അറസ്റ്റുചെയ്താല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ, സിപിഐ എം വിരുദ്ധ പ്രചാരണം പൊളിയുമെന്നതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്ത് അന്വേഷണം നീട്ടാനാണ് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മണംപിടിച്ച പൊലീസ് നായ അങ്ങാടി കൊറ്റക്കാല പ്രദേശത്തേക്ക് പോയിരുന്നു. പുതുപ്പള്ളി പള്ളിയുടെ കുരിശിന്‍തൊട്ടിയുടെ സമീപത്തും നായ എത്തിയിരുന്നു. വീടിനുസമീപത്തുനിന്ന് ശേഖരിച്ച കല്ല് തന്നെയാണ് എറിയാന്‍ ഉപയോഗിച്ചതെന്നും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായി കല്ല് ശേഖരിച്ചുകൊണ്ട് വന്ന് എറിഞ്ഞതല്ലെന്നും അന്വേഷണസംഘത്തിലെ അംഗമായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ദേശാഭിമാനിയോട് പറഞ്ഞു.

ഒരുമാസം മുമ്പ് സഭാപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിലെ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ചും നടത്തിയിരുന്നു. ഞായറാഴ്ചകളില്‍ മുടക്കം കൂടാതെ പള്ളിയില്‍ എത്തിയിരുന്ന ഉമ്മന്‍ചാണ്ടി അതിന്ശേഷം പള്ളിയില്‍ കയറിയിട്ടില്ല. ഇപ്പോള്‍ പൊലീസ് സംശയിക്കുന്ന യുവാവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സഭാവിശ്വാസിയുമാണ്. പൊലീസ്നായ എത്തിയ അങ്ങാടി കൊറ്റക്കാലാ പ്രദേശം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡുമാണ്. ഊടുവഴികളും പൊട്ടക്കിണറുമുള്ള ഈ പ്രദേശത്ത് പരിചയമില്ലാത്ത ഒരാള്‍ക്ക് രാത്രിയില്‍ എത്താനാവില്ല.

deshabhimani 231011

3 comments:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയതായി സൂചന.

    ReplyDelete
  2. മുഖ്യമന്ത്രിയുടെ വീടിനുനേരെ കല്ലേറുണ്ടായി നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനപോലും പുറത്തുപറയാന്‍ കഴിയാതെ പൊലീസ്. വ്യാഴാഴ്ച രാത്രി 8.15നായിരുന്നു മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ തറവാട് വീടിനും കാറിനും നേരെ ആക്രമണമുണ്ടായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണവിവരം പുറത്തുപറയാന്‍ അഭ്യന്തരവകുപ്പ് സമ്മതിക്കുന്നില്ലെന്നാണ് സൂചന. ശനിയാഴ്ച രാത്രിയില്‍ പുതുപ്പള്ളി കവലയിലെ ഐഎന്‍ടിയുസി തൊഴിലാളി യൂണിയന്‍ അംഗമായ ഡ്രൈവറെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാവിലെ വിട്ടയച്ചു. കേസിന് തുമ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് അന്വേഷണചുമതലയുള്ള ഡിവൈഎസ്പി രാധാകൃഷ്ണപിള്ള പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ പൊലീസിന് ചോദ്യംചെയ്യേണ്ടിവരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്. ശനിയാഴ്ച മുതല്‍ ആക്രമണത്തിനെതിരെയുള്ള പ്രചാരണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. സംഭവത്തില്‍ ഡിവൈഎഫ്ഐയേയും സിപിഐ എമ്മിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി പുകമറസൃഷ്ടിച്ച മാധ്യമങ്ങളും യഥാര്‍ഥപ്രതികളെക്കുറിച്ച് സൂചനലഭിച്ചതോടെ വാര്‍ത്ത നല്‍കുന്നതില്‍നിന്നും പിന്നോട്ടുപോയി.

    ReplyDelete
  3. യഥാര്‍ത്ഥ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ടു ഡി വൈ എഫ് ഐ പ്രതിഷേധ യോഗം ഇന്ന് പുതുപ്പള്ളിയില്‍

    ReplyDelete