Sunday, October 23, 2011

അദ്വാനി ബംഗളൂരുവിലെ സ്വീകരണം ഉപേക്ഷിച്ചു

അഴിമതിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തുന്ന ജനചേതന യാത്രയുടെ ബംഗളൂരുവിലെ സ്വീകരണ സമ്മേളനം റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മറ്റു മന്ത്രിമാര്‍ക്കെതിരെയും നിരന്തരം ഭൂമി അഴിമതിക്കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 30ന് നാഷണല്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു റാലിയും പൊതുയോഗവും നിശ്ചയിച്ചിരുന്നത്. അതിനിടെ, രണ്ടുമന്ത്രിമാര്‍ക്കെതിരെ കൂടി ഭൂമി വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ എസ് ഈശ്വരപ്പ ശനിയാഴ്ച വൈകിട്ട് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കര്‍ണാടകത്തിലെ മന്ത്രിമാര്‍ക്കെതിരെ നിരന്തരം അഴിമതിക്കേസുകള്‍ ഉയര്‍ന്നത് അദ്വാനിയടക്കമുള്ള നേതാക്കളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അഴിമതിക്കേസുകളില്‍പ്പെട്ട് നേതാക്കള്‍ ജയിലിലടക്കപ്പെട്ട സാഹചര്യത്തില്‍ അഴിമതി വിരുദ്ധപ്രചാരണം നടത്തുന്നത് തിരിച്ചടിയാകുമെന്ന ബോധ്യത്തെതുടര്‍ന്നാണ് ബംഗളൂരുവിലെ സമാപനറാലി അദ്വാനി തന്നെ ഇടപെട്ട് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് ഈശ്വരപ്പ ആര്‍എസ്എസ് ആസ്ഥാനമായ കേശവകൃപയിലെത്തി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ അഴിമതിക്കേസുകള്‍ കൂട്ടത്തോടെ പുറത്തുവരുന്നതില്‍ ആര്‍എസ്എസ് നേതാക്കളായ സതീഷ്, സന്തോഷ് എന്നിവര്‍ ഈശ്വരപ്പയെ അസന്തുഷ്ടി അറിയിച്ചു.

ഭൂമി കുംഭകോണ കേസുകളില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പുറമെ മുന്‍മന്ത്രിമാരായ കട്ട സുബ്രഹ്മണ്യനായിഡു, കൃഷ്ണയ്യഷെട്ടി എന്നിവര്‍ ജയിലുകളിലാണ്. ഖനന അഴിമതിയില്‍പ്പെട്ട് ജനാര്‍ദനറെഡ്ഡി ഹൈദരാബാദിലും റിമാന്‍ഡിലാണ്. ഇത് പ്രതിരോധിക്കാനാകാതെ ബിജെപി നേതൃത്വം വിയര്‍ക്കുമ്പോഴാണ് ആഭ്യന്തരമന്ത്രി ആര്‍ അശോക്, വ്യവസായമന്ത്രി മുരുകേഷ് നിരാനി എന്നിവര്‍ക്കെതിരെയും ഭൂമി കുംഭകോണക്കേസുകള്‍ വന്നത്. വിവിധ പദ്ധതികള്‍ക്കായി ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് അശോകിനെതിരായ പരാതി. 50 കോടി രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ലോകായുക്ത പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. വ്യവസായമന്ത്രി മുരുകേഷ് ആര്‍ നിരാനിക്കെതിരെ 1000 കോടി രൂപയുടെ അഴിമതിയാരോപണമാണ് ഉയര്‍ന്നത്. ഈ കേസ് ലോകായുക്ത കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
(പി വി മനോജ്കുമാര്‍)

deshabhimani 231011

2 comments:

  1. അഴിമതിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തുന്ന ജനചേതന യാത്രയുടെ ബംഗളൂരുവിലെ സ്വീകരണ സമ്മേളനം റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മറ്റു മന്ത്രിമാര്‍ക്കെതിരെയും നിരന്തരം ഭൂമി അഴിമതിക്കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. 30ന് നാഷണല്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു റാലിയും പൊതുയോഗവും നിശ്ചയിച്ചിരുന്നത്. അതിനിടെ, രണ്ടുമന്ത്രിമാര്‍ക്കെതിരെ കൂടി ഭൂമി വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ എസ് ഈശ്വരപ്പ ശനിയാഴ്ച വൈകിട്ട് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

    ReplyDelete
  2. 25-Oct-2011 01:06 AM
    ബംഗളൂരു: ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക വ്യവസായമന്ത്രി മുരുകേഷ് ആര്‍ നിരാനിക്കെതിരെയും അന്വേഷണത്തിന് ലോകായുക്ത കോടതി ഉത്തരവ്. വ്യവസായി ആലംപാഷ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ലോകായുക്ത കോടതി ജഡ്ജി എന്‍ കെ സുധീന്ദ്രറാവുവിന്റേതാണ് ഉത്തരവ്. നവംബര്‍ 16നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ലോകായുക്ത പൊലീസിന് നിര്‍ദേശം നല്‍കി. അഴിമതി തടയല്‍നിയമം, ക്രിമിനല്‍ നടപടിക്രമം 156(3) വകുപ്പുകള്‍പ്രകാരം അന്വേഷിക്കാനാണ് ഉത്തരവ്. ദേവനഹള്ളി, ദെബ്ബാസ്പേട്ട് എന്നിവിടങ്ങളില്‍ 27 ഏക്കര്‍ ഭൂമി പുനര്‍വിജ്ഞാപനത്തിലൂടെ മുരുകേഷ് നിരാനിയടക്കം ഒമ്പതുപേര്‍ തട്ടിയെടുത്തപ്പോള്‍ , സംസ്ഥാനത്തിന് 130 കോടി രൂപ നഷ്ടമുണ്ടായെന്ന് പരാതിയില്‍ പറയുന്നു. വ്യോമാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കിവച്ച പ്രത്യേക സാമ്പത്തികമേഖലയില്‍പ്പെട്ട ഭൂമിയാണ് തട്ടിയെടുത്തത്. 2010ല്‍ ബംഗളൂരുവില്‍ നടന്ന ആഗോള നിക്ഷേപസംഗമത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്്. മന്ത്രിയും കൂട്ടാളികളും നാല് വ്യാജകമ്പനികളുണ്ടാക്കി നിക്ഷേപസംഗമത്തിന്റെ പദ്ധതികള്‍ തട്ടിയെടുത്തെന്നും വിവിധ ബാങ്കുകളില്‍നിന്ന് 500 കോടി വായ്പ തരപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഡി വി സദാനന്ദഗൗഡ മന്ത്രിസഭയില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന രണ്ടാമനാണ് യെദ്യൂരപ്പയുടെ വലംകൈയായ നിരാനി. ഭൂമി കുംഭകോണക്കേസില്‍ കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ആര്‍ അശോകിനെതിരെയും ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

    ReplyDelete