Friday, November 18, 2011

സത്യം പറയാന്‍ മമതയ്ക്ക് വേണ്ടിവന്നത് ഒന്നര വര്‍ഷം

 ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറിച്ച് 150 പേരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളെ അപലപിക്കാന്‍ മമതയ്ക്ക് വേണ്ടിവന്നത് ഒന്നര വര്‍ഷം. അട്ടിമറിക്കുപിന്നില്‍ സിപിഐ എമ്മാണെന്ന് മമത മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ , കുറ്റവാളികള്‍ മാവോയിസ്റ്റുകളാണെന്നത് തെളിയിക്കപ്പെട്ട സത്യമാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞു. 2010 മെയ് 28ന് പശ്ചിമമേദിനിപ്പുര്‍ ജില്ലയിലെ സര്‍ദിഹക്കടുത്തുണ്ടായ അട്ടിമറിയുടെ ഉത്തരാവാദിത്തം മമത സിപിഐ എമ്മിന്റെ തലയിലിട്ടെങ്കിലും സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ കുറ്റവാളികള്‍ മാവോയിസ്റ്റുകളാണെന്ന് കണ്ടെത്തി. എന്നാല്‍ , ഇത് അംഗീകരിക്കാനാകില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. ഇടതുമുന്നണി സര്‍ക്കാരും സിബിഐ അന്വേഷണം തന്നെ നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചു. നഗരസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിലും സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ മമത ഈ സംഭവം വിനിയോഗിച്ചു. അട്ടിമറി നടത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ച സിബിഐ മാവോയിസ്റ്റുകള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടും മമത അവരെ കുറ്റപ്പെടുത്തിയില്ല.

കഴിഞ്ഞദിവസം രണ്ട് തൃണമൂല്‍പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ അക്രമത്തില്‍ കൊന്നതോടെയാണ് മമത മാവോയിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് സിപിഐ എമ്മിനെതിരെ നടത്തിയ ആരോപണം സംബന്ധിച്ച് എന്ത് വിശദീകരണമാണ് ഇപ്പോള്‍ മമതയ്ക്ക് നല്‍കാനുള്ളതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു ചോദിച്ചു. മമത മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു.

deshabhimani 181111

1 comment:

  1. ജ്ഞാനേശ്വരി എക്സ്പ്രസ് ട്രെയിന്‍ അട്ടിമറിച്ച് 150 പേരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളെ അപലപിക്കാന്‍ മമതയ്ക്ക് വേണ്ടിവന്നത് ഒന്നര വര്‍ഷം. അട്ടിമറിക്കുപിന്നില്‍ സിപിഐ എമ്മാണെന്ന് മമത മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ , കുറ്റവാളികള്‍ മാവോയിസ്റ്റുകളാണെന്നത് തെളിയിക്കപ്പെട്ട സത്യമാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞു. 2010 മെയ് 28ന് പശ്ചിമമേദിനിപ്പുര്‍ ജില്ലയിലെ സര്‍ദിഹക്കടുത്തുണ്ടായ അട്ടിമറിയുടെ ഉത്തരാവാദിത്തം മമത സിപിഐ എമ്മിന്റെ തലയിലിട്ടെങ്കിലും സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ കുറ്റവാളികള്‍ മാവോയിസ്റ്റുകളാണെന്ന് കണ്ടെത്തി.

    ReplyDelete