Friday, November 18, 2011

വിധേയത്വ വിളംബരം

അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. വിദേശ ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് ഭാഗികമായി ഒഴിവാക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ . ഇന്തോനേഷ്യയിലെ ബാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായാണ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. 2010 ആഗസ്തില്‍ പാസാക്കിയ ആണവബാധ്യതാ നിയമത്തിന്റെ ചട്ടങ്ങളാണ് സര്‍ക്കാര്‍ വിജ്ഞാപനമായി ഇപ്പോള്‍ പുറത്തിറക്കിയത്. ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ , റിയാക്ടറുകളും മറ്റും നല്‍കുന്ന ആണവദാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമത്തിലെ 17(ബി) വ്യവസ്ഥയാണ് ലഘൂകരിച്ചത്. ആണവദാതാക്കള്‍ നല്‍കുന്ന വസ്തുക്കളുടെയോ ഉപകരണങ്ങളുടെയോ തകരാറുകൊണ്ട് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ആണവനിലയ നടത്തിപ്പുകാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. ചട്ടങ്ങള്‍ അനുസരിച്ച് ലൈസന്‍സ് കാലാവധിക്കകത്തോ ഉല്‍പ്പന്ന ബാധ്യതാ കാലാവധിക്കകത്തോ അപകടമുണ്ടായാല്‍മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതി. ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉല്‍പ്പന്ന ബാധ്യതാ കാലാവധിയും ഏകദേശം അഞ്ചു വര്‍ഷംതന്നെ. അതായത്, അഞ്ചു വര്‍ഷത്തിനകം അപകടമുണ്ടായാല്‍ മാത്രമേ ആണവദാതാക്കളായ വിദേശ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. റിയാക്ടര്‍ സ്ഥാപിച്ച് 30 വര്‍ഷത്തിനുശേഷം ഫുക്കുഷിമയിലേതുപോലെ അപകടമുണ്ടായാല്‍ അതിന് വിദേശ ആണവദാതാക്കള്‍ക്ക് ബാധ്യതയുണ്ടാകില്ല.

ആണവനിലയ നടത്തിപ്പുകാര്‍ക്ക് മാത്രമായിരിക്കും ബാധ്യത. ഇന്ത്യയില്‍ ആണവനിലയ നടത്തിപ്പുകാരാകട്ടെ പൊതുമേഖലാ സ്ഥാപനമായ എന്‍പിസിഐഎല്‍ ആണ്. പതിനേഴാം വകുപ്പ് പൂര്‍ണമായും നിര്‍വീര്യമാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിനായി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഒബാമതന്നെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ആണവക്കമ്പനികളുടെ പൂര്‍ണ ബാധ്യത ആണവനിലയ നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.
(വി ബി പരമേശ്വരന്‍)

പാര്‍ലമെന്റ് പുനഃപരിശോധിക്കണം: സിപിഐ എം

ന്യൂഡല്‍ഹി: ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ത്ത്് സര്‍ക്കാര്‍ വിജ്ഞാപനംചെയ്ത ചട്ടങ്ങള്‍ പുനഃപരിശോധിക്കാന്‍ പാര്‍ലമെന്റ് തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കം ലഘൂകരിക്കപ്പെടരുത്. വിദേശ ആണവദാതാക്കളുടെ ബാധ്യത കുറവ് വരുത്തുന്നതാണ് ചട്ടങ്ങള്‍ . അഞ്ചു വര്‍ഷത്തെ ലൈസന്‍സ് കാലാവധി വേളയിലോ ഉല്‍പ്പന്ന ബാധ്യതാ കാലയളവിലോ ദുരന്തമുണ്ടായാല്‍ മാത്രമേ ആണവദാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയൂ എന്നാണ് ചട്ടം പറയുന്നത്. അതായത്, അഞ്ച് വര്‍ഷത്തിനകം അപകടമുണ്ടാകുന്ന പക്ഷം മാത്രമേ വിദേശ ആണവദാതാക്കള്‍ ബാധ്യത ഏറ്റെടുക്കേണ്ടതുള്ളൂ. ഇന്തോനേഷ്യയില്‍ ബാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചതെന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ വിമര്‍ശങ്ങള്‍ പരിഹരിക്കാന്‍കൂടിയാണ് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- പിബി പറഞ്ഞു.

deshabhimani 181111

1 comment:

  1. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. വിദേശ ആണവദാതാക്കളെ ബാധ്യതയില്‍നിന്ന് ഭാഗികമായി ഒഴിവാക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ . ഇന്തോനേഷ്യയിലെ ബാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായാണ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്.

    ReplyDelete