Wednesday, November 23, 2011

"മാതൃകാ"ഭരണത്തിന്റെ തനിനിറം

ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ ഭരണം ഇന്ത്യക്ക് ഉത്തമമാതൃകയാണെന്നാണ് സംഘപരിവാര്‍ കരുതുന്നതും പ്രചരിപ്പിക്കുന്നതും. ബിജെപിയുടെ രണ്ടാമത്തെ മാതൃകാഭരണം ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലാണുപോലും. രണ്ടിന്റെയും തനിനിറം വ്യത്യസ്ത രൂപത്തില്‍ മറനീക്കി പുറത്തുവന്നുകഴിഞ്ഞു. 2002ലെ വംശഹത്യയാണ് ഹിന്ദു വര്‍ഗീയവാദികളുടെ ഗുജറാത്തിലെ ഭരണനേട്ടമായി അവര്‍ കരുതുന്നത്. സബര്‍മതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷനിലെത്തിയപ്പോള്‍ ചില കമ്പാര്‍ട്മെന്റുകളില്‍ തീ ആളിപ്പടരാനിടയായി. ഹിന്ദുക്കളായ തീര്‍ഥാടകര്‍ ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. നിരവധി യാത്രക്കാര്‍ അപകടത്തില്‍ മരിക്കാനിടയായി. തീവച്ചത് മനപ്പൂര്‍വമാണെന്നും തീര്‍ഥാടകരെ കൂട്ടത്തോടെ കൊലപ്പെടുത്തലായിരുന്നു ലക്ഷ്യമെന്നും ബിജെപിയും സംഘപരിവാറും പ്രചരിപ്പിച്ചു. ഇതിന്റെ പ്രതികരണമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെന്ന് നരേന്ദ്രമോഡി സര്‍ക്കാര്‍ പറഞ്ഞുപരത്തി. ഈ പ്രചാരവേല കളവാണെന്നും വംശഹത്യ ആസൂത്രിതമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഗോധ്ര ട്രെയിനപകടത്തിനുമുമ്പുതന്നെ വംശഹത്യക്ക് ഒരുക്കം നടന്നിരുന്നു. ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം വംശഹത്യക്കുപിറകിലുണ്ടെന്ന് പിന്നീട് തെളിഞ്ഞു.

വംശഹത്യ നടത്തിയത് നരേന്ദ്രമോഡിയുടെ മന്ത്രിസഭയിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പൊലീസും സംഘപരിവാര്‍ ക്രിമിനലുകളും ചേര്‍ന്നായിരുന്നു. കൊലപാതകികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുന്നതിനുപകരം രക്ഷിക്കാനാണ് മോഡിസര്‍ക്കാര്‍ ശ്രമിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തി. കേസ് വിചാരണ ഗുജറാത്തില്‍ നടത്തിയാല്‍ അക്രമത്തിന് വിധേയരായവര്‍ക്ക് നീതി ലഭിക്കില്ലെന്ന് സുപ്രീംകോടതിക്കുപോലും തുറന്നുപറയേണ്ടിവന്നു. പല കേസും ഗുജറാത്തിനു പുറത്ത് വിചാരണ നടത്താന്‍ ഉത്തരവിട്ടു. അങ്ങനെയാണ് ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തിനു പുറത്ത് വിചാരണചെയ്യാനും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനും ഇടയായത്. ഇതേഗുജറാത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ തുടര്‍ച്ചയായി നടന്നത്. 2004 ജൂണ്‍ 15ന് നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ നാല് ചെറുപ്പക്കാരെയാണ് പൊലീസ് മേധാവികളായ ക്രിമിനലുകള്‍ വധിച്ചത്. ഇസ്രത് ജഹാന്‍ എന്ന പത്തൊമ്പതുകാരി വിദ്യാര്‍ഥിനിയും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്കുമാര്‍പിള്ളയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രാണേഷ്കുമാര്‍ മതപരിവര്‍ത്തനം നടത്തി ജാവേദ് ഷെയ്ഖ് എന്ന പേര് സ്വീകരിക്കുകയും മഹാരാഷ്ട്രയിലെ മുസ്ലിം പെണ്‍കുട്ടിയായ ഇസ്രത് ജഹാനുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയും ചെയ്തു. ഇതാണ് വര്‍ഗീയവാദികളുടെ ശത്രുതയ്ക്കിടയാക്കിയതെന്നാണ് പറയുന്നത്. അംജത്അലി റാണ, സീഷാന്‍ ജോഹര്‍ എന്നീ രണ്ട് ചെറുപ്പക്കാരും ഇവരോടൊപ്പം കൊല്ലപ്പെട്ടു. ഈ നാലുപേരും ലഷ്കര്‍ ഇ തോയ്ബയില്‍പ്പെട്ട (എല്‍ഇടി) ഭീകരരാണെന്നും 2002ലെ വംശഹത്യക്ക് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണെന്നും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നുമാണ് പൊലീസ് ഭാഷ്യം. വ്യാജ ഏറ്റുമുട്ടലില്‍ വിദഗ്ധനായ ഒരു പൊലീസ് ഓഫീസറുള്‍പ്പെടെ പൊലീസുകാര്‍ കൊലക്കുറ്റത്തിന് ഉത്തരവാദികളാണെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഇപ്പോള്‍ കണ്ടെത്തിയത്. കൊലപാതകത്തെപ്പറ്റി അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു.

പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഏറ്റുമുട്ടല്‍കഥ വ്യാജമാണെന്ന് വ്യക്തമായത്. ഗുജറാത്തില്‍ സൊഹ്റാബുദീനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയതാണെന്ന വിവരം ഇതിനുമുമ്പ് പുറത്തുവന്നതാണ്. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടും അനുഗ്രഹത്തോടുംകൂടി അല്ലാതെ ഇത്തരം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടക്കുകയില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞാല്‍ ന്യൂനപക്ഷവിഭാഗത്തെ ഉന്മൂലനംചെയ്യുമെന്ന് തുറന്നുപറയാന്‍ മടികാണിക്കാത്തവരാണ് സംഘപരിവാര്‍ നേതാക്കള്‍ . ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന നരേന്ദ്രമോഡിയെയാണ് ബിജെപി ഭാവിപ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത്. ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി 40 ദിവസം യാത്ര നടത്തിയത് നരേന്ദ്രമോഡിയെ വെല്ലുവിളിച്ചുകൊണ്ടാണെന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ആര്‍എസ്എസിന്റെ തനി പ്രതീകമാണ് രണ്ടുപേരും. ബിജെപിയുടെ രണ്ടാമത്തെ മാതൃകാസംസ്ഥാനമാണ് കര്‍ണാടകം. അവിടെ മാതൃകാ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക് അഴിമതിയുടെ പേരില്‍ രാജിവച്ചൊഴിയേണ്ടിവന്നു. തുടര്‍ന്ന് ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കപ്പെടുകയും ചെയ്തു. മന്ത്രിമാരായിരുന്ന റെഡ്ഡിസഹോദരന്മാരായ ജനാര്‍ദനറെഡ്ഡിയും കരുണാകരറെഡ്ഡിയും ജയിലിലാണ്. ഖനി അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇവരും ജയിലിലായത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്നതാണ് ബിജെപിയുടെ മാതൃകാഭരണം. കോണ്‍ഗ്രസിന് ബദലാണെന്നു പറയുന്ന ബിജെപി, പാര്‍ലമെന്റില്‍ നിര്‍ണായകഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. വിലക്കയറ്റത്തിന്റെ പ്രശ്നത്തിലും ആണവബാധ്യത ബില്‍ പാസാക്കുന്നതിലും ബിജെപി രണ്ടാം യുപിഎ സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പരസ്യമായി പിന്താങ്ങിയതാണ്. ഇസ്രത് ജഹാന്‍ കേസില്‍ കുറ്റവാളികള്‍ക്കെതിരെ അന്വേഷണം നടത്തി അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

21 പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍ . ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് ചാര്‍ജുചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. ഈ വിധി മോഡിസര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നതില്‍ സംശയമില്ല. നരേന്ദ്രമോഡി മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം, പൊലീസ് ഉദ്യോഗസ്ഥര്‍കൂടിയായ പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തുമെന്നതില്‍ സംശയമില്ല. അതാണ് ഇതുവരെയുള്ള അനുഭവം. ഒമ്പത് കേസ് കോടതിയുടെ മുമ്പിലുണ്ട്. കേസിന്റെ ന്യായമായ അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വ്യഗ്രത കാണിച്ചത്. കൊല്ലപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും നീതി ഉറപ്പുവരുത്തണമെങ്കില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ രാജിവച്ചൊഴിയുകതന്നെ വേണം.

deshabhimani editorial 231111

1 comment:

  1. ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ ഭരണം ഇന്ത്യക്ക് ഉത്തമമാതൃകയാണെന്നാണ് സംഘപരിവാര്‍ കരുതുന്നതും പ്രചരിപ്പിക്കുന്നതും. ബിജെപിയുടെ രണ്ടാമത്തെ മാതൃകാഭരണം ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലാണുപോലും. രണ്ടിന്റെയും തനിനിറം വ്യത്യസ്ത രൂപത്തില്‍ മറനീക്കി പുറത്തുവന്നുകഴിഞ്ഞു. 2002ലെ വംശഹത്യയാണ് ഹിന്ദു വര്‍ഗീയവാദികളുടെ ഗുജറാത്തിലെ ഭരണനേട്ടമായി അവര്‍ കരുതുന്നത്. സബര്‍മതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷനിലെത്തിയപ്പോള്‍ ചില കമ്പാര്‍ട്മെന്റുകളില്‍ തീ ആളിപ്പടരാനിടയായി. ഹിന്ദുക്കളായ തീര്‍ഥാടകര്‍ ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. നിരവധി യാത്രക്കാര്‍ അപകടത്തില്‍ മരിക്കാനിടയായി. തീവച്ചത് മനപ്പൂര്‍വമാണെന്നും തീര്‍ഥാടകരെ കൂട്ടത്തോടെ കൊലപ്പെടുത്തലായിരുന്നു ലക്ഷ്യമെന്നും ബിജെപിയും സംഘപരിവാറും പ്രചരിപ്പിച്ചു. ഇതിന്റെ പ്രതികരണമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെന്ന് നരേന്ദ്രമോഡി സര്‍ക്കാര്‍ പറഞ്ഞുപരത്തി. ഈ പ്രചാരവേല കളവാണെന്നും വംശഹത്യ ആസൂത്രിതമാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഗോധ്ര ട്രെയിനപകടത്തിനുമുമ്പുതന്നെ വംശഹത്യക്ക് ഒരുക്കം നടന്നിരുന്നു. ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം വംശഹത്യക്കുപിറകിലുണ്ടെന്ന് പിന്നീട് തെളിഞ്ഞു.

    ReplyDelete