Wednesday, November 23, 2011

2 കര്‍ഷകര്‍ കൂടി ജീവനൊടുക്കി

പാലക്കാട്/കണ്ണൂര്‍ : കടക്കെണിയെ തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടു കര്‍ഷകര്‍ ജീവനൊടുക്കി. കണ്ണൂരില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകനും പാലക്കാട് ക്ഷീരകര്‍ഷകനുമാണ് ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ പെരിങ്ങോം പ്രാപ്പൊയില്‍ കുറിച്യക്കുന്ന് പുല്ലുമലയിലെ നെല്ലിക്കല്‍ ഗംഗാധരന്‍ (62) തിങ്കളാഴ്ച രാത്രി വീടിനടുത്ത കശുമാവിന്‍തോട്ടത്തില്‍ തൂങ്ങിമരിച്ചു. പാലക്കാട് പെരുവെമ്പില്‍ കൊട്ടേക്കാട് മുക്കറങ്കാട് രാമകൃഷ്ണന്‍ (65) ചൊവ്വാഴ്ച രാവിലെ വീടിനുമുന്നിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് 13 കര്‍ഷകര്‍ കടബാധ്യത മൂലം ജീവനൊടുക്കി. ഇതില്‍ ഏഴും വയനാട്ടിലാണ്. ഗംഗാധരന് തിരുമേനി എസ്ബിടിയില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ കാര്‍ഷിക കടബാധ്യതയുണ്ട്. മൂന്ന് ദിവസംമുമ്പ് ജപ്തി നോട്ടീസ് ലഭിച്ചതോടെ മനോവിഷമത്തിലായ ഇദ്ദേഹത്തെ തിങ്കളാഴ്ച വൈകിട്ട് കാണാതായി. രാത്രി ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: സുമതി. മക്കള്‍ : തുളസി, ഗിരീഷ്, അനീഷ്. മരുമക്കള്‍ : പ്രസാദ്, ലതിക, ഷിജി. സഹോദരങ്ങള്‍ : രാജപ്പന്‍ , മോഹന്‍ദാസ്, സോമന്‍ , അംബിക, ശാന്ത, രമണി.

മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം നേടിയ പള്ളിക്കാട് ചന്ദ്രന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് കൊട്ടേക്കാട് ക്ഷീരസംഘത്തില്‍ വര്‍ഷങ്ങളായി പാല്‍ കൊടുത്തിരുന്ന രാമകൃഷ്ണനും മരണത്തില്‍ അഭയംതേടിയത്. കടംകയറിയതിനെത്തുടര്‍ന്ന് രണ്ടുമാസംമുമ്പ് മൂന്നു പശുക്കളേയും വിറ്റു. വട്ടിപ്പലിശക്കാര്‍ ഉള്‍പ്പെടെ പലരില്‍നിന്നും കടമെടുത്തു. രോഗിയായിരുന്ന ഇയാളെ അടുത്തിടെ നാട്ടുകാര്‍ പണംപിരിച്ച് സഹായിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനുമുന്നിലെ മാവിന്‍കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അയല്‍വാസിയാണ് ആദ്യം കണ്ടത്. നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ കല്യാണി മകള്‍ : അംബിക. മരുമകന്‍ : ശിവന്‍ .

2 comments:

  1. കടക്കെണിയെ തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടു കര്‍ഷകര്‍ ജീവനൊടുക്കി.

    ReplyDelete
  2. സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബാങ്കുകളുടെ സംസ്ഥാനസമിതി യോഗത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നുമെടുക്കാനായില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഉണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളാണ്. വയനാട്ടില്‍ എട്ടും മറ്റു ജില്ലകളില്‍ നാലുപേരുമാണ് മരിച്ചത്. മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വയനാട് ജില്ലയെ ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ചാല്‍ ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുമെന്ന് ബാങ്കുകളുടെ പ്രതിനിധികള്‍ അറിയിച്ചു. ഓരോരുത്തരുടെയും വായ്പകള്‍ പരിശോധിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു. വായ്പകളുടെ പലിശ എഴുതിതള്ളണമെങ്കിലും സ്വാഭാവികമായി മരിക്കുന്ന കര്‍ഷകരുടെ കടം എഴുതി തള്ളണമെങ്കിലും റിസര്‍വ്വ്ബാങ്ക് അനുമതിവേണം. തിരിച്ചടക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ചാവും വിദ്യാഭ്യാസ വായ്പ അനുവദിക്കുകയെന്ന് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു.സ്വകാര്യ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത ഫീസാണ്. 60 ശതമാനം മാര്‍ക്കില്ലാത്തവര്‍ക്ക് വായ്പ കൊടുക്കാനും കഴിയില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

    ReplyDelete