Tuesday, November 8, 2011

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ഭരണത്തില്‍


നമ്മുടെ രാജ്യത്തിലെ അടിസ്ഥാന അധ:സ്ഥിത വിഭാഗമാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം. ജനസംഖ്യയുടെ 25 ശതമാനത്തോളവും ഇവരാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനും ചൂഷണത്തിനും നൂറ്റാണ്ടുകളായി വിധിക്കപ്പെട്ടവരാണ് ഈ വിഭാഗം. ഇതില്‍നിന്നുള്ള ഒരു മോചനമായിരുന്നു നമ്മുടെ രാജ്യത്തിെന്‍റ ഭരണഘടന. എന്നാല്‍ ഭരണഘടന രൂപംകൊണ്ട് 60 വര്‍ഷം കഴിഞ്ഞിട്ടുപോലും ഈ വിഭാഗത്തോട് നീതിപുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞോ എന്നുള്ള കാര്യം പരിശോധിക്കണം. ഇതിനുള്ള ഒരു അപവാദം ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളം ഭരിച്ച അവസരത്തിലാണ് ഉണ്ടായത്. ഭൂപരിഷ്കരണ നിയമം സമഗ്രമായ രൂപത്തില്‍ നമുക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. 1957-ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ എം എസിെന്‍റ നേതൃത്വത്തിലുള്ള ഒന്നാമത്തെ കമ്യൂണിസ്റ് മന്ത്രിസഭയാണ് ഈ രംഗത്ത് ഒരു ചരിത്രനേട്ടമുണ്ടാക്കിയത്. ഇവിടെ ജന്മിത്തം അവസാനിപ്പിച്ചു, കൃഷിക്കാരനെ ഭൂമിയുടെ ഉടമയാക്കി, ഇതാണ് ഇതിെന്‍റ പ്രധാനപ്പെട്ട നേട്ടം. എന്നാല്‍ ഇതിന്റെ ഭാഗമായി നമ്മുടെ ഈ കൊച്ചുകേരളത്തിലെ പാട്ടക്കൃഷിക്കാരനും കാണക്കുടിയാനും ഭൂമിയുടെ ഉടമയായി. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവരായിരുന്നില്ല എസ്സി/എസ്ടി വിഭാഗം. അവര്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളായിരുന്നു.

ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി അവര്‍ക്ക് പരമാവധി 10 സെന്‍റ് ഭൂമിയാണ് ലഭിച്ചത്. അവിടെ ഇന്ന് മൂന്നും നാലും കുടുംബങ്ങളാണ് താമസിക്കുന്നത്. മരിച്ചാല്‍പ്പോലും സ്വന്തം സ്ഥലത്ത് സംസ്കരിക്കാന്‍ അവര്‍ക്ക് ഭൂമിയില്ല. സമൂഹത്തിലെ ഇടത്തരം വിഭാഗമായിപ്പോലും ഈ വിഭാഗത്തെ കാണാന്‍ നമുക്ക് കഴിയില്ല. മെരിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തില്‍ അത്യാവശ്യം ജോലികിട്ടിയ ഒരു വിഭാഗം സാമൂഹ്യമായും സാമ്പത്തികമായും ഇത്തിരി മെച്ചപ്പെട്ടു എന്നതൊഴിവാക്കിയാല്‍ ഈ വിഭാഗത്തിെന്‍റ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇതില്‍ ഏറ്റവും പിന്നോക്കം ആദിവാസി വിഭാഗമാണ്. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി മിച്ചഭൂമിയായി ലഭിച്ചതില്‍ പലതും ഫോറസ്റ്റുകാരാണ് കൊണ്ടുപോയത്. 1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമപ്രകാരം പാവപ്പെട്ട ജനങ്ങള്‍ക്ക് കിട്ടേണ്ട ഭൂമി വനംവകുപ്പില്‍ നിക്ഷിപ്തമാക്കപ്പെട്ടു. പതിച്ചുനല്‍കല്‍ നടന്നില്ല. തോട്ടംമേഖലയില്‍ തോട്ടത്തിന് പരിധിയില്ലെന്നുള്ളതുകൊണ്ട് മലയോര പ്രദേശങ്ങളിലേയും വനപ്രദേശങ്ങളിലേയും ഭൂമി ആദിവാസികള്‍ക്ക് അന്യമാകുകയും ചെയ്തു. ഫലം, പട്ടികജാതി വിഭാഗത്തിന് അവകാശപ്പെട്ട 10 സെന്‍റ് ഭൂമിക്കുപോലും ആദിവാസികള്‍ അര്‍ഹരായില്ലെന്നുള്ളതാണ്. ഇതിനൊരു പരിഹാരമായിരുന്നു 1975ലെ ആദിവാസി ഭൂ നിയമം. അത് നമുക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 1999-ല്‍ ഒരു സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ യോജിച്ചുനിന്ന് കൊണ്ട് കൊണ്ടുവന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തിരി ആശ്വാസം ആദിവാസികള്‍ക്ക് ലഭിച്ചു. എന്നാലും ആ നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി മറ്റു പലരും കയ്യടക്കി. പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി ഒന്നാം യുപിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍വന്നപ്പോഴാണ് ചരിത്രപ്രസിദ്ധമായ ഒരു നിയമം 2006-ല്‍ ഈ വിഭാഗത്തിനുവേണ്ടി രൂപംകൊണ്ടത്- പട്ടികവര്‍ഗ്ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശ അംഗീകാര) നിയമം 2006. ആ നിയമം ഇവിടെ നടപ്പിലാക്കുന്നതിന് ഒട്ടേറെ കടമ്പകള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ റവന്യു വകുപ്പും വനംവകുപ്പും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പും അതിലെ ഉദ്യോഗസ്ഥന്മാരും രാപ്പകല്‍ ജോലി ചെയ്തതിനുശേഷമാണ് ഇന്ത്യക്ക് മാതൃകയായ ആ നിയമം ഇവിടെ നടപ്പിലാക്കിയത്. ഇരുന്നൂറ്റി അന്‍പതോളം ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയമിച്ച് ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിച്ചു. ആ നിയമപ്രകാരം ഏതാണ്ട് 33,000 ആദിവാസികള്‍ക്കാണ് ഭൂമി ലഭ്യമാകേണ്ടിയിരുന്നത്. അതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി 27,771 പേര്‍ക്ക് 40,660 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു, സര്‍വ്വേ നടപടി പൂര്‍ത്തീകരിച്ചു. ഇതില്‍ 25,728 ആദിവാസി കുടുംബങ്ങള്‍ക്ക് 30,000-ത്തില്‍ കൂടുതല്‍ ഏക്കര്‍ ഭൂമി വിതരണം നടത്തി. അതില്‍ വനാവകാശ നിയമപ്രകാരം 22,397പേര്‍ക്കും ടി ആര്‍ ഡി എം (ആദിവാസി പുനരധിവാസ വികസനമിഷന്‍) പ്രകാരം 2,173 പേര്‍ക്കും മിച്ചഭൂമി, 1,153 പേര്‍ക്കും, അങ്ങനെ 25,728 ആദിവാസികള്‍ക്കാണ്, ഏതാണ്ട് മുപ്പത്തിരണ്ടായിരത്തോളം ഏക്കര്‍ ഭൂമി വിതരണംചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ, 5,000 പേര്‍ക്ക് ഇനി ഭൂമി കൊടുക്കാനുണ്ട്. ആ നടപടി ഈ ഗവണ്‍മെന്‍റ് പെട്ടെന്ന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേരളത്തിെന്‍റ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ആദിവാസികളെ ഭൂമിയുടെ ഉടമകളാക്കിയത്. അതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയ വനാവകാശ കമ്മിറ്റി കേരളം സന്ദര്‍ശിച്ചത് 2010 ജൂലൈ 2 മുതല്‍ 5 വരെയായിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ വനാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് കേരള ഗവണ്‍മെന്‍റ് കാട്ടിയ ഇച്ഛാശക്തിയെ കേന്ദ്ര ഗവണ്‍മെന്‍റ് അഭിനന്ദിച്ചു.

യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഭരണത്തിന്‍കീഴില്‍ എന്തായിരുന്നു ഇവിടെ സംഭവിച്ചത്? ഒരു തുണ്ടു ഭൂമി ചോദിച്ച ആദിവാസിയെ വെടിവെച്ചു കൊല്ലാന്‍ യാതൊരു മടിയും അവര്‍ക്കുണ്ടായിരുന്നില്ല. അറുന്നൂറോളം വരുന്ന ആദിവാസികളെ ജയിലിലിട്ടു. ജയിലിനുള്ളില്‍വച്ച് ശാന്ത എന്ന ആദിവാസി പ്രസവിച്ചു. ആ ചോരക്കുഞ്ഞ് ജയിലില്‍വച്ച് മരണപ്പെട്ടു. 3 വയസ്സുവരെയുള്ള പതിമൂന്ന് ആദിവാസിക്കുഞ്ഞുങ്ങളെ പൊലീസ് തല്ലി, അവര്‍ക്ക് ജാമ്യംപോലും കൊടുത്തില്ല. അങ്ങനെ കേരളത്തിലെ ആദിവാസികള്‍ നടത്തിയ, അത്യുജ്ജ്വലമായ സമരത്തിന്റെ ഭാഗമായി കേരളത്തിലെ ആദിവാസി സമൂഹം ഐക്യജനാധിപത്യമുന്നണിക്കെതിരായി തിരിഞ്ഞ ഒരു ഘട്ടത്തിലായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്റെ വരവ്. രക്തസാക്ഷി ജോഗിയുടെ വീട്ടില്‍ പോകാന്‍പോലും യുഡിഎഫ് നേതാക്കന്മാര്‍ തയ്യാറായില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം ഞങ്ങള്‍ ആ വീട്ടില്‍പോയി. ഞങ്ങള്‍ ജോഗിയുടെ മകള്‍ കൊച്ചുസീതയ്ക്ക് വയനാട് കളക്ടറേറ്റില്‍ ജോലിയും 2 ലക്ഷം രൂപയും കൊടുത്തു.

ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചതെങ്കില്‍ , കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും സുപ്രീംകോടതിയും ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ച കൃഷ്ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ ഭൂമി അവര്‍ക്ക് കൊടുക്കാന്‍ ഈ ഗവണ്‍മെന്‍റിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കേരള ഗവണ്‍മെന്‍റ് ഭൂ ഉടമയ്ക്ക് അനുകൂലമായ സമീപനം ഹൈക്കോടതിയില്‍ സ്വീകരിച്ചതിെന്‍റ ഭാഗമായി ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നഷ്ടപ്പെടാന്‍ പോകുകയാണ്. ഈ ഭൂമി കേരള ഗവണ്‍മെന്‍റ് ഏറ്റെടുക്കേണ്ടതാണെന്ന് 01/06/2011-ന് ജസ്റ്റിസ് സിരിജഗന്‍ അദ്ദേഹത്തിെന്‍റ വിധിയില്‍ വ്യക്തമായി പറഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇതാണ് ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന സമീപനം. ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുത്തിയ ഭൂ പ്രമാണിമാരുടെ കളിത്തൊട്ടിലിലെ ഒരു പാവയാകാന്‍ ആദിവാസി മന്ത്രിയോ പട്ടികജാതി വകുപ്പുമന്ത്രിയോ തയ്യാറാകരുത്. അത് ഈ കേരളത്തിന് നാണക്കേടാണ്.

മലക്കപ്പാറ പൊലീസ്സ്റ്റേഷനില്‍ പാറു എന്ന വിധവയായ ആദിവാസി സ്ത്രീയെ പൊലീസ്സ്റ്റേഷനില്‍ കൊണ്ടുപോയി തല്ലി. തിമിര ശസ്ത്രക്രിയ നടത്തിയ ഒരു സ്ത്രീയായിരുന്നു അവര്‍. കാലിന്റെ വെള്ളയ്ക്ക് തല്ലി, ആ സ്ത്രീയുടെ കാഴ്ചയും നഷ്ടപ്പെട്ടു. സ്വാഭാവികമായും ഈ എഎസ്ഐയെ അറസ്റ്റ്ചെയ്യുന്നതിനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കേണ്ടതാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഇത് ജാമ്യം കിട്ടാത്ത കുറ്റമാണ്. എന്നാല്‍ കുറ്റക്കാരനെ അറസ്റ്റ് ചെയ്തില്ല, നടപടിയെടുത്തില്ല.

കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഏറ്റവും വലിയ ഒരു പ്രശ്നം ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. യുഡിഎഫ് ഭരിക്കുന്ന സമയത്ത് 67% ആണ് ഇവിടെ ചിലവഴിച്ചത്. എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ (2006-2011) 94% ആണ് വിനിയോഗിച്ചത്. യുഡിഎഫ് ഭരിക്കുന്ന സമയത്ത് കേന്ദ്രവിഹിതമായി (അഡീഷണല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ്) ലഭിച്ച അറുപത്തിയേഴ് കോടി രൂപയില്‍ നാല്‍പത്തി രണ്ടേമുക്കാല്‍ കോടി രൂപ ചിലവഴിച്ചില്ല. അഡീഷണല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ് വകയില്‍ എസ്ടി വകുപ്പിന് ലഭിച്ച 21 കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് ചിലവഴിച്ചത്. ഈ ബഡ്ജറ്റില്‍ ആദിവാസികള്‍ക്കുള്ള സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് ഫണ്ട് വകയിരുത്തിയിട്ടില്ല. കേരളത്തില്‍ ആദ്യമായി, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം ബാങ്കില്‍നിന്ന് എടുത്ത 31-03-2006-ല്‍ തിരിച്ചടയ്ക്കേണ്ട പണം) 150 കോടി രൂപയുടെ കടം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് എഴുതിത്തള്ളാന്‍ തീരുമാനിച്ചു. ബഡ്ജറ്റിെന്‍റ ഭാഗമായി 76 കോടി രൂപ അവര്‍ക്കായി മാറ്റിവെയ്ക്കുകയും അത് നോഡല്‍ ഏജന്‍സിയായ എസ്സി/എസ്ടി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പിക്കുകയും ചെയ്തു. ഇപ്പോള്‍ പത്തുപൈസ ആ ഇനത്തില്‍ ഇല്ല. വീടുവയ്ക്കാന്‍ 120 കോടി രൂപ എല്‍ഡിഎഫ് കൊടുത്ത സ്ഥാനത്ത് ഇപ്പോള്‍ 90 കോടിയാണ് അനുവദിച്ചത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി 1,50,000 വീടുകളാണ് എല്‍ഡിഎഫ് ഭരണകാലഘട്ടത്തില്‍ നിര്‍മ്മിച്ചുകൊടുത്തത്; മുന്‍ യുഡിഎഫിന്റെ കാലഘട്ടത്തില്‍ അത് 50,000 വീട് ആയിരുന്നു. ഭൂമിവാങ്ങാന്‍ ഞങ്ങള്‍ ബഡ്ജറ്റില്‍ (ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റില്‍) അനുവദിച്ചത് 93.50 കോടി രൂപയായിരുന്നു; എന്നാല്‍ യുഡിഎഫ് ഗവണ്‍മെന്‍റ് അനുവദിച്ചത് 90 കോടി രൂപയാണ്. ഭൂമിവാങ്ങാന്‍/വീടുവയ്ക്കാന്‍ ബഡ്ജറ്റില്‍ കുറഞ്ഞ പണം അനുവദിച്ചു. എന്നാല്‍ വീടുവയ്ക്കുന്നതിന് ഒരു ലക്ഷം രൂപ എന്നത് യുഡിഎഫ് രണ്ടുലക്ഷമായി പ്രഖ്യാപിച്ചു. സ്ഥലം വാങ്ങുന്നതിന് ഇരട്ടി തുക കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അതിനുവേണ്ടി തുകയൊന്നും വകയിരുത്തിയിട്ടില്ല. പിന്നെ പ്രാക്തന ആദിവാസികള്‍ക്കുവേണ്ടി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് 148 കോടി രൂപയുടെ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്‍റിനു സമര്‍പ്പിച്ചു. അതില്‍ 148 കോടി രൂപയും കേന്ദ്ര ഗവണ്‍മെന്‍റ് അംഗീകരിച്ചു. കാട്ടുനായ്ക്കര്‍ , ചോളനായ്കര്‍ , കാടര്‍ , കുറുകര്‍ , കുറുമ്പ എന്നീ വിഭാഗങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതി ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു പദ്ധതിയാണ് അത്. അതും ഇപ്പോള്‍ ഒച്ചിന്റെ വേഗതയിലാണ് പോകുന്നത്. ആറളത്തെ പാവപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി ഞങ്ങള്‍ ഒരു ഫാമിംഗ് കമ്പനി രൂപീകരിച്ചു - അന്ന് ഞങ്ങളെ യുഡിഎഫ് പരിഹസിച്ചതാണ്. കമ്പനി രൂപീകരിച്ചു എന്നു മാത്രമല്ല, അവിടെയുള്ള ആദിവാസികള്‍ക്ക് ഞങ്ങള്‍ അവിടെ ജോലികൊടുക്കുകയും ചെയ്തു.

അതുപോലെതന്നെ വയനാട്ടിലെ പ്രിയദര്‍ശിനി തോട്ടം ഞങ്ങള്‍ വരുന്ന സമയത്ത് അടച്ചുപൂട്ടിയിരുന്നു, തൊഴിലാളികള്‍ക്ക് ജോലിയുണ്ടായിരുന്നില്ല. അടച്ചുപൂട്ടിയ തോട്ടം ഞങ്ങള്‍ തുറപ്പിച്ചു. ആദിവാസികള്‍ക്ക് ജോലികൊടുത്തു, വീട് കൊടുത്തു, ഭക്ഷണം സൗജന്യമായി കൊടുത്തു, ഏഴ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അവര്‍ക്കുവേണ്ടി കൊടുത്തു. ഇതിനെല്ലാം പുറമേ, അവിടെ ഒരു ഗസ്റ്റ്ഹൗസ് ഉണ്ട്-അതില്‍ നാല് റൂമുകളുണ്ട്; ദിവസത്തില്‍ വാടകയായി, 20,000 രൂപ കിട്ടും. ആ 20,000 രൂപയും ഈ ആദിവാസികളുടെ ഭക്ഷണത്തിനുവേണ്ടിയും ക്ഷേമത്തിനുവേണ്ടിയും ചെലവഴിക്കുകയാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യംകൂടി ഇവിടെ സൂചിപ്പിക്കുകയാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ എസ്ടി വിഭാഗത്തിന് എംബിബിഎസിന് രണ്ടോ മൂന്നോ സീറ്റ് ആയിരുന്നു നല്‍കിയിരുന്നത്. ഈ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എന്ന കടമ്പ കടക്കാന്‍ പറ്റില്ല. ക്വാളിഫൈയിംഗ് പരീക്ഷയില്‍ 80%-90% മാര്‍ക്ക് കിട്ടിയാല്‍പ്പോലും എന്‍ട്രന്‍സ് പരീക്ഷയില്‍ ഈ പാവങ്ങള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന 40% മാര്‍ക്ക് കിട്ടിയെന്നുവരില്ല. ഞങ്ങള്‍ അവര്‍ക്ക് പ്രത്യേക പരീക്ഷ വച്ചു. എന്നിട്ട് ആ കുട്ടികള്‍ക്കൊക്കെ പ്രവേശനം കൊടുത്തു.

എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ എംബിബിഎസിന് 58ഉം, ബിഡിഎസിന് 31ഉം ആയി ആകെ 89 സീറ്റ് ഞങ്ങള്‍ കൊടുത്തു. ഈ ഗവണ്‍മെന്‍റ് വന്നതിനുശേഷം ആകെ രണ്ടോ മൂന്നോ ആദിവാസികള്‍ക്കല്ലാതെ ബാക്കി ഒരൊറ്റ ആദിവാസിക്കും എംബിബിഎസിനോ ബിഡിഎസിനോ സീറ്റ് കിട്ടിയിട്ടില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമം മാറ്റണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റുതന്നെ തീരുമാനിക്കണം. എന്നാല്‍ കേരള ഗവണ്‍മെന്‍റിന് ഇതുമായി ബന്ധപ്പെട്ടുകൊണ്ട് നിയമം കൊണ്ടുവരാന്‍ കഴിയും-ഞങ്ങള്‍ നിയമം കൊണ്ടുവന്നു, പ്രസിഡന്‍റിന് അയച്ചു, പ്രസിഡന്‍റ് ഇവിടേക്കുതന്നെ തിരിച്ചയച്ചു. അത് അംഗീകരിപ്പിക്കുന്നതിന് ഇടപെടാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

എ കെ ബാലന്‍ chintha 111111

1 comment:

  1. നമ്മുടെ രാജ്യത്തിലെ അടിസ്ഥാന അധ:സ്ഥിത വിഭാഗമാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം. ജനസംഖ്യയുടെ 25 ശതമാനത്തോളവും ഇവരാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനും ചൂഷണത്തിനും നൂറ്റാണ്ടുകളായി വിധിക്കപ്പെട്ടവരാണ് ഈ വിഭാഗം. ഇതില്‍നിന്നുള്ള ഒരു മോചനമായിരുന്നു നമ്മുടെ രാജ്യത്തിെന്‍റ ഭരണഘടന. എന്നാല്‍ ഭരണഘടന രൂപംകൊണ്ട് 60 വര്‍ഷം കഴിഞ്ഞിട്ടുപോലും ഈ വിഭാഗത്തോട് നീതിപുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞോ എന്നുള്ള കാര്യം പരിശോധിക്കണം.

    ReplyDelete