Tuesday, November 8, 2011

കയറ്റിറക്കുകൂലി ഏകീകരിച്ച് നോക്കുകൂലി വിമുക്തസംസ്ഥാനമാക്കും

കയറ്റിറക്കുകൂലി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കേരളത്തെ നോക്കുകൂലി വിമുക്ത സംസ്ഥാനമാക്കി മാറ്റിത്തീര്‍ക്കുമെന്ന് തൊഴില്‍ പുനരധിവാസ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തെ കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. വിടു നിര്‍മ്മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണ്ണയിച്ചുകഴിഞ്ഞു. തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരത്തിലാണ് ഏകീകരിച്ച കൂലി ആദ്യം നടപ്പില്‍ വരുത്തുന്നത്. പിന്നീട് സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലും പദ്ധതി നടപ്പിലാക്കും.

തൊഴിലാളി യൂണിയനുകളുമായി ഇക്കാര്യം പലവട്ടം ചര്‍ച്ച ചെയ്തതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. പദ്ധതി പ്രകാരം ഇറക്കേണ്ട സാധനങ്ങളുടെ കൂലി ഉപഭോക്താവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ശാഖകളിലും മുന്‍കൂറായി അടയ്ക്കാന്‍ സാധിക്കും. സാധനങ്ങളുടെ പട്ടികയും കൂലിയും രേഖപ്പെടുത്തേണ്ട അപേക്ഷ റെസിഡന്റ്‌സ് അസോസിയേഷനുകളിലും ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ഓഫീസുകളിലും തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാകും. ബാങ്കില്‍ അടയ്ക്കുന്ന തുക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ ബോര്‍ഡിന്റെ ലോക്കല്‍ ഓഫീസില്‍ നിന്നോ കൈപ്പറ്റാന്‍ കഴിയുംവിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും റേറ്റും തൊഴില്‍വകുപ്പിന്റെ വെബ്‌സൈറ്റിലും റെസിഡന്‍സ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളുവഴി ജനങ്ങളില്‍ എത്തിക്കും. വാഹനത്തില്‍ അടുക്കി വയ്ക്കുന്നതിനും ഇറക്കുന്നതിനും ഉള്‍പ്പെടെയുള്ള കൂലിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. 25 മീറ്റര്‍ ചുമക്കുമ്പോള്‍ നല്‍കേണ്ട കൂലിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡുവഴിയും ജില്ലാ ലേബര്‍ ഓഫീസുവഴിയും പരിഹരിക്കാന്‍ കഴിയും.

തൊഴില്‍വകുപ്പിന്റെ ഹെല്‍പ്-ലെയിന്‍ വഴിയും ഇത് സംബന്ധിച്ച പരാതികള്‍ക്ക് സത്വരമായ പരിഹാരം കണ്ടെത്തുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

അംഗീകൃത നിരക്കില്‍ കൂടുതല്‍ തുക കൈപ്പറ്റുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.

കയറ്റിറക്കുകൂലി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിക്കുന്നതിന്റെ സംസ്ഥാനതല ഉത്ഘാടനം നവംബര്‍ 9 ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങില്‍ തിരുവനന്തപുരം നഗരത്തെ കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങ് ഉത്ഘാടനം ചെയ്യും.

janayugom 071111

1 comment:

  1. കയറ്റിറക്കുകൂലി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കേരളത്തെ നോക്കുകൂലി വിമുക്ത സംസ്ഥാനമാക്കി മാറ്റിത്തീര്‍ക്കുമെന്ന് തൊഴില്‍ പുനരധിവാസ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തെ കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. വിടു നിര്‍മ്മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണ്ണയിച്ചുകഴിഞ്ഞു. തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരത്തിലാണ് ഏകീകരിച്ച കൂലി ആദ്യം നടപ്പില്‍ വരുത്തുന്നത്. പിന്നീട് സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലും പദ്ധതി നടപ്പിലാക്കും.

    ReplyDelete