Saturday, November 19, 2011

ജനസമ്പര്‍ക്ക ധൂര്‍ത്ത് നിര്‍ത്തണം: ധനവകുപ്പ്

മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ പണം വാരിയെറിയരുതെന്ന് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ഒരു പരിശോധനയുമില്ലാതെ പരിപാടിയിലൂടെ കോടിക്കണക്കിനു രൂപ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടത്. ജില്ലതോറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഘടിപ്പിക്കുന്ന ബഹുജനസമ്പര്‍ക്കപരിപാടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുവന്നവര്‍ക്കും മറ്റും യഥേഷ്ടം പണം നല്‍കുകയാണ്. ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനയെല്ലാം ലംഘിച്ച് വന്നവര്‍ക്കെല്ലാം പണം കൊടുത്തു. രണ്ടു ജില്ലയിലെ ജനസമ്പര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു മാത്രം 1.14 കോടിവിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ നവംബര്‍ അഞ്ചിനു നടന്ന പരിപാടിയില്‍ 539 പേര്‍ക്കായി 54,66,500 രൂപയും പത്തിനു തിരുവനന്തപുരത്ത് 18,000 പേര്‍ക്ക് 59 ലക്ഷം രൂപയും വിതരണം ചെയ്തു. ധനവിനിയോഗം സംബന്ധിച്ച ധൂര്‍ത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു തിരിച്ചറിഞ്ഞാണ് ധനവകുപ്പ് നടപടിക്കൊരുങ്ങിയത്. പരിശോധനയില്ലാതെ ഇത്തരത്തില്‍ പണം നല്‍കുന്നത് അക്കൗണ്ടന്റ് ജനറലിന്റെ രൂക്ഷവിമര്‍ശത്തിനും ഓഡിറ്റ് തടസ്സത്തിനും കാരണമാകുമെന്ന് ധനവകുപ്പ് കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ജനസമ്പര്‍ക്കപരിപാടിയില്‍ പണം വിതരണം ചെയ്യുന്നതു സംബന്ധിച്ച്" എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 16ന് റവന്യൂവകുപ്പിനുനല്‍കിയ കത്തില്‍ അപേക്ഷയും അര്‍ഹത തെളിയിക്കാനുള്ള അനുബന്ധരേഖകളും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി മാത്രമേ പണം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന് ധനവകുപ്പ് വ്യക്തമാക്കി. രേഖയും സര്‍ക്കാര്‍ ഉത്തരവുമില്ലാതെ ആര്‍ക്കും പണം കൊടുക്കരുത്. പട്ടയമേള, റവന്യൂ അദാലത്ത് എന്നിവയ്ക്കും ഇതുബാധകമാണ്. ബഹുജനസമ്പര്‍ക്കപരിപാടിയുടെ ചെലവിന് വലിയ തുക അഡ്വാന്‍സ് ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ ഫാക്സ് അയക്കുന്ന സാഹചര്യത്തിലാണ് കത്തു നല്‍കുന്നത്. ദുരിതാശ്വാസനിധിയുടെ ഏതുവിധേനയുള്ള ദുരുപയോഗവും അക്കൗണ്ടന്റ് ജനറലിന്റെ രൂക്ഷവിമര്‍ശത്തിനിടയാക്കും. മാത്രമല്ല, ഓഡിറ്റ് തടസ്സത്തിനും ഇതു വഴിയൊരുക്കും. അര്‍ഹതയുള്ളവര്‍ക്കു മാത്രമേ ആനുകൂല്യം കിട്ടുന്നുള്ളൂയെന്നുറപ്പു വരുത്താന്‍ റവന്യൂവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചു.

ബഹുജനസമ്പര്‍ക്കപരിപാടിക്കെതിരെ ഇതിനകം കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ധൂര്‍ത്തും ധനവിനിയോഗത്തിലെ ക്രമക്കേടും ധനവകുപ്പ് തന്നെ ഇപ്പോള്‍ സ്ഥിരീകരിച്ചു. മറ്റു വകുപ്പുകളെയും മന്ത്രിമാരെയും നോക്കുകുത്തിയാക്കിയാണ് സമ്പര്‍ക്കപരിപാടി. എല്ലാ വകുപ്പിലേക്കുള്ള അപേക്ഷയും മുഖ്യമന്ത്രി നേരിട്ടു വാങ്ങി തീര്‍പ്പുകല്‍പ്പിക്കുന്നു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായാണ് തീര്‍പ്പുകല്‍പ്പിക്കലും തത്സമയ പണം വിതരണവും. അര്‍ഹത തെളിയിക്കാനുള്ള രേഖ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ട കലക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം വിതരണം ചെയ്യേണ്ട പണമാണ് ഉമ്മന്‍ചാണ്ടി നേരിട്ട് അപേക്ഷ വാങ്ങി വാരിയെറിയുന്നത്. മേള കൊഴുപ്പിക്കാന്‍ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നതിനൊപ്പം ആളെക്കൂട്ടാന്‍ ഇതര ആനുകൂല്യം തടഞ്ഞുവയ്ക്കുന്നതായും ആക്ഷേപമുണ്ട്.
(കെ എം മോഹന്‍ദാസ്)

deshabhimani 191111

2 comments:

  1. മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ പണം വാരിയെറിയരുതെന്ന് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ഒരു പരിശോധനയുമില്ലാതെ പരിപാടിയിലൂടെ കോടിക്കണക്കിനു രൂപ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടത്.

    ReplyDelete
  2. ജന സമ്പര്‍ക്ക പരിപാടിയില്‍ ധൂര്‍ത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിച്ച മുഖ്യമന്ത്രി, ധനവകുപ്പ് ഇത് ശ്രദ്ധയില്‍പെടുത്തേണ്ടതു തന്നെയാണെന്നും തുടര്‍ന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് നടപടിയെടുക്കും. ജനസമ്പര്‍ക്ക പരിപാടിക്കായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കോടികള്‍ ചെലവഴിക്കുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്വന്നത് ദേശാഭിമാനി കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്തെ ജനസമ്പര്‍ക്ക പരിപാടിയുടെ ഉല്‍ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ശനിയാഴ്ച രാവിലെ കക്കനാട്ടെ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ തുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച സര്‍ക്കാര്‍ ഗൗരവതരമായാണ് കാണുന്നതെന്ന് പിരപാടിക്കുമുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഞായറാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ReplyDelete