Saturday, November 19, 2011

പാപ്പരായ സാമ്പത്തികനയം വേണ്ട

കോടിക്കണക്കിനു തൊഴിലാളികളുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ഈ മേഖലയിലേക്ക് വിദേശനിക്ഷേപം ക്ഷണിച്ചുവരുത്താനുമുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനം ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഇറക്കുമതി ചെയ്ത പുത്തന്‍ സാമ്പത്തികനയമെന്ന പേരില്‍ അറിയപ്പെടുന്ന സാമ്രാജ്യത്വ സാമ്പത്തികനയം പരാജയമാണെന്നു തെളിഞ്ഞ ഈ കാലഘട്ടത്തില്‍ അത് ഉപേക്ഷിക്കാനല്ല വര്‍ധിത ആവേശത്തോടെ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോളവല്‍ക്കരണനയം ഒരു ചെറിയ സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതും ബഹുഭൂരിപക്ഷം ജനങ്ങളെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതുമാണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ട കാര്യമാണ്.
 
ആഗോളവല്‍ക്കരണനയത്തിന്റെ യഥാര്‍ഥ വക്താക്കള്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇന്ത്യയെ വിദേശനാണയ കമ്മിയില്‍നിന്ന് മോചിപ്പിക്കാനും സാമ്പത്തിക അഭിവൃദ്ധയിലേക്കും സമഗ്ര വികസനത്തിലേക്കും നയിക്കാനും ഉതകുന്ന ഒറ്റമൂലി എന്ന നിലയ്ക്കാണ് ആഗോളവല്‍ക്കരണനയത്തെ വിശേഷിപ്പിച്ചത്. സംഭവിച്ചത് മറിച്ചാണെന്നുമാത്രം. മൂന്നു വര്‍ഷംമുമ്പ് അമേരിക്കന്‍ ഐക്യനാടുകളില്‍ തുടക്കം കുറിച്ച പൊതുസാമ്പത്തിക കുഴപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണുണ്ടായത്. അമേരിക്ക ആവശ്യപ്പെടുന്ന രീതിയില്‍ സ്വകാര്യവല്‍ക്കരണനയം നടപ്പാക്കാന്‍ കഴിയാതെ പോയതാണ് സാമ്പത്തിക കുഴപ്പം അതേ തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നതിനു കാരണം. പൊതുമേഖലയാണ് ഇന്ത്യയെ കെടുതിയില്‍നിന്ന് രക്ഷിച്ചതെന്ന് തുറന്നുസമ്മതിക്കാന്‍ പലരും തയ്യാറായിട്ടുണ്ട്. നാലു വര്‍ഷം ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണത്തില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് ഇതിന് സഹായിച്ചതെന്നും വ്യക്തമാണ്. അമേരിക്കയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിമൂലം നഷ്ടം സംഭവിച്ചത് ലോകത്താകമാനമുള്ള ഒരുവിഭാഗം പെന്‍ഷന്‍കാര്‍ക്കാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെല്ലാം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഇതേ അനുഭവം ഇന്ത്യയും ആവര്‍ത്തിക്കാന്‍ ഇടവരുത്തുന്നതാണ് ഇപ്പോഴത്തെ ഭേദഗതി. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ വളരെക്കാലമായി വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗവും ഇടതുപക്ഷവും തുടക്കത്തില്‍ത്തന്നെ ഈ പ്രതിലോമ നടപടിയെ എതിര്‍ക്കുകയായിരുന്നു. ഇതുവരെ നടപ്പാക്കാന്‍ കഴിയാതെ പോയത് ശക്തിയായ ചെറുത്തുനില്‍പ്പുമൂലമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി അംഗീകരിച്ചുകഴിഞ്ഞു. വിദേശ നിക്ഷേപത്തിന്റെ തോത് എത്രയെന്ന് ഭേദഗതിയില്‍ വ്യക്തമല്ല. തുടക്കത്തില്‍ 26 ശതമാനമെന്ന് സൂചിപ്പിക്കുകയും ക്രമേണ അത് യഥേഷ്ടം വര്‍ധിപ്പിക്കാന്‍ പഴുത് സൃഷ്ടിക്കുകയുമാണ് ഭേദഗതി നിയമത്തിലെ അവ്യക്തതകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കടുത്ത വഞ്ചനകൂടിയാണ്. പെന്‍ഷന്‍ ഫണ്ടില്‍ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതില്ല. ലാഭകരമായി നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍ഷുറന്‍സ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലും വിദേശനിക്ഷേപം ആവശ്യമില്ല. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലാണ് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടത്്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിനല്ല മറിച്ച് ബഹുരാഷ്ട്ര കുത്തകകളെ തൃപ്തിപ്പെടുത്താനാണ് ഈ ഭേദഗതിയെന്ന് വ്യക്തം. ഓഹരിക്കമ്പോളം സദാ ചാഞ്ചാട്ടത്തിന് വിധേയമാണ്. ഓഹരിവിപണി ഇടിഞ്ഞുതകരുന്നതും അസാധാരണമായ പ്രവണതയല്ല. അതുകൊണ്ട് വാര്‍ധക്യകാലത്ത് പെന്‍ഷന്‍കാര്‍ക്ക് താങ്ങും തണലുമായ പെന്‍ഷന്‍ഫണ്ട് ചൂതാട്ടത്തിന് വിട്ടുകൊടുക്കരുത്.
 
സാമ്പത്തികത്തകര്‍ച്ചയുടെ അനുഭവം നമ്മുടെ മുന്നില്‍ തെളിഞ്ഞുകണ്ട ഇന്നത്തെ കാലഘട്ടത്തില്‍ ഓഹരിവിപണിയെ ആശ്രയിക്കുന്നത് കോടിക്കണക്കിനു പെന്‍ഷന്‍കാരുടെ പ്രതീക്ഷ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ. നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും പ്രമുഖ തൊഴിലാളി സംഘടനകളുടെയും ആഹ്വാനം ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിമാനക്കമ്പനികളില്‍ വിദേശ നിക്ഷേപം ക്ഷണിച്ചുവരുത്താനുള്ള തീരുമാനം രണ്ടാഴ്ചയ്ക്കകം കൈക്കൊള്ളുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 ശതമാനംവരെ ഓഹരി നിക്ഷേപം സ്വീകരിക്കാമെന്ന് വ്യോമയാനമന്ത്രാലയവും സമ്മതിച്ചു കഴിഞ്ഞു. വിദേശകമ്പനികള്‍ക്കുവേണ്ടി ഇന്ത്യയുടെ വാതിലുകള്‍ തുറന്നുകൊടുക്കാന്‍ അമിതാവേശമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. ആപല്‍ക്കരമായ ഈ നീക്കത്തിന് കടിഞ്ഞാണിടാന്‍ അതിശക്തവും വ്യാപകവുമായ സമരം അനിവാര്യമാണെന്ന് വന്നിരിക്കുന്നു. ന്യൂയോര്‍ക്കില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചുവരെഴുത്ത് വായിക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ വൈകിയ വേളയിലെങ്കിലും തയ്യാറായാല്‍ നന്ന്.

deshabhimani editorial 191111

1 comment:

  1. കോടിക്കണക്കിനു തൊഴിലാളികളുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ഈ മേഖലയിലേക്ക് വിദേശനിക്ഷേപം ക്ഷണിച്ചുവരുത്താനുമുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനം ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യക്തമാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഇറക്കുമതി ചെയ്ത പുത്തന്‍ സാമ്പത്തികനയമെന്ന പേരില്‍ അറിയപ്പെടുന്ന സാമ്രാജ്യത്വ സാമ്പത്തികനയം പരാജയമാണെന്നു തെളിഞ്ഞ ഈ കാലഘട്ടത്തില്‍ അത് ഉപേക്ഷിക്കാനല്ല വര്‍ധിത ആവേശത്തോടെ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോളവല്‍ക്കരണനയം ഒരു ചെറിയ സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതും ബഹുഭൂരിപക്ഷം ജനങ്ങളെ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതുമാണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ട കാര്യമാണ്.

    ReplyDelete