Friday, November 4, 2011

സെറ്റ് കൂട്ടത്തോല്‍വി: പരീക്ഷ പരിഷ്കരിക്കാന്‍ തീരുമാനം

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ (സെറ്റ്) ഈ വര്‍ഷവും കൂട്ടത്തോല്‍വിയുണ്ടായ പശ്ചാത്തലത്തില്‍ പരീക്ഷ പരിഷ്കരിക്കാന്‍ തീരുമാനം. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്ത് വ്യാഴാഴ്ച സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ലഭിച്ചു. സെറ്റ് ആരംഭിച്ചതുമുതല്‍തന്നെ വിജയശതമാനം കുറയുന്നതിനെക്കുറിച്ച് വ്യാപക പരാതിയുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും ഗൗരവമുള്ള പരീക്ഷയായ സിവില്‍സര്‍വീസ് പരീക്ഷയ്ക്കും യുജിസിയുടെ കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റിനും ഇല്ലാത്ത നെഗറ്റീവ് മാര്‍ക്ക് സംവിധാനം സെറ്റ് പരീക്ഷയില്‍ നടപ്പാക്കുന്നതാണ് കൂട്ടതോല്‍വിക്ക് കാരണമെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു. നെഗറ്റീവ് മാര്‍ക്ക് പിന്‍വലിക്കണോ, മോഡറേഷന്‍ നല്‍കണോ എന്നകാര്യമുള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം യോഗംചേരും. സംസ്ഥാന ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ , വിഎച്ച്എസ്ഇ ഡയറക്ടര്‍ , എല്‍ബിഎസ് ഡയറക്ടര്‍ , അതാത് വിഷയങ്ങളിലെ വിദഗ്ധര്‍ എന്നിവരാകും യോഗത്തില്‍ പങ്കെടുക്കുക. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍ . അടുത്തവര്‍ഷം മുതല്‍ പുതിയ പരിഷ്കാരത്തിന്റെ അടിസ്ഥാനത്തിലാകും പരീക്ഷ നടക്കുക. പരീക്ഷാ നടത്തിപ്പിന്റെ ചുമതല എല്‍ബിഎസിന് തന്നെയാകും.

ഈ വര്‍ഷത്തെ പരീക്ഷയില്‍ മലയാളത്തിന്റെ വിജയശതമാനത്തിലെ കുറവ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ഈ വര്‍ഷം പരീക്ഷയെഴുതിയ 35,276 പേരില്‍ 2,850 പേര്‍ മാത്രമാണ് യോഗ്യതനേടിയത്. 8.08 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ആറ് ശതമാനത്തില്‍ താഴെയായിരുന്നു വിജയം. ഈ വര്‍ഷം നാല് വിഷയങ്ങളില്‍ ആരും യോഗ്യത നേടിയിട്ടില്ല. 5,017 പേര്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷില്‍ 988 പേര്‍ വിജയിച്ചപ്പോള്‍ 3361 പേര്‍ പരീക്ഷയ്ക്കിരുന്ന മലയാളത്തില്‍ വിജയിച്ചത് 18പേരും.കഠിന പരീക്ഷ നടത്തി കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് എല്‍ബിഎസ് ശ്രമിക്കുന്നതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എല്‍ബിഎസ് അധികൃതര്‍ പറഞ്ഞു. പിഎസ്സിയുടെ രീതിതന്നെയാണ് പരീക്ഷ നടത്താന്‍ എല്‍ബിഎസും പിന്തുടരുന്നത്. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ അതത് വിഷയങ്ങളുടെ ചോദ്യങ്ങള്‍ മാത്രമാണ് പരീക്ഷയില്‍ ഉണ്ടാകുക. എളുപ്പം ഉത്തരമെഴുതാവുന്ന 40 ശതമാനം ചോദ്യം, 40 ശതമാനം ശരാശരി ചോദ്യം, 20 ശതമാനം ചോദ്യം കഠിനമായത് എന്ന രീതി അവലംബിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. ചോദ്യത്തെക്കുറിച്ച് ആര്‍ക്കും പരാതിയില്ലാത്തത് ഇതിന് തെളിവാണെന്നും എല്‍ബിഎസ് അധികൃതര്‍ അവകാശപ്പെടുന്നു.
(ഹാറൂണ്‍ റഷീദ്)

നാക് മാതൃകയില്‍ സാക് രൂപീകരിക്കണം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

തിരു: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്മെന്റ് കൗണ്‍സിലിന്റെ് (നാക്) മാതൃകയില്‍ സംസ്ഥാനത്ത് സ്റ്റേറ്റ് അക്രഡിറ്റേഷന്‍ ആന്‍ഡ് അസസ്മെന്റ കൗണ്‍സില്‍(സാക)് രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപകരെയും റേറ്റ് ചെയ്യുന്നതിനാണ് സാക് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കാനും കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും. കേരളത്തില്‍ ഐഐടിയും മലയാള സര്‍വകലാശാലയും എത്രയുംവേഗം ആരംഭിക്കണമെന്നാണ് കൗണ്‍സിലിന്റെ നിലപാട്. കേന്ദ്രമന്ത്രി കപില്‍ സിബലിനെ സന്ദര്‍ശിച്ച് ഐഐടിയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്കോളര്‍ഷിപ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തുടരും. മെമ്പര്‍ സെക്രട്ടറി ഡോ.അന്‍വറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 041111

1 comment:

  1. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റില്‍ (സെറ്റ്) ഈ വര്‍ഷവും കൂട്ടത്തോല്‍വിയുണ്ടായ പശ്ചാത്തലത്തില്‍ പരീക്ഷ പരിഷ്കരിക്കാന്‍ തീരുമാനം. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ കത്ത് വ്യാഴാഴ്ച സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ലഭിച്ചു.

    ReplyDelete