Friday, November 4, 2011

സാമ്പത്തിക പ്രതിസന്ധി: ഗ്രീസ് സര്‍ക്കാര്‍ വീഴുന്നു

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസില്‍ ജോര്‍ജ് പാപ്പന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍ . യൂറോമേഖലയുടെ സാമ്പത്തിക സഹായപദ്ധതി സ്വീകരിക്കുന്നതുസംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ച പ്രധാനമന്ത്രി പാപ്പന്ദ്രുവിനെതിരെ ഭരണകക്ഷിയായ പസോക്കില്‍തന്നെ കലാപമുയര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയിട്ടുള്ള പാപ്പന്ദ്രു അധികാരത്തിന് പുറത്തേക്കാണെന്നാണ് സൂചന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ്പ്രസിഡന്റ് ലൂക്കാസ് പാപ്പാദെമോസിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ഭരണകക്ഷിയിലെ അണിയറയില്‍ നീക്കം.

അതിനിടെ സാമ്പത്തികസഹായം വേണമെങ്കില്‍ കര്‍ക്കശമായ ചെലവുചുരുക്കല്‍ നടപടികളടക്കം ഉപാധികള്‍ ഉടന്‍ നടപ്പാക്കാനും അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഗ്രീസിന് അന്ത്യശാസന നല്‍കി. ഗ്രീസിന് സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 13,000 കോടി യൂറോയുടെ രക്ഷാപദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ഇതിന്റെ ഭാഗമായി ഇയു നിബന്ധനയനുസരിച്ച് സര്‍ക്കാര്‍ സ്വീകരിച്ച കര്‍ക്കശ നടപടികള്‍ക്കെതിരെ ഗ്രീസില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇയുവിന്റെ സാമ്പത്തിക സഹായപദ്ധതി നടപ്പാക്കാന്‍ ജനഹിതം തേടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. വ്യാഴാഴ്ച അടിയന്തര മന്ത്രിസഭായോഗം ചേരുന്നുണ്ട്. തുടര്‍ന്ന്പാപ്പന്ദ്രു പ്രസിഡന്റ് കരോലോസ് പാപ്പൗലിയാസിനെ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. പാപ്പന്ദ്രുവിന് വിശ്വാസവോട്ട് നേടാന്‍ കഴിയില്ലെന്നും ഇത് ഒഴിവാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിപദം ഒഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇയു സഹായം നഷ്ടമാകുമെന്നും അതിനാല്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നും ഭരണകക്ഷിയില്‍തന്നെ അഭിപ്രായം ശക്തമാണ്.

ഹിതപരിശോധനയ്ക്കുള്ള നീക്കത്തിനെതിരെ ധനമന്ത്രി ഇവാന്‍ജലസ് വെനിസലോസ് പരസ്യമായി രംഗത്തെത്തി. ആദ്യം പ്രധാനമന്ത്രിയുടെ നീക്കത്തെ പിന്തുണച്ചിരുന്ന വെനിസലോസ് കഴിഞ്ഞദിവസം ജര്‍മന്‍ ചാന്‍സലര്‍ , ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് നിലപാട് മാറ്റിയത്. സ്വന്തം ധനമന്ത്രിയടക്കം എതിര്‍ക്കുന്ന ഹിതപരിശോധന നടത്തുന്നതില്‍നിന്ന് പിന്മാറാതെ പാപ്പന്ദ്രുവിന് അധികാരത്തില്‍ തുടരാനാകില്ല. ഹിതപരിശോധനയുടെ കഥ കഴിഞ്ഞെന്ന് ഭരണകക്ഷി എംപി നിക്കോസ് സലയാന്നിസ് പറഞ്ഞു. അതേസമയം, പാപ്പന്ദ്രുരാജിവയ്ക്കുമെന്ന റിപ്പോര്‍ട്ട് സേനാമേധാവി റെഗിന വാര്‍ട്സെലി തള്ളി. മുഖ്യ ഭരണകക്ഷിയായ പസോക്കിന് മുന്നൂറംഗ പാര്‍ലമെന്റില്‍ 152 അംഗങ്ങളാണുള്ളത്. പാര്‍ടിയില്‍ ഉറച്ചുനില്‍ക്കുമെങ്കിലും വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കില്ലെന്ന് ചില അംഗങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വീഴുകയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്താല്‍ ഹിതപരിശോധന റദ്ദാക്കപ്പെടും. ജനക്ഷേമപരിപാടികള്‍ വെട്ടിക്കുറച്ചുള്ള രക്ഷാപദ്ധതി പുതിയ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മതിയാകും. തെരഞ്ഞെടുപ്പ് ഒഴിവാക്കി ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് സഹകരിക്കില്ലെന്ന് മുഖ്യ പ്രതിപക്ഷമായ ന്യൂ ഡെമോക്രസി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇടക്കാല തെരഞ്ഞെടുപ്പുവരെ രാജ്യത്തെ നയിക്കാന്‍ പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് യാഥാസ്ഥിതിക പ്രതിപക്ഷനേതാവ് അന്റോണിസ് സമാരസ് ആവശ്യപ്പെട്ടു.


deshabhimani 041111

1 comment:

  1. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസില്‍ ജോര്‍ജ് പാപ്പന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍ . യൂറോമേഖലയുടെ സാമ്പത്തിക സഹായപദ്ധതി സ്വീകരിക്കുന്നതുസംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ച പ്രധാനമന്ത്രി പാപ്പന്ദ്രുവിനെതിരെ ഭരണകക്ഷിയായ പസോക്കില്‍തന്നെ കലാപമുയര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയിട്ടുള്ള പാപ്പന്ദ്രു അധികാരത്തിന് പുറത്തേക്കാണെന്നാണ് സൂചന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ്പ്രസിഡന്റ് ലൂക്കാസ് പാപ്പാദെമോസിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ഭരണകക്ഷിയിലെ അണിയറയില്‍ നീക്കം.

    ReplyDelete