Wednesday, November 16, 2011

ഡീസലിനും എല്‍ പി ജിക്കും സബ്‌സിഡി പിന്‍വലിക്കും


ഡീസലിനും പാചകവാതകത്തിനും സബ്‌സിഡി ഭാഗികമായി പിന്‍വലിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.

കാറുകളില്‍ ഉപയോഗിക്കുന്ന ഡീസലിന്റെ സബ്‌സിഡിയാകും ആദ്യഘട്ടത്തില്‍ പിന്‍വലിക്കുക.  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം സബ്‌സിഡി നിരക്കില്‍ ലഭിക്കാവുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലാക്കി പരിമിതപ്പെടുത്തും.

കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേഷ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ജനസബ്‌സിഡികള്‍ 'തലതിരിഞ്ഞ' ഒരേര്‍പ്പാടാണെന്നും ഒരു ലക്ഷത്തി പതിനായിരം കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില ഉയര്‍ത്തുകയും ഡീസലിനെ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുളളൂ. ഡീസലിനു മാത്രം നല്‍കുന്ന സബ്‌സിഡി 67,000 കോടി രൂപയാണ് സബ്‌സിഡി. ഗവണ്‍മെന്റ് പദ്ധതികളായ എം എന്‍ ആര്‍ ഇ ജി എ, പി എം ജി എസ് വൈ തുടങ്ങിയവയ്ക്കു വേണ്ടി ചെലവാക്കുന്നതിനേക്കാള്‍ കൂടുതലാണിത്.

സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഡീസലിന്റെ 15 ശതമാനം കാറുകളിലാണ് ഉപയോഗിക്കുന്നത്. മറ്റൊരു എട്ട് ശതമാനം സ്വകാര്യാവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്. കുറഞ്ഞനിരക്കില്‍ നല്‍കുന്ന ഡീസലിന്റെ 23 ശതമാനം ഇപ്രകാരം ഉപയോഗിക്കപ്പെടുന്നുവെന്നത് നിലവിലുള്ള വില സമ്പ്രദായത്തിന്റെ ഒരു പോരായ്മയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ വെള്ളം പമ്പുചെയ്യുന്നതിനുള്ള വൈദ്യുതിക്കായി ഡീസല്‍ ഉപയോഗിക്കുന്നുവെന്നതിനാല്‍ ഒറ്റയടിക്കുതന്നെ ഡീസലിന്റെ സബ്‌സിഡി പിന്‍വലിക്കുന്നത് അസാധ്യമായിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കാറുകള്‍ക്കുള്ള ഡീസലിന് സബ്‌സിഡി പിന്‍വലിക്കുകയും കമ്പോളവില ഈടാക്കുകയും ചെയ്യും.

പാചക വാതക സിലിണ്ടറുകളുടെ വില യുക്തിസഹമാക്കുകയെന്നതാണ് ഗവണ്‍മെന്റ് ആലോചിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ഒരു കുടുംബം പ്രതിവര്‍ഷം ശരാശരി എട്ട് പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇവയില്‍ പകുതി സബ്‌സിഡി നിരക്കിലും മറ്റുള്ളവ കമ്പോളനിരക്കിലും നല്‍കാനാണ് ആലോചന.

janayugom 161111

1 comment:

  1. ഡീസലിനും പാചകവാതകത്തിനും സബ്‌സിഡി ഭാഗികമായി പിന്‍വലിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.

    കാറുകളില്‍ ഉപയോഗിക്കുന്ന ഡീസലിന്റെ സബ്‌സിഡിയാകും ആദ്യഘട്ടത്തില്‍ പിന്‍വലിക്കുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം സബ്‌സിഡി നിരക്കില്‍ ലഭിക്കാവുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലാക്കി പരിമിതപ്പെടുത്തും.

    ReplyDelete