Saturday, December 31, 2011

ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌കരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സഭാ പരിപാടികളില്‍ നിന്നും ഉപരോധം ഏര്‍പ്പെടുത്തുന്നു. സഭയുടെ ഔദ്യേഗിക പരിപാടികളില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് മന്ത്രിമാരെയും ഒഴിവാക്കണമെന്ന തീരുമാനം മാസങ്ങള്‍ക്ക് മുന്‍പുതന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് തന്നെ ക്ഷണിക്കുകയേ വേണ്ടെന്നാണ് സഭയുടെ പരമാദ്ധ്യന്റെ അറിയിപ്പ്.  ഈ നിലപാട് യുഡിഎഫിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് തീര്‍ച്ച.

സഭയുടെ കീഴിലുള്ള പള്ളികളിലെ പെരുന്നാളുകളും കൂദാശകളും അടുത്തുവരുന്ന സാഹചര്യത്തില്‍ സഭാദ്ധ്യക്ഷന്റെ പുതിയ നിലപാട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇടവകയായ നിലയ്ക്കല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ നിന്നും പരമാദ്ധ്യന്റെ നിര്‍ദ്ദേശ പ്രകാരം ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രമുഖ മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ ആശംസ എന്ന നിലയില്‍ മാത്രം മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പരാതി ഒഴിവാക്കുകയായിരുന്നു സഭാ നേതൃത്വം. പുതുപ്പള്ളി പള്ളിയുടെ കീഴിലുള്ള സിബിഎസ് സി സ്‌കൂളിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍പുതന്നെ മന്ത്രിമാരെ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും എന്ന കാരണത്താല്‍ ഈ പരിപാടിയില്‍ നിന്നും സഭാ നേതൃത്വത്തിലുള്ള എല്ലാവരും ഒഴിവായി.

വാകത്താനം പള്ളിയുടെ കൂദാശ അടുത്ത ദിവസം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ താന്‍ ഒഴിവാകുമെന്നും അദ്ധ്യക്ഷന്‍ പള്ളി അധികാരികളെ അറിയിച്ചതായാണ് സൂചന. ഇതേ തുടര്‍ന്ന് പൊതുസമ്മേളനം ഒഴിവാക്കി കൂദാശ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

 കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നതും യുഡിഎഫ് യാക്കോബായ സഭയ്ക്ക് വേണ്ടി ഒത്തുകളിക്കുന്നു എന്നതുമായിരുന്നു ഇത്തരം കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ ബാബുവും യാക്കോബായ സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ തങ്ങളെ ഇതിലേക്ക് ക്ഷണിക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് ഓര്‍ത്തഡോക്‌സ് സഭ കടന്ന സാഹചര്യത്തില്‍ പിറവത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതല്‍ വിയര്‍ക്കുമെന്ന് തീര്‍ച്ച.

സരിത കൃഷ്ണന്‍ janayugom 311211

1 comment:

  1. സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സഭാ പരിപാടികളില്‍ നിന്നും ഉപരോധം ഏര്‍പ്പെടുത്തുന്നു. സഭയുടെ ഔദ്യേഗിക പരിപാടികളില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് മന്ത്രിമാരെയും ഒഴിവാക്കണമെന്ന തീരുമാനം മാസങ്ങള്‍ക്ക് മുന്‍പുതന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് തന്നെ ക്ഷണിക്കുകയേ വേണ്ടെന്നാണ് സഭയുടെ പരമാദ്ധ്യന്റെ അറിയിപ്പ്. ഈ നിലപാട് യുഡിഎഫിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് തീര്‍ച്ച.

    ReplyDelete