Sunday, December 25, 2011

പാര്‍ടിക്കെതിരായ കുപ്രചാരണത്തിന് നിലനില്‍പ്പില്ല: വി എസ്

സംസ്ഥാന സമ്മേളന വെബ്സൈറ്റ് തുറന്നു

തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ വെബ്സൈറ്റ് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

www.cpmkeralaconference.org എന്നതാണ് വെബ്സൈറ്റ് വിലാസം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും നാള്‍വഴികളും സംബന്ധിച്ച ലേഖനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ പാര്‍ടിയുടെ നിലപാട്, സ്വീകരിച്ച നടപടികള്‍ എന്നിവയും സൈറ്റിലുണ്ട്. വെബ് അധിഷ്ഠിത ചര്‍ച്ചകളിലൂടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ , യു-ട്യൂബ് എന്നിവയിലൂടെയും പാര്‍ടി ആശയങ്ങളും സമ്മേളനവാര്‍ത്തകളും പ്രചരിപ്പിക്കും. ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പാര്‍ടി ചരിത്രം പ്രതിഫലിപ്പിക്കുന്ന ഇമേജ്-വീഡിയോ ഗ്യാലറികളും പഴയകാല വിപ്ലവഗാനങ്ങളുമാണ് വെബ്സൈറ്റിന്റെ മറ്റൊരു പ്രത്യേകത. സംസ്ഥാന സമ്മേളനത്തിന്റെ വാള്‍പേപ്പറുകള്‍ , അനുസ്മരണദിനങ്ങള്‍ , രക്തസാക്ഷികളുടെ വിവരങ്ങള്‍ തുടങ്ങിയവയും ലഭിക്കും. ഓര്‍മദിനങ്ങള്‍ സഖാക്കളുടെ ജീവചരിത്രത്തിന്റെ ചെറുകുറിപ്പ് സഹിതം കിട്ടും. രക്തസാക്ഷികളുടെ ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളും ഇതുസംബന്ധിച്ച ലിങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസിന്റെ പൂര്‍ണ വിവരങ്ങളും ലഭിക്കും. ജില്ലയിലെ സമുന്നതനേതാവായിരുന്ന കാട്ടായിക്കോണം വി ശ്രീധറിനെക്കുറിച്ചുള്ള പ്രത്യേക ലിങ്കും ലഭ്യമാണ്. ഇ എം എസ്, എ കെ ജി തുടങ്ങിയവരുടെ പ്രസംഗവും ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലഘട്ടവും രാഷ്ട്രീയപശ്ചാത്തലവും വിവരിക്കുന്ന നേതാക്കളുടെ അഭിമുഖവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനാണ് വെബ്സൈറ്റ് നിര്‍മിച്ചത്.

പാര്‍ടിക്കെതിരായ കുപ്രചാരണത്തിന് നിലനില്‍പ്പില്ല: വി എസ്

സിപിഐ എമ്മിനെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ഏറെയും കുപ്രചാരണങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സമ്മേളനവുമായി ബന്ധപ്പെട്ട് പാര്‍ടിയില്‍ ജനാധിപത്യം തീരെയില്ലെന്നും മത്സരിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നുമാണ് ഒരു പ്രചാരണം. മത്സരം നടന്നാല്‍ അതായി അടുത്തത്. പുതിയ ആളുകള്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അതേക്കുറിച്ചും പ്രചരിപ്പിക്കും. ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും അധിക കാലം നിലനില്‍പ്പുണ്ടാകില്ല. പശുവിനെ കാണാതായെന്നു പറഞ്ഞിട്ട് ഒടുവില്‍ കിട്ടിയപ്പോള്‍ അറ്റത്തൊരു കയര്‍ എന്നു പറഞ്ഞതുപോലെ ഇത്തരം കുപ്രചാരണങ്ങളും അവസാനിക്കുമെന്ന് വി എസ് പറഞ്ഞു.


deshabhimani 251211

1 comment:

  1. സിപിഐ എമ്മിനെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ഏറെയും കുപ്രചാരണങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete