Sunday, December 25, 2011

ചട്ടവിരുദ്ധമായി പിരിച്ചുവിട്ട് സര്‍ക്കാര്‍ എംജി സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു

കോട്ടയം: നിലവിലുള്ള സിന്‍ഡിക്കറ്റിനെ ചട്ടവിരുദ്ധമായി പിരിച്ചുവിട്ട് സര്‍ക്കാര്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. വ്യക്തി-സമുദായതാല്‍പര്യങ്ങള്‍ സംരക്ഷിച്ച പുതിയ സിന്‍ഡിക്കറ്റില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. എസ് സുജാത ഉള്‍പ്പെടെയുള്ളവര്‍ കയറിപ്പറ്റി. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അവര്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സിന്‍ഡിക്കറ്റിന് 2015 മാര്‍ച്ച് വരെ തുടരാമെന്നിരിക്കെയാണ് സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചത്. സിന്‍ഡിക്കറ്റില്‍ കയറിപ്പറ്റാന്‍ യുഡിഎഫില്‍ വടംവലിയായിരുന്നു. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് 13 പേരെ ഉള്‍പ്പെടുത്തി പ്രഖ്യാപനം വന്നത്.

ഡോ. എം സി ദിലീപ് കുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍ , കൊച്ചിന്‍ കോളേജ്), പ്രൊഫ. ബി സുശീലന്‍ (ആലപ്പുഴ), ഡോ. കെ വി നാരായണക്കുറുപ്പ് (അസോസിയേറ്റ് പ്രൊഫസര്‍ , എന്‍എസ്എസ് കോളേജ് ചങ്ങനാശ്ശേരി), ഏബ്രഹാം കലമണ്ണില്‍ (മാനേജര്‍ , മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളേജ് പത്തനംതിട്ട), ഡോ. പി കെ സോമശേഖരന്‍ ഉണ്ണി (കാലടി), പ്രൊഫ. സി വി തോമസ് (അസോസിയേറ്റ്് പ്രൊഫസര്‍ , സെന്റ് സ്റ്റീഫന്‍സ് കോളേളജ് ഉഴവൂര്‍ , ജോര്‍ജ് വര്‍ഗ്ഗീസ് (പത്തനംതിട്ട), ഡോ. എസ് സുജാത(അസോസിയേറ്റ് പ്രൊഫസര്‍ , എന്‍എസ്എസ് കോളേജ് ചങ്ങനാശ്ശേരി), ഫാ. ടോണി ജോസഫ് പടിഞ്ഞാറേവീട്ടില്‍ (പ്രിന്‍സിപ്പല്‍ , എസ്ബി കോളേജ് ചങ്ങനാശ്ശേരി), ഡോ. ബേബി സെബാസ്റ്റ്യന്‍(പ്രിന്‍സിപ്പല്‍ , സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ), സി എച്ച് അബ്ദുള്‍ ലത്തീഫ് (അസിസ്റ്റന്റ് പ്രൊഫസര്‍ , മഹാരാജാസ് കോളേജ് എറണാകുളം), പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ (അസോസിയേറ്റ് പ്രൊഫസര്‍ ഡി ബി കോളേജ് പരുമല), പ്രൊഫ. എന്‍ ജയകുമാര്‍ (അസോസിയേറ്റ്് പ്രൊഫസര്‍ , മഹാരാജാസ് കോളേജ് എറണാകുളം) എന്നിവരാണ് പുതിയ അംഗങ്ങള്‍ . കോണ്‍ഗ്രസിന് ഏഴ്, കേരളാ കോണ്‍ഗ്രസിനും ലീഗിനും മൂന്നു വീതം എന്നിങ്ങനെയാണ് അംഗങ്ങളെ തീരുമാനിച്ചിരുന്നത്. എന്നാല്‍ , വ്യക്തി-സമുദായതാല്‍പര്യങ്ങള്‍ കടന്നുവന്നതോടെ സ്ഥാനമോഹികള്‍ പലരും പുറന്തള്ളപ്പെട്ടു.

ലിസ്റ്റ് പുറത്തു വന്നതോടെ ലീഗില്‍ അസംതൃപ്തി പുകയുകയാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് മുന്‍ കാലടി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം കൂടിയായ പി കെ സോമശേഖരനുണ്ണി കയറിപ്പറ്റിയത്. ലീഗുമായി ബന്ധമില്ലാത്തയാള്‍ ലിസ്റ്റില്‍ ഇടം നേടിയതിനെച്ചൊല്ലി തര്‍ക്കം നടക്കുകയാണ്. മന്ത്രിയുടെ പ്രത്യേക താല്‍പര്യമാണ് സോമശേഖരനുണ്ണിയുടെ സ്ഥാനലബ്ധിക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

പത്തനംതിട്ടയിലെ മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളേജിന്റെ മാനേജര്‍ ഏബ്രഹാം കലമണ്ണിലാണ് സ്വകാര്യ സ്വാശ്രയ കോളേജുകളെ പ്രതിനീധീകരിക്കുന്നത്. എം സി ദിലീപ് കുമാര്‍ , കെ വി നാരായണക്കുറുപ്പ് എന്നിവരുടെ നിയമനത്തില്‍ എന്‍എസ്എസിനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്്. എംജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജയിംസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോര്‍ജ് വര്‍ഗീസും മുന്‍ യുഡിഎഫ് സിന്‍ഡിക്കേറ്റിലെ അംഗം ജോറി മത്തായിയും തമ്മില്‍ രൂക്ഷമായ വടംവലിയായിരുന്നു. ജോറി മത്തായിക്കു വേണ്ടി യുഡിഎഫ് കണ്‍വീനറും ജോര്‍ജ് വര്‍ഗീസിനു വേണ്ടി സംസ്ഥാനത്തെ ഒരു മന്ത്രിയുമാണ് രംഗത്തുണ്ടായിരുന്നത്. ജോര്‍ജ് വര്‍ഗീസ് നേരത്തെ യുഡിഎഫ് അനുകൂല അധ്യാപകസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അതിന്റെ പ്രസിഡന്റായിരുന്ന മന്ത്രിയാണ് ഇദ്ദേഹത്തിനു വേണ്ടി നിലകൊണ്ടത്. ഒടുവില്‍ ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ ജോര്‍ജ് വര്‍ഗീസിന് സ്ഥാനം നല്‍കി. ഇദ്ദേഹത്തിന്റെ കാലത്ത് അധ്യാപക- അനധ്യാപക നിയമനങ്ങളിലടക്കം നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ പരിധിയില്‍ അന്വേഷണം നടക്കുകയാണ്.

deshabhimani 251211

2 comments:

  1. നിലവിലുള്ള സിന്‍ഡിക്കറ്റിനെ ചട്ടവിരുദ്ധമായി പിരിച്ചുവിട്ട് സര്‍ക്കാര്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. വ്യക്തി-സമുദായതാല്‍പര്യങ്ങള്‍ സംരക്ഷിച്ച പുതിയ സിന്‍ഡിക്കറ്റില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. എസ് സുജാത ഉള്‍പ്പെടെയുള്ളവര്‍ കയറിപ്പറ്റി. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അവര്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സിന്‍ഡിക്കറ്റിന് 2015 മാര്‍ച്ച് വരെ തുടരാമെന്നിരിക്കെയാണ് സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചത്. സിന്‍ഡിക്കറ്റില്‍ കയറിപ്പറ്റാന്‍ യുഡിഎഫില്‍ വടംവലിയായിരുന്നു. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് 13 പേരെ ഉള്‍പ്പെടുത്തി പ്രഖ്യാപനം വന്നത്.

    ReplyDelete
  2. എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് ചട്ടവിരുദ്ധമായി പിരിച്ചുവിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ പ്രൊഫ. കെ സദാശിവന്‍ നായരും കണ്‍വീനര്‍ കെ ഷെറഫുദ്ദീനും അറിയിച്ചു. സര്‍വകലാശാലയെ സംരക്ഷിക്കാന്‍ സമാനമനസ്കരായ എല്ലാവരുമായി ചേര്‍ന്ന് പ്രക്ഷോഭം തുടരുമെന്നും അവര്‍ അറിയിച്ചു. സ്വാശ്രയവിദ്യാഭ്യാസ കച്ചവടക്കാരെയും ജാതിമത സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് സിന്‍ഡിക്കറ്റ് രൂപീകരിച്ചത്. കേരളത്തില്‍ ഭരണം മാറുമ്പോള്‍ സിന്‍ഡിക്കറ്റ് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. മുന്‍ കീഴ്വഴക്കങ്ങള്‍ പോലും ഇക്കാര്യത്തില്‍ പാലിച്ചില്ല. രാജ്യത്താകെ മാതൃകയായ സിന്‍ഡിക്കറ്റാണ് നിലവില്‍ എംജി സര്‍വകലാശാലാ ഭരണം കൈകാര്യം ചെയ്തിരുന്നത്. ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഏകജാലകസംവിധാനം ഒരുക്കുകയും ബിരുദതലത്തില്‍ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്നതും ഈ സിന്‍ഡിക്കറ്റാണ്. ദേശീയശ്രദ്ധ നേടിയ ഒട്ടേറെ പരിഷ്്കാരങ്ങളാണ് നടപ്പാക്കിയത്. യുജിസിയുടെ മുക്തകണ്ഠ പ്രശംസയും എംജി സിന്‍ഡിക്കറ്റിന് ലഭിച്ചു. നിയമനം അടക്കം ഒരു രംഗത്തും സിന്‍ഡിക്കറ്റിനെതിരെ പരാതിയും ഉയര്‍ന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

    ReplyDelete